മൃഗയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൃഗയ
വി.സി.ഡി. പുറംചട്ട
സംവിധാനം ഐ.വി. ശശി
നിർമ്മാണം കെ.ആർ.ജി.
രചന എ.കെ. ലോഹിതദാസ്
അഭിനേതാക്കൾ മമ്മൂട്ടി
ലാലു അലക്സ്
തിലകൻ
ഉർവശി
സുനിത
ശാരി
സംഗീതം ശങ്കർ ഗണേഷ്
ഗാനരചന ശ്രീകുമാരൻ തമ്പി
ഛായാഗ്രഹണം വി. ജയറാം
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ കെ.ആർ.ജി. എന്റർപ്രൈസസ്
വിതരണം കെ.ആർ.ജി. റിലീസ്
റിലീസിങ് തീയതി 1989 ഡിസംബർ 23
രാജ്യം ഇന്ത്യ
ഭാഷ മലയാളം

മമ്മൂട്ടി, ലാലു അലക്സ്, തിലകൻ, ഉർവശി, സുനിത, ശാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് മൃഗയ. മമ്മൂട്ടി, ഒരു നായാട്ടുകാരനായി വേഷമിട്ട ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള കേരളസംസ്ഥാനസർക്കാർ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. കെ.ആർ.ജി. എന്റർപ്രൈസസിന്റെ ബാനറിൽ കെ.ആർ.ജി. നിർമ്മാണം ചെയ്ത് ഐ.വി. ശശി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം കെ.ആർ.ജി. റിലീസ് ആണ് വിതരണം ചെയ്തത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

കഥാതന്തു[തിരുത്തുക]

പുലിയിറങ്ങി അരക്ഷിതമായ സ്വന്തം ഗ്രാമത്തെ രക്ഷിക്കാൻ സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ പനങ്ങോടനച്ചനും (തിലകൻ) ഫീലിപ്പോസ് മുതലാളിയും (ജഗന്നാഥ വർമ്മ) യോഗം വിളിച്ച് ചേർത്ത് വേട്ടക്കാരനെ കൊണ്ട് വരാൻ തീരുമാനിക്കുന്നു. ഫീലിപ്പോസ് മുതലാളിയുടെ പണ്ടത്തെ സുഹൃത്ത് വേട്ടക്കാരൻ ചേറുണ്ണിയെ ക്ഷണിച്ച് കത്ത് അയച്ചപ്പോൾ വന്നത് മരിച്ചുപോയ ചേറുണ്ണിയുടെ മകൻ വാറുണ്ണിയായിരുന്നു (മമ്മൂട്ടി). പുലിയെ കൊല്ലാൻ നാട്ടിൽ തമ്പടിച്ച വാറുണ്ണിയുടെ കുത്തഴിഞ്ഞ ജീവിതം നാട്ടുകാർക്ക് ഒരു ശല്യമായി മാറുന്നു. നാട്ടുകാർ വാറുണ്ണിയെ നികൃഷ്ട ജീവിയെപോലെ അകറ്റി നിർത്തുന്നു. പുലിയുടെ ആക്രമണത്തിൽ അമ്മ നഷ്ടപ്പെട്ട ഭാഗ്യലക്ഷ്മിക്ക്(സുനിത) മാത്രമേ വാറുണ്ണിയോട് സഹതാപമുള്ളൂ. വാറുണ്ണിയോടുള്ള ഭാഗ്യയുടെ അടുപ്പം കാമുകനായ തോമസുകുട്ടിയെ(മഹേഷ്) ദേഷ്യം പിടിപ്പിക്കുന്നു. വാറുണ്ണിയുമായുള്ള സംഘർഷത്തിനിടെ തോമസുകുട്ടി അബദ്‌ധത്തിൽ കൊക്കയിൽ വീണ് മരിക്കുന്നു. അറിയാതെയാണെങ്കിലും തോമസുകുട്ടിയുടെ മരണത്തിനുത്തരവാദി താനാണെന്ന ചിന്ത വാറുണ്ണിയെ അസ്വസ്ഥനാക്കുന്നു. പള്ളിയിൽ കുമ്പസരിച്ച വാറുണ്ണിയുടെ ഉള്ളിലെ മനുഷ്യത്വം പനങ്ങോടനച്ചൻ തിരിച്ചറിയുന്നു. നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വാറുണ്ണിയെ സംരക്ഷിക്കുന്ന അച്ചൻ ഇടപെട്ട് തോമസുകുട്ടി ഓടിച്ചിരുന്ന കാളവണ്ടി വാറുണ്ണിക്ക് വാടകയ്ക്ക് ഓടിക്കാൻ കൊടുക്കുന്നു. നല്ലനടപ്പ് മൂലം നാട്ടുകാരുടെ വെറുപ്പ് പതുക്കെ മാറ്റിയെടുക്കുന്ന വാറുണ്ണിക്ക് പ്രത്യേക സാഹചര്യത്തിൽ തോമസുകുട്ടിയുടെ സഹോദരിയെ (ഉർവശി) വിവാഹം ചെയ്യാൻ സമ്മതിക്കേണ്ടി വരുന്നു. ഇതറിഞ്ഞ തോമസുകുട്ടിയുടെ മരണത്തിന്റെ ഒരേയൊരു ദൃസാക്ഷിയായ ഭാഗ്യലക്ഷ്മി തോമസുകുട്ടിയുടെ മരണത്തിനുത്തരവാദി വാറുണ്ണിയാണെന്നുള്ള വിവരം പുറത്താക്കുന്നു. പോലീസ് അറസ്റ്റ് ചെയ്യാൻ വരുന്നതിന് മുൻപ് പുലിയെ കൊന്ന് നാട്ടുകാരെ രക്ഷിച്ച് വാറുണ്ണി അറസ്റ്റ് വരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഇതിലെ ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശങ്കർ ഗണേഷ് ആണ്.

ഗാനങ്ങൾ
  1. ഒരിക്കൽ നിറഞ്ഞും – കെ.ജെ. യേശുദാസ്
  2. ഒരു നാദം ഓർമ്മയിൽ ഉണരുകയായ് – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

പുരസ്കാരങൾ[തിരുത്തുക]

  • 1989 കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് – മികച്ച നടൻ – മമ്മൂട്ടി
  • 1989 കേരളസംസ്ഥാന അവാർഡ് – മികച്ച നടൻ – മമ്മൂട്ടി[1]
  • 1989 കേരളസംസ്ഥാന അവാർഡ് – മികച്ച സംവിധായകൻ – ഐ.വി.ശശി

അവലംബം[തിരുത്തുക]

  1. http–//www.prd.kerala.gov.in/stateawards2.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൃഗയ&oldid=2332871" എന്ന താളിൽനിന്നു ശേഖരിച്ചത്