സേതുരാമയ്യർ സിബിഐ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സേതുരാമയ്യർ സിബിഐ
സംവിധാനം കെ. മധു
നിർമ്മാണം കെ. മധു
രചന എസ്.എൻ. സ്വാമി
തിരക്കഥ എസ്.എൻ. സ്വാമി
അഭിനേതാക്കൾ മമ്മൂട്ടി
മുകേഷ്
ജഗതി ശ്രീകുമാർ
കലാഭവൻ മണി
വിനീത് കുമാർ
ഗീത വിജയൻ
സംഗീതം ശ്യാം
വിതരണം കൃഷ്ണകൃപ ഫിലിംസ്
റിലീസിങ് തീയതി ജനുവരി 23 2004 (ഇന്ത്യ)
രാജ്യം  India
ഭാഷ മലയാളം

കെ. മധു സം‌വിധാനം ചെയ്ത് മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ തുടങ്ങിയവർ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ സേതുരാമയ്യർ സിബിഐ. സിബിഐ (ഇന്ത്യൻ കുറ്റാന്വേഷണ ഏജൻസി) യിലെ ബുദ്ധിമാനായ അന്വേഷണോദ്യോഗസ്‌ഥൻ സേതുരാമയ്യർ ആയി മമ്മൂട്ടി വേഷമിട്ട നാലു ചിത്രങ്ങളിൽ മൂന്നാമത്തേതാണ്‌ ഈ ചിത്രം. ആദ്യ ചിത്രങ്ങൾ ഒരു സിബിഐ ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989) എന്നിവയാണ്‌. നാലാമത്തെ ചിത്രം നേരറിയാൻ സിബിഐ സെപ്റ്റംബർ 8, 2005-ൽ പുറത്തിറങ്ങി.

കഥാസംഗ്രഹം[തിരുത്തുക]

വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് തൂക്കിലേറ്റപ്പെടാൻ ഏതാനും നാളുകൾ മാത്രമുള്ള ഈശോ അലക്സിനെ (കലാഭവൻ മണി) സേതുരാമയ്യർ ജയിലിൽ പോയി കാണുന്നു. ഒറ്റ രാത്രിയിൽ രണ്ടു കുടൂംബങ്ങളിലായി ഏഴു പേരെ കൊന്ന കുറ്റത്തിനാണ്‌ അലക്സ് ശിക്ഷിക്കപ്പെട്ടത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കാലത്ത് മയക്കുമരുന്നിനടിമയായിരുന്ന അലക്സ് ഫാ. ഗോമസിന്റെ (ഭരത് ഗോപി) ഉപദേശത്തിൽ മാനസാന്തരപ്പെട്ട് കഴിയുകയാണ്‌.

അലക്സിന്‌ അയ്യരോട് പറയാനുള്ളത് വളരെ വിചിത്രമായ ഒരു കാര്യമാണ്‌. അതായത്, ആ രാത്രിയിലെ കൊലപാതകങ്ങളിൽ ഒരെണ്ണം താനല്ല ചെയ്തതെന്ന്. ബിസിനസ്സുകാരനായ മാണിക്കുഞ്ഞിന്റെ കൊലപാതകമാണത്. മരുമകളായ മോസിയോടൊപ്പമാണ്‌ അയാൾ കൊല ചെയ്യപ്പെട്ടത്. ബാക്കി എല്ലാ കൊലകളും താനാണ്‌ ചെയ്തതെന്ന് സമ്മതിച്ചുകൊണ്ടു തന്നെ അലക്സ് തീർത്തു പറയുന്നു, ആ കൊല ചെയ്തത് മറ്റാരോ ആണെന്ന്. തുടർന്ന്, ആദ്യം കേസന്വേഷിച്ച ഓഫിസർ ബാലഗോപാലിന്റെ (സിദ്ദിഖ്) വഴികളിലൂടെ അയ്യരും സഹായികളായ ചാക്കോ (മുകേഷ്), ഗണേഷ് (വിനീത് കുമാർ) എന്നിവരും വർഷങ്ങൾക്കു ശേഷം സഞ്ചരിക്കുന്നു. കറതീർന്ന അന്വേഷണത്തിലൂടെ അയ്യർ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതാണ്‌ ബാക്കിയുള്ള ഭാഗം.

മുൻപത്തെ ചിത്രങ്ങളിൽ അയ്യരുടെ അന്വേഷണസംഘത്തിലെ പ്രധാനിയായ വിക്രം (ജഗതി ശ്രീകുമാർ) ഈ ചിത്രത്തിൽ ആദ്യമൊന്നും പ്രത്യക്ഷപ്പെടുന്നില്ല. കഥ അവസാനിക്കാറാവുമ്പോൾ തന്റെ പ്രസിദ്ധമായ പ്രച്ഛന്നവേഷത്തിൽ എത്തി ചില കുരുക്കുകൾ അഴിക്കാൻ അയ്യരെ സഹായിക്കുന്നുണ്ട് വിക്രം. മുൻപുള്ള സിബിഐ ചിത്രങ്ങളിലെ ചില കഥാപാത്രങ്ങളും (അടൂർ ഭവാനി അവതരിപ്പിച്ച വേലക്കാരി അമ്മച്ചി ഉദാഹരണം) പഴയ കഥാസന്ദർഭങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും ഈ ചിത്രത്തിലുണ്ട്.

അഭിനയിച്ചവർ[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സേതുരാമയ്യർ സിബിഐ
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കെ. മധു

  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=സേതുരാമയ്യർ_സിബിഐ&oldid=2331054" എന്ന താളിൽനിന്നു ശേഖരിച്ചത്