തിലകൻ
തിലകൻ | |
---|---|
ജനനം | സുരേന്ദ്രനാഥ തിലകൻ 1935 ഡിസംബർ 8 പ്ലാങ്കമൺ അയിരൂർ, പത്തനംതിട്ട ജില്ല |
മരണം | സെപ്റ്റംബർ 24, 2012 തിരുവന്തപുരം | (പ്രായം 76)
തൊഴിൽ |
|
സജീവ കാലം | 1979 - 2012 |
രാജ്യം കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭകളിലൊരാളായ തിലകൻ സ്വഭാവികമായ ഡയലോഗ് പ്രസൻ്റേഷനിലൂടെ തൻ്റെതായ അഭിനയ ശൈലിയുടെ ഉടമയാണ്. സുരേന്ദ്രനാഥ തിലകൻ എന്നറിയപ്പെടുന്ന തിലകൻ ആറാം വയസിലെ അഭിനയത്തിൻ്റെ പ്രതിഭ കാട്ടിയ അപൂർവ്വ വ്യക്തിത്വമാണ്. 1979-ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. മൂന്ന് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര അഭിനയത്തിലൂടെ ജീവിതഗന്ധിയായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. മലയാളത്തിൽ 300ലേറെ സിനിമകളിൽ വേഷമിട്ട തിലകൻ 2012 സെപ്റ്റംബർ 24ന് അന്തരിച്ചു.[1] [2][3][4][5]
ജീവിതരേഖ
[തിരുത്തുക]പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്തിലെ പ്ലാങ്കമണിൽ പാലപ്പുറത്ത് ടി.എസ്.കേശവൻ്റെയും ദേവയാനിയുടേയും മകനായി 1935 ഡിസംബർ 8ന് ജനനം. ആശാൻ പള്ളിക്കൂടം മണിക്കൽ, സെൻ്റ് ലൂയീസ് കാത്തോലിക് സ്കൂൾ നാലാംവയൽ, കോട്ടയം എം ഡി സെമിനാരി സ്കൂൾ, കൊല്ലം എസ്.എൻ.കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1955-ൽ അഭിനയ ജീവിതം തുടരുന്നതിനായി കോളേജ് വിട്ടു.
കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ നാടകങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായിരുന്നു. കോളേജ് വിട്ട ശേഷം മുണ്ടക്കയം നാടകസമിതിക്ക് രൂപം കൊടുത്തു. 1966 വരെ കെ.പി.എ.സിയുടെ ഭാഗമായിരുന്ന തിലകൻ പിന്നീട് കൊല്ലം കാളിദാസകേന്ദ്രം, ചങ്ങനാശേരി ഗീഥ, എന്നീ നാടകസംഘങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന് പി.ജെ.ആൻ്റണി രൂപം കൊടുത്ത നാടക സമിതിയിലും പ്രവർത്തിച്ചു. പി.ജെ.ആൻ്റണിയുടെ മരണശേഷം ആ നാടക ട്രൂപ്പ് ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചു. ഇതിനിടയിൽ റേഡിയോ നാടകങ്ങൾക്കും തിലകൻ ശബ്ദം നൽകി.
പി.ജെ.ആൻ്റണിയുടെ ഏക സംവിധാന സംരഭമായിരുന്ന പെരിയാർ(1973) എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം പുറത്തിറങ്ങിയത് ഗന്ധർവ്വക്ഷേത്രം(1972) എന്ന സിനിമയാണ്. ഒരു മിനിട്ട് ദൈർഘ്യം മാത്രം ഉള്ള റോളായിരുന്നു ആ സിനിമയിൽ അദ്ദേഹത്തിന്. പിന്നീട് 1979 മുതലാണ് സിനിമയിൽ സജീവമായത്. കെ.ജി.ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് ആ അഭിനയ യാത്രയുടെ തുടക്കം കുറിച്ചത്.
1982-ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടന് ഉള്ള അവാർഡ് തിലകൻ കരസ്ഥമാക്കി. തുടർന്ന് ഏറെ അവാർഡുകൾ തിലകനെ തേടിയെത്തി. 1990-ലെ പെരുന്തച്ചൻ, 1994-ലെ സന്താനഗോപാലം, ഗമനം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ആ വർഷങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് തിലകനെ അർഹനാക്കി. 2007-ൽ ഏകാന്തം എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി. 2009-ൽ രാജ്യം പത്മശ്രീ നൽകി തിലകനെ ആദരിച്ചു. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് രണ്ട് തവണയാണ് തിലകന് ലഭിക്കാതെ പോയത്. 1986-ലെ ഇരകൾ, 1990-ലെ പെരുന്തച്ചൻ എന്നീ സിനിമകളിലെ അഭിനയത്തിനാണ് ഈ അവാർഡ് പരിഗണിക്കപ്പെട്ടിരുന്നത്.
മലയാളത്തിൽ 300-ലേറെ ചിത്രങ്ങളിൽ വേഷമിട്ട തിലകനെ 1981-ൽ റിലീസായ കോലങ്ങളിലെ കള്ള് വർക്കി എന്ന കഥാപാത്രമാണ് കാമ്പുള്ള വേഷങ്ങളിലേക്ക് നയിച്ചത്. യവനിക, ഗമനം, കാട്ടുകുതിര, ജാതകം, ഋതുഭേദം, പെരുന്തച്ചൻ, തനിയാവർത്തനം, സന്താനഗോപാലം, മൂന്നാം പക്കം, സ്ഫടികം, കിലുക്കം എന്നിവ തിലകൻ്റെ അഭിനയപ്രതിഭ തെളിയിച്ച ചിത്രങ്ങളാണ്.
2010-ൽ താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ട് ഏറെനാൾ സംഘടനയിൽ നിന്ന് പുറത്തായിരുന്നു. ഇതിനെ തുടർന്ന് ചലച്ചിത്ര സംഘടനകൾ വിലക്കേർപ്പെടുത്തി എങ്കിലും മഹാനടനെ അനുകൂലിച്ച് സാംസ്കാരിക നായകർ രംഗത്തെത്തി. ഈ വിഷയത്തിൽ ഏറെ ജനപിന്തുണയും ലഭ്യമായിരുന്ന തിലകൻ പിന്നീട് മിനിസ്‌ക്രീനിൽ സജീവമായെങ്കിലും മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് വീണ്ടും അവസരങ്ങൾ തിലകനെ തേടിയെത്തി. ഒടുവിൽ വിവാദങ്ങളൊഴിഞ്ഞ 2011-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പിയിൽ ശക്തമായ വേഷം ചെയ്തു. 2012-ൽ അൻവർ റഷീദ് സംവിധാനം നിർവഹിച്ച ഉസ്താദ് ഹോട്ടലിലും മികച്ച വേഷമാണ് തിലകനെ കാത്തിരുന്നത്.[6][7]
സ്വകാര്യ ജീവിതം
[തിരുത്തുക]- ആദ്യ ഭാര്യ : ശാന്ത
- മക്കൾ :
- ഷമ്മി തിലകൻ
- ഷോബി തിലകൻ
- ഷാജി തിലകൻ
- രണ്ടാമത്തെ ഭാര്യ : സരോജം
- മക്കൾ
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങൾക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഹൃദയാഘാതത്തെ തുടർന്ന് 77-മത്തെ വയസിൽ 2012 സെപ്റ്റംബർ 24ന് പുലർച്ചെ മൂന്ന് മണിക്ക് അന്തരിച്ചു.[11]
പുരസ്കാരങ്ങൾ
[തിരുത്തുക]സംസ്ഥാനപുരസ്കാരം
[തിരുത്തുക]മികച്ച നടൻ
[തിരുത്തുക]- 1990 - പെരുന്തച്ചൻ
- 1994 - ഗമനം, സന്താനഗോപാലം
മികച്ച സഹനടൻ/രണ്ടാമത്തെ നടൻ
[തിരുത്തുക]- 1982 - യവനിക
- 1985 - യാത്ര
- 1986 - പഞ്ചാഗ്നി
- 1987 - തനിയാവർത്തനം
- 1988 - മുക്തി, ധ്വനി
- 1998 - കാറ്റത്തൊരു പെൺപൂവ്
പ്രത്യേക ജൂറിപുരസ്കാരം
[തിരുത്തുക]- 1989 - നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്
ഫിലിംഫെയർ പുരസ്കാരം
[തിരുത്തുക]- 1990 - പെരുന്തച്ചൻ
- 2005 - ആജീവനാന്ത പരിശ്രമങ്ങൾക്ക് (തെക്കേ ഇന്ത്യ)
ഏഷ്യാനെറ്റ് ഫിലിം അവാർഡ്
[തിരുത്തുക]- 2001 -ആജീവനാന്ത പരിശ്രമങ്ങൾക്ക്
മറ്റു പുരസ്കാരങ്ങൾ
[തിരുത്തുക]ഉദ്ധരണികൾ
[തിരുത്തുക]- “ജീവിതത്തിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ്.”[12]
അവലംബം
[തിരുത്തുക]- ↑ അഭിനയകലയുടെ പെരുന്തച്ചൻ ഓർമയായിട്ട് പത്ത് വർഷം
- ↑ ഒരേസമയം ഷൂട്ടു ചെയ്ത ഗോഡ്ഫാദറും സന്ദേശവും
- ↑ അമ്മ സംഘടനയോട് ക്ഷമ പറയാത്ത തിലകൻ
- ↑ പകരക്കാരില്ലാത്ത അമരക്കാരൻ
- ↑ തിലകൻ ജീവിതരേഖ, അഭിനയിച്ച സിനിമകൾ
- ↑ തിലകനല്ല ദേശീയപുരസ്കാരമായിരുന്നു ചെറുതായത്
- ↑ തിലകൻ എംത്രിഡിബി
- ↑ അഭിനയകലയിലെ തിലകൻ ടച്ച്
- ↑ പത്തിൽ പത്ത്
- ↑ തിലകന് ഓർമപ്പൂക്കളർപ്പിച്ച് പ്രിയതാരങ്ങൾ
- ↑ പ്രശസ്ത ചലച്ചിത്ര നടൻ തിലകൻ അന്തരിച്ചു
- ↑ "Thilakan The Legend Actor of Mollywood". Archived from the original on 2023-07-15. Retrieved 2023-07-15.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Thilakan
- Interview with Thilakan in the Hindu newspaper Archived 2012-11-10 at the Wayback Machine.
- Official Website of Information and Public Relation Department of Kerala Archived 2016-03-03 at the Wayback Machine.
- 1935-ൽ ജനിച്ചവർ
- 2012-ൽ മരിച്ചവർ
- ഡിസംബർ 8-ന് ജനിച്ചവർ
- സെപ്റ്റംബർ 24-ന് മരിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മലയാളനാടകനടന്മാർ
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
- മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ
- കേരള സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചവർ