രവീന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രവീന്ദ്രൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ രവീന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. രവീന്ദ്രൻ (വിവക്ഷകൾ)
രവീന്ദ്രൻ
പ്രമാണം:RaveendranMash.jpg
രവീന്ദ്രൻ മാസ്റ്റർ (1943-2005)
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമാധവൻ രവീന്ദ്രൻ
ഉത്ഭവംകേരളം, ഇന്ത്യ
തൊഴിൽ(കൾ)ചലച്ചിത്രസംഗീതസം‌വിധായകൻ, സംഗീതസം‌വിധായകൻ
ഉപകരണ(ങ്ങൾ)സംഗീതസംവിധായകൻ, പിന്നണിഗായകൻ, ഹാർമോണിയം.
വർഷങ്ങളായി സജീവം1979 – 2005

മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആയിരുന്നു രവീന്ദ്രൻ (ജനനം: 1943നവംബർ 9 കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന ഗ്രാമത്തിൽ. മരണം: 2005). 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രൻ മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അമരം, സുഖമോ ദേവി, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങൾക്കും വസന്തഗീതങ്ങൾ പോലെയുള്ള ചില ഗാനസമാഹാരങ്ങൾക്കും രവീന്ദ്രൻ സംഗീതം നിർവ്വഹിച്ചു.

സംഗീത ലോകത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത നിരവധി ഗാനങ്ങൾക്ക് ഇദ്ദേഹം ഈണം നൽകിയിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ പരേതരായ മാധവൻ - ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി 1943 നവംബർ ഒൻപതിനാണു രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു. പിൽക്കാലത്ത് തനിക്കു വേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ പാടിയ ഗായകൻ യേശുദാസ് ഇവിടെ സമകാലികനായിരുന്നു.[1] യുവാവായിരിക്കെ "തണ്ടർ ബേർഡ്സ്" എന്ന ഗാനമേള സംഘത്തിൽ ഗായകനായിരുന്നു.[2]

സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടി മദ്രാസി(ചെന്നൈ)ലെത്തി. അക്കാലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്.[3] ചെന്നൈയിലെ ആദ്യ കാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എന്ന് രവീന്ദ്രൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പൈപ്പു വെള്ളം മാത്രം കുടിച്ച് കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു[1]. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന സത്യനാണ് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി[3]. പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. അവയിൽ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു. [2] ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 1970കളിൽ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു.

ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങൾ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകൻ ശശികുമാറിന് പരിചയപ്പെടുത്തുകയായിരുന്നു.[4] അങ്ങനെ 1979-ൽ “ചൂള” എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്ര സംഗീതസംവിധായകനായി.[5] സത്യൻ അന്തിക്കാട് രചിച്ച “താരകേ മിഴിയിതളിൽ കണ്ണീരുമായി. ” എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്കാരം.

യേശുദാസുമായുള്ള സഹോദര തുല്യമായ ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്. യേശുദാസിനു ദേശീയ പുരസ്കാരം നേടി കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രനാണു്. എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്കാരം നേടി കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്. ഗായികമാരിൽ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്. മലയാളത്തിലെ ഒരുവിധം എല്ലാ ഗായകർക്കും അദ്ദേഹം പാടാൻ അവസരം നൽകിയിട്ടുണ്ട്.

അവസാന കാലത്ത് അർബുദ ബാധയെത്തുടർന്ന് അവശനായിരുന്നെങ്കിലും സംഗീത ലോകത്തും ടി.വി. ചാനലുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു രവീന്ദ്രൻ. ഇതിനിടയിൽ 2000-ൽ അദ്ദേഹം താമസം എറണാകുളത്തോട്ട് മാറ്റി. എന്നാൽ ചെന്നൈയിൽ വീട് കൊടുത്തിരുന്നില്ല. ഇടയ്ക്ക് അവിടെയും പോയിരുന്നു. അങ്ങനെയിരിയ്ക്കെയാണ് തികച്ചും അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയത്. 2005 മാർച്ച് 3-ന് വൈകീട്ട് 3:30ന് ചെന്നൈയിലെ വീട്ടിൽ വച്ചാണ് രവീന്ദ്രൻ അന്തരിച്ചത്. മരണത്തിന് ഏതാനും ദിവസം മുമ്പ് അർബുദ ചികിത്സയ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മൃതദേഹം ചെന്നൈയിൽ തന്നെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളായ വടക്കുന്നാഥൻ, കളഭം എന്നിവ മരണാനന്തരമാണ് പുറത്തിറങ്ങിയത്.

സംഗീതസംവിധാനം ചെയ്തവ[തിരുത്തുക]

  1. അഗ്നിനക്ഷത്രം
  2. അങ്കിൾ ബെൻ
  3. അമരം
  4. അരയന്നങ്ങളുടെ വീട്
  5. അയാൾ കഥയെഴുതുകയാണ്
  6. അഹം
  7. ആട്ടക്കലാശം
  8. ആറാം തമ്പുരാൻ
  9. ഇംഗ്ലീഷ് മീഡിയം
  10. എൻറെ ഹുദയത്തിൻറെ ഉടമ
  11. ഏയ് ഓട്ടോ
  12. ഒരു അഭിഭാഷകൻറെ കേസ് ഡയറി
  13. ഒരു മെയ്മാസപ്പുലരിയിൽ
  14. കന്മദം
  15. കല്യാണപ്പിറ്റേന്ന്
  16. കമലദളം
  17. കളിയിൽ അല്പം കാര്യം
  18. കണ്ണൂർ
  19. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
  20. ഗീതംസംഗീതം
  21. ചക്കരക്കുടം
  22. ചക്രം
  23. ചിരിയോചിരി
  24. ചൂള
  25. ഞാൻ സൽപ്പേര് രാമൻകുട്ടി
  26. തച്ചിലേടത്തുചുണ്ടൻ
  27. തേനും വയമ്പും
  28. ദി പ്രസിഡൻറ്
  29. ധനം
  30. ധിംതരികിടതോം
  31. നന്ദനം
  32. നീലക്കടമ്പ്
  33. പകൽപ്പൂരം
  34. പല്ലാവൂർദേവനാരായണൻ
  35. പഞ്ചലോഹം
  36. പാവം ഐ എ ഐവാച്ചൻ
  37. ബെൻസ് വാസു
  38. ഭരതം
  39. മഴ
  40. മനയൂരിലെമഴ
  41. മഴയെത്തുംമുമ്പേ
  42. മിഴിരണ്ടിലും
  43. യുവജനോത്സവം
  44. രാജശില്പി
  45. ലാൽസലാം
  46. വടക്കുംനാഥൻ
  47. വെങ്കലം
  48. വിഷ്ണു
  49. വിഷ്ണുലോകം
  50. ഗാനമേള
  51. സാഫല്യം
  52. സായ്വർതിരുമേനി
  53. സവിധം
  54. സൂത്രധാരൻ
  55. സൂര്യഗായത്രി
  56. ഹിസ് ഹൈനസ് അബ്ദുള്ള
  57. കളഭം
  58. നന്ദനം
  59. ചമ്പകുളം തച്ചൻ
  60. കളിപ്പാട്ടം

അവലംബം[തിരുത്തുക]

  1. 1.0 1.1 "മധുരഗാനങ്ങളുടെ രാജശില്പി". മലയാള മനോരമ. 2005-03-04. p. 8. {{cite news}}: |access-date= requires |url= (help)
  2. 2.0 2.1 "Life and times of a music director" (in ഇംഗ്ലീഷ്). ദ് ഹിന്ദു. 2002-10-24. Archived from the original on 2007-09-11. Retrieved 2007-09-20.
  3. 3.0 3.1 "മദിരാശിപ്പഴമയും [[മലയാള സിനിമ]]യും". വെബ്‌ലോകം. 2007-08-25. Retrieved 2007-09-20. {{cite news}}: URL–wikilink conflict (help)
  4. കെ.ജെ. യേശുദാസ് (2005-03-04). "എന്റെ അനിയൻ". മലയാള മനോരമ. p. 8. {{cite news}}: |access-date= requires |url= (help); Cite has empty unknown parameter: |1= (help)
  5. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 748. 2012 ജൂൺ 25. Retrieved 2013 മെയ് 08. {{cite news}}: Check date values in: |accessdate= and |date= (help)


"https://ml.wikipedia.org/w/index.php?title=രവീന്ദ്രൻ&oldid=3800890" എന്ന താളിൽനിന്ന് ശേഖരിച്ചത്