ദസരി നാരായണ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദസരി നാരായണ റാവു
Dasari Narayana Rao
ജനനം 1947 മേയ് 4(1947-05-04)
india
മരണം 2017 മേയ് 30(2017-05-30) (പ്രായം 70)
തൊഴിൽ Journalist
Actor
Film Director
Film Producer
Writer
Politician
Lyricist
Publisher
Magazine Editor
രാഷ്ട്രീയപ്പാർട്ടി
Congress
ജീവിത പങ്കാളി(കൾ) Dasari Padma
വെബ്സൈറ്റ് www.dasarinarayanarao.co.in

തെലുഗു, ഹിന്ദി ചലച്ചിത്രങ്ങളുടെ സംവിധായകനും, ചലച്ചിത്ര-നാടക രചയിതാവും, നടനുമായിരുന്നു ദസരി നാരായണ റാവു. തെലുഗു നാടകവേദിയിലൂടെ വളർന്നു സിനിമയിലെത്തിയ ഒരു സംവിധായകനായിരുന്നു ഇദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

ആന്ധ്രപ്രദേശിലെ പാലക്കൊല്ല എന്ന ഗ്രാമത്തിൽ 1947-ൽ ജനിച്ചു. നാട്ടിലെ നാടകരംഗത്തുനിന്നാണ് അഭിനയത്തിന്റെ തുടക്കം. ആന്ധ്ര യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ ശേഷം മദിരാശിയിലെ ചലച്ചിത്രവ്യവസായ രംഗത്തേക്കു കടന്നു. 1960-കളിൽ അക്കാലത്തെ പ്രശസ്ത ചലച്ചിത്ര രചയിതാക്കളായ പാലഗുമ്മി പത്മരാജു, ഭവനാരായണ തുടങ്ങിയവരുടെ സഹായിയായി സിനിമാ രംഗത്തെത്തി. സിനിമയെന്ന മാധ്യമത്തിന്റെ വിവിധ വശങ്ങളെ ഒരു വിദ്യാർഥിയുടെ ഊർജസ്വലതയോടെ മനസ്സിലാക്കാനും തിരക്കഥയിലും സംവിധാനത്തിലും പ്രാവീണ്യം നേടാനും സഹസംവിധായകനായി കഴിഞ്ഞിരുന്ന നാളുകളിൽ ഇദ്ദേഹത്തിനു സാധിച്ചു.

തുടക്കത്തിൽ തിരക്കഥാകാരനായാണ് ഇദ്ദേഹം പ്രശസ്തനായത്. 1972-ൽ ടാറ്റമനുവുഡു എന്ന പ്രഥമ തെലുഗു ചിത്രം സംവിധാനം ചെയ്തു. 1980-കളിൽ ഏറ്റവും തിരക്കുള്ള തിരക്കഥാ രചയിതാവായി മാറിയെങ്കിലും കലാമൂല്യമുള്ള ചിത്രങ്ങൾക്ക് അധികം സമയം ചെലവഴിക്കാനായില്ല. വാണിജ്യ സിനിമയുടെ തന്ത്രങ്ങളിൽപ്പെട്ട ഇദ്ദേഹം ചലച്ചിത്രകാരന്മാരുടെ അഭിരുചിക്കനുസരിച്ച് തിരക്കഥയും സംവിധാനവും നിർവഹിക്കാൻ നിർബന്ധിതനായി. ശാസ്ത്രീയ സംഗീതത്തിനും സംഭവബഹുലവും സ്തോഭജനകവുമായ സങ്കേതങ്ങൾക്കും കൂടുതൽ പ്രാധാന്യം നല്കിക്കൊണ്ട് ഏറെ ചിത്രങ്ങൾക്ക് രചനയും സംവിധാനവും നടത്തി. ദേവദാസ്, മല്ലി പുറ്റഡ, പ്രേമാഭിഷേകം എന്നീ ചിത്രങ്ങൾ അതിന് ഉദാഹരണങ്ങളാണ്. ടാറ്റമനുവുഡു, ചിലക്കമ്മ ചെപ്പണ്ടി, മേഘസന്ദേശം എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

1972 മുതൽ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം 125-ൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അതിനോടൊപ്പം രചനയും അഭിനയവും കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. 1981-ലെ അഡല്ല മേഡ എന്ന തെലുഗു ചിത്രം ഇദ്ദേഹത്തിന്റെ ആത്മകഥാംശം നിറഞ്ഞതായിരുന്നു. ചെഡില്ലു ചിന്നലു എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം സംവിധാനം ചെയ്തതിലൂടെ അന്നത്തെ ഭരണത്തെ നിശിതമായി വിമർശിക്കാൻ ഇദ്ദേഹം തെല്ലും മടി കാണിച്ചില്ല. ആന്ധ്രപ്രദേശിലെ പ്രമുഖ പത്രമായ ഉദയം എന്ന തെലുഗു ദിനപത്രത്തിന്റെ ആദ്യകാല ഉടമസ്ഥനുമായിരുന്നു. 1988-ൽ അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ.ടി. രാമറാവുവിനെ കർക്കശമായി വിമർശിക്കുന്ന പ്രജാപ്രതിനിധി എന്ന ചിത്രം സംവിധാനം ചെയ്തു. തന്റേതു മാത്രമായ ഒരു അവതരണശൈലി കരസ്ഥമാക്കിയ ദസരി നാരായണ റാവു ആന്ധ്രപ്രദേശിലെ കലാ സംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചുവന്നു. 2017 മെയ് 30-ന് തന്റെ 70-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദസരി നാരായണ റാവു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദസരി_നാരായണ_റാവു&oldid=2608446" എന്ന താളിൽനിന്നു ശേഖരിച്ചത്