കെ. ബാലചന്ദർ
കെ.ബാലചന്ദർ | |
---|---|
ജനനം | തഞ്ചാവൂർ, തമിഴ്‌നാട്, ഇന്ത്യ |
മരണം | ഡിസംബർ 23, 2014 | (പ്രായം 84)
തൊഴിൽ | ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 1965-2014 |
ജീവിതപങ്കാളി(കൾ) | രാജം |
ഒരു പ്രമുഖ ഇന്ത്യൻ ചലച്ചിത്രനിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു കെ.ബാലചന്ദർ (ഇംഗ്ലീഷ്:K. Balachander, തമിഴ്: கே. பாலசந்தர்) (9 ജൂലൈ 1930 - 23 ഡിസംബർ 2014). തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷാചിത്രങ്ങൾക്ക് പുറമേ മലയാളത്തിലും ഹിന്ദിയിലും ഒരോ ചലച്ചിത്രങ്ങളും അദ്ദേഹം സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 1980-ൽ പുറത്തിറങ്ങിയ തിരകൾ എഴുതിയ കാവ്യം ആണ് മലയാളചിത്രം. 1981-ൽ പുറത്തിറങ്ങിയ ഏക് ദൂജേ കേ ലിയേ ആണ് ഹിന്ദി ചിത്രം. അദ്ദേഹം തിരക്കഥയോ സംവിധാനമോ കൈകാര്യം ചെയ്ത ചിത്രങ്ങൾ ഏറെയും സങ്കീർണമായ വ്യക്തിബന്ധങ്ങളോ സാമൂഹിക വിഷയങ്ങളോ ആസ്പദമാക്കിയുള്ളവയാണ്. കമലഹാസൻ, രജനികാന്ത്, പ്രകാശ് രാജ്, വിവേക് തുടങ്ങി തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയിൽ അവതരിപ്പിച്ചത് ബാലചന്ദറാണ്. കവിതാലയ പ്രൊഡക്ഷൻസ് എന്ന പേരിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ചലച്ചിത്രനിർമ്മാണ കമ്പനിയുമുണ്ട്. ഇന്ത്യൻ സിനിമക്ക്, പ്രത്യേകിച്ച് തമിഴ് സിനിമക്ക് മികച്ച സംഭാവനകൾ നൽകിയ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം(1987), ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം (2011) തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമാലോകഥ്തെ കാരണവരായ കെ. ബാലചന്ദർ സഹപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത് ഇയക്കുനർ ശിഖരം എന്ന വിളിപ്പേരിലാണ്.അഞ്ചു പതിറ്റാണ്ടു നീണ്ട ചലച്ചിത്രജീവിതത്തിനിടയിൽ ചെറുതും വലുതുമായ നൂറുകണക്കിന് താരങ്ങളെ വാർത്തെടുക്കുകയും കാർക്കശ്യമുള്ള സംവിധാനത്തിലൂടെ അഭിനേതാക്കളുടെ ഏറ്റവും മികച്ച പ്രകടനം സ്വന്തം ചിത്രങ്ങളുടെ നേട്ടമാക്കുകയും ചെയ്ത ഈ പ്രതിഭക്ക് സിനിമാലോകം അറിഞ്ഞുനൽകിയ പേരാണ് 'പ്രതിഭയുടെ ഉച്ചിയിലുള്ള സംവിധായകൻ' എന്ന് അർഥം വരുന്ന ഇയക്കുനർ ശിഖരം.[1]
ജീവിതരേഖ
[തിരുത്തുക]ആദ്യകാലജീവിതം
[തിരുത്തുക]1930 ജൂലൈ 9-ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി ജനിച്ച ബാലചന്ദർ ചിദംബരത്തെ അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി സുവോളജി ബിരുദം നേടിയ ശേഷം തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടയിൽ സ്‌കൂൾ അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങി. 1960-കളിൽ അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ സൂപ്രണ്ടായി ജോലിചെയ്തുകൊണ്ടിരുന്ന കാലത്ത് തന്നെ നാടകരചനക്കും സംവിധാനത്തിനും സമയം കണ്ടെത്തി. സാമൂഹികപ്രതിബദ്ധതയുള്ള നാടകങ്ങളിലൂടെ അദ്ദേഹം അന്നു തന്നെ പ്രേക്ഷകശ്രദ്ധയാകർഷിച്ചിരുന്നു.
ചലച്ചിത്രജീവിതം
[തിരുത്തുക]എം.ജി.ആറിന്റെ ആവശ്യപ്രകാരം ദൈവത്തായി[2] എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര ലോകഥ്ത് കാൽകുത്തിയത്. 1965-ൽ നാണൽ, നീർക്കുമിഴി എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1975-ൽ അദ്ദേഹം സംവിധാനം ചെയ്ത അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമയിലേക്ക് കടന്നു വന്നത്. കമലഹാസനും രജനീകാന്തും തങ്ങളുടെ അഭിനയജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഒന്നിച്ചെന്ന പ്രത്യേകഥ കൂടി ഈ ചിത്രത്തിനുണ്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധം മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം അദ്ദേഹം അന്തുലേനി കഥ എന്ന പേരിൽ തെലുങ്കിലുമെടുത്തു. അവർകൾ (1977), വറുമയിൻ നിറം സികപ്പ് (1980), 47 നാൾകൾ (1981) എന്നീ ചിത്രങ്ങൾ അദ്ദേഹത്തെ തമിഴ് സംവിധായകരുടെ മുൻനിരയിലെത്തിച്ചു. 1978-ൽ സംവിധാനം ചെയ്ത മാരോ ചരിത്ര എന്ന ചിത്രത്തിലൂടെ അദ്ദേഹം കമലഹാസനെ തെലുഗു സിനിമയിൽ അവതരിപ്പിച്ചു.[3] വൻവിജയം നേടിയ ഈ ചിത്രമാണ് 1981-ൽ ഏക് ദൂജേ കേ ലിയേ എന്ന പേരിൽ അദ്ദേഹം ഹിന്ദിയിലെടുത്തത്. 1985-ൽ സ്വന്തമായി കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത സിന്ധുഭൈരവി ഏറെ ജനപ്രീതി നേടി. സംഘർഷങ്ങളിൽ പെടുന്ന സംഗീതജ്ഞന്റെ ജീവിതമായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം. 2006-ൽ പുറത്തു വന്ന പൊയ്' ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമ. കുചേലൻ, തിരുവണ്ണാമലൈ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ കവിതാലയയുടെ ബാനറിൽ ഏറ്റവുമൊടുവിൽ(2008-ൽ) പുറത്തിറങ്ങിയത്. ഏതാനും ടെലിവിഷൻ പരമ്പരകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഇതിനിടെ രെട്ടൈ ചുഴി എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷമണിഞ്ഞ് അഭിനയരംഗത്തെ മികവും അദ്ദേഹം വെളിപ്പെടുത്തി.
കുടുംബം
[തിരുത്തുക]രാജമാണ് ബാലചന്ദറിന്റെ ഭാര്യ. പരേതനായ കൈലാസം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവർ മക്കളാണ്. മൂത്ത മകൻ കൈലാസം 2014 ഓഗസ്റ്റിൽ അന്തരിച്ചു.
മരണം
[തിരുത്തുക]ഏറെക്കാലമായി വിവിധ അസുഖങ്ങൾ അലട്ടിയിരുന്ന ബാലചന്ദറിനെ 2014 ഡിസംബറിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില ഓരോ ദിവസവും വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ ഡിസംബർ 23-ന് രാത്രി 8:45-ഓടെ അദ്ദേഹം ഈ ലോകഥ്തോട് വിടപറഞ്ഞു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ബസന്ത് നഗർ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ്
[തിരുത്തുക]- 1969 -- ഇരു കോടുഗൾ
- 1975 -- അപൂർവരാഗങ്ങൾ
- 1981 -- തണ്ണീർ തണ്ണീർ
- 1984 -- അച്ചമില്ലൈ അച്ചമില്ലൈ
മറ്റ് പുരസ്കാരങ്ങൾ
[തിരുത്തുക]- 1981 — തണ്ണീർ തണ്ണീർ എന്ന ചിത്രത്തിന് മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം
- 1988 — രുദ്രവീണക്ക് മികച്ച ദേശീയോദ്ഗ്രഥന സിനിമയ്ക്കുള്ള നർഗീസ് ദത്ത് പുരസ്കാരം
- 1991 — ഒരു വീട് ഇരു വാസൽ-ന് സാമൂഹികപ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയപുരസ്കാരം
പ്രത്യേക ബഹുമതികൾ
[തിരുത്തുക]- 1973 — തമിഴ്‌നാട് ഗവണ്മെന്റിന്റെ കലൈമാമണി പട്ടം
- 1992 — മികച്ച സംഭാവനകൾക്കുള്ള തമിഴ്‌നാട് ഗവണ്മെന്റിന്റെ അണ്ണാ അവാർഡ്
- 1993 — പുതുച്ചേരി ഗവണ്മെന്റിന്റെ കലൈമാമേധൈ പട്ടം
- 1987 — ഇന്ത്യാ ഗവണ്മെന്റിന്റെ പത്മശ്രീ പുരസ്കാരം
- 1995 — ആജീവാന്ത സംഭാവനകൾക്കുള്ള ഫിലിംഫെയർ പുരസ്കാരം
- 2011 — അന്ധ്രാപ്രദേശ് ഗവണ്മെന്റിന്റെ ഏ.എൻ.ആർ പുരസ്കാരം
- 2011 — ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "ദാദാ സാഹിബ് ഫാൽകെ അവാർഡ് കെ ബാലചന്ദറിന് , മാധ്യമം, 2011 ഏപ്രിൽ 29". Archived from the original on 2011-05-01. Retrieved 2011-04-30.
- ↑ "മദ്രാസ് മെയിൽ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 691. 2011 മെയ് 23. Retrieved 2013 മാർച്ച് 17.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ഏ.എൻ.ആർ അവാർഡ് കെ ബാലചന്ദറിന് , ഇന്ത്യാഗ്ലിറ്റ്സ്, 2010 ഡിസംബർ 29