Jump to content

തഞ്ചാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തഞ്ചാവൂർ

Tanjore
city
A montage image showing temple complex with temple tower in the centre, Maratha palace, paddy field, Rajarajachola Mandapam and Tamil University
View of the Brihadeeswarar Temple, Maratha palace, paddy field, Rajarajachola Mandapam and Tamil University
CountryIndia
StateTamil Nadu
RegionChola Nadu
DistrictThanjavur
വിസ്തീർണ്ണം
 • ആകെ36.33 ച.കി.മീ.(14.03 ച മൈ)
ഉയരം
88 മീ(289 അടി)
ജനസംഖ്യ
 (2011)
 • ആകെ222,619
 • ജനസാന്ദ്രത6,100/ച.കി.മീ.(16,000/ച മൈ)
Languages
 • Officialതമിഴ്
സമയമേഖലUTC+5:30 (IST)
PIN
613 xxx
Telephone code04362
വാഹന റെജിസ്ട്രേഷൻTN 49,TN68
വെബ്സൈറ്റ്www.municipality.tn.gov.in/thanjavur
പ്രധാന ആകർഷണങ്ങൾ : ബ്രുഹദീശ്വര ക്ഷേത്രം,വിജയനഗര കോട്ട, സരസ്വതി മഹൽ ഗ്രന്ഥശാല

തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ തഞ്ചാവൂർ (തമിഴ്:தஞ்சாவூர்). ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്‌. ഇന്നത്തെ തഞ്ചാവൂർ ജില്ല “തമിഴ്‌നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. ചെന്നൈയിൽ നിന്നു 200 കി‌.മി. തെക്കു ഭാഗത്തായാണ്‌ തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു നഗരമാണ്‌ തഞ്ചാവൂർ. അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ പട്ടണം[1].

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ പേരും തഞ്ചോർ എന്നു തന്നെ[2]

പേരിനു പിന്നിൽ

[തിരുത്തുക]

തഞ്ചൈ എന്നാൽ അഭയാർത്ഥി എന്നാണർത്ഥം. ആദിദ്രാവിഡ കാലത്ത് വടക്കേ ഇന്ത്യയിൽ നിന്നോ ശ്രീലങ്ക, പോളിനേഷ്യൻ ദ്വീപുകളിൽ നിന്നോ എത്തിയ അഭയാർത്ഥികൾ കുടിപാർത്ത ഒരു സ്ഥലമാണിത്. ഇവർ സിന്ധു നദീ തടങ്ങളിൽ നിന്നും പാലായനം ചെയ്തവരുമാകാമെന്നും ചില ചരിത്രകാരന്മാർ കരുതുന്നു. ഈ ഗ്രാമത്തിന്റെ പരമപ്രധാനിയായിരുന്ന തഞ്ചയുടയോർ എന്ന സന്യാസിവര്യന്റെ പ്രതിഷ്ഠയായിരുന്ന തഞ്ചയുടയോർ പെരിയകോയിൽ ആണ് ഇന്നത്തെ ബൃഹദീശ്വര ക്ഷേത്രം.

ഐതിഹ്യം

[തിരുത്തുക]

തഞ്ചനൻ എന്ന അസുരൻ പണ്ടു ഈ നഗരത്തിൽ നാശ നഷ്ടങ്ങൾ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേർന്നു വധിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ്‌ ഈ അസുരൻ നഗരം പുന:സൃഷ്ടിക്കുമ്പോൾ തന്റെ പേരു നൽകണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങൾ അതനുവദിച്ചു നൽകുകയും അങ്ങനെ നഗര‍ത്തിനു ആ പേരു നൽകുകയും ചെയ്തു എന്നും ഐതിഹ്യങ്ങൾ പ്രചാരമുണ്ട്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഇന്നു ഈ നഗരത്തെ ഒരു വലിയ മേൽപ്പാലം രണ്ടായി ഭാഗിച്ചിരിക്കുന്നതായി കാണാം. ഈ മേൽപ്പാലത്തിന് ഒരു വശം വാണിജ്യമേഖലയും മറുവശം ആധുനിക ആവാസകേന്ദ്രങ്ങളുമാണ്. പള്ളിയഗ്രഹാരം, കരന്തൈ, ഓൾഡ്‌ ടൗൺ, വിലാർ, നാഞ്ചിക്കോട്ടൈ വീഥി, മുനമ്പുച്ചാവടി, പൂക്കാര വീഥി, ന്യൂ ടൗൺ, ഓൾഡ്‌ ഹൗസിംഗ്‌ യൂണിറ്റ്‌, ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങളാണ് നഗരത്തിന്റെ പ്രധാന സിരാ കേന്ദ്രങ്ങൾ.

പുതുതായി നഗരപരിധിയിൽ ചേ൪ത്ത സ്ഥലങ്ങൾ മാരിയമ്മൻ കോവിൽ, കാട്ടുതോട്ടം, നാഞ്ചികോട്ടൈ, മദകോട്ടൈ, പിള്ളയാർപട്ടി, നിലഗിരിവട്ടം എന്നിവയാണു. നഗരത്തെ മൊത്തമായി‌ കണക്കാക്കുകയാണെങ്കിൽ അതിന് വല്ലം (പടിഞ്ഞാറ്‌) മുതൽ മാരിയമ്മൻ കോവിൽ (കിഴക്ക്‌) വരെ ഏകദേശം 100 ച കി മി വിസ്തൃതിയുണ്ട്.

കാലാവസ്ഥ

[തിരുത്തുക]

താപനില

[തിരുത്തുക]
  • ഉഷ്ണകാലം : കൂടിയത് 36 o C കുറഞ്ഞത് 32o C
  • തണുപ്പുകാലം : കൂടിയത് 24o C കുറഞ്ഞത് 12o C

മഴക്കാലം

[തിരുത്തുക]
  • മഴ = 111.37 mm വാർഷിക ശരാശരി.

ഇവിടെ മഴ കൂടുതൽ കിട്ടുന്നത് സപ്തംബർ-ഡിസംബർ മാസങ്ങളിലാണ്

ചരിത്രം

[തിരുത്തുക]

ഈ നഗരം പ്രസിദ്ധമായതു ചോള രാജാക്കന്മാരുടെ ഭരണകാലത്താണ്.

ചോള സമ്രാജ്യ കാലഘട്ടം

[തിരുത്തുക]
തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം

ക്രി.പി 848 ൽ വിജയലായ ചോള൯ തഞ്ചാവൂർ പിടിച്ചടക്കി ചോളസാമ്രാജ്യത്തിന് അടിത്തറയിട്ടു എന്നു കരുതപ്പെടുന്നു. എന്നാൽ ആ യുദ്ധത്തിൽ ആരെയാണു അദ്ദേഹം പരാജയപ്പെടുത്തിയത് എന്നത് ഇന്നും വ്യക്തമല്ല. അത് പാണ്ഡ്യവംശത്തിൽ പെട്ട മുത്തരായന്മാരെയാണെന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട്‌. നഗരം കീഴടക്കിയ ശേഷം വിജയാലയൻ അദ്ദേഹത്തിന്റെ ഇഷ്ടദേവതയായ നിശുംബസുധനി(ദുർഗ്ഗ)യുടെ ക്ഷേത്രം പണിതു.

രാജരാജചോളന്റെയും അദ്ദേഹത്തിന്റെ പൗത്ര൯ രജാധിരാജചോളന്റെയും ഭരണകാലത്തു ഇവിടം സമ്പന്നവും പ്രസിദ്ധവുമായി. രാജരാജചോള൯ ക്രി.പി 985 മുതൽ 1013 വരെയാണു ഭരിച്ചിരുന്നത്. അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകർഷകമായ ബൃഹദ്ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നത്. ക്ഷേത്രചുവരുകളിലെ കൊത്തുപണികളിലും മറ്റും ചോളരാജാക്കന്മാ൪ നടത്തിയ യുദ്ധങ്ങളിലെ വീരസാഹസികപോരാട്ടങ്ങളും അവരുടെ കുടുംബപരമ്പരയും വിഷയമാകുന്നതുകൊണ്ട് ഇതൊരു നല്ല ചരിത്രരേഖയുമാണ്. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ നിന്നാണു ചോളഭരണകാലത്തെക്കുറിച്ചുള്ള അറിവുകൾ കിട്ടുന്നത്. അതി൯പ്രകാരം അന്ന് രാജാവു ക്ഷേത്രത്തിനോട് ചേർ‍ന്നു വീഥികൾ പണികഴിപ്പിക്കുകയും ഈ വഴികൾക്കിരുവശവും ക്ഷേത്രനിർമ്മാണത്തൊഴിലാളികൾ താമസിക്കുകയും ചെയ്തിരുന്നു. എറ്റവും വലിയ തെരുവു വീരശാലൈ എന്നും അതിനോടു ചേർന്ന ചന്ത ത്രിഭുവനമേടെവിയാർ എന്നുമാണ് അറിയപ്പെട്ടിരുന്നത്.

മണി മണ്ഡപം-രാജരാജചോഴന്റെ സ്മരണാർത്ഥം പണിതത്

ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങൾ തഞ്ചാവൂരിലുണ്ടായിരുന്നു. രാജാക്കന്മാർ ഈ മണ്ഡപങ്ങളിലാണ്‌ രാജസഭ നടത്തിയിരുന്നത്. പട്ടാളത്തിനുള്ള സൈന്യപ്പുരകളും ഇവിടെ ഉണ്ടായിരുന്നു.

തഞ്ചാവൂരിലെ ചന്തകളിൽ ധാന്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, തുണി, ആഭരണങ്ങൾ എന്നിവ കച്ചവടം നടത്തിയിരുന്നു.

കിണറുകളിൽ നിന്നും തടാകങ്ങളിൽ നിന്നും നഗരത്തിലേക്ക് ജലവിതരണവും നിലവിലിരുന്നു.

തഞ്ചാവൂരിലേയും സമീപപ്രദേശമായ ഉറൈയൂരിലേയും ശാലിയ നെയ്ത്തുകാരായിരുന്നു (salia weavers) പട്ടണത്തിലേക്കാവശ്യമായ തുണി നെയ്തിരുന്നത്. ജനങ്ങൾക്കുവേണ്ട തുണിത്തരങ്ങൾക്കു പുറമേ ക്ഷേത്രത്തിലെ ഉൽസവത്തിനുപയോഗിക്കുന്നതിനുള്ള കൊടിതോരണങ്ങൾക്കാവശ്യമായ തുണിയും ഇവർ നെയ്തുപോന്നു.

രാജാവിനും പ്രഭുക്കന്മാർക്കും നേർത്ത നിലവാരമേറിയ പരുത്തി കൊണ്ടുള്ള തുണിയും സാധാരണക്കാർക്കായി നിലവാരം കുറഞ്ഞ കട്ടികൂടിയ പരുത്തിനൂൽ കൊണ്ടുള്ള തുണിയുമായിരുന്നു നെയ്തിരുന്നത്.

തഞ്ചാവൂരിൽ നിന്നും കുറച്ചകലെയുള്ള സ്വാമിമലയിലെ സ്ഥപതികൾ എന്നറിയപ്പെടുന്ന ശില്പികളാണ്‌ മനോഹരമായ വെങ്കലശില്പ്പങ്ങളും അലങ്കാരത്തിനുപയോഗിക്കുന്ന ഉയരത്തിലുള്ള ഓട്ടുവിളക്കുകളും നിർമ്മിച്ചിരുന്നത്[1]

ചോളന്മാർക്കു ശേഷം

[തിരുത്തുക]

അവസാനത്തെ ചോളരാജാവായിരുന്ന രാജേന്ദ്ര ചോളൻ മൂന്നാമനു ശേഷം പാണ്ഡ്യന്മാർ ഇവിടം അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. പാണ്ഡ്യരുടെ തലസ്ഥാനം മധുരയായിരുന്നതുകൊണ്ട്‌ അവരുടെ കാലത്തു തഞ്ചാവൂരിനു വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നില്ല. പിന്നീട്‌ 1553-ൽ വിജയനഗര രാജ്യം തഞ്ചാവൂരിൽ ഒരു നായിക്കരാജാവിനെ അവരോധിച്ചു. അതിനു ശേഷം നായിക്കന്മാരുടെ കാല‍ഘട്ടം ആരംഭിക്കുകയായി. 17-‍ം നൂറ്റാണ്ടു വരെ നീണ്ട ഇതിനു വിരാമമിട്ടത്‌ മധുരൈ നായിക്കന്മാരാണു. പിന്നീട്‌ മറാത്തക്കാരും ഈ പട്ടണവും പരിസരവും കൈവശപ്പെടുത്തി.

1674-ൽ ശിവജി യുടെ അർദ്ധ സഹോദര൯ വെങ്കട്ജി യാണു മധുരൈ നായ്കന്മാരിൽ നിന്നും ഇതു പിടിച്ചെടുത്തതു. അദ്ദേഹത്തിന്റെ പിൻഗാമികൾ രാജാക്കന്മാരെപ്പോലെയാണു ഇവിടം ഭരിച്ചിരുന്നത്.

1749-ൽ ബ്രിട്ടീഷുകാർ‍ തഞ്ചാവൂർ നായക്കന്മാരുടെ പിന്മുറക്കാരെ തിരികെ അവരോധിക്കാനായി ശ്രമിച്ചെങ്കിലും പരജയപ്പെടുകയാണുണ്ടായത്. മറാത്താരാജാക്കന്മാർ 1799 വരെ ഇവിടം വാണിരുന്നു. 1798-ൽ ക്രിസ്റ്റിയൻ ഫ്രഡറിക്‌ ഷ്വാർസ്‌ ഇവിടെ പ്രൊട്ടസ്റ്റന്റ്‌ മിഷൻ സ്ഥാപിച്ചു. പിന്നീടു വന്ന രാജാ സർഫോജിരണ്ടാമ൯‍, അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഒരു ചെറിയ ഭാഗം ഒഴിച്ചു നഗരത്തിന്റെ മറ്റു ഭാഗങ്ങൾ ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കു വിട്ടു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകനായ ശിവാജി അനന്തരാവകാശി ഇല്ലാതെ 1855-ൽ മരിച്ചു. അതിനു ശേഷം അവരുടെ സ്വത്തു‍ക്കൾ അന്യാധീനപ്പെട്ടു.

സംസ്കാരം

[തിരുത്തുക]
ബൃഹദേശ്വര ക്ഷേത്രം

തഞ്ചാവൂർ ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. കർണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂർ‍ നൽകിയിട്ടുള്ള സംഭാവനകൾ അതിരറ്റതാണു. തഞ്ചാവൂരിനെ ഒരിക്കൽ കർണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജർ (1800-1835, മുത്തുസ്വാമി ദീക്ഷിതർ( 1776-1835) ശ്യാമ ശാസ്ത്രികൾ എന്നിവർ‍ ഇവിടെയാണു ജീവിച്ചിരുന്നത്.

ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂർ ചിത്രങ്ങൾ എന്ന പേരിലാണു ലോകമെമ്പാടും അറിയപ്പെടുന്നതു. തവിൽ എന്ന തുടികൊട്ടുന്ന വാദ്യോപകരണവും വീണയും തഞ്ചാവൂരിന്റെ സംഭാവനയാണ്. മറ്റൊരു സവിശേഷമായ സംഗതി ഇവിടെ ഉണ്ടാക്കുന്ന തഞ്ചാവൂർ പാവകളാണ്.

തമിഴ് സർവകലാശാല

വിദ്യാഭ്യാസം

[തിരുത്തുക]

തഞ്ചാവൂർ അതിന്റെ സാംസ്കാരികപാരമ്പര്യത്തിന് പണ്ടേ പേരു കേട്ടതാണ്. 16-‍ം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട സരസ്വതി മഹൽ ഗ്രന്ഥശാല ഇപ്പൊഴും ഇവിടെയുണ്ട്‌. ഇവിടെ 30,000 ത്തോളം കൈയ്യെഴുത്തു പ്രതികൾ സൂക്ഷിച്ചിട്ടുണ്ട്‌. ഇന്നിതു മുഴുവനായും ഡിജിറ്റൈസ്ചെയ്യപ്പെട്ടു കഴിഞ്ഞു. പതിനെട്ടാം നൂറ്റണ്ടിൽ സ്ഥാപിക്കപ്പെട്ട സെ: പീറ്റേഴ്‌സ്‌ സ്കൂൾ ഒരു പേരുകേട്ട വിദ്യാലയമാണ്. ഇന്ന് തഞ്ചാവൂരിൽ രണ്ടു സർവ്വകലാശാലകൾ ഉണ്ട്. തമിഴ്‌ സർവ്വകലാശാലയും ശാസ്ത്ര കൽപിത സർവ്വകലാശാലയും. ഇതിനു പുറമെ പേരുകേട്ട മെഡിക്കൽ കോളേജുൾപ്പടെ നിരവധി കോളേജുകളും ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. നെൽകൃഷി, മണ്ണു ജല ഗവേഷണ കേന്ദ്രങ്ങൾ ഇവയിൽ ചിലതാണ്.

പ്രധാന വാണിജ്യങ്ങൾ

[തിരുത്തുക]
ഡോ. രാമനാഥന് സ്മാരക പന്തൽ കാണാം

തഞ്ചാവൂരുകാർ മുഖ്യമായും കൃഷിക്കാരാണ്. കൂടാതെ ഇവിടുത്തെ വസ്ത്രനിർമ്മാണരംഗവും പേരു കേട്ടതാണ്. മുന്നിൽ കുടുക്കുകളുള്ള കുപ്പായം വെള്ളക്കാർ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിനു മുൻപെ തന്നെ ഇവിടങ്ങളിൽ ഉപയോഗത്തിൽ നിന്നിരുന്നു. നനുത്ത പരുത്തിവസ്ത്രങ്ങളാണിവിടെ കൂടുതലായും ഉണ്ടാക്കിയിരുന്നത്. തഞ്ചാവർ ചിത്രങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയും ഇവിടത്തെ പ്രത്യേകതകളാണ്. ഇവിടെ 50 വർഷം പഴക്കമുള്ള ഒരു മെഡിക്കൽ കോളേജുള്ളതു കൊണ്ടു നഗരത്തിൽ ധാരാളം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724
  2. air india one

ചിത്രശാല

[തിരുത്തുക]

കൂടുതൽ അറിയാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തഞ്ചാവൂർ&oldid=3633520" എന്ന താളിൽനിന്ന് ശേഖരിച്ചത്