ശ്യാം ബെനഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്യാം ബെനഗൽ
Shyam Benegal.jpg
തൊഴിൽ ചലച്ചിത്രസം‌വിധായകൻ, തിരക്കഥാകൃത്ത്.
പുരസ്കാര(ങ്ങൾ) 1976 Padma Shri
1991 Padma Bhushan
2005 Dadasaheb Phalke Award

ഭാരതത്തിലെ ഒരു തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമാണ്‌ ശ്യാം ബെനഗൽ (ജനനം:1934[1] ഡിസംബർ 14,ആന്ധ്രാപ്രദേശ്). ബെനഗലിന്റെ ആദ്യ നാല്‌ ഫീച്ചർ ചിത്രങ്ങളായ "അങ്കൂർ"(1973),"നിഷാന്ത്"(1976),"ഭൂമിക" (1977) എന്നിവയിലൂടെ അദ്ദേഹം സ്വന്തമായ ഒരു ചലച്ചിത്രരീതി സൃഷ്ടിക്കുകയായിരുന്നു. ഇന്ന് ഈ രുപത്തെ(genre) "മധ്യ ചലച്ചിത്രം" (Middle cinema) എന്നാണ്‌ ഇന്ത്യയിൽ അറിയപ്പെടുന്നത്[2]. 1976 ൽ പത്മശ്രീ പുരസ്കാരവും,1991 ൽ പത്മഭൂഷൺ പുരസ്കാരവും ഭാരത സർക്കർ അദ്ദേഹത്തിന്‌ നൽകുകയുണ്ടായി. 2007 ഓഗസ്റ്റ് 8 ന്‌ ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്കാരമായ ദാദാസാഹിബ് ഫാൽകെ അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചലച്ചിത്രത്തിനുള്ള പുരസ്കാരം ഏഴുപ്രാവശ്യം നേടിയിട്ടുണ്ട് ശ്യാം ബെനഗൽ.

ജീവിത രേഖ[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

1934 ഡിസംബർ 14 ന്‌ സെക്കന്തരബാദിലെ ത്രിമൂൽഗരിയിലാണ്‌ ശ്യാം ബെനഗലിന്റെ ജനനം. ഒരു ചായാഗ്രാഹകനായിരുന്ന അച്ഛൻ ശ്രീധർ ബി. ബെനഗൽ നൽകിയ ക്യാമറ ഉപയോഗിച്ച് ശ്യാം ബെനഗൽ ആദ്യ ചിത്രമൊരുക്കുന്നത് തന്റെ പന്ത്രണ്ടാം വയസ്സിലാണ്‌. ഉസ്മാനിയ സർ‌വ്വകലാശാലക്ക് കീഴിലെ നൈസാം കലാലയത്തിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്ത ശ്യാം ബെനഗൽ അവിടെ‍ ഹൈദരാബാദ് ഫിലിം സൊസൈറ്റി എന്ന പേരിൽ ചലച്ചിത്ര കൂട്ടായ്മയും സ്ഥാപിച്ചു.

കുടുംബം[തിരുത്തുക]

പ്രഗല്ഭ നടനും ചലച്ചിത്രസം‌വിധായകനുമായ ഗുരു ദത്തിന്റെ ബന്ധുവാണ്‌ ശ്യാം ബെനഗൽ. ശ്യാം ബെനഗലിന്റെ അച്ഛന്റെ അമ്മയും ഗുരു ദത്തിന്റെ അമ്മയുടെ അമ്മയും തമ്മിൽ സഹോദരികളാണ്‌[3].

തുടക്കം[തിരുത്തുക]

1959 ൽ ബോംബെ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസിയായ ലിന്റാസ് അഡവെർടൈസിംഗ് എന്ന സ്ഥാപനത്തിൽ കോപ്പിറൈറ്റർ ആയിട്ടാണ്‌ ബെനഗലിന്റെ ജോലിയുടെ തുടക്കം. ക്രമേണ അദ്ദേഹം ഈ സ്ഥാപനത്തിന്റെ ക്രിയേറ്റീവ് തലവനായി ഉയർന്നു.ഗുജറാത്തിയിലുള്ള ബെനഗലിന്റെ ആദ്യ ഡോക്യുമെന്ററി ചിത്രം "ഗർ ബെത ഗംഗ" 1962 ൽ നിർമ്മിച്ചു. അദ്ദേഹത്തിന്റെ ഫീച്ചർ ചിത്രമിറങ്ങാൻ പിന്നെയും ഒരു ദശാബ്ദമെടുത്തു[4]. 1963 ൽ കുറച്ചു കാലം മറ്റൊരു പരസ്യകമ്പനിയുമായി ജോലിചെയ്തു[5]. ഈ കലയളവിൽ ഡൊക്യുമെന്ററികളും പരസ്യ ചിത്രങ്ങളുമടക്കം 900 ചിത്രങ്ങൾ ചെയ്തു. 1966 മുതൽ 1973 വരെയുള്ള കാലത്താണ്‌ ബെനഗൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായി സേവനം ചെയ്യുന്നത്.പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി രണ്ട് പ്രാവശ്യം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.ആയിടക്ക് അദ്ദേഹം ഡോക്യുമെന്ററി ചലച്ചിത്രങ്ങൾ നിർമ്മിക്കാനും തുടങ്ങി. ആദ്യാകലത്തിലെ ബെനഗലിന്റെ ഒരു ഡൊക്യുമെന്ററിയായ " എ ചൈൽഡ് ഓഫ് ദ സ്ട്രീറ്റ്" (1967) നിരൂപക പ്രശംസനേടിയ ഒന്നായിരുന്നു[6]. എഴുപതിലധികം ഡോക്യുമെന്ററികളും ചെറുചിത്രങ്ങളും അദ്ദേഹം ചെയ്തു[7]. വൈകാതെ "ഹോമി ബാബ ഫെലോഷിപ്പ്" അദ്ദേഹത്തെ തേടിയെത്തി[8]. ഇത് ന്യുയോർക്കിലുള്ള ചിൽഡ്രൻ ടെലിവിഷൻ വർക്ക്ഷോപ്പിനായി ജോലിചെയ്യാൻ അദ്ദേഹത്തിന്‌ അവസരം നൽകി.

ഫീച്ചർ ചിത്രങ്ങൾ[തിരുത്തുക]

ബോംബെയിലേക്ക് തിരിച്ചുവന്ന ബെനഗൽ "അങ്കൂർ"(1973) എന്ന ചിത്രം നിർമ്മിച്ചു. തന്റെ സംസഥാനമായ ആന്ധ്രപ്രദേശിൽ നടക്കുന്ന സാമ്പത്തിക-ലൈംഗിക ചൂഷണത്തിന്റെ കഥയായിരുന്നു അത്. ഈ ചിത്രം ബെനഗലിനെ പ്രശസ്തിയിലേക്ക് ഉയർത്തി.ശബാന ആസ്മി,അനന്ത് നാഗ് എന്നിവരെ ചലച്ചിത്രത്തിന്‌ പരിചയപ്പെടുത്തിയതും ഇതിലൂടെയാണ്‌.1975 ൽ ഏറ്റവും നല്ല രണ്ടാമത്തെ ഫീച്ചർ ഫിലിമിനുള്ള ചലച്ചിത്രപുരസ്കാരം ശ്യാം ബെനഗലിനും ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം ഷബാന ആസ്മിക്കും ഈ ചിത്രം നേടിക്കൊടുത്തു. "പുത്തൻ ഭാരതീയ ചലച്ചിത്രം" (New India Cinema) എഴുപതുകളിലും എൺപതുകളിലും നേടിയ വിജയത്തിന് കടപ്പെട്ടിരിക്കുന്നത് പ്രധാനമായും ശ്യാം ബെനഗലിന്റെ നാലു ചിത്രങ്ങളോടാണ്‌. "അങ്കൂർ"(1973),"നിഷാന്ത്"(1975),"മന്തൻ"(1976), "ഭൂമിക" (1977) എന്നിവയായിരുന്നു അവ. വൈവിധ്യമാർന്ന നടീനടന്മാരെ ബെനഗൽ തന്റെ ചിത്രങ്ങളിൽ അവതരിപ്പിച്ചു.ശബാന ആസ്മി,നസറുദ്ധീൻ ഷാ,ഓം പുരി,അമിരിഷ് പുരി തുടങ്ങിയവർ അവയിൽ ഉൾപ്പെടുന്നു.

ബെനഗലിന്റെ അടുത്ത ചിത്രം "നിഷാന്ത്" -രാവിന്റെ അന്ത്യം- (1975), ഒരു അദ്ധ്യാപകന്റെ ഭാര്യയെ തട്ടികൊണ്ടുപോയി ഒരു കൂട്ടം ഭൂവുടമകൾ (സമീന്ദാർമാർ) ബലാൽസംഗത്തിന്‌ വിധേയമാക്കുന്നതും സഹായത്തിനായുള്ള അവരുടെ ഭർത്താവിന്റെ അഭ്യർഥന അധികാരികൾ ചെവികൊടുക്കാത്തതുമായ അവസ്ഥ ചിത്രീകരിക്കുന്ന കഥയാണ്‌. 1976 ലെ "മന്തൻ" ഗ്രാമോദ്ധാരണവും ഗുജറാത്തിലെ ക്ഷീരവ്യവസായത്തിന്റെ ശൈശവദശയുടെ പരാധീനതകളുമാണ്‌ പറയുന്നത്. അഞ്ചുലക്ഷത്തിലധികം വരുന്ന ഗുജറാത്ത് ഗ്രാമീണർ രണ്ട് രൂപ വീതം ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി നൽകി. അങ്ങനെ അവർ ഈ ചിത്രത്തിന്റെ നിർമ്മാതാക്കളുമായി. 'തങ്ങളുടെ' ഈ ചിത്രം കാണാൻ അവിടുത്തെ ഗ്രാമീണർ ട്രക്കുകളിൽ കുട്ടം കൂട്ടമായി തീയേറ്ററിലെത്തി ചിത്രത്തിന്റെ വാണിജ്യ വിജയത്തെ സഹായിച്ചു[9]. ഈ മൂന്ന് ചിത്രങ്ങൾക്ക് ശേഷം ബെനഗൽ സം‌വിധാനം ചെയ്തത് ഒരു ജീവചരിത്ര ചലച്ചിത്രമായ(biopic) "ഭൂമിക" യാണ്‌. ഇതിലെ പ്രധാന കഥാപാത്രം സ്വത്വം തേടുകയും ആത്മസാക്ഷാത്കാരം അഗ്രഹിക്കുകയും ചെയ്യുന്ന ഒന്നാണ്‌ . അതോടൊപ്പം പുരുഷന്മാരുടെ ചൂഷണത്തിനെതിരെ മല്ലിടുന്ന സ്ത്രീയും. നാല്പതുകളിലെ മറാത്തി നാടക-ചലച്ചിത്രനടിയായിരുന്ന ഹൻസ വഡ്കറിന്റ് ജീവിതത്തെ ഉപജീവിച്ചുകൊണ്ടുള്ളതായരുന്നു ഇതിന്റെ കഥ[10].

എഴുപതുകളുടെ ആദ്യത്തിൽ 21 ചലച്ചിത്ര മൊഡ്യൂളുകൾ "സാറ്റലൈറ്റ് ഇൻസ്‌ട്രക്ഷനൽ ടെലിവിഷൻ എക്സ്പിരിമെന്റിനു"(SITE) വേണ്ടി ബെനഗൽ നിർമ്മിച്ചിരുന്നു.യൂനിസെഫായിരുന്നു ഇതിന്റെ പ്രായോജകർ. ഈ ചിത്രത്തിന്റെ നിർമ്മാണം SITE ലെ കുട്ടികളുമായും നിരവധി നാടൻ കലാകാരന്മാരുമായും ഇടപഴുകാൻ അദ്ദേഹത്തിന്‌ അവസരം നൽകി. തന്റെ ഫീച്ചർ ചലച്ചിത്രമായ "ചന്ദ്രദാസ് ചോർ” എന്ന ചിത്രത്തിൽ നാടോടിക്കഥകൾ അവതരിപ്പിക്കുന്നതിനായി ഈ കുട്ടികളെ ബെനഗൽ ഉപയോഗപ്പെടുത്തി. "ചിൽഡ്രൻ ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യക്കു" വേണ്ടിയാണ്‌ ഈ ചിത്രം നിർമ്മിച്ചത്[11].

1980 കളിലെ ചിത്രം[തിരുത്തുക]

മറ്റു നിരവധി പുത്തൻ ഭാരതീയ ചലച്ചിത്രപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി ബെനഗലിന്റെ ചിത്രങ്ങൾക്ക് സ്വകാര്യ-സ്ഥാപന പ്രായോജകർ ഉണ്ടായി."മന്തൻ" (നാഷണൽ ഡയറി ഡെവലപ്മെന്റൽ ബോർഡ്), "സുസ്മാൻ (ഹാൻഡ്‌ലൂം കോപറേറ്റീവ്),"യാത്ര" (ഇന്ത്യൻ റയിൽ‌വേ) എന്നീ ചിത്രങ്ങൾ ഇങ്ങനെ നിർമ്മാണ സഹായം കിട്ടിയവയാണ്‌[12]. ചിത്രത്തിനാവശ്യമായ പണം കിട്ടാത്തതിനാൽ എൺപതുകളിൽ ഈ രംഗവിട്ട ചലച്ചിത്രപ്രവർത്തകർക്കിടയിൽ ബെനഗലിന്റെ ഈ നേട്ടം അദ്ദേഹത്തെ ചലച്ചിത്ര രംഗത്ത് പിടിച്ചു നിർത്തി.പിന്നീടുള്ള രണ്ട് ദശാബ്മമുടനീളം ബെനഗൽ ചലച്ചിത്രനിർമ്മാണം സജീവമായി നിലനിർത്തി. 1980 മുതൽ 1986 വരെ അദ്ദേഹം ദേശീയ ചലച്ചിത്രവികസന കോർപറേഷന്റെ ഡയറക്ടറായും സേവനം ചെയ്തു[8].

മുകളിൽ പറഞ്ഞ അദ്ദേഹത്തിന്റെ നാലു ചിത്രങ്ങളുടെ വിജയത്തോടെ ചലച്ചിത്രതാരം ശശി കപൂർ അദ്ദേഹത്തിന്‌ എല്ലാവിധ പിന്തുണയും നൽകി. ശശി കപൂറിനെ വെച്ച് ബെനഗൽ എടുത്ത ചിത്രമായിരുന്നു "ജുനൂൻ" (1978)."കലിയുഗ്"(1981) എന്നിവ. 1857 ശിപായി ലഹളയുടെ പശ്ചാതലത്തിൽ നടക്കുന്ന വിവിധ ജാതിയിൽ പെട്ടവരുടെ പ്രണയത്തിന്റെ കഥ പറയുന്നു ജുനൂൻ. മഹാഭാരതത്തെ അടിസ്ഥാനമാക്കി എടുത്തതാണ്‌ "കലിയുഗ്". ഈ രണ്ട് ചിത്രവും വേണ്ടത്ര വാണിജ്യവിജയം നേടിയില്ലങ്കിലും ഫിലിം ഫെയറിന്റെ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്കാരം നേടുകയുണ്ടായി. ബെനഗലിന്റെ അടുത്ത ചിത്രം മന്തി(1983), രാഷ്ട്രീയവും വേശ്യാവൃത്തിയും വിഷയമാവുന്ന ഒരു ആക്ഷേപ ഹാസ്യ ചിത്രമായിരുന്നു.ഷബാന ആസ്മി,സ്മിത പാട്ടീൽ എന്നിവരണ്‌ ഇതിലെ മുഖ്യ വേഷങ്ങൾ ചെയ്തത്. അതിന്‌ ശേഷം ചെയ്ത് ചിത്രം "ത്രികാൽ" (1985) ആയിരുന്നു. ഇത് മനുഷ്യബന്ധങ്ങളെ അന്വേഷണ വിധേയമാക്കുന്നു.

എൺപതുകളിലുണ്ടായ പുത്തൻ സിനിമയുടെ കൂപ്പുകുത്തലിൽ അദ്ദേഹത്തിനും വേണ്ടത്ര ചിത്രങ്ങൾ ഇറക്കാൻ കഴിഞ്ഞില്ല. ആ ഇടക്കാണ്‌ അദ്ദേഹം ടെലിവിഷൻ രംഗത്തേക്ക് തിരിയുന്നത്."യാത്ര" (1986) ഇങ്ങനെ ചെയ്ത ഒരു സീരിയലായിരുന്നു. ഇന്ത്യൻ റയിൽവെക്കുവേണ്ടിയാണ്‌ ആ ടെലിവിഷൻ പരമ്പര ചെയ്തത്. 53 ഭാഗങ്ങളായി(episode) പ്രക്ഷേപണം ചെയ്ത "ഭാരത് ഏക് ഖോജ്"(1988) എന്ന സീരിയൽ നെഹ്റുവിന്റെ "ഇന്ത്യയെ കണ്ടെത്തൽ" എന്ന ഗ്രന്ഥത്തെ അടിസ്ഥാനപെടുത്തി ചെയ്തതാണ്‌[12].ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായിരുന്നു അത്. പരമ്പരാഗത കഥപറയൽ രീതിയിൽ നിന്ന് വ്യത്യസ്തമായി ജീവചരിത്രാംശമുള്ള കഥയിലേക്കും ബെനഗൽ തിരിഞ്ഞു. തന്റെ ആവിഷ്കാര സ്വാതന്ത്ര്യം കൂടുതൽ ആസ്വദിക്കുന്നതിനായാണ്‌ അദ്ദേഹം ഈ ഇനം ചിത്രങ്ങളിലേക്ക് തിരിഞത്. സത്യജിത് റേയുടെ ജീവിതത്തെ ആധാരമാക്കി "സത്യജിത് റായ്: ദ ഫിലിം മേക്കർ" എന്ന തലക്കെട്ടിൽ 1985 ൽ ഒരു ചിത്രം ചെയ്തു.

1990 കളിലും അതിനു ശേഷവും[തിരുത്തുക]

1990 കളിൽ കണ്ടത് ഇന്ത്യൻ മുസ്‌ലിംകളെ കുറിച്ച് ബെനഗൽ മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുന്നതാണ്‌."മമ്മോ (1995),"സർദാരി ബീഗം"(1996),"സുബൈദ" (2001). "സുബൈദ" എന്ന ചിത്രത്തിലൂടെ ശ്യാം ബെനഗൽ ബോളിവുഡ് മുഖ്യധാരയിലേക്കും ആദ്യമായി പ്രവേശിച്ചു. പ്രമുഖ ബോളിവുഡ് നടി കരിഷ്മ കപൂർ ഇതിൽ വേഷമിട്ടു. എ.ആർ. റഹ്മാനായിരുന്നു സംഗീതം. 1992 ൽ "സൂരജ് ക സത്‌വൻ ഗോദ" എന്ന ചിത്രവും ചെയ്തു. ധർമ്മ വീർ ഭാരതിയുടെ നോവലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇതിന്റെ കഥ.1993 ൽ ഈ ചിത്രത്തിന്‌ ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരവും കിട്ടി. 1996 ൽ ഫാത്തിമ്മ മീറിന്റെ "ദ അപ്രന്റിസ്‌ഷിപ്പ് ഓഫ് എ മഹാത്മ" എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി " ദ മെയ്ക്കിംഗ് ഓഫ് മഹാത്മ" എന്ന ചിത്രം ചെയ്തു. 2005 ൽ "നേതാജി സുബാഷ് ചന്ദ്രബോസ്: ദ ഫൊർഗൊട്ടൻ ഹീറൊ" എന്ന ചിത്രം ഇംഗ്ലീഷിൽ ചെയ്തു. 1999 ൽ ചെയ്ത "സമർ" എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ ജാതിവ്യവസ്ഥയെ ബെനഗൽ വിമർശനവിധേയമാക്കി. ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രം നേടുകയുണ്ടായി. 2010-ൽ വെൽഡൺ അബ്ബ[1] എന്ന ചിത്രത്തിന് ഏറ്റവും നല്ല സാമൂഹികചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു.

"സഹ്യാദ്രി ഫിലിംസ്" എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ സ്ഥാപനം ബെനഗലിന്റെ ഉടമസ്ഥതിലുണ്ട്.

അദ്ദേഹത്തിന്റെ ചിത്രങ്ങളെ ആസ്പദമാക്കി തന്നെ മൂന്ന് ഗ്രന്ഥങ്ങളും ബെനഗൽ എഴുതി. "ദ ചർണിംഗ്" (1984) വിജയ് ടെൻഡുൽക്കറുമായി ചേർന്ന് എഴുതിയത്. "മന്തൻ" എന്ന ചിത്രത്തെ അടിസ്ഥാനപ്പെടുത്തയായിരുന്നു ഈ ഗ്രന്ഥം.1988 ലെ "സത്യജിത് റായ്" എന്ന പുസ്തകം "സത്യജിത് റായ്:ഫിലിം‌മെയ്ക്കർ" എന്ന് ചിത്രത്തെ ഉപജീവിച്ചാണ്‌ ച്യ്തത്."മന്തി" എന്ന ചിത്രത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ ഗ്രന്ഥമാണ്‌ " ദ മാർകറ്റ് പ്ലൈസ്" (1989)

പുതിയ ചിത്രങ്ങൾ[തിരുത്തുക]

ബെനഗലിന്റെ ഏറ്റവും പുതിയ ചിത്രം "വെൽക്കം ടു സജ്ജൻപൂർ" എന്ന തലക്കെട്ടിലുള്ളതാണ്‌. ശ്രേയ താല്പഡെയും അമൃത റാവും ഇതിൽ അഭിനയിക്കുന്നു[13]. ഷന്തനു മോയിത്രയാണ്‌ ഈ ചിത്രത്തിന്റെ സംഗീതം[14] ജോർജ് ബീസറ്റ്സിന്റെ "കാർമൻ" എന്ന ഓപറയിൽ പ്രചോദിതനായി "ചംകി ചമേലി" എന്ന ഒരു ഇതിഹാസ ചിത്രം ഇറക്കാനുള്ള പരിപാടിയുണ്ട് ബെനഗലിന്‌ [15][16]. നൂർ ഇനായത് ഖാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റൊരു ചിത്രം ബനഗലിന്റെ ഭാവി പരിപാടിയിലുണ്ട്[17].

വ്യക്തി ജീവിതം[തിരുത്തുക]

നീരാ ബെനഗലാണ്‌ ശ്യാം ബെനഗലിന്റെ ഭാര്യ. അവരും ബോംബെയിലെ ഒരു ചലച്ചിത്രസ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

ശ്യാം ബെനഗൽ നേടിയ പുർസ്കാരങ്ങളുടെ വിവരങ്ങൾ താഴെ:

ദേശീയപുരസ്കാരങ്ങൾ[തിരുത്തുക]

 • 1975 രണ്ടാമത്തെ ഏറ്റവും നല്ല ഫിച്ചർ ചിത്രം "അങ്കൂർ" എന്ന ചിത്രത്തിന്‌.
 • 1976 "നിഷാന്ത്" എന്ന ചിത്രത്തിന്‌ ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചിത്രം പുരസ്കാരം
 • 1977 "മന്തൻ" എന്ന ചിത്രത്തിന്‌ ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചിത്രം പുരസ്കാരം
 • 1978 "ഭൂമിക" ഏറ്റവും നല്ല തിരക്കഥക്കുള്ള പുരസ്കാരം
 • 1979 "ജനൂൻ" എന്ന ചിത്രത്തിന്‌ ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചിത്രം പുരസ്കാരം
 • 1982 "ആരോഹൺ" എന്ന ചിത്രത്തിന്‌ ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചിത്രം പുരസ്കാരം
 • 1984 ഏറ്റവും നല്ല ചരിത്ര പുനഃനിർമ്മാണ ചിത്രം "നെഹറു" വിന്‌
 • 1985 ഏറ്റവും നല്ല ജീവചരിത്ര ചിത്രത്തിനുള്ള പുരസ്കാരം "സത്യജിത് റായ്: ദ ഫിലിം മേക്കർ"
 • 1986 ഏറ്റവും നല്ല സം‌വിധായകൻ "ത്രികാൽ" എന്ന ചിത്രത്തിലൂടെ
 • 1993 "സൂരജ് കാ സത്‌വൻ ഗോഡ്" എന്ന ചിത്രത്തിന്‌ ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചിത്രം പുരസ്കാരം
 • 1995 "മമ്മോ" എന്ന ചിത്രത്തിന്‌ ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചിത്രം പുരസ്കാരം
 • 1996 "ദ മെയ്ക്കിംഗ് ഓഫ് മഹാത്മ" എന്ന ചിത്രത്തിന്‌ ഇംഗ്ലീഷിലെ ഏറ്റവും നല്ല ഫീച്ചർ ചിത്രം പുരസ്കാരം
 • 1997 "സർദാരി ബീഗം" എന്ന ചിത്രത്തിന്‌ ഉറുദുവിലെ ഏറ്റവും നല്ല ഫീച്ചർ ചിത്ര പുരസ്കാരം
 • 1999 "സമർ" എന്ന ചിത്രത്തിന്‌ ഏറ്റവും നല്ല ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം
 • 1999 "ഹാരി-ബരി എന്ന ചിത്രത്തിന്‌ ഏറ്റവും നല്ല കുടുംബക്ഷേമ ഫീച്ചർ ചിത്ര പുരസ്കാരം
 • 2001 "സുബൈദ" എന്ന ചിത്രത്തിന്‌ ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചിത്ര പുരസ്കാരം
 • 2005 "ദ ഫൊർഗൊട്ടൻ ഹീറോ" എന്ന സുബാഷ് ചന്ദ്രബോസിനെകുറിച്ചുള്ള ചിത്രത്തിന്‌ ഏറ്റവും നല്ല ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ഫോർ ബെസ്റ്റ് ഫീച്ചർ ഫിലിം.

ഫിലിംഫെയർ പുരസ്കാരം[തിരുത്തുക]

 • 1980 ൽ ഏറ്റവും നല്ല സം‌വിധായകൻ "ജുനൂൻ" എന്ന ചിത്രത്തിലൂടെ

മോസ്കൊ അന്തർദേശീയ ചലച്ചിത്ര ഫെസ്റ്റിവൽ[തിരുത്തുക]

 • 1981 ൽ ഗോൾഡൻ പ്രൈസ് "കലിയുഗ്" എന്ന ചിത്രത്തിന്‌

അംഗീകാരങ്ങൾ[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്യാം_ബെനഗൽ&oldid=2429586" എന്ന താളിൽനിന്നു ശേഖരിച്ചത്