ശബാന ആസ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശബാന ആസ്മി
Shabana Azmi, Davos.jpg
ശബാന ആസ്മി സ്വറ്റ്സർലാന്റിൽ
ജനനം (1950-09-18) സെപ്റ്റംബർ 18, 1950  (72 വയസ്സ്)
സജീവ കാലം1974 - തുടരുന്നു
ജീവിതപങ്കാളി(കൾ)ജാവേദ് അക്തർ

ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് ശബാന ആസ്മി (ജനനം: സെപ്റ്റംബർ 18, 1950). സമാന്തരസിനിമാരംഗത്താണ് ഈ കലാകാരി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം അഞ്ച് തവണ ഇവരെ തേടിയെത്തുകയുണ്ടായി.

ജീവിതരേഖ[തിരുത്തുക]

പ്രമുഖ ഇന്ത്യൻ ഉറുദു കവിയായ കൈഫി ആസ്മിയുടെയും ഷൗക്കത്ത് ആസ്മിയുടെയും മകളായി ഹൈദരാബാദിലാണ് ശബാന ജനിച്ചത്.[1] അവരുടെ മാതാപിതാക്കൾ ഉറച്ച സാമൂഹികപ്രവർത്തകരായിരുന്നതിനാൽ ശബാനയ്ക്ക് ചെറുപ്പകാലം മുതൽക്കുതന്നെ സാമൂഹികപ്രവർത്തനത്തിൽ താല്പര്യം ജനിക്കുകയുണ്ടായി. ഇതിന് മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു.

മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് ശബാന അഭിനയത്തിലേക്ക് തിരിഞ്ഞത്. ഇതിന്റെ ഭാഗമായി പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അഭിനയം പഠിക്കാനായി ചേർന്നു. 1972-ലാണ് ഈ പഠനം പൂർത്തിയായത്. ചലച്ചിത്രപ്രവർത്തനത്തിന്റെ ആദ്യ കാലഘട്ടങ്ങളിലെ പ്രമുഖ സംവിധായകനായ ശേഖർ കപൂറുമായി ശബാനയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെയാണ് ഇവർ വിവാഹം കഴിച്ചത്. 1984 ഡിസംബർ 9-നായിരുന്നു വിവാഹം. ബോളിവുഡ് തിരക്കഥാകൃത്ത് ഹണി ഇറാനിയുടെ ഭർത്താവായിരുന്ന ജാവേദിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.

ചലച്ചിത്ര ജീവിതം[തിരുത്തുക]

ശ്യാം ബെനഗലിന്റെ ആങ്കുർ (1972) എന്ന ചിത്രമാണ് ശബാന ആസ്മിയുടെ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. ഇതിലെ അഭിനയത്തിന് ഇവർക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചു. എന്നാൽ ആദ്യചിത്രമാകട്ടെ ക്വാജ അഹ്മദ് അബ്ബാസിന്റെ ഫാൽസ ആയിരുന്നു. പിന്നീട് ആർത്, ഖാന്ധഹാർ, പാർ എന്നിവയിലെ അഭിനയത്തിന് 1983 മുതൽ 1985 വരെ തുടർച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. 1999-ൽ ഗോഡ്മദർ എന്ന സിനിമയിലെ അഭിനയത്തിനാണ് അവർക്ക് അവസാനമായി ദേശീയപുരസ്കാരം ലഭിച്ചത്.

ഇതുകൂടാതെ 1996-ൽ ദീപ മേത്തയുടെ ഫയർ എന്ന സിനിമയിലെ രാധ എന്ന ഏകാന്തിയായ കഥാപാത്രവും ലോകശ്രദ്ധയാകർഷിച്ചു. ഷിക്കാഗോ ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള സിൽവർ ഹുഗോ അവാർഡും ലോസ് ആഞ്ചലസിൽ നടന്ന ഔട്ട്ഫെസ്റ്റിലെ പ്രത്യേക ജൂറി പുരസ്കാരവും ഈ രാധയ്ക്കായിരുന്നു.

സാമൂഹ്യ പ്രവർത്തക[തിരുത്തുക]

എയ്ഡ്സിനെതിരായ ബോധവൽക്കരണപ്രവർത്തനങ്ങളിലൂടെയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെയുമാണ് ശബാന ആസ്മിയുടെ സാമൂഹ്യപ്രവർത്തകയുടെ മുഖം അനാവൃതമാകുന്നത്. വർഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒട്ടേറെ നാടകങ്ങളിലും പ്രകടനങ്ങളിലും അവർ സജീവമായി പങ്കെടുക്കുകയുണ്ടായി. 1989-ൽ സ്വാമി അഗ്നിവേശും അസ്ഗർ അലി എഞ്ചിനീയറുമൊത്ത് ഡൽഹിയിൽ നിന്നും മീററ്റിലേക്ക് നടത്തിയ മതസൗഹാർദ്ദ മാർച്ച് ഇത്തരത്തിലുള്ള ഒന്നായിരുന്നു. 1993-ൽ മുംബൈ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മതതീവ്രവാദത്തിനെതിരെ അവർ ശക്തമായി രംഗത്തിറങ്ങി.

എയ്‌ഡ്‌സിനെതിരെയുള്ള പോരാട്ടത്തിൽ ഇവർ തന്റെ തൊഴിൽ മേഖലയെത്തന്നെയാണ് ആയുധമാക്കിയിരിക്കുന്നത്. ഇന്ത്യാ ഗവണ്മെന്റ് എയ്‌ഡ്‌സിനെതിരെ പുറത്തിറക്കിയ ഹ്രസ്വ ചലച്ചിത്രത്തിലും ബംഗാളി സിനിമയായ മേഘ്ല ആകാശിലും ശബാന രംഗത്തെത്തുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ശബാന ആസ്മി



"https://ml.wikipedia.org/w/index.php?title=ശബാന_ആസ്മി&oldid=3657279" എന്ന താളിൽനിന്ന് ശേഖരിച്ചത്