Jump to content

അം‌രീഷ് പുരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അം‌രീഷ് പുരി
അം‌രീഷ് പുരി
ജനനം
അം‌രീഷ് ലാൽ പുരി

(1932-06-22)ജൂൺ 22, 1932
മരണംജനുവരി 12, 2005(2005-01-12) (പ്രായം 72)
സജീവ കാലം1970-2005
അറിയപ്പെടുന്നത്ഫിലിം‌ഫെയർ അവാർഡ് മികച്ച സഹനടൻ: മേരീ ജം‌ഗ് (1986)
ഫിലിം‌ഫെയർ അവാർഡ് മികച്ച സഹ നടൻ: ഘടക് (1997)
ഫിലിം‌ഫെയർ അവാർഡ് മികച്ച സഹ നടൻ: വിരാസത്ത് (1998)

ഇന്ത്യൻ സിനിമയിലെ ഒരു നടനായിരുന്നു അം‌രീഷ് ലാൽ പുരി (ഹിന്ദി: अमरीश पुरी, ഉർദു: اَمریش پُری, ജൂൺ 22, 1932ജനുവരി 12, 2005). ഹിന്ദിയിലായിരുന്നു ഇദ്ദേഹം പ്രധാനമാ‌യും അഭിനയിച്ചത്. ഹിന്ദിയിലെ മി. ഇന്ത്യ-1987 എന്ന സിനിമയിലെ മുകം‌ബോ എന്ന അദ്ദേഹത്തിന്റെ വേഷം അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്. ഹിന്ദി സിനിമയായ മിസ്റ്റർ ഇന്ത്യലെയും (1987), ഹോളിവുഡ് സിനിമയായ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) എന്ന ചിത്രത്തിലെയും കഥാപാത്രങ്ങൾ അംരീഷ്പുരിയുടെ അഭിനയ മികവ് തെളിയിച്ച കഥാപാത്രങ്ങളിൽ ചിലതാണ്.

ജീവിതരേഖ

[തിരുത്തുക]

പഞ്ചാബിലെ ജലന്ദറിനടുത്തുള്ള നവൻശേഹർ എന്ന ജില്ലയിൽ 1932ൽ ലാല നിഹാൽ ചന്ദിന്റെയും(അച്ഛൻ), വേദ് കോറിന്റെയും(അമ്മ) മകനായി ജനിച്ചു. അംരീഷ് പുരിക്ക് ചമൻ പുരി, ഓം പുരി(രണ്ടുപേരും നടന്മാരാണ്) എന്നീ രണ്ടു സഹോദരന്മാരും, ചന്ദ്രകാന്ത എന്ന ഒരു സഹോദരിയും ഉണ്ട്. 1957ലാണ് അംരീഷ് പുരി വിവാഹിതനാവുന്നത് വധു ഊർമിള ദിവേകർ. അംരീഷ് പുരിയുടെ മകന്റെ പേര് രാജീവ് പുരി എന്നും മകളുടെ പേര് നംമ്രത പുരി എന്നുമാണ്. അഭിനയത്തിനോട് താത്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റർ എന്ന നാടകശാലയിൽ സത്യദേവ് ദുബെ രചിച്ച നാടകങ്ങളിൽ അഭിനയിക്കുകയും തുടർന്ന അദ്ദേഹത്തിന് 1979ൽ ‍സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിക്കുകയും ചെയ്തു[1]. വില്ലനായും, സഹനടനായും വെള്ളിത്തിരയിൽ തിളങ്ങിയ അംരീഷ് പുരി 400ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, കന്നഡ, ഹോളിവുഡ്, പഞ്ചാബി, തമിഴ്, മലയാളം, തെലുഗു തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച അംരീഷ് പുരി 2005ൽ മുബൈയിൽ തന്റെ 72-ആം വയസ്സിൽ മരണമടഞ്ഞു.

ചലച്ചിത്രങ്ങളിൽ

[തിരുത്തുക]

ഹിന്ദിയിൽ

[തിരുത്തുക]

1970ൽ പുറത്തിറങ്ങിയ പ്രേം പൂജാരി എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ ഹിന്ദി സിനിമ. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. ദിൽ വാലെ ദുൽഹനിയ ലേജായേഗെ(1995), പർദേശ് (1997), ചോരി ചോരി ചുപ്കെ ചുപ്കെ (2001), തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി. കച്ചി സഡക് എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അംരീഷ് പുരിയുടെ മരണശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്.

ഹോളിവുഡിൽ

[തിരുത്തുക]

ഹോളിവുഡിൽ ഇദ്ദേഹം അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എങ്കിലും റിച്ചാഡ് അറ്റൻബരോസിന്റെ ഓസ്കാർ അവാർഡ് നേടിയ ചിത്രം ഗാന്ധി (1982‍), സ്റ്റീവൻ സ്പിൽബർഗിന്റെ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) തുടങ്ങിയ ചിത്രങ്ങളിൽ അംരീഷ് പുരി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയുണ്ടായി.

മലയാളത്തിൽ

[തിരുത്തുക]

മലയാളത്തിൽ ഒരു സിനിമയിൽ മാത്രമാണ് അംരീഷ് പുരി അഭിനയിച്ചത്. പ്രശസ്ത നടൻ മോഹൻ ലാൽ നായകനായി അഭിനയിച്ച കാലാപാനി എന്ന ചിത്രമായിരുന്നു അത്. പ്രണവം ആർട്ട്സിൻറെ ബാനറിൽ മോഹൻ ലാലും ഷോഗൺ ഫിലിംസിൻറെ ബാനറിൽ ആർ.മോഹനും ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രിയദർശനായിരുന്നു ഈ സിനിമയുടെ സം‌വിധായകൻ. അംരീഷ് പുരി അവതരിപ്പിച്ച 'മിർസ ഖാൻ' എന്ന കൊടുംവില്ലൻ വേഷം വളരെയേറെ പ്രശംസ നേടിയിരുന്നു.[2] പ്രിയദർശൻ ഹിന്ദിയിൽ സം‌വിധാനം നിരിവഹിച്ച ചില സിനിമകളിലും അംരീഷ് പുരി അഭിനയിച്ചിട്ടുണ്ട് വിരാസത്, ഹൽചൽ എന്നീ ചിത്രങ്ങൾ ഇതിൽ ചിലതാണ്.

പഞ്ചാബിയിൽ

[തിരുത്തുക]

പഞ്ചാബി സിനിമകളിൽ അദ്ദേഹം കൂടുതലും അഭിനയിച്ചത് വില്ലൻ വേഷങ്ങളിലാണ്. ചൻ പർദേശി, സത് ശ്രി അകൽ, ഷഹീദ് ഉധം സിംഗ് തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതാണ്.

തെലുഗുവിൽ

[തിരുത്തുക]

ജഗദേക വീരുദു അതിലോഗ സുന്ദരി, മേജർ ചന്ദ്രകാന്ത്, ആദിത്യ 369, കൊണ്ടവീടി ദോങ്ക, അശ്വമേധം, ആകരി പൊറാട്ടം തുടങ്ങിയ ചിത്രങ്ങൾ അംരീഷ് പുരിയുടെ തെലുഗു ചിത്രങ്ങളാണ്.

തമിഴിൽ

[തിരുത്തുക]

തമിഴിൽ അംരീഷ് പുരി രണ്ടു സിനിമകളിൽ അഭിനയിക്കുകയുണ്ടായി. മണിരത്നം സം‌വിധാനം ചെയ്ത് മമ്മൂട്ടിയും രജനീകാന്തും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ദളപതിയും, രജനീകാന്ത് നായകനായി അഭിനയിച്ച ബാബയുമായിരുന്നു അത്.

കന്നഡയിൽ

[തിരുത്തുക]

അംരീഷ് പുരിയുടെ ആദ്യ കാലങ്ങളിലാണ് അദ്ദേഹം കന്നഡയിൽ അഭിനയിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ അംരീഷ് പുരി നായകനായി അഭിനയിച്ച കന്നഡ സിനിമയാണ് കാടു.

2005 ൽ മും‌ബൈയിൽ വച്ച് തലച്ചോറിന്റെ അസുഖം മൂലം അദ്ദേഹം ചരമമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 72 വയസ്സായിരുന്നു. [3]

അവാർഡുകൾ

[തിരുത്തുക]
  • 1968, മഹാരാഷ്ടാ സംസഥാന നാടക അവാർഡ്
  • 1979, സം‌ഗീത നാടക അകാദമി അവാർഡ്
  • 1986, ഫിലിം‌ഫെയർ മികച്ച സഹ നടൻ
  • 1991, മഹാരാഷ്ട്രാ സം‌സ്ഥാന ഗൊഉരവ് പുരസ്കാർ
  • 1994, മികച്ച നടൻ - സിഡ്നി ഫിലിം ഉത്സവം
  • 1994, മികച്ച നടൻ - സിം‌ഗപ്പൂർ ഫിലിം ഉത്സവം
  • 1997, ഫിലിം‌ഫെയർ മികച്ച സഹ നടൻ
  • 1997, സ്റ്റാർ സ്ക്രീനിം‌ഗ് അവാർഡ് - മികച്ച സഹ നടൻ
  • 1998, ഫിലിം‌ഫെയർ മികച്ച സഹ നടൻ
  • 1998, സ്റ്റാർ സ്ക്രീനിം‌ഗ് അവാർഡ് - മികച്ച സഹ നടൻ

കൂടുതൽ വായനക്ക്

[തിരുത്തുക]
  • The Act of Life - An Autobiography by Amrish Puri with Jyoti Sabharwal.

അവലംബം

[തിരുത്തുക]

പുറമേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അം‌രീഷ്_പുരി&oldid=3822235" എന്ന താളിൽനിന്ന് ശേഖരിച്ചത്