Jump to content

മുദ്ര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംസിബി മലയിൽ
നിർമ്മാണംബി ശശികുമാർ
രചനഎ.കെ. ലോഹിതദാസ്
തിരക്കഥഎ.കെ. ലോഹിതദാസ്
സംഭാഷണംഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾമധു,
മമ്മുട്ടി,
സുകുമാരൻ,
പാർവ്വതി
സംഗീതംമോഹൻ സിതാര
പശ്ചാത്തലസംഗീതംജോൺസൺ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംസാലു ജോർജ്ജ്
സംഘട്ടനംഎ ആർ ബാഷ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ,
കെ. ശങ്കുണ്ണി
ബാനർമുദ്ര പ്രൊഡക്ഷൻസ്
വിതരണംമുദ്ര റിലീസ്
പരസ്യംഗായത്രി അശോക്‌
റിലീസിങ് തീയതി
  • 16 ഫെബ്രുവരി 1989 (1989-02-16)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

സിബി മലയിൽ സംവിധാനം ചെയ്ത് ബി ശശികുമാർ നിർമ്മിച്ച 1989 ലെ ഇന്ത്യൻ മലയാള ചിത്രമാണ് മുദ്ര . [1] മധു,മമ്മുട്ടി, സുകുമാരൻ, പാർവ്വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മോഹൻ സിതാര ആണ് .[2]ജോൺസൺ പശ്ചാത്തലസംഗീതമൊരുക്കി [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി [4]

കഥാംശം

[തിരുത്തുക]

അമ്മയുടെ ആദ്യ വിവാഹത്തിലുള്ള പെങ്ങൾ സരളയെ (പാർവ്വതി) മാനഭംഗപ്പെടുത്താൻ ശ്രമിച്ച അച്ഛനെ (കൊല്ലം തുളസി) വെട്ടി മാരകമായി പരിക്കേല്പിച്ച വിനയൻ (ബൈജു) കോടതി വിധി പ്രകാരം കറക്ഷൻ ഹോമിലെത്തുന്നു. അവിടെ സൂപ്പർവൈസർ സുഗുണൻ്റെ (സുകുമാരൻ) നേതൃത്വത്തിൽ ജീവനക്കാരുടെ ദുർഭരണമാണ്. കുട്ടികളെ ക്രിമിനലുകളായാണ് അവർ കാണുന്നതും പരിഗണിക്കുന്നതും.

കറക്ഷൻ ഹോമിലുള്ള ഓരോരുത്തർക്കും ഓരോ കഥകളുണ്ട്. വാര്യത്തെ കുട്ടിയുടെ മാല മോഷ്ടിച്ചെന കള്ളക്കേസിൽ കുടുങ്ങിയാണ് ഉണ്ണി (സുധീഷ്) അവിടെയെത്തുന്നത്. കൂട്ടത്തിലെ ഏറ്റവും ആക്രമണകാരിയായ ബാബുവിൻ്റെ (മഹേഷ്) അമ്മ, പുതിയ ഭർത്താവിനു വേണ്ടി അവനെ, കുഞ്ഞായിരിക്കുമ്പോൾ തന്നെ, ഉപേക്ഷിച്ചുപോയതാണ്. അമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് വിവരം കിട്ടിയ ജോസിൻ്റെ വിഷമം കാണുന്ന അബു അസ്വസ്ഥനാകുന്നു. അവിടെയെത്തുന്ന പെറ്റി ഓഫീസറുടെ കഴുത്തിൽ സെല്ലിൻ്റെ അഴികൾക്കിടയിലൂടെ കൈയിട്ട് അവൻ പിടിമുറുക്കുന്നു. പരിക്കേറ്റ പെറ്റി ഓഫീസർ മറ്റ് ഓഫീസറൻമാരുമായി ചേർന്ന് കുട്ടികളെ തല്ലിച്ചതയ്ക്കുന്നു. എന്നിട്ട്, കുട്ടികൾ തങ്ങളെ ആക്രമിച്ചു എന്നു കഥയുണ്ടാക്കുന്നു.

ബാബുവിനെ മാത്രം ഒരു സെല്ലിലാക്കാനും ഒരു നേരം മാത്രം ഭക്ഷണം നല്കാനും സുഗുണൻ നിർദ്ദേശിക്കുന്നു. ഒരു ദിവസം ബാബുവിന് രഹസ്യമായി ഭക്ഷണമെത്തിക്കുന്ന ജോസിനെ പെറ്റി ഓഫീസർ തല്ലുന്നു. തുടർന്ന് കുട്ടികൾ പെറ്റി ഓഫീസറൻമാരെ ആക്രമിക്കുന്നു. അതിനെത്തുടർന്ന് കുട്ടികളെ പുറത്തിറക്കാതെ സെല്ലുകളിൽ പൂട്ടിയിടുന്നു. അതിൻ്റെ അടുത്ത ദിവസമാണ് രാമഭദ്രൻ (മമ്മൂട്ടി) പുതിയ സൂപ്പർവൈസറായി ചാർജെടുക്കുന്നത്. കറക്ഷൻ ഹോമിൽ കുട്ടികൾക്കനുകൂലമായ ചില പരിഷ്കാരങ്ങൾ കൊണ്ടുവരാൻ രാമഭദ്രൻ തീരുമാനിക്കുന്നു. പരിഷ്കാരങ്ങൾക്ക് തൻ്റെ വളർത്തച്ഛനായ IG തോമസ് മാത്യുവിൻ്റെ (മധു) പിന്തുണയുണ്ടെന്ന് അയാൾ പറയുമ്പോൾ സൂപ്രണ്ട് (പറവൂർ ഭരതൻ) അതിനു സമ്മതിക്കുന്നു. എന്നാൽ സുഗുണനും മറ്റു ജീവനക്കാർക്കും പരിഷ്കാരങ്ങളോട് എതിർപ്പുണ്ട്.

പതിവുരീതികൾക്ക് വിരുദ്ധമായി കറക്ഷൻ ഹോമിൽ തന്നെ താമസിക്കാനും കുട്ടികൾ കഴിക്കുന്ന അതേ ഭക്ഷണം കഴിക്കാനും അയാൾ തയ്യാറാവുന്നു. കുട്ടികളുടെ സെല്ലുകൾ പൂട്ടുന്നതും നിറുത്തുന്നു. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവരോടൊപ്പം വോളിബോളും മറ്റും കളിക്കാനും തയ്യാറാവുന്നതോടെ പുതിയ സൂപ്പർവൈസറെ കുട്ടികൾക്ക് ഇഷ്ടമാകുന്നു. എന്നാൽ ബാബു മാത്രം അപ്പോഴും ഇടഞ്ഞുനിൽക്കുന്നു. സ്വാതന്ത്ര്യ ദിനപ്പരേഡിൽ പങ്കെടുക്കാൻ കുട്ടികളുമായിപ്പോകുന്ന രാമദദ്രനെ, 'ജയിൽപുള്ളികളെ' മറ്റ് കുട്ടികൾക്കൊപ്പം പരേഡിന് അനുവദിക്കില്ല എന്നു പറഞ്ഞ് സംഘാടകർ അപമാനിച്ചയയ്ക്കുന്നു. രാമഭദ്രൻ കറക്ഷൻ ഹോമിൽ ആഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നു. പഞ്ചഗുസ്തി മത്സരത്തിൽ എല്ലാവരെയും തോൽപിച്ച ബാബു രാമഭദ്രനോട് മത്സരിക്കാൻ ആവശ്യപ്പെടുന്നു. മത്സരത്തിൽ ബാബു തോൽക്കുന്നു. ആഹ്ലാദം പ്രകടിപ്പിക്കുന്ന ഉണ്ണിയെ ആക്രമിക്കാൻ ശ്രമിക്കുന്ന ബാബുവിനെ രാമഭദ്രൻ കരണത്തടിക്കുന്നു.

വിനയൻ്റെ അമ്മ മരിച്ച വാർത്ത അറിയിക്കാൻ സരളയുടെ കാമുകനായ ശശി (മുകേഷ്) വരുന്നു. രാമഭദ്രൻ തൻ്റെ ഉത്തരവാദിത്വത്തിൽ വിനയനെ അവൻ്റെ വീട്ടിൽ കൊണ്ടു പോകുന്നു. ഒറ്റയ്ക്കായ സരളയെ വിവാഹം കഴിക്കാർ ശശി തയ്യാറാണെങ്കിലും തൊഴിൽരഹിതനായ അയാൾ അല്ലാതെ തന്നെ കുടുംബപ്രാരബ്ധങ്ങളാൽ കഷ്ടത്തിലാണ്.ശശിക്ക് ജോലി കിട്ടണമെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് കൊടുക്കണമെന്ന് വിനയൻ മനസ്സിലാക്കുന്നു. തിരിച്ചെത്തിയ വിനയൻ ഇക്കാര്യം കൂട്ടുകാരോടു പറയുമ്പോൾ വഴിയുണ്ടാക്കാമെന്ന് അവർ പറയുന്നു.

ഒരു ദിവസം കഞ്ചാവ് ബീഡി വലിച്ചതിന് വിനയനെയും മറ്റും പൊതിരെ തല്ലുന്ന രാമഭദ്രൻ അവരെ സെല്ലിലടയ്ക്കുന്നു.കറക്ഷൻ ഹോമിൽ നിന്നും കുട്ടികളെ രാത്രി പുറത്തു കൊണ്ടുപോയി കാർമോഷണം നടത്തുന്ന പോൾ (ക്യാപ്റ്റൻ രാജു) എന്നയാളുടെ പിണിയാളാണ് ചീഫ് പെറ്റി ഓഫീസറായ പത്രോസ് (കരമന ജനാർദ്ദനൻ നായർ). ഒരു രാത്രിയിൽ, പതിവുപോലെ അയാൾ കുട്ടികളെ പുറത്തെത്തിക്കുന്നു. ഇത്തവണ വിനയനുമുണ്ട് കുട്ടികളുടെ കൂട്ടത്തിൽ. പുറത്തെത്തിയ അവർ ഒരു വീട്ടിൽ നിന്ന് കാർ മോഷ്ടിക്കുന്നു. മോഷണത്തിന് പ്രതിഫലമായി കിട്ടിയ പണം ശശിയെ ഏല്പിക്കാൻ പോയിട്ട് തിരിച്ചു വരുന്ന വഴിയിൽ വാഹനം കേടാകുന്നതിനാൽ കുട്ടികൾക്ക് രാത്രി തിരികെയെത്താൻ പറ്റുന്നില്ല. കുട്ടികളെ കാണാതായതോടെ കറക്ഷൻ ഹോമിലും പുറത്തും അന്വേഷണം നടക്കുന്നു. പിറ്റേ ദിവസം വിനയൻ്റെ മൃതദേഹം കടൽ തീരത്ത് കാണപ്പെടുന്നു.


താരനിര[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മമ്മൂട്ടി രാമഭദ്രൻ
2 സുകുമാരൻ സുഗുണൻ
3 മധു ജോസഫ് ചാക്കൊ (ഐ.ജി)
4 ബൈജു വിനയൻ
5 പാർവ്വതി സരള (വിനയന്റെ പെങ്ങൾ)
6 കൊല്ലം തുളസി വിനയന്റെ അച്ഛൻ
7 ശാന്തകുമാരി ഭാരതി (വിനയന്റെ അമ്മ)
8 സുധീഷ് ഉണ്ണികൃഷ്ണൻ
9 കുതിരവട്ടം പപ്പു നാരായണൻ സാർ
10 മാള അരവിന്ദൻ പാചകക്കാരൻ
11 ജെയിംസ്
12 കരമന ജനാർദ്ദനൻ നായർ ചീഫ് പെറ്റി ഓഫീസർ പത്രോസ്
13 പറവൂർ ഭരതൻ സൂപ്രണ്ട്
14 സാദിഖ് പെറ്റി ഓഫീസർ
15 സി ഐ പോൾ പെറ്റി ഓഫീസർ
16 മാമുക്കോയ കള്ളൻ മാമു
17 മുകേഷ് ശശി
18 വത്സല മേനോൻ കല്യാണിയമ്മ
19 ക്യാപ്റ്റൻ രാജു പോൾ
20 അഗസ്റ്റിൻ രവി
21 ശിവജി അന്വേഷണ ഉദ്യോഗസ്ഥൻ
22 മഹേഷ് ബാബു
23 ടി.പി. രാധാമണി
24 രാജശേഖരൻ പീതാംബരൻ
25 വേണു പുത്തലത്ത് സുധാകരൻ നായർ

ഗാനങ്ങൾ[6]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പുതുമഴയായ് എം ജി ശ്രീകുമാർ യമുനാ കല്യാണി
2 പുതുമഴയായ് [ശോകം] എം ജി ശ്രീകുമാർ
3 വാനിടവും എം ജി ശ്രീകുമാർ ,കെ.ജി. മാർക്കോസ്

അവലംബം

[തിരുത്തുക]
  1. "മുദ്ര (1989)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "മുദ്ര (1989)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  3. "മുദ്ര (1989)". സ്പൈസി ഒണിയൻ. Retrieved 2023-10-17.
  4. "മുദ്ര (1989)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  5. "മുദ്ര (1989)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  6. "മുദ്ര (1989)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുദ്ര_(ചലച്ചിത്രം)&oldid=3986112" എന്ന താളിൽനിന്ന് ശേഖരിച്ചത്