Jump to content

സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുകുമാരൻ
ജനനം
പി.സുകുമാരൻ നായർ

10 ജൂൺ 1948
മരണം16 ജൂൺ 1997(1997-06-16) (പ്രായം 49)
തൊഴിൽനടൻ, നിർമ്മാതാവ്
സജീവ കാലം1973–1997
ജീവിതപങ്കാളി(കൾ)മല്ലിക സുകുമാരൻ
കുട്ടികൾഇന്ദ്രജിത്ത് സുകുമാരൻ
പൃഥ്വിരാജ് സുകുമാരൻ
പുരസ്കാരങ്ങൾ
  • മികച്ച നടനുള്ള സംസ്ഥാന അവാർഡ് (1978)

പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു പി.സുകുമാരൻ നായർ എന്നറിയപ്പെടുന്ന സുകുമാരൻ.(1948-1997) ഇടപ്പാൾ പൊന്നാംകുഴി വീട്ടിൽ പരമേശ്വരൻ സുകുമാരൻ നായർ എന്നാണ് ശരിയായ പേര്. 1973-ൽ റിലീസായ നിർമ്മാല്യം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്കെത്തിയ സുകുമാരൻ 1977-ൽ റിലീസായ ശംഖുപുഷ്പം എന്ന സിനിമയിലെ വേഷത്തിലൂടെയാണ് പ്രശസ്തനാവുന്നത്. പ്രതിയോഗികളെ നിഷ്പ്രഭമാക്കുന്ന ഡയലോഗ് ഡെലിവറിയിലൂടെയാണ് മലയാള സിനിമയിൽ തൻ്റെതായ ഇടം സുകുമാരൻ കണ്ടെത്തിയത്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4][5][6]

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ എടപ്പാൾ വില്ലേജിലെ പൊന്നാംകുഴി വീട്ടിൽ പരമേശ്വരൻ നായരുടേയും സുഭദ്രാമ്മയുടേയും മകനായി 1948 ജൂൺ 10ന് ജനനം. ഡോ.സേതുമാധവൻ, ഡോ.ശിവദാസൻ, സതീദേവി എന്നിവർ ഇളയ സഹോദരങ്ങളാണ്.

സെൻറ്.തോമസ് എച്ച്.എസ്.എസ് പാലാ, ചർച്ച് മിഷൻ സൊസൈറ്റി എച്ച്.എസ്.എസ് തൃശൂർ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സുകുമാരൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ സ്വർണ മെഡലോടെ മാസ്റ്റർ ബിരുദം നേടി. പഠനശേഷം ഗവ.കോളേജ് കാസർഗോഡ്, സ്കോട്ട് ക്രിസ്ത്യൻ കോളേജ് നാഗർകോവിൽ എന്നീ കോളേജുകളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

എം.ടി.വാസുദേവൻ നായർ തിരക്കഥ എഴുതി 1973-ൽ റിലീസായ നിർമ്മാല്യം എന്ന സിനിമയിലൂടെയാണ് സുകുമാരൻ മലയാള ചലച്ചിത്ര രംഗത്തെത്തിയത്. നിർമ്മാല്യം ദേശീയ പുരസ്കാരം നേടുകയും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി എണ്ണപ്പെടുകയും ചെയ്തു. അതിലെ അപ്പുവായി അഭിനയിച്ച സുകുമാരനും ശ്രദ്ധിക്കപ്പെട്ടു.

ഇതിനിടെ ഏതാനും ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ബേബി സംവിധാനം ചെയ്ത് 1977-ൽ റിലീസായ ശംഖുപുഷ്പം എന്ന സിനിമയിലെ ഡോ.വേണു എന്ന കഥാപാത്രം സുകുമാരൻ എന്ന പുത്തൻ താരോദയത്തിന് തുടക്കം കുറിക്കുകയായിരുന്നു.

എം.ടി.വാസുദേവൻ നായർ തന്നെ തിരക്കഥ എഴുതിയ വളർത്ത്മൃഗങ്ങൾ, വാരിക്കുഴി, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഉത്തരം എന്നീ ചിത്രങ്ങളിലും സുകുമാരൻ അഭിനയിച്ചു. എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് 1978-ൽ സുകുമാരന് ലഭിച്ചു.

പഴയ മാമൂലുകളെ ചോദ്യം ചെയ്ത് കൊണ്ട് ധിക്കാരിയെപ്പോലെയാണ് മലയാള സിനിമയിൽ സുകുമാരൻ കയറിവന്നത്. 1970, 1980 കാലഘട്ടങ്ങളിൽ രാഷ്ട്രീയത്തിലും കലയിലും പുതിയ ചെറുപ്പക്കാർ കടന്ന് വന്ന് പഴയ സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കാലമായിരുന്നു അത്.

കത്തിക്കയറുന്ന ഡയലോഗ് ഡെലിവറിയാണ് മലയാള സിനിമയിൽ സുകുമാരനെ ശ്രദ്ധേയനാക്കിയത്. കോളിളക്കം, അങ്ങാടി, ചാകര, ആക്രമണം, അഗ്നിശരം, അവളുടെ രാവുകൾ, മനസാ വാചാ കർമ്മണാ, സ്ഫോടനം എന്നീ സിനിമകളൊക്കെ സുകുമാരൻ്റെ ഡയലോഗിൽ അന്നത്തെ യുവതലമുറ ആഘോഷമാക്കിയ ചിത്രങ്ങളാണ്‌. അക്കാലത്തെ മലയാള സിനിമയിൽ ഡയലോഗിൻ്റെ കാര്യത്തിൽ മേലാളന്മാരുടെ മുഖത്ത് നോക്കി നാലു വർത്തമാനം പറയാൻ ധൈര്യപ്പെട്ട സുകുമാരനെ യുവതലമുറ താരമാക്കി ഉയർത്തി.

വാണിജ്യ പ്രധാനമായ ചിത്രങ്ങളിലെ വേഷങ്ങൾക്കൊപ്പം തന്നെ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളും സുകുമാരനെ തേടിയെത്തി. 1980-ലെ ക്യാംപസ് ഹിറ്റായിരുന്ന ശാലിനി എൻ്റെ കൂട്ടുകാരി എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിച്ച കോളേജ് അധ്യാപകനായ ജയദേവൻ അത്തരത്തിൽ ഒരു കഥാപാത്രമാണ്.

1980-കളുടെ തുടക്കത്തോടെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പുതിയ താരനിര ഉദിച്ചുയർന്നതോടെ സോമൻ, സുകുമാരൻ എന്നീ മുൻനിര നായക നടന്മാർക്ക് പിന്മാറേണ്ടി വന്നു. തൻ്റേതായ സാന്നിധ്യമറിയിക്കുന്ന രംഗങ്ങളിലേക്ക് സുകുമാരൻ വളരെ പെട്ടെന്ന് വഴിമാറി. അക്കാലങ്ങളിൽ സുകുമാരൻ അവതരിപ്പിച്ച ന്യായവിധിയിലെ മാക്ക് ഫോഴ്സ് സായിപ്പ്, വിറ്റ്നസിലെ സി.ഐ. തോമസ് മാത്യു, കാർണിവലിലെ ചന്ദ്രപ്പൻഭായ്, ആവനാഴിയിലെ വക്കീൽ, കോട്ടയം കുഞ്ഞച്ചനിലെ കോര, ഉത്സവപ്പിറ്റേന്നിലെ ഏട്ടൻ തമ്പുരാൻ, ഓഗസ്റ്റ് ഒന്നിലെ മുഖ്യമന്ത്രി തുടങ്ങിയ വേഷങ്ങൾ നായകനല്ലെങ്കിലും നായക പ്രാധാന്യമുള്ളവയായിരുന്നു.

1988-ലെ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിലും 1989-ൽ അതിൻ്റെ തുടർച്ചയായ ജാഗ്രതയിലും സുകുമാരൻ അവതരിപ്പിച്ച ഡി.വൈ.എസ്.പി ദേവദാസ് എന്ന കഥാപാത്രം പറയുന്ന ഡയലോഗുകളൊക്കെ പ്രേക്ഷകർക്ക് ഇന്നും സുപരിചിതമാണ്.

കോളേജ് അധ്യാപന ജോലി രാജിവച്ച് സിനിമയിലെത്തിയ സുകുമാരൻ ഒരു വർഷം നാൽപ്പത് ചിത്രങ്ങളിൽ വരെ അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. സുകുമാരൻ അഭിനയിച്ച എല്ലാ സിനിമകളുടേയും ഒരു പ്രത്യേകത സുകുമാരൻ്റെ കഥാപാത്രത്തെ മാറ്റി നിർത്തി ആ ചിത്രത്തെ ഓർക്കാനാവില്ല എന്നതാണ്.

1973 മുതൽ 1997 വരെയുള്ള 24 വർഷം നീണ്ട അഭിനയജീവിതത്തിൽ ഏകദേശം 250-ഓളം സിനിമകളിൽ വേഷമിട്ട സുകുമാരൻ രണ്ട് സിനിമകളിൽ നിർമ്മാതാവായും പ്രവർത്തിച്ചു. ഇരകൾ(1985), പടയണി(1986) എന്നിവയാണ് ആ സിനിമകൾ.

1973-ൽ നിർമ്മാല്യത്തിലെ അപ്പുവിൽ തുടങ്ങി 1997-ൽ വംശത്തിലെ കുരിശിങ്കൽ വക്കച്ചൻ വരെയുള്ള കഥാപാത്രങ്ങളെ അനശ്വരമാക്കിയ സുകുമാരൻ 49-മത്തെ വയസിൽ 1997 ജൂൺ 16ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അഭിനയ ജീവിതം കാൽനൂറ്റാണ്ട് തികക്കാനിരിക്കെയാണ് സുകുമാരൻ വിടവാങ്ങിയത്.[7]

സ്വകാര്യ ജീവിതം[തിരുത്തുക]

  • ഭാര്യ : മല്ലിക സുകുമാരൻ
  • വിവാഹം : 1978 ഒക്ടോബർ 17
  • മക്കൾ :
  • ഇന്ദ്രജിത്ത്
  • പ്രിഥിരാജ്
  • മരുമക്കൾ :
  • പൂർണിമ ഇന്ദ്രജിത്ത്
  • സുപ്രിയ മേനോൻ[8]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുകുമാരൻ&oldid=3949643" എന്ന താളിൽനിന്ന് ശേഖരിച്ചത്