Jump to content

ശിവാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിവജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവാജി ശഹാജി ഭോസ്‌ലെ
ഛത്രപതി
ഭരണകാലം1664 - 1680
സ്ഥാനാരോഹണംജൂൺ 6, 1674
പൂർണ്ണനാമംശിവാജി ശഹാജി ഭോസ്ലെ
പദവികൾഷകകർത്ത, ഹൈന്ദവ ധർമൊദ്ധാരകൻ
പിൻ‌ഗാമിസംഭാജി ഭോസ്ലെ
ഭാര്യമാർ
അനന്തരവകാശികൾസംഭാജീ, രാജാരാം, ആറ് പെൺമക്കളും
പിതാവ്ഷഹാജി
മാതാവ്ജിജാബായി
മതവിശ്വാസംഹിന്ദു
ഛത്രപതി ശിവാജി - രാജാ രവിവർമ്മ വരച്ച ചിത്രം

മറാഠ സാമ്രാജ്യം സ്ഥാപിച്ച ഇന്ത്യൻ യോദ്ധാവും ഭരണാധികാരിയുമായിരുന്നു ശിവാജി ഭോസ്ലെ (മറാഠീ ഉച്ചാരണം: [ʃiʋaˑɟiˑ bʱoˑs (ə) leˑ]; ക്രി.വ. 1627/1630 - ഏപ്രിൽ 03, 1680) . ഭോസ്ലെ എന്ന മറാഠ വംശത്തിലെ അംഗവുമായിരുന്നു. ബിജാപൂരിലെ ആദിൽ‌ഷാഹി സുൽത്താനത്തിൽ നിന്ന് വിവിധ പ്രദേശങ്ങൾ അടർത്തിയെടുത്ത് ശിവാജി തന്റെ കീഴിൽ ഒരു പുതിയ ഭരണസംവിധാനം രൂപീകരിച്ചു. ഇത് മറാഠ സാമ്രാജ്യത്തിന്റെ ഉത്ഭവത്തിന് കാരണമായി. 1674 ൽ റായ്ഗഡിലെ തന്റെ സാമ്രാജ്യത്തിന്റെ ഛത്രപതി (ചക്രവർത്തി) ആയി ഔദ്യോദ്യോഗികമായി കിരീടമണിഞ്ഞു.

തന്റെ ജീവിതത്തിലുടനീളം, മുഗൾ സാമ്രാജ്യം, ഗോൽക്കൊണ്ടയിലെ സുൽത്താനത്ത്, ബിജാപൂരിലെ സുൽത്താനത്ത്, യൂറോപ്യൻ അധിനിവേശ ശക്തികൾ എന്നിവരുമായി സഖ്യത്തിലും ശത്രുതയിലും ശിവാജി ഏർപ്പെട്ടു. ശിവാജിയുടെ സൈനികശക്തി മറാഠ മേഖലയെ സ്വാധീനിക്കുകയും വിവിധ കോട്ടകൾ പിടിച്ചെടുക്കുകയും പണിയുകയും മറാഠ നാവികസേന രൂപീകരിക്കുകയും ചെയ്തു. നന്നായി ചിട്ടപ്പെടുത്തിയ ഭരണസംഘടനകളുമായി ശിവാജി സമർത്ഥവും പുരോഗമനപരവുമായ ഒരു ഭരണം സ്ഥാപിച്ചു.

ആദ്യകാലജീവിതം

[തിരുത്തുക]
ശിവാജിയുടെ ജന്മസ്ഥാനമായ ശിവ്നേരി കോട്ട

ഇപ്പോൾ പൂനെ ജില്ലയിലുള്ള ജുന്നാർ നഗരത്തിനടുത്തുള്ള ശിവനേരി കോട്ടയിലാണ് ശിവാജി ജനിച്ചത്. അദ്ദേഹത്തിന്റെ ജനനത്തീയതിയെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ വിയോജിപ്പുണ്ട്. ശിവാജിയുടെ ജനനത്തെ (ശിവാജി ജയന്തി) അനുസ്മരിപ്പിക്കുന്ന അവധിദിനമായി ഫെബ്രുവരി 19 മഹാരാഷ്ട്ര സർക്കാർ പട്ടികപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ദേവതയായ ശിവായ് ദേവിയുടെ ബഹുമാനാർത്ഥമാണ് ശിവാജിക്ക് ആ പേര് നൽകപ്പെട്ടത്. അഹമ്മദ്നഗർ, ബിജാപ്പൂർ എന്നീ ഡെക്കാൻ സുൽത്താനത്തുകളെ സേവിച്ച മറാഠ സൈന്യപ്രമുഖനായിരുന്നു ശിവാജിയുടെ പിതാവ് ഷഹാജി ഭോസ്‌ലെ. ദേവഗിരിയിലെ യാദവ രാജകുടുംബത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന സർദാർ ലഖുജി ജാധവറാവുവിന്റെ മകളായ ജിജാബായിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ.

ശിവാജിയുടെ ജനനസമയത്ത് ഡെക്കാനിലെ അധികാരം ബിജാപൂർ, അഹമ്മദ്‌നഗർ, ഗോൽക്കൊണ്ട എന്നീ മൂന്ന് ഇസ്ലാമിക സുൽത്താനത്തുകൾ പങ്കിട്ടു. ഷഹാജി വിവിധ സമയങ്ങളിൽ അഹമ്മദ്‌നഗറിലെ നിസാംഷാഹിയോടും, ബിജാപൂരിലെ ആദിൽഷായോടും, മുഗളരോടും മാറിമാറി കൂറുപുലർത്തിയിരുന്നുവെങ്കിലും തന്റെ നിയന്ത്രണത്തിൽ ഒരു ചെറിയ സൈന്യവും, പൂനെയിലെ ഭൂസ്വത്തും എല്ലാ കാലവും സൂക്ഷിച്ചിരുന്നു.

ബിജാപ്പൂർ സുൽത്താനത്തുമായുള്ള സംഘർഷങ്ങൾ

[തിരുത്തുക]

പശ്ചാത്തലം

[തിരുത്തുക]

1636-ൽ, ബീജാപ്പൂർ സുൽത്താനത്ത് അതിൻ്റെ തെക്ക് ഭാഗത്തുള്ള രാജ്യങ്ങളെ ആക്രമിച്ചു.[3] അക്കാലത്ത് പടിഞ്ഞാറൻ ഇന്ത്യയിലെ മറാഠാനേതാവായിരുന്ന ഷാഹാജിയാണ് ബിജാപ്പൂരിനെ ഇതിന് സഹായിച്ചത്. പ്രതിഫലമായി കീഴടക്കിയ പ്രദേശങ്ങളിൽ ഫ്യൂഡൽ അധികാരവും അവിടെ നിന്നും നികുതി പിരിക്കുവാനുള്ള അവകാശവും ഷഹാജിയുടെ ലക്ഷ്യമായിരുന്നു.[3]

ചെറിയൊരു കാലം മുഗൾ സാമ്രാജ്യത്തെ സേവിച്ച ശേഷം ഒരു വിമതനായി മാറിയിരുന്ന ഷാഹാജി, ബിജാപൂർ സുൽത്താനത്തിന്റെ പിന്തുണയോടെ മുഗളർക്കെതിരെ നടത്തിയ പടനീക്കങ്ങൾ പൊതുവെ വിജയിച്ചില്ല. മുഗൾ സൈന്യം അദ്ദേഹത്തെ നിരന്തരം പിന്തുടർന്നു. ഇതിനാൽ ശിവജിക്കും അമ്മ ജിജാബായിക്കും പല കോട്ടകളിലേക്കും നിരന്തരം താമസം മാറ്റേണ്ടതായി വന്നു.

1636-ൽ ഷാഹാജി ബീജാപൂർ സുൽത്താനത്തിനോട് കൂറ് പ്രഖ്യാപിക്കുകയും പൂനെ പ്രദേശം ഗ്രാൻ്റായി നേടുകയും ചെയ്തു. കർണ്ണാടകയിലെ നായക് രാജാക്കന്മാരുമായുള്ള പോരാട്ടത്തിന്റെ ഭാഗമായി ബീജാപുരി ഭരണാധികാരി ആദിൽഷാ ഷാഹാജിയെയും കൂട്ടരെയും ബാംഗ്ലൂരിൽ വിന്യസിച്ചപ്പോൾ ഷഹാജി തന്റെ അസാന്നിദ്ധ്യത്തിൽ പൂനെയുടെ ഭരണാധികാരിയായി ദാദോജി കൊണ്ടദേവിനെ നിയമിച്ചു.[4] ശിവജിയും ജിജാബായിയും പൂനയിൽ താമസമാക്കി. 1647-ൽ ദാദോജി കൊണ്ടദേവ് മരിക്കുകയും ശിവജി നേരിട്ട് ഭരണം ഏറ്റെടുക്കുകയും ചെയ്തു. അധികാരം നേടിയ ശിവാജിയുടെ ആദ്യ പ്രവൃത്തികളിലൊന്ന് തന്നെ ബിജാപുരി സുൽത്താനത്തിനെ നേരിട്ട് വെല്ലുവിളിക്കുന്നതായിരുന്നു.[5]

സ്വതന്ത്ര സൈനികമുന്നേറ്റങ്ങൾ

[തിരുത്തുക]

1646-ൽ, സുൽത്താൻ മുഹമ്മദ് ആദിൽ ഷായുടെ അസുഖത്തെത്തുടർന്ന് ബീജാപൂർ അധികാരകേന്ദ്രങ്ങളിൽ നിലനിന്നിരുന്ന ആശയക്കുഴപ്പം മുതലെടുത്ത് 16 വയസ്സുള്ള ശിവാജി തോർണ കോട്ട കീഴടക്കി, അവിടെ അദ്ദേഹം കണ്ടെത്തിയ വലിയ ധനശേഖരം പിടിച്ചെടുത്തു.[6][7] തുടർന്നുള്ള രണ്ട് വർഷങ്ങളിൽ ശിവാജി പൂനെയ്ക്ക് സമീപം പുരന്ദർ, കോന്ദന, ചകൻ തുടങ്ങി നിരവധി പ്രധാന കോട്ടകൾ പിടിച്ചെടുത്തു. പൂനെയുടെ കിഴക്ക് ഭാഗത്തുള്ള സൂപ, ബാരാമതി, ഇന്ദാപൂർ എന്നീ പ്രദേശങ്ങളും അദ്ദേഹം തൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. രാജ്ഗഡ് എന്ന പേരിൽ ഒരു പുതിയ കോട്ട പണിയാൻ അദ്ദേഹം തോർണ കോട്ടയിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ചു. ഒരു ദശാബ്ദത്തിലേറെക്കാലം രാജഗഡ് അദ്ദേഹത്തിൻ്റെ ഭരണതലസ്ഥാനമായിരുന്നു. ഇതിനുശേഷം ശിവജി പടിഞ്ഞാറ് കൊങ്കണിലേക്ക് തിരിയുകയും കല്യാൺ എന്ന തന്ത്രപ്രധാന പട്ടണം കൈവശപ്പെടുത്തുകയും ചെയ്തു. ബിജാപൂർ സുൽത്താനത്ത് ഈ സംഭവങ്ങൾ ശ്രദ്ധിക്കുകയും ശിവാജിക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. 1648 ജൂലായ് 25-ന്, ശിവജിയെ നിയന്ത്രിച്ച് നിർത്താനുള്ള ശ്രമത്തിൽ, ബിജാപൂർ സുൽത്താനത്തിന്റെ ഉത്തരവനുസരിച്ച്, ബാജി ഘോർപഡെ എന്ന മറാഠാ സർദാർ ഷഹാജിയെ തടവിലാക്കി.[8]

ജിൻജി പിടിച്ചടക്കി കർണാടകയിൽ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം ആദിൽഷാ1649-ൽ ഷാഹാജിയെ മോചിപ്പിച്ചു. 1649-1655 കാലഘട്ടത്തിൽ, ശിവാജി തൻ്റെ അധിനിവേശങ്ങൾ താൽക്കാലികമായി നിർത്തി, തൻ്റെ നിയന്ത്രണത്തിലുള്ള മേഖലകൾ ഏകീകരിക്കുകയായിരുന്നു. തൻ്റെ പിതാവിൻ്റെ മോചനത്തെത്തുടർന്ന്, ശിവാജി വീണ്ടും പടനീക്കങ്ങൾ ആരംഭിച്ചു. 1656-ൽ, വിവാദപരമായ സാഹചര്യത്തിൽ, ബിജാപൂരിലെ സഹ മറാഠ നേതാവായ ചന്ദ്രറാവു മോറെയെ വധിക്കുകയും ഇന്നത്തെ മഹാബലേശ്വറിന് സമീപമുള്ള ജാവലി താഴ്‌വര പിടിച്ചെടുക്കുകയും ചെയ്തു.[9] ജാവലി കീഴടക്കിയ ശേഷം ശിവാജി തെക്കും തെക്ക് പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കും തൻ്റെ പടനീക്കങ്ങൾ വ്യാപിപ്പിച്ചു. ഭോസ്ലെ, മോറെ കുടുംബങ്ങൾക്കു പുറമേ, സാവന്ത്‌വാഡിയിലെ സാവന്ത്, മുധോളിലെ ഘോർപഡെ, ഫാൽട്ടനിലെ നിംബാൽക്കർ, ഷിർക്കെ, നിംസോദിലെ ഘർഗെ, ​​മാനെ, മൊഹിതെ തുടങ്ങിയ നിരവധി പ്രമുഖ മറാത്താ കുടുംബങ്ങൾ ദേശ്മുഖി അവകാശങ്ങളോടെ അക്കാലത്ത് ബീജാപൂരിലെ ആദിൽഷാഹിയെ സേവിച്ചിരുന്നു. ഈ ശക്തരായ കുടുംബങ്ങളെ തെന്റെ നിയന്ത്രണത്തിലാക്കുവാൻ ശിവാജി വ്യത്യസ്ത തന്ത്രങ്ങൾ സ്വീകരിച്ചു. വൈവാഹിക സഖ്യങ്ങൾ രൂപീകരിച്ചും, ദേശ്മുഖുകളെ മറികടക്കാൻ ഗ്രാമത്തിലെ പാട്ടീലുമാരുമായി നേരിട്ട് ഇടപെട്ടും, അതുമല്ലെങ്കിൽ അവരെ ബലപ്രയോഗത്തിലൂടെ കീഴടക്കിയും അദ്ദേഹം തന്റെ അധികാരം വർദ്ധിപ്പിച്ചു. ഷഹാജി തൻ്റെ അവസാനനാളുകളിൽ, മകൻറെ ചെയ്തികളോട് മുഖം തിരിക്കുകയും ശിവാജിയുടെ വിമതപ്രവർത്തനങ്ങളെ തള്ളിപ്പറയുകയും ചെയ്തു. ശിവാജിക്കെതിരെ അവർ ആഗ്രഹിക്കുന്ന ഏത് നടപടിയും സ്വീകരിച്ചു കൊള്ളാൻ അദ്ദേഹം ബിജാപ്പൂരിനോട് പറഞ്ഞു.[10] 1664-1665 കാലഘട്ടത്തിൽ ഒരു വേട്ടയ്ക്കിടെ ഉണ്ടായ അപകടത്തിൽ ഷാഹാജി മരിച്ചു.[11]

അഫ്സൽ ഖാനുമായുള്ള ഏറ്റുമുട്ടൽ

[തിരുത്തുക]
അഫ്സൽ ഖാന്റെ മരണം - ഒരു പെയിന്റിംഗ്

ശിവാജിയുടെ സേനയോട് നേരിട്ട പരാജയത്തിൽ ബിജാപൂർ സുൽത്താനത്ത് അസ്വൻസ്ഥരായി.മുഗളന്മാരുമായി സമാധാന ഉടമ്പടി നടപ്പിലാകുകയും സുൽത്താനെന്ന നിലയിൽ യുവാവായ അലി ആദിൽ ഷാ രണ്ടാമൻ സ്വീകാര്യത നേടുകയും ചെയ്തതോടെ, ബിജാപൂർ കൂടുതൽ സുസ്ഥിരമാവുകയും അവർ ശിവാജിയിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു. 1657-ൽ ശിവാജിയെ അറസ്റ്റുചെയ്യാൻ ബിജാപ്പൂരിലെ ഒരു മുതിർന്ന ജനറലായ അഫ്സൽ ഖാനെ അയച്ചു..[12][13][14]

ബീജാപുരി സൈന്യത്തിന്റെ നീക്കത്തെ തുടർന്ന് ശിവാജി പ്രതാപ്‌ഗഡ് കോട്ടയിലേക്ക് പിൻവാങ്ങി. ശിവാജിയുടെ സഹപ്രവർത്തകരിൽ പലരും അദ്ദേഹത്തെ കീഴടങ്ങാൻ ഉപദേശിച്ചു.[15] ശിവാജിക്ക് ബിജാപ്പൂരിന്റെ ഉപരോധം തകർക്കാൻ കഴിഞ്ഞില്ല. അഫ്സൽ ഖാന് ശക്തമായ കുതിരപ്പടയുണ്ടായിരുന്നെങ്കിലും കോട്ട പിടിച്ചെടുക്കാനുള്ള സന്നാഹങ്ങൾ ഉണ്ടായിരുന്നില്ല. ഇതുമൂലം ഇരു സേനകളും ഒരു സ്തംഭനാവസ്ഥയിലായി. രണ്ട് മാസത്തിന് ശേഷം, അഫ്സൽ ഖാൻ ശിവാജിയുടെ അടുത്തേക്ക് ഒരു ദൂതനെ അയക്കുകയും ചർച്ചകൾക്കായി ഇരു നേതാക്കളും കോട്ടയ്ക്ക് പുറത്ത് സ്വകാര്യമായി ഒരു കൂടിക്കാഴ്ച നടത്താമെന്നു നിർദ്ദേശിക്കുകയും ചെയ്തു.[16][17]

1659 നവംബർ 10-ന് പ്രതാപ്ഗഡ് കോട്ടയുടെ താഴ്‌വരയിലുള്ള ഒരു കുടിലിൽ വെച്ച് ഇരുവരും കണ്ടുമുട്ടി. ഓരോരുത്തരും വാളുമായി മാത്രമേ വരാവൂ എന്നും ഒരു അനുയായി കൂടി പങ്കെടുക്കണമെന്നും ഉടമ്പടിയാൽ അനുശാസിച്ചിരുന്നു. അഫ്സൽ ഖാൻ തന്നെ അറസ്റ്റ് ചെയ്യുകയോ ആക്രമിക്കുകയോ ചെയ്യുമെന്ന് സംശയിച്ച ശിവാജി, തൻ്റെ വസ്ത്രത്തിന് താഴെ ലോഹകവചം ധരിക്കുകയും, ഇടത് കൈയിൽ ഒരു ബാഗ് നഖ് (ഇരുമ്പ് കൊണ്ടുള്ള "കടുവ നഖം") ഒളിപ്പിക്കുകയും ചെയ്തു. കൂടാതെ വലതു കൈയിൽ ഒരു കഠാരയും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിച്ചതെന്ന് ചരിത്രപരമായ ഉറപ്പോടെ പറയാൻ കഴിയില്ല. എന്നിരുന്നാലും, ഇരുവരും ശാരീരികമായി ഏറ്റുകുട്ടുകയും പരിക്കേറ്റ അഫ്സൽ ഖാൻ മരിക്കുകയും ചെയ്തു.[a] തുടർന്ന് ബീജാപുരി സൈന്യത്തെ ആക്രമിക്കാൻ തൻ്റെ മറഞ്ഞിരിക്കുന്ന മറാഠാ സൈന്യത്തിന് ഒരു പീരങ്കി വെടിയാൽ സൂചന നൽകി.[19]

തുടർന്നു നടന്ന പ്രതാപ്‌ഗഡ് യുദ്ധത്തിൽ ശിവജിയുടെ സൈന്യം ബീജാപൂർ സൈന്യത്തെ നിർണ്ണായകമായി പരാജയപ്പെടുത്തി. ബിജാപൂർ സൈന്യത്തിലെ മൂവായിരത്തിലധികം സൈനികർ കൊല്ലപ്പെട്ടു. കൂടാതെ ഉന്നത പദവിയിലുള്ള ഒരു സർദാർ, അഫ്സൽ ഖാൻ്റെ രണ്ട് പുത്രന്മാർ, രണ്ട് മറാഠാ നേതാക്കൾ എന്നിവരെ തടവിലാക്കി.[20] വിജയത്തിന് ശേഷം പ്രതാപ്ഗഢിന് താഴെ ശിവാജിയുടെ വിശദമായ അവലോകനം നടന്നു. പിടിക്കപ്പെട്ട ശത്രുക്കളെ, ഉദ്യോഗസ്ഥരെയും പുരുഷന്മാരെയും, സ്വതന്ത്രരാക്കുകയും പണവും ഭക്ഷണവും മറ്റ് സമ്മാനങ്ങളുമായി അവരുടെ വീടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. മറാഠകൾക്ക് തക്കതായ പ്രതിഫലവും ലഭിച്ചു.[20]

പൻഹാല കോട്ടയുടെ ഉപരോധം

[തിരുത്തുക]

തനിക്കെതിരെ അയച്ച ബിജാപുരി സേനയെ പരാജയപ്പെടുത്തിയ ശിവാജിയും സൈന്യവും കൊങ്കൺ തീരത്തേക്കും കോലാപ്പൂരിലേക്കും നീങ്ങി. തുടർന്ന് ശിവാജി പൻഹാല കോട്ട പിടിച്ചെടുത്തു. 1659-ൽ റുസ്തം സമൻ്റെയും ഫസൽ ഖാൻ്റെയും നേതൃത്വത്തിൽ അയച്ച ബിജാപുരി സേനയെ ശിവാജി പരാജയപ്പെടുത്തി.[21] 1660-ൽ, ശിവജിയുടെ തെക്കൻ അതിർത്തി ആക്രമിക്കാൻ ആദിൽഷാ തൻ്റെ ജനറൽ സിദ്ദി ജൗഹറിനെ അയച്ചു. ബിജാപ്പൂരുമായി അകാലത്ത് സ്ഖ്യത്തിലായിരുന്ന മുഗളർ അതീ സമയം ശിവാജിയെ വടക്ക് നിന്ന് ആക്രമിക്കാനും പദ്ധതിയിട്ടു. ശിവാജി തൻ്റെ സൈന്യത്തോടൊപ്പം പൻഹാല കോട്ടയിൽ താവളമടിച്ചു. 1660-ൻ്റെ മധ്യത്തിൽ സിദ്ദി ജൗഹറിൻ്റെ സൈന്യം പൻഹാല കോട്ട ഉപരോധിക്കുകയും കോട്ടയിലേക്കുള്ള വിതരണ വഴികൾ വിച്ഛേദിക്കുകയും ചെയ്തു. പൻഹാലയിലെ ആക്രമണ സമയത്ത്, സിദ്ദി ജൗഹർ ഇംഗ്ലീഷുകാരുടെ രാജാപൂരിലെ ഫാക്റ്ററിയിൽ നിന്നും ഗ്രനേഡുകൾ വാങ്ങുകയും കോട്ടയിൽ ബോംബെറിയുന്നതിൽ സഹായിക്കാൻ കുറച്ച് ഇംഗ്ലീഷ് പീരങ്കിപ്പടയാളികളെ നിയമിക്കുകയും ചെയ്തു. കൂടാതെ ഇംഗ്ലീഷുകാർ ഉപയോഗിച്ചിരുന്ന പതാകയും പറത്തിയിരുന്നു. ഇംഗ്ലീഷുകാരുടെ ഈ വഞ്ചന ശിവജിയെ ചൊടിപ്പിച്ചു. ഇതിനു പ്രതികാരമായി ഡിസംബറിൽ രാജാപൂരിലെ ഇംഗ്ലീഷ് ഫാക്ടറി കൊള്ളയടിക്കുകയും നാല് ഉടമകളെ പിടികൂടുകയും 1663 പകുതി വരെ തടവിലിടുകയും ചെയ്തു.[22]

മാസങ്ങൾ നീണ്ട ഉപരോധത്തിനു ശേഷം, ശിവജി സിദ്ദി ജൗഹറുമായി ചർച്ച നടത്തി. 1660 സെപ്റ്റംബർ 22-ന് കോട്ട ബിജാപ്പൂരിന് കൈമാറി, വിശാൽഗഡിലേക്ക് പിൻവാങ്ങി. പിൽക്കാലത്ത്, 1673-ൽ ശിവാജി പൻഹാല കോട്ട തിരിച്ചുപിടിച്ചു.[23]

പാവൻഖിണ്ഡ് യുദ്ധം

[തിരുത്തുക]

ശിവാജി പൻഹാലയിൽ നിന്ന് രാത്രിയുടെ മറവിൽ പല്ലക്കിലേറി രക്ഷപ്പെടുകയാണുണ്ടായത്. ശത്രുസൈന്യത്തിലെ കുതിരപ്പടയാളികൾ അദ്ദേഹത്തെ പിന്തുടർന്നപ്പോൾ, അദ്ദേഹത്തിൻ്റെ മറാഠ സർദാർ ബാജി പ്രഭു ദേശ്പാണ്ഡെ, 300 സൈനികർക്കൊപ്പം ഘോഡ് ഖിണ്ഡ് എന്ന മലയിടുക്കിൽ ശത്രുവിനെ തടയാൻ മരണം വരെ പോരാടാൻ സന്നദ്ധനായി.വിശാൽഗഡ് കോട്ടയിൽ ശിവാജിയും കൂട്ടരും സുരക്ഷിതരായി എത്തും വരെ ബിജാപ്പൂർ സൈന്യത്തെ തടയുക എന്നതായിരുന്നു ലക്ഷ്യം.[24]

തുടർന്നു നടന്ന പാവൻഖിണ്ഡ് യുദ്ധത്തിൽ ബാജി പ്രഭു ദേശ്പാണ്ഡെയ്ക്ക് പരിക്കേറ്റിരുന്നുവെങ്കിലും 1660 ജൂലൈ 13-ന് വൈകുന്നേരം ശിവാജി സുരക്ഷിതമായി കോട്ടയിൽ എത്തിയെന്ന സൂചന നൽകി, വിശാൽഗഡിൽ നിന്ന് പീരങ്കിയുടെ ശബ്ദം കേൾക്കുന്നതുവരെ യുദ്ധം തുടർന്നു.[25] ബാജിപ്രഭു ദേശ്പാണ്ഡെ, ഷിബോസിംഗ് ജാദവ്, ഫുലോജി, കൂടാതെ അവിടെ യുദ്ധം ചെയ്ത മറ്റെല്ലാ സൈനികരുടെയും ബഹുമാനാർത്ഥം ഘോഡ്ഖിണ്ഡ് എന്ന ഈ മലയിടുക്ക് പിന്നീട് പാവൻഖിണ്ഡ് ("പവിത്രമായ ചുരം") എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[25]

മുഗൾ സാമ്രാജ്യവുമായുള്ള സംഘർഷങ്ങൾ

[തിരുത്തുക]

1657 വരെ ശിവാജി മുഗൾ സാമ്രാജ്യവുമായി സമാധാനപരമായ ബന്ധം പുലർത്തിയിരുന്നു. മുഗൾ ചക്രവർത്തിയുടെ മകനും ഡെക്കാൻ വൈസ്രോയിയുമായ ഔറംഗസേബിന് ബിജാപൂർ കീഴടക്കുന്നതിനായി ശിവാജി തൻ്റെ സഹായം വാഗ്ദാനം ചെയ്തു. എന്നാൽ മുഗൾ പ്രതികരണത്തിൽ അതൃപ്തനാകുകയും ബിജാപ്പൂരിൽ നിന്ന് മികച്ച വാഗ്ദാനം ലഭിക്കുകയും ചെയ്തതോടെ ശിവാജി ഡെക്കാനിലെ മുഗൾ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് സൈനികനീക്കം നടത്തി.[26] 1657 മാർച്ചിൽ ശിവാജിയുടെ രണ്ട് ഉദ്യോഗസ്ഥർ അഹമ്മദ്നഗറിനടുത്തുള്ള മുഗൾ പ്രദേശം ആക്രമിച്ചതോടെയാണ് മുഗളന്മാരുമായുള്ള ശിവാജിയുടെ ഏറ്റുമുട്ടൽ ആരംഭിച്ചത്.[27] തുടർന്ന് ജുന്നാർ ആക്രമിച്ച ശിവാജി 300,000 ഹുൺ പണവും 200 കുതിരകളെയും പിടിച്ചെടുത്തു.[28] ഔറംഗസേബ് അയച്ച നാസിരി ഖാൻ അഹമ്മദ് നഗറിൽ ശിവാജിയുടെ സൈന്യത്തെ പരാജയപ്പെടുത്തി . എന്നിരുന്നാലും, ഷാജഹാൻ ചക്രവർത്തിയുടെ അസുഖത്തെത്തുടർന്ന്, മുഗൾ സിംഹാസനത്തിലേക്കുള്ള പിന്തുടർച്ചയെച്ചൊല്ലി തൻ്റെ സഹോദരന്മാരുമായുള്ള അദ്ദേഹത്തിൻ്റെ കലാപങ്ങളും മഴക്കാലവും ശിവാജിക്കെതിരായ ഔറംഗസേബിൻ്റെ നടപടികൾ തടസ്സപ്പെടുത്തി.[29]

ഷൈസ്താ ഖാന്റെ ആക്രമണം

[തിരുത്തുക]
ഷൈസ്താ ഖാനെ ആക്രമിക്കുന്ന ശിവാജി - എം.വി. ധുരന്ധറുടെ പെയിന്റിംഗ്

ബിജാപൂരിലെ ബാദി ബീഗത്തിൻ്റെ അഭ്യർത്ഥനപ്രകാരം, ഇപ്പോൾ മുഗൾ ചക്രവർത്തിയായ ഔറംഗസേബ്, 1660 ജനുവരിയിൽ തൻ്റെ അമ്മാവനായ ഷൈസ്ത ഖാനെ 150,000-ത്തിലധികം വരുന്ന ഒരു സൈന്യത്തോടൊപ്പം അയച്ചു. സിദ്ദി ജൗഹറിന്റെ നേതൃത്വത്തിലുള്ള ബീജാപ്പൂരിൻ്റെ സൈന്യവുമായി ചേർന്ന് ശിവജിയെ ആക്രമിച്ച ഷൈസ്ത ഖാൻ പൂനെ പിടിച്ചെടുത്തു. ഒന്നര മാസത്തോളം ഉപരോധിച്ചതിന് ശേഷം ചകൻ കോട്ടയും അദ്ദേഹം പിടിച്ചെടുത്തു.[30] ശിവാജിയുടെ കൊട്ടാരമായ ലാൽ മഹൽ അദ്ദേഹം തന്റെ വസതിയാക്കി മാറ്റി.[31]

1663 ഏപ്രിൽ 5-ന് രാത്രിയിൽ ശിവാജി, ഷൈസ്ത ഖാൻ്റെ ക്യാമ്പിന് ധീരമായ ഒരു ആക്രമണത്തിന് നേതൃത്വം നൽകി.[32] അദ്ദേഹം 400 പേരോടൊപ്പം ഷൈസ്ത ഖാൻ്റെ മാളിക ആക്രമിക്കുകയും ഖാൻ്റെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി മുറിവേൽപ്പിക്കുകയും ചെയ്തു. ഷൈസ്ത ഖാന് മൂന്ന് വിരലുകൾ നഷ്ടപ്പെട്ടു. ഈ ആക്രമണത്തിൽ ഷൈസ്ത ഖാൻ്റെ മകനും നിരവധി ഭാര്യമാരും സേവകരും സൈനികരും കൊല്ലപ്പെട്ടു.[33] ഷൈസ്ത ഖാൻ പൂനെക്ക് പുറത്ത് തമ്പടിച്ചിരുന്ന മുഗൾ പാളയത്തിൽ അഭയം പ്രാപിച്ചു. ഈ തോൽവി വരുത്തിയ നാണക്കേടിൻ്റെ പേരിൽ ഔറംഗസേബ് അദ്ദേഹത്തെ ബംഗാളിലേക്ക് സ്ഥലം മാറ്റി.

ഷൈസ്ത ഖാൻ്റെ ആക്രമണങ്ങൾക്കുള്ള പ്രതികാരമായും, ഇതിനകം കാലിയായ തൻ്റെ ഖജനാവ് നിറയ്ക്കാൻ വേണ്ടിയും, 1664-ൽ ശിവാജി സമ്പന്നമായ മുഗൾ വ്യാപാര കേന്ദ്രമായ സൂറത്ത് തുറമുഖ നഗരം കൊള്ളയടിച്ചു.[34] 1665 ഫെബ്രുവരി 13-ന് അദ്ദേഹം ഇന്നത്തെ കർണാടകയിലെ പോർച്ചുഗീസ് അധീനതയിലുള്ള ബസ്രൂരിൽ നാവിക റെയ്ഡ് നടത്തുകയും വൻതോതിൽ കൊള്ളയടിക്കുകയും ചെയ്തു.[35][36]

പുരന്ദർ ഉടമ്പടി

[തിരുത്തുക]
രാജാ ജയ് സിംഗ് ശിവാജിയെ സ്വീകരിക്കുന്നു

ഷൈസ്ത ഖാൻ്റെ പരാജയവും സൂററ്റ് ആക്രമണവും ഔറംഗസീബിനെ പ്രകോപിപ്പിച്ചു. ഇതിന് മറുപടിയായി, ശിവജിയെ പരാജയപ്പെടുത്താൻ അദ്ദേഹം രജപുത്ര ജനറൽ ജയ് സിംഗ് ഒന്നാമനെ 15,000-ത്തോളം വരുന്ന സൈന്യവുമായി അയച്ചു.[37] 1665-ൽ നടന്ന വിവിധ പോരാട്ടങ്ങളിൽ ജയ് സിങ്ങിൻ്റെ സൈന്യം ശിവാജിയെ അടിച്ചമർത്തി. അവരുടെ കുതിരപ്പട ഗ്രാമപ്രദേശങ്ങൾ തകർക്കുകയും ശിവാജിയുടെ കോട്ടകൾ ഉപരോധിക്കുകയും ചെയ്തു. ശിവാജിയുടെ പല പ്രധാന കമാൻഡർമാരെയും അദ്ദേഹത്തിൻ്റെ പല കുതിരപ്പടയാളികളെയും മുഗൾ പക്ഷത്തേക്ക് ആകർഷിക്കുന്നതിൽ ജയ് സിംഗ് വിജയിച്ചു. 1665-ൻ്റെ മധ്യത്തോടെ, പുരന്ദറിലെ കോട്ട ഉപരോധിക്കുകയും പിടിച്ചടക്കുകയും ചെയ്തതോടെ, ജയ് സിങ്ങുമായി ഒത്തുതീർപ്പിലെത്തുവാൻ ശിവാജി നിർബന്ധിതനായി.[37]

1665 ജൂൺ 11-ന് ശിവാജിയും ജയ് സിംഗും ഒപ്പുവെച്ച പുരന്ദർ ഉടമ്പടിയിൽ, ശിവാജി തൻ്റെ 23 കോട്ടകൾ വിട്ടുകൊടുക്കാനും 12 കോട്ടകൾ തനിക്കായി നിലനിർത്താനും മുഗളർക്ക് 400,000 സ്വർണ്ണ ഹുൺ നഷ്ടപരിഹാരം നൽകാനും സമ്മതിച്ചു. മുഗൾ സാമ്രാജ്യത്തിൻ്റെ സാമന്തനായി ഭരിക്കാനും തൻ്റെ മകൻ സംഭാജിയെ മുഗൾ മൻസബ്ദാർ പദവി നൽകി 5,000 കുതിരപ്പടയാളികളോടൊപ്പം ഡെക്കാണിലെ മുഗളർക്കുവേണ്ടി പോരാടാൻ അയക്കാനും ശിവജി സമ്മതിച്ചു.[38][39]

ആഗ്രയിലെ തടവിൽ നിന്നും രക്ഷപെടൽ

[തിരുത്തുക]
ശിവാജി, ഔറംഗസേബിന്റെ സഭയിൽ

1666-ൽ, ഔറംഗസേബ് തൻ്റെ ഒമ്പത് വയസ്സുള്ള മകൻ സംഭാജിയോടൊപ്പം ശിവജിയെ ആഗ്രയിലേക്ക് വിളിപ്പിച്ചു. മുഗൾ സാമ്രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ അതിർത്തി ഏകീകരിക്കാൻ ശിവജിയെ ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ള കാണ്ഡഹാറിലേക്ക് അയയ്ക്കാൻ ഔറംഗസേബ് പദ്ധതിയിട്ടു. എന്നിരുന്നാലും, 1666 മേയ് 12-ന്, ഔറംഗസേബ്, തന്റെ സദസ്സിൽ ശിവാജിയെ താരതമ്യേന താഴ്ന്ന റാങ്കിലുള്ള, അദ്ദേഹം മുൻപ് യുദ്ധത്തിൽ തോൽപിച്ചിട്ടുള്ള പ്രഭുക്കന്മാരോടൊപ്പം നിർത്തി.[40] ഇതിൽ പ്രകോപിതനായി പുറത്തേക്ക് നടന്ന ശിവാജിയെ ഔറംഗസേബ് ഉടൻ തന്നെ വീട്ടുതടങ്കലിലാക്കി. ജയ് സിങ്ങിൻ്റെ മകൻ രാം സിംഗ്, ശിവാജിയുടെയും മകൻ്റെയും സംരക്ഷണം ഉറപ്പ് വരുത്തി.[41]

ശിവാജിയെ വധിക്കണോ അതോ സാമന്തനായി തുടരാൻ അനുവദിക്കണോ എന്ന് ഔറംഗസേബിൻ്റെ സഭ ചർച്ച ചെയ്തു. വീട്ടുതടങ്കലിലായിരുന്ന ശിവജിയുടെ നില അപകടകരമായിരുന്നു. ശിവാജിയുടെ സുരക്ഷയെക്കുറിച്ച് ഉറപ്പ് നൽകിയിരുന്ന ജയ് സിംഗ് അതിനായി ഔറംഗസേബിനെ സ്വാധീനിക്കുവാൻ ശ്രമിച്ചു. അതിനിടെ തടവിൽ നിന്നും രക്ഷപെടുവാൻ ശിവാജി ഒരു പദ്ധതി തയ്യാറാക്കി. അദ്ദേഹം തൻ്റെ മിക്ക ആളുകളെയും വീട്ടിലേക്ക് തിരിച്ചയക്കുകയും തൻ്റെയും മകൻ്റെയും സുരക്ഷിതമായ സംരക്ഷണത്തിനായി ചക്രവർത്തിക്ക് നൽകിയ ഉറപ്പ് പിൻവലിക്കാൻ രാം സിംഗിനോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം മുഗൾ സൈന്യത്തിന് കീഴടങ്ങി.[42][43] തുടർന്ന് ശിവാജി രോഗിയാണെന്ന് നടിക്കുകയും ബ്രാഹ്മണർക്കും ദരിദ്രർക്കും പ്രായശ്ചിത്തമായി നൽകുന്നതിനായി എന്ന വ്യാജേന മധുരപലഹാരങ്ങൾ നിറച്ച വലിയ കൊട്ടകൾ പുറത്തേക്ക് അയക്കുവാനും തുടങ്ങി.[44][45][46] 1666 ആഗസ്റ്റ് 17-ന് സ്വയം ഒരു കൊട്ടയിലും മകൻ സംഭാജിയെ മറ്റൊരു കൊട്ടയിലും കയറ്റി ശിവാജി തടവിൽ നിന്നും രക്ഷപ്പെട്ടു.[47][48][49][b]

മുഗളാരുമായി സഹകരണത്തിൽ

[തിരുത്തുക]

ആഗ്രയിൽ നിന്നും രക്ഷപ്പെട്ടതിനുശേഷം ശിവാജിയും മുഗളന്മാരുമായുള്ള ശത്രുത കുറഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ജയ് സിംഗ് ഇടനിലക്കാരനായി നിന്നു.[51] 1666 നും 1668 നും ഇടയിൽ ഔറംഗസേബ് ശിവാജിക്ക് രാജപദവി നൽകി. 5,000 കുതിരകളുള്ള മുഗൾ മൻസബ്ദാറായി സംഭാജി വീണ്ടും നിയമിക്കപ്പെട്ടു. ഔറംഗബാദിലെ മുഗൾ വൈസ്രോയിയായ മുഅസ്സം രാജകുമാരനെ സഹായിക്കാൻ ഈ കാലത്ത് ശിവാജി സാംഭാജിയെ ജനറൽ പ്രതാപ്റാവു ഗുജ്ജാറിനൊപ്പം അയച്ചു. വരുമാന ശേഖരണത്തിനായി സംഭാജിക്ക് ബെരാറിലെ പ്രദേശവും അനുവദിച്ചു.[52] ക്ഷയിച്ചുകൊണ്ടിരുന്ന ആദിൽ ഷാഹി രാജവംശം ഭരിച്ച ബീജാപൂർ ആക്രമിക്കാൻ ഔറംഗസേബ് ശിവാജിയെ അനുവദിച്ചു. ദുർബലനായ സുൽത്താൻ അലി ആദിൽ ഷാ രണ്ടാമൻ സമാധാനത്തിനുവേണ്ടി അപേക്ഷിക്കുകയും ശിവാജിക്ക് സർദേശ്മുഖിയുടെയും ചൗഥായിയുടെയും (ഭരണത്തിനും നികുതിപിരിവിനുമുള്ള) അവകാശങ്ങൾ അനുവദിച്ചു നൽകുകയും ചെയ്തു.[53]

വീണ്ടും സംഘർഷത്തിൽ

[തിരുത്തുക]

ശിവാജിയും മുഗളന്മാരും തമ്മിലുള്ള സമാധാനം 1670 വരെ നിലനിന്നിരുന്നു. എന്നാൽ ശിവാജിയും മുഅസ്സം രാജകുമാരനും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ഔറംഗസേബ് സംശയാലുവായി. ശിവാജിയുടെ സഹായത്തോടെ മുഅസ്സം തന്റെ സിംഹാസനം തട്ടിയെടുക്കുമെന്ന് ഔറംഗസേബ് കരുതി. ഒരുപക്ഷേ ശിവാജിയിൽ നിന്നും മുഅസ്സം കൈക്കൂലി വാങ്ങുകപോലും ചെയ്‌തിരിക്കാം എന്ന് അദ്ദേഹം വിശ്വസിച്ചു.[54][55] അക്കാലത്ത്, അഫ്ഗാനികളോട് യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ഔറംഗസീബ്, ഡെക്കാണിലെ തന്റെ സൈന്യത്തെ വളരെയധികം കുറച്ചു. പിരിച്ചുവിട്ട പല സൈനികരും പെട്ടെന്ന് തന്നെ മറാഠാ സൈന്യത്തിൽ ചേർന്നു.[56] ഏതാനും വർഷങ്ങൾക്ക് മുമ്പ് ശിവജിക്ക് കടം നൽകിയ പണം തിരിച്ചുപിടിക്കാൻ മുഗളന്മാർ ബെരാർ പ്രദേശത്തിന്റെ ജാഗിർ അധികാരം ശിവജിയിൽ നിന്ന് തിരിച്ചെടുത്തു.[57] ഇതിൽ കുപിതനായ ശിവാജി മുഗളർക്കെതിരെ ഒരു ആക്രമണം നടത്തുകയും നാല് മാസത്തിനുള്ളിൽ അവർക്ക് കീഴടങ്ങിയ ഭൂപ്രദേശങ്ങളുടെ ഭൂരിഭാഗവും വീണ്ടെടുക്കുകയും ചെയ്തു.[58]

1670-ൽ ശിവാജി രണ്ടാമതും സൂറത്ത് കീഴടക്കി. ഇംഗ്ലീഷ്, ഡച്ച് ഫാക്ടറികൾക്ക് അദ്ദേഹത്തിന്റെ ആക്രമണത്തെ ചെറുക്കാൻ കഴിഞ്ഞു. പക്ഷേ മക്കയിൽ നിന്ന് മടങ്ങുകയായിരുന്ന മവാര-ഉൻ-നഹറിൽ നിന്നുള്ള ഒരു മുസ്ലീം രാജകുമാരന്റെ സാധനങ്ങളും സൂറത്ത് നഗരവും അദ്ദേഹം കൊള്ളയടിച്ചു. പുതിയ ആക്രമണങ്ങളിൽ രോഷാകുലരായ മുഗളർ വീണ്ടും മറാഠകളുമായി ശത്രുതയിലായി. സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ ശിവാജിയെ തടയാൻ ദൗദ് ഖാന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു. ഇന്നത്തെ നാസിക്കിനടുത്തുള്ള വാണി-ഡിൻഡോരി യുദ്ധത്തിൽ ഈ സൈന്യം പരാജയപ്പെട്ടു.[59]

1670 ഒക്ടോബറിൽ, തനിക്ക് യുദ്ധസാമഗ്രികൾ വിൽക്കാൻ വിസമ്മതിച്ച ഇംഗ്ലീഷുകാരെ ആക്രമിക്കാൻ ശിവജി തന്റെ സൈന്യത്തെ ബോംബെയിലേക്ക് അയച്ചു. ഇംഗ്ലീഷുകാർക്ക് വേണ്ടി മരം മുറിക്കുന്ന സംഘത്തെ ബോംബെ വിടുന്നത്വിടുവാൻ ഈ സൈന്യം അനുവദിച്ചില്ല. 1671 സെപ്തംബറിൽ, ശിവാജി വീണ്ടും ഒരു അംബാസഡറെ ബോംബെയിലേക്ക് അയച്ചു. ദണ്ഡ-രാജ്പുരിക്കെതിരായ യുദ്ധത്തിനാവശ്യമായ സാമഗ്രികൾക്ക് വേണ്ടിയായിരുന്നു ഈ നീക്കം. ഈ യുദ്ധത്തിൽ നിന്നും ശിവാജിക്ക് ലഭിക്കാവുന്ന നേട്ടങ്ങളിൽ ഇംഗ്ലീഷുകാർക്ക് അതൃപ്തരായിരുന്നു. എന്നാൽ രാജാപൂരിലെ അവരുടെ ഫാക്ടറികൾ കൊള്ളയടിച്ചതിന് നഷ്ടപരിഹാരം ലഭിക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താൻ അവർ ആഗ്രഹിച്ചില്ല. ഇംഗ്ലീഷുകാർ ലെഫ്റ്റനന്റ് സ്റ്റീഫൻ ഉസ്റ്റിക്കിനെ ശിവാജിയുമായി ഒരു ഉടമ്പടി ഉണ്ടാക്കുവാൻ അയച്ചു. എന്നാൽ രാജാപൂർ നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടു. 1674-ലെ ആയുധ ഇടപാടിനെ കുറിച്ചുള്ള തർക്കങ്ങളിൽ, വരും വർഷങ്ങളിൽ നിരവധി ദൂതന്മാർ മുഖേന ആശയവിനിമയങ്ങൾ തുടർന്നുവെങ്കിലും തന്റെ മരണം വരെയും ശിവാജി രാജാപൂർ ആക്രമണത്തിന് നഷ്ടപരിഹാരം നൽകില്ല. 1682 അവസാനത്തോടെ രാജപ്പൂർ ഫാക്ടറിയുടെ പ്രവർത്തനം നിർത്തലാക്കി.[60]

ഉംറാണി, നേസരി യുദ്ധങ്ങൾ

[തിരുത്തുക]

1674-ൽ, ബീജാപുരി ജനറലായ ബഹ്‌ലോൽ ഖാന്റെ നേതൃത്വത്തിലുള്ള അധിനിവേശ സേനയെ പിന്തിരിപ്പിക്കാൻ സർനൗബത്ത് (മറാഠ സേനയുടെ കമാൻഡർ-ഇൻ-ചീഫ്) ആയ പ്രതാപ്റാവു ഗുജർ, ആനന്ദ് റാവു എന്നിവരെ ശിവാജി അയച്ചു. തന്ത്രപ്രധാനമായ ഒരു തടാകം വളഞ്ഞ മറാഠാ സൈന്യം ബിജാപ്പൂർ സൈന്യത്തിന്റെ ജലവിതരണം വിച്ഛേദിച്ചു. ഇതേത്തുടർന്ന് ബഹ്‌ലോൽ ഖാൻ സന്ധിക്കായി അപേക്ഷിക്കാൻ നിർബന്ധിതനായി. ശിവാജിയുടെ ശക്തമായ താക്കീത് അവഗണിച്ചുകൊണ്ട് ബഹ്‌ലോൽ ഖാനെ പ്രതാപറാവു മോചിപ്പിച്ചു. മോചിതനായ ബഹ്‌ലോൽ ഖാൻ വീണ്ടൂം ആക്രമണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.[61]

ശിവാജി പ്രതാപ്റാവുവിന് അയച്ച ഒരു കത്തിലൂടെ ബഹ്‌ലോൽ ഖാനെ മോചിപ്പിച്ചതിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ബഹ്‌ലോൽ ഖാനെ വീണ്ടും പിടിക്കുന്നതുവരെ തന്നെ കാണരുത് എന്ന് ശാസിക്കുകയും ചെയ്തു. ഇതിൽ അസ്വസ്ഥനായ പ്രതാപറാവു ബഹ്‌ലോൽ ഖാനെ തേടി കണ്ടെത്തുകയും തന്റെ പ്രധാന സേനയെ ഉപേക്ഷിച്ച് ആറ് കുതിരപ്പടയാളികൾ മാത്രമുള്ള ഒരു സംഘവുമായി ആക്രമിക്കുകയും, പോരാട്ടത്തിൽ കൊല്ലപ്പെടുകയും ചെയ്തു. പ്രതാപ്റാവുവിന്റെ മരണവാർത്ത കേട്ട് ശിവാജി അതീവ ദുഃഖിതനായി. പ്രായശ്ചിത്തമെന്ന നിലയിൽ തന്റെ രണ്ടാമത്തെ മകൻ രാജാറാമും പ്രതാപറാവുവിന്റെ മകളുമായുള്ള വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. പ്രതാപാവുവിന്റെ പിൻഗാമിയായി ഹംബീറാവു മൊഹിതെ പുതിയ സർനൗബത്തായി.

മറാഠാ രാജ്യത്തിൻ്റെ തലസ്ഥാനമായി ഹിരോജി ഇന്ദുൽക്കർ റായ്ഗഡ് കോട്ട നിർമ്മിച്ചു.[62]

കിരീടധാരണം

[തിരുത്തുക]
റായ്ഗഡ് കോട്ടയിലെ ശിവാജി പ്രതിമ

ശിവാജി തന്റെ സൈനികനീക്കങ്ങളിലൂടെ വിശാലമായ ഒരു പ്രദേശം തന്റെ അധീനതയിൽ ആക്കുകയും വിപുലമായ സ്വത്ത് സമ്പാദിക്കുകയും ചെയ്തു. എന്നാൽ ഔപചാരികമായ രാജപദവി ഇല്ലാതിരുന്നതിനാൽ, അദ്ദേഹം സാങ്കേതികമായി മുഗൾ ജമീന്ദറോ ബീജാപുരി ജാഗിർദാറിന്റെ മകനോ മാത്രമായിരുന്നു. തൻറെ സ്വാധീനപ്രദേശം ഭരിക്കാൻ നിയമപരമായ അടിസ്ഥാനം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഔദ്യോഗികമായ ഒരു രാജപദവി ഉണ്ടെങ്കിൽ ഈ പ്രശ്നം ഇല്ലാതാക്കാമെന്നും തനിക്ക് തുല്യരായ മറ്റ് മറാഠാ നേതാക്കളുടെ വെല്ലുവിളികൾ തടയാൻ കഴിയുമെന്നും ശിവാജി കണക്കുകൂട്ടി. ഈ പദവിയിലൂടെ, കാലങ്ങളായി ഇസ്ലാമികഭരണത്തിൽ കീഴിലായിരുന്ന മറാഠകൾക്ക് ഒരു ഹിന്ദു പരമാധികാരിയെയും ലഭിക്കും.[63]


1673-ൽ ഒരു നിർദിഷ്ട കിരീടധാരണത്തിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചുവെങ്കിലും ചില വിവാദങ്ങൾ മൂലം കിരീടധാരണം ഏതാണ്ട് ഒരു വർഷത്തോളം വൈകി. ശിവാജിയുടെ കൊട്ടാരത്തിലെ ബ്രാഹ്മണർ ശിവാജിയെ രാജാവായി കിരീടധാരണം ചെയ്യാൻ വിസമ്മതിച്ചു. കാരണം ആ പദവി ഹിന്ദു സമൂഹത്തിലെ ക്ഷത്രിയ വർണ്ണത്തിൽ ജനിച്ചവർക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു.[64] കർഷക ഗ്രാമങ്ങളിലെ ഗ്രാമത്തലവൻമാരുടെ ഒരു വംശപരമ്പരയിൽ നിന്നാണ് ശിവജി വന്നത്. അതനുസരിച്ച് അദ്ദേവം ക്ഷത്രിയനല്ല, മറാഠയാണെന്ന് ബ്രാഹ്മണർ വാദിച്ചു.[65][66] ശിവാജി ഒരിക്കലും ഒരു ഉപനയനം കഴിച്ചിട്ടില്ലെന്നും ഒരു ക്ഷത്രിയൻ ധരിക്കുന്നത് പോലെയുള്ള പൂണൂൽ ധരിച്ചിരുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു.[67] തുടർന്ന് ശിവാജി വാരണാസിയിലെ പണ്ഡിറ്റായ ഗാഗാ ഭട്ടിനെ വിളിച്ചുവരുത്തി. ശിവാജി സിസോദിയകളുടെ വംശപരമ്പരയാണെന്ന് തെളിയിക്കുന്ന ഒരു വംശാവലി താൻ കണ്ടെത്തിയെന്നും അങ്ങനെ തന്റെ പദവിക്ക് യോജിച്ച ചടങ്ങുകൾ ആവശ്യമാണെങ്കിലും ശിവാജി ക്ഷത്രിയനാണെന്നും ഗാഗാ ഭട്ട് പ്രസ്താവിച്ചു. ഈ പദവി നടപ്പിലാക്കുന്നതിനായി, ശിവാജി ഉപനയനം കഴിക്കുകയും തന്റെ ഭാര്യമാരെ ക്ഷത്രിയാചാരപ്രകാരം പുനർവിവാഹം ചെയ്യുകയും ചെയ്തു.[68][69] എന്നിരുന്നാലും, ശിവാജിയുടെ രജപുത്രനാണെന്ന അവകാശവാദത്തിന് ചരിത്രപരമായ തെളിവുകൾ യാതൊന്നുമില്ല.[70]

മെയ് 28 ന്, ശിവാജി താനും തന്റെ പൂർവ്വികരും ഇത്രയും കാലം ക്ഷത്രിയ ആചാരങ്ങൾ പാലിക്കാത്തതിന് പ്രായശ്ചിത്തം ചെയ്തു.[71] തന്റെ ഭാരത്തിന് തുല്യമായ സ്വർണ്ണം, വെള്ളി തുടങ്ങിയ ഏഴ് ലോഹങ്ങൾ, കൂടാതെ ലിനൻ, കർപ്പൂരം, ഉപ്പ്, പഞ്ചസാര തുടങ്ങിയ മറ്റ് നിരവധി വസ്തുക്കൾ ഒക്കെയും ഒരു ലക്ഷം ഹൂണിനൊപ്പം ബ്രാഹ്മണർക്ക് വിതരണം ചെയ്തു. ശിവാജി തന്റെ പടയോട്ടങ്ങൾ നടത്തുമ്പോൾ ബ്രാഹ്മണരെയും പശുക്കളെയും സ്ത്രീകളെയും കുട്ടികളെയും കൊന്നിരുന്നു എന്ന് രണ്ട് പണ്ഡിത ബ്രാഹ്മണർ ചൂണ്ടിക്കാണിക്കുകയും, ഈ പാപങ്ങളിൽ നിന്ന് തന്നെ ശുദ്ധീകരിക്കാനായി ശിവാജി 8,000 രൂപ നൽകുകയും ചെയ്തു. സമ്മേളനം, പൊതു ദാനധർമ്മം, സിംഹാസനം, ആഭരണങ്ങൾ എന്നിവയടക്കം കിരീടധാരണത്തിന്റെ മൊത്തം ചെലവ് 1.5 ദശലക്ഷം രൂപയോളമെത്തി.[72]

1674 ജൂൺ 6-ന്, റായ്ഗഡ് കോട്ടയിൽ വെച്ച് നടന്ന ആഡംബര ചടങ്ങിൽ മറാഠാ സാമ്രാജ്യത്തിൻ്റെ (ഹൈന്ദവി സ്വരാജ്) രാജാവായി ശിവജിയെ കിരീടധാരണം ചെയ്തു.[73][74]ഹിന്ദു കലണ്ടറിൽ ഇത് 1596-ലെ ജ്യേഷ്ഠ മാസത്തിലെ ആദ്യ പക്ഷത്തിലെ 13-ാം ദിവസമായിരുന്നു (ത്രയോദശി). യമുന, സിന്ധു, ഗംഗ, ഗോദാവരി, നർമ്മദ, കൃഷ്ണ, കാവേരി എന്നീ ഏഴ് പുണ്യനദികളിലെ ജലം നിറച്ച ഒരു സ്വർണ്ണ പാത്രത്തിൽ നിന്ന് ശിവജിയുടെ ശിരസ്സിലേക്ക് ഒഴിക്കുകയും വേദ കിരീടധാരണ മന്ത്രങ്ങൾ ജപിക്കുകയും ചെയ്തുകൊണ്ട് ഗാഗാ ഭട്ട് ചടങ്ങ് നിർവ്വഹിച്ചു. ശുദ്ധീകരണത്തിനുശേഷം, ശിവാജി തൻ്റെ അമ്മ ജീജാബായിയെ വണങ്ങി, അവരുടെ പാദങ്ങളിൽ തൊട്ടു വന്ദിച്ചു. ചടങ്ങുകൾക്കായി ഏകദേശം അമ്പതിനായിരത്തോളം ആളുകൾ റായ്ഗഡിൽ ഒത്തുകൂടി. ശിവജിക്ക് ശകകർത്താ (ഒരു യുഗത്തിൻ്റെ സ്ഥാപകൻ), ഛത്രപതി എന്നും പേരിട്ടു. ഹൈന്ദവ ധർമ്മോദ്ധാരക്(ഹിന്ദു വിശ്വാസത്തിൻ്റെ സംരക്ഷകൻ)[75] , ക്ഷത്രിയ കുലവന്ത എന്ന സ്ഥാനപ്പേരും അദ്ദേഹം സ്വീകരിച്ചു.

ശിവാജിയുടെ അമ്മ 1674 ജൂൺ 18-ന് മരിച്ചു. തുടർന്ന് നിശ്ചൽ പുരി ഗോസ്വാമി എന്ന തന്ത്രി പുരോഹിതൻ വിളിച്ചുവരുത്തപ്പെട്ടു. യഥാർത്ഥ കിരീടധാരണം അശുഭകരമായ നക്ഷത്രങ്ങളിലാണ് നടന്നതെന്നും രണ്ടാമത് ഒരു കിരീടധാരണം കൂടി ആവശ്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 1674 സെപ്‌റ്റംബർ 24-ന് നടന്ന ഈ രണ്ടാം കിരീടധാരണം, വിവാദങ്ങളില്ലാത്ത ഒരു ചടങ്ങായിരുന്നു.[76][77][78]

ദക്ഷിണേന്ത്യയിലേക്കുള്ള പടനീക്കങ്ങൾ

[തിരുത്തുക]

1674 മുതൽ, മറാഠകൾ ഖാന്ദേശ് (ഒക്‌ടോബർ 1674), ബീജാപുരി പോണ്ട (ഏപ്രിൽ 1675), കാർവാർ (വർഷത്തിന്റെ മധ്യത്തിൽ), കോലാപ്പൂർ (ജൂലൈ) എന്നിവ പിടിച്ചടക്കി. നവംബറിൽ, മറാഠാ നാവികസേന ജഞ്ജീറയിലെ സിദ്ദികളുമായി ഏറ്റുമുട്ടി. പക്ഷേ അവരെ പുറത്താക്കുന്നതിൽ പരാജയപ്പെട്ടു.[79] കുറച്ചുനാൾ രോഗഗ്രസ്തനായിരുന്ന ശിവാജി ആരോഗ്യം വീണ്ടെടുത്തു. ഡെക്കാനികളും അഫ്ഗാനികളും തമ്മിൽ ബീജാപൂരിൽ പൊട്ടിപ്പുറപ്പെട്ട ഒരു ആഭ്യന്തരയുദ്ധം മുതലെടുത്ത ശിവാജി 1676 ഏപ്രിലിൽ, ഇന്നത്തെ ബെലഗാവി ജില്ലയിലെ അഥനിയിൽ ആക്രമണം നടത്തി.

തന്റെ ദക്ഷിണേന്ത്യയിലേക്കുള്ള സൈനികനീക്കത്തിന്റെ മുന്നോടിയായി, ദക്ഷിണേന്ത്യ പുറത്തുനിന്നുള്ളവരിൽ നിന്ന് സംരക്ഷിക്കപ്പെടേണ്ട മാതൃഭൂമിയാണെന്ന് ദേശസ്‌നേഹത്തിന്റെ ഭാഷയിൽ ശിവജി അഭ്യർത്ഥിച്ചു.[80][81] അദ്ദേഹത്തിന്റെ ഈ അഭ്യർത്ഥന ഒരു പരിധിവരെ വിജയിച്ചു. 1677-ൽ ശിവാജി ഒരു മാസക്കാലം ഹൈദരാബാദ് സന്ദർശിക്കുകയും ഗോൽകൊണ്ട സുൽത്താൻ ഖുതുബ്ഷായുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു. ഈ ഉടമ്പടിപ്രകാരം ബീജാപൂരുമായുള്ള സഖ്യം ഉപേക്ഷിക്കാനും മുഗളന്മാരെ സംയുക്തമായി എതിർക്കാനും ഖുതുബ്ഷാ സമ്മതിച്ചു. 1677-ൽ ശിവാജി 30,000 കുതിരപ്പടയാളികളോടും 40,000 കാലാൾപ്പടയോടും കൂടി കർണാടക ആക്രമിച്ചു. ഗോൽകൊണ്ടയുടെ പീരങ്കികളും ധനസഹായവും ശിവാജിക്കുണ്ടായിരുന്നു. തെക്കോട്ട് നീങ്ങിയ ശിവാജി വെല്ലൂരിലെയും ജിങ്കിയിലെയും കോട്ടകൾ പിടിച്ചെടുത്തു.[82] ജിങ്കിയിലെ കോട്ട പിന്നീട്, ശിവാജിയുടെ മകൻ രാജാറാം ഒന്നാമന്റെ ഭരണകാലത്ത്, മറാഠികളുടെ തലസ്ഥാനമായിരുന്നു.[83]

ഷഹാജിക്ക് ശേഷം തഞ്ചാവൂർ ഭരിച്ചിരുന്ന തന്റെ അർദ്ധസഹോദരൻ വെങ്കോജിയുമായി (ഏകോജി ഒന്നാമൻ) അനുരഞ്ജനം നടത്താൻ ശിവാജി തീരുമാനിച്ചു. എന്നാൽ തുടക്കത്തിൽ ഈ ചർച്ചകൾ വിജയിച്ചില്ല. അതിനാൽ റായ്‌ഗഡിലേക്ക് മടങ്ങിയെത്തിയ ശിവാജി 1677 നവംബർ 26-ന് വെങ്കോജിയുടെ സൈന്യത്തെ പരാജയപ്പെടുത്തി മൈസൂർ പീഠഭൂമിയിലെ അദ്ദേഹത്തിന്റെ ഭൂരിഭാഗം സ്വത്തുക്കളും പിടിച്ചെടുത്തു. വെങ്കോജിയുടെ ഭാര്യ ദീപാ ബായിയോട് ശിവാജിക്ക് വളരെ ബഹുമാനമായിരുന്നു. ശിവാജിയുമായി പുതിയ ചർച്ചകൾ നടത്തുവാനും തന്റെ മുസ്ലീം ഉപദേശകരിൽ നിന്ന് അകന്നുനിൽക്കാനും അവർ ഭർത്താവിനെ പ്രേരിപ്പിച്ചു. ഒടുവിൽ, ശിവാജി താൻ പിടിച്ചെടുത്ത പല സ്വത്തുക്കളും ദീപാ ബായിക്കും അവരുടെ പിൻഗാമികൾക്കും കൈമാറാൻ സമ്മതിച്ചു. പ്രദേശങ്ങളുടെ ശരിയായ ഭരണത്തിനും ഷഹാജിയുടെ സമാധിയുടെ പരിപാലനത്തിനും ശിവാജി നിർദ്ദേശിച്ച നിരവധി നിബന്ധനകൾക്ക് വെങ്കോജി സമ്മതം നൽകി.[84][85]

1680 ഏപ്രിൽ 3 മുതൽ 5 വരെയുള്ള തീയതികളിൽ ഒരു ദിവസം, തന്റെ 50-ആം വയസ്സിൽ[86] ഹനുമാൻ ജയന്തിയുടെ ദിവസം ശിവാജി അന്തരിച്ചു. ശിവജിയുടെ മരണകാരണം എന്തായിരുന്നുവെന്നതിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ബ്രിട്ടീഷ് രേഖകൾ പറയുന്നത്, ശിവാജി 12 ദിവസത്തോളം അസുഖം ബാധിച്ച് അതിസാരം മൂലമാണ് മരിച്ചത് എന്നാണ്. പോർച്ചുഗീസ് ഭാഷയിലുള്ള അക്കാലത്തെ Biblioteca Nacional de Lisboa എന്ന കൃതിയിൽ ശിവാജിയുടെ മരണകാരണം ആന്ത്രാക്സ് ആണ്.[87][88] എന്നിരുന്നാലും, ശിവാജിയുടെ ജീവചരിത്രമായ സഭാസദ് ബഖാറിന്റെ രചയിതാവായ കൃഷ്ണാജി അനന്ത് സഭാസദ് മരണകാരണമായി പരാമർശിച്ചിരിക്കുന്നത് പനി ആണ്. തന്റെ 10 വയസ്സുള്ള മകൻ രാജാറാമിനെ സിംഹാസനത്തിൽ ഇരുത്താനായി അദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യ സോയരാബായി ശിവാജിയെ വിഷം കൊടുത്ത് കൊന്നുവെന്ന് പിൽക്കാല പണ്ഡിതന്മാർ സംശയിച്ചിരുന്നു.[89]

ശിവാജിയുടെ ജീവിച്ചിരിക്കുന്ന ഭാര്യമാരിൽ കുട്ടികളില്ലാത്ത മൂത്തവളായ പുത്‌ലാബായി അദ്ദേഹത്തിൻ്റെ ചിതയിൽ ചാടി സതി അനുഷ്ഠിച്ചു. ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളിയായ സക്വർബായിക്ക് ഒരു ചെറിയ മകൾ ഉള്ളതിനാൽ അവരെ സതി അനുഷ്ഠിക്കാൻ അനുവദിച്ചില്ല.

അവലംബം

[തിരുത്തുക]
  1. Bhawan Singh Rana. Chhatrapati Shivaji. p. 18. ISBN 8128808265.
  2. Raṇajita Desāī & V. D. Katamble. Shivaji the Great. p. 193. ISBN 8190200003.
  3. 3.0 3.1 Robb 2011, പുറങ്ങൾ. 103–104.
  4. Sarkar, Jadunath (1952). Shivaji and his times (5th ed.). Hyderabad: Orient Blackswan Private Limited. p. 19. ISBN 978-8125040262.
  5. Gordon 2007, പുറം. 61.
  6. Mahajan, V. D. (2000). India since 1526 (17th ed., rev. & enl ed.). New Delhi: S. Chand. p. 198. ISBN 81-219-1145-1. OCLC 956763986.
  7. Gordon 1993, പുറം. 61.
  8. Kulkarni, A.R., 1990. Maratha Policy Towards the Adil Shahi Kingdom. Bulletin of the Deccan College Research Institute, 49, pp. 221–226.
  9. Eaton, Richard M. (2019). India in the Persianate Age: 1000–1765 (in ഇംഗ്ലീഷ്). Penguin UK. p. 198. ISBN 978-0-14-196655-7.
  10. Gordon 1993, പുറം. 69.
  11. Gordon 1993, പുറം. 58.
  12. John F. Richards (1995). The Mughal Empire. Cambridge University Press. pp. 208–. ISBN 978-0-521-56603-2.
  13. Eaton, The Sufis of Bijapur 2015, പുറങ്ങൾ. 183–184.
  14. Roy, Kaushik (2012). Hinduism and the Ethics of Warfare in South Asia: From Antiquity to the Present (in ഇംഗ്ലീഷ്). Cambridge University Press. p. 202. ISBN 978-1-139-57684-0.
  15. Abraham Eraly (2000). Last Spring: The Lives and Times of Great Mughals. Penguin Books Limited. p. 550. ISBN 978-93-5118-128-6.
  16. Kaushik Roy (2012). Hinduism and the Ethics of Warfare in South Asia: From Antiquity to the Present. Cambridge University Press. pp. 202–. ISBN 978-1-139-57684-0.
  17. Gier, The Origins of Religious Violence 2014, പുറം. 17.
  18. Kulkarni, A. R. (2008). The Marathas (in ഇംഗ്ലീഷ്). Diamond Publications. ISBN 978-81-8483-073-6.
  19. Haig & Burn, The Mughal Period 1960.
  20. 20.0 20.1 Sarkar, Shivaji and His Times 1920, പുറം. 75.
  21. Sarkar, Shivaji and His Times 1920, പുറം. 78.
  22. Sarkar, Shivaji and His Times 1920, പുറം. 266.
  23. Farooqui, A Comprehensive History of Medieval India 2011, പുറം. 283.
  24. Sardesai 1957.
  25. 25.0 25.1 Shripad Dattatraya Kulkarni (1992). The Struggle for Hindu supremacy. Shri Bhagavan Vedavyasa Itihasa Samshodhana Mandira (Bhishma). p. 90. ISBN 978-81-900113-5-8.
  26. Sarkar, Shivaji and His Times 1920, പുറങ്ങൾ. 55–56.
  27. S.R. Sharma (1999). Mughal empire in India: a systematic study including source material, Volume 2. Atlantic Publishers & Dist. p. 59. ISBN 978-81-7156-818-5.
  28. Sarkar, Shivaji and His Times 1920, പുറം. 57.
  29. Sarkar, Shivaji and His Times 1920, പുറം. 60.
  30. Indian Historical Records Commission: Proceedings of Meetings. Superintendent Government Printing, India. 1929. p. 44.
  31. Aanand Aadeesh (2011). Shivaji the Great Liberator. Prabhat Prakashan. p. 69. ISBN 978-81-8430-102-1.
  32. Gordon 2007, പുറം. 71.
  33. Richards, John F. (1993). The Mughal Empire (in ഇംഗ്ലീഷ്). Cambridge University Press. p. 209. ISBN 978-0-521-56603-2.
  34. Mehta 2005, പുറം. 491.
  35. Shejwalkar, T.S. (1942). Bulletin of the Deccan College Post-Graduate and Research Institute. Vol. 4. Vice Chancellor, Deccan College Post-Graduate and Research Institute (Deemed University), Pune. pp. 135–146. JSTOR 42929309. Retrieved 30 August 2022.
  36. "Mega event to mark Karnataka port town Basrur's liberation from Portuguese by Shivaji". New Indian Express. 15 February 2021.
  37. 37.0 37.1 Gordon 1993, പുറങ്ങൾ. 1, 3–4, 50–55, 59, 71–75, 114, 115–125, 133, 138–139
  38. Sarkar, History of Aurangzib 1920, പുറം. 77.
  39. Gordon 1993, പുറം. 74.
  40. Gordon, Stewart (1994). Marathas, Marauders, and State Formation in Eighteenth-century India (in ഇംഗ്ലീഷ്). Oxford University Press. p. 206. ISBN 978-0-19-563386-3.
  41. Jain, Meenakshi (2011). The India They Saw (Vol. 3) (in ഇംഗ്ലീഷ്). Prabhat Prakashan. pp. 299, 300. ISBN 978-81-8430-108-3.
  42. Sarkar, Jadunath (1994). A History of Jaipur: c. 1503–1938 (in ഇംഗ്ലീഷ്). Orient Blackswan. ISBN 978-81-250-0333-5.
  43. Mehta, Jl. Advanced Study in the History of Medieval India (in ഇംഗ്ലീഷ്). Sterling Publishers Pvt. Ltd. p. 547. ISBN 978-81-207-1015-3.
  44. Datta, Nonica (2003). Indian History: Ancient and medieval (in ഇംഗ്ലീഷ്). Encyclopaedia Britannica (India) and Popular Prakashan, Mumbai. p. 263. ISBN 978-81-7991-067-2.
  45. Patel, Sachi K. (2021). Politics and Religion in Eighteenth-Century India: Jaisingh II and the Rise of Public Theology in Gauḍīya Vaiṣṇavism (in ഇംഗ്ലീഷ്). Routledge. p. 40. ISBN 978-1-00-045142-9.
  46. Sabharwal, Gopa (2000). The Indian Millennium, AD 1000–2000 (in ഇംഗ്ലീഷ്). Penguin Books. p. 235. ISBN 978-0-14-029521-4.
  47. Kulkarni, A. R. (2008). The Marathas (in ഇംഗ്ലീഷ്). Diamond Publications. p. 34. ISBN 978-81-8483-073-6.
  48. Gandhi, Rajmohan (2000). Revenge and Reconciliation: Understanding South Asian History (in ഇംഗ്ലീഷ്). Penguin UK. ISBN 978-81-8475-318-9.
  49. SarDesai, D. R. (2018). India: The Definitive History (in ഇംഗ്ലീഷ്). Routledge. ISBN 978-0-429-97950-7.
  50. Kulkarni, A. R. (1996). Marathas And The Maratha Country: Vol. I: Medieval Maharashtra: Vol. II: Medieval Maratha Country: Vol. III: The Marathas (1600–1648) (3 Vols.) (in ഇംഗ്ലീഷ്). Books & Books. p. 70. ISBN 978-81-85016-51-1.
  51. Sarkar, History of Aurangzib 1920, പുറം. 98.
  52. Sarkar, Shivaji and His Times 1920, പുറം. 185.
  53. Gordon 1993, പുറം. 231.
  54. Murlidhar Balkrishna Deopujari (1973). Shivaji and the Maratha Art of War. Vidarbha Samshodhan Mandal. p. 138.
  55. Eraly, Emperors of the Peacock Throne 2000, പുറം. 460.
  56. Eraly, Emperors of the Peacock Throne 2000, പുറം. 461.
  57. Sarkar, History of Aurangzib 1920, പുറങ്ങൾ. 173–174.
  58. Sarkar, History of Aurangzib 1920, പുറം. 175.
  59. Sarkar, History of Aurangzib 1920, പുറം. 189.
  60. Sarkar, Shivaji and His Times 1920, പുറം. 393.
  61. Sarkar, History of Aurangzib 1920, പുറങ്ങൾ. 230–233.
  62. Malavika Vartak (May 1999). "Shivaji Maharaj: Growth of a Symbol". Economic and Political Weekly. 34 (19): 1126–1134. JSTOR 4407933.
  63. Sarkar, Shivaji and His Times 1920, പുറങ്ങൾ. 239–240.
  64. Rajmohan Gandhi (1999). Revenge and Reconciliation. Penguin Books India. pp. 110–. ISBN 978-0-14-029045-5. On the ground that Shivaji was merely a Maratha and not a kshatriya by caste, Maharashtra's Brahmins had refused to conduct a sacred coronation.
  65. Gordon 1993, പുറം. 87-88.
  66. B. S. Baviskar; D. W. Attwood (2013). Inside-Outside: Two Views of Social Change in Rural India. Sage Publications. pp. 395–. ISBN 978-81-321-1865-7.
  67. Gordon 1993, പുറം. 88.
  68. Farooqui, A Comprehensive History of Medieval India 2011, പുറം. 321.
  69. Oliver Godsmark (2018). Citizenship, Community and Democracy in India: From Bombay to Maharashtra, c. 1930–1960. Taylor & Francis. pp. 40–. ISBN 978-1-351-18821-0.
  70. Varma, Supriya; Saberwal, Satish (2005). Traditions in Motion: Religion and Society in History (in ഇംഗ്ലീഷ്). Oxford University Press. p. 250. ISBN 978-0-19-566915-2.
  71. Sarkar, Shivaji and His Times 1920, പുറം. 244.
  72. Sarkar, Shivaji and His Times 1920, പുറം. 252.
  73. Manu S Pillai (2018). Rebel Sultans: The Deccan from Khilji to Shivaji. Juggernaut Books. p. xvi. ISBN 978-93-86228-73-4.
  74. Barua, Pradeep (2005). The State at War in South Asia. University of Nebraska Press. p. 42. ISBN 978-0-8032-1344-9.
  75. Satish Chandra (1982). Medieval India: Society, the Jagirdari Crisis, and the Village. Macmillan. p. 140. ISBN 978-0-333-90396-4.
  76. Ashirbadi Lal Srivastava (1964). The History of India, 1000 A.D.–1707 A.D. Shiva Lal Agarwala. p. 701. Shivaji was obliged to undergo a second coronation ceremony on 4th October 1674, on the suggestion of a well-known Tantrik priest, named Nishchal Puri Goswami, who said that Gaga Bhatta had performed the ceremony at an inauspicious hour and neglected to propitiate the spirits adored in the Tantra. That was why, he said, the queen mother Jija Bai had died within twelve days of the ceremony and similar other mishaps had occurred.
  77. Indian Institute of Public Administration. Maharashtra Regional Branch (1975). Shivaji and swarajya. Orient Longman. p. 61. one to establish that Shivaji belonged to the Kshatriya clan and that he could be crowned a Chhatrapati and the other to show that he was not entitled to the Vedic form of recitations at the time of the coronation
  78. Shripad Rama Sharma (1951). The Making of Modern India: From A.D. 1526 to the Present Day. Orient Longmans. p. 223. The coronation was performed at first according to the Vedic rites, then according to the Tantric. Shivaji was anxious to satisfy all sections of his subjects. There was some doubt about his Kshatriya origin (see note at the end of this chapter). This was of more than academic interest to his contemporaries, especially Brahmans [Brahmins]. Traditionally considered the highest caste in the Hindu social hierarchy. the Brahmans would submit to Shivaji, and officiate at his coronation, only if his
  79. Maharashtra (India) (1967). Maharashtra State Gazetteers: Maratha period. Directorate of Government Printing, Stationery and Publications, Maharashtra State. p. 147.
  80. Gijs Kruijtzer (2009). Xenophobia in Seventeenth-Century India. Amsterdam University Press. pp. 153–190. ISBN 978-90-8728-068-0.
  81. Kulkarni, A. R. (1990). "Maratha Policy Towards the Adil Shahi Kingdom". Bulletin of the Deccan College Research Institute. 49: 221–226. JSTOR 42930290.
  82. Everett Jenkins Jr. (2010). The Muslim Diaspora (Volume 2, 1500–1799): A Comprehensive Chronology of the Spread of Islam in Asia, Africa, Europe and the Americas. McFarland. pp. 201–. ISBN 978-1-4766-0889-1.
  83. Haig & Burn, The Mughal Period 1960, പുറം. 290.
  84. Sardesai 1957, പുറം. 251.
  85. Maya Jayapal (1997). Bangalore: the story of a city. Eastwest Books (Madras). p. 20. ISBN 978-81-86852-09-5. Shivaji's and Ekoji's armies met in battle on 26 November 1677, and Ekoji was defeated. By the treaty he signed, Bangalore and the adjoining areas were given to Shivaji, who then made them over to Ekoji's wife Deepabai to be held by her, with the proviso that Ekoji had to ensure that Shahaji's Memorial was well tended.
  86. Haig & Burn, The Mughal Period 1960, പുറം. 278.
  87. Pissurlencar, Pandurang Sakharam. Portuguese-Mahratta Relations. Maharashtra State Board for Literature and Culture. p. 61.
  88. Mehendale, Gajanan Bhaskar (2011). Shivaji his life and times. India: Param Mitra Publications. p. 1147. ISBN 978-93-80875-17-0. OCLC 801376912.
  89. Truschke 2017, പുറം. 53.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
മുൻഗാമി
new state
Chhatrapati of the
Maratha Empire

1674 – 1680
പിൻഗാമി


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ശിവാജി&oldid=4121265" എന്ന താളിൽനിന്ന് ശേഖരിച്ചത്