Jump to content

കൈതപ്രം ദാമോദരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈതപ്രം ദാമോദരൻ നമ്പൂതിരി
കൈതപ്രം ദാമോദരൻ നമ്പൂതിരി
ജനനം (1950-08-04) 4 ഓഗസ്റ്റ് 1950  (73 വയസ്സ്)
തൊഴിൽകവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, നടൻ
ജീവിതപങ്കാളി(കൾ)ദേവി അന്തർജ്ജനം
കുട്ടികൾദീപാങ്കുരൻ, ദേവദർശൻ
മാതാപിതാക്ക(ൾ)കേശവൻ നമ്പൂതിരി ,അദിതി അന്തർജ്ജനം

കൈതപ്രം കണ്ണാടി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി (കൈതപ്രം എന്നറിയപ്പെടുന്നു) മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ്‌. കർണാടക സംഗീതം അഭ്യസിച്ച ഇദ്ദേഹം നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ദേശാടനം തുടങ്ങി ധാരാളം സിനിമകൾക്ക് ഗാനരചനയും, സംഗീതവും ഇദ്ദേഹം.നിർ‌വ്വഹിച്ചിട്ടുണ്ട്.[1] 2017 ജനുവരിയിൽ ഡി.വൈ.എഫ്.ഐ. നടത്തിയ 'സ്നേഹസംഗമം' എന്ന പരിപാടിയിൽ, തന്റെ പേരിന്റെ കൂടെയുള്ള ജാതിപ്പേര് ഉപേക്ഷിയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കലാരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[2]

ജീവിത രേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്തു കേശവൻ നമ്പൂതിരിയുടെയും(കണ്ണാടി ഭാഗവതർ എന്നറിയപ്പെടുന്നു), അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനായി 1950 ഓഗസ്റ്റ് 4-ന് ജനിച്ചു. അച്ഛൻ കേശവൻ നമ്പൂതിരി ചെമ്പൈയുടെ ശിഷ്യനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം കർണാടക സംഗീതം പഴശ്ശിത്തമ്പുരാൻ‍, കെ പി പണിക്കർ, പൂഞ്ഞാർ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണൻ എന്നിവരുടെ ശിക്ഷണത്തിൽ അഭ്യസിച്ചു. കുറച്ചു കാലം മാതൃഭൂമി ദിനപത്രത്തിൽ പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു.

കൈതപ്രം ദാമോദരൻ നമ്പൂതിരി

കലാജീവിതം[തിരുത്തുക]

എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് 'തിരുവരങ്ങ്' എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970-കളിൽ കവിത-ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ 'നാട്യഗൃഹ'ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ൽ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. 1985-ൽ ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ്‌ കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20-ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

1993-ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996-ൽ ദേശാടനത്തിലൂടെ സംഗീതസംവിധായകനുമായി. 1997-ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി. ഇതിനകം നാനൂറിൽപ്പരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ഇദ്ദേഹം സ്ഥാപിച്ച സ്വാതിതിരുനാൾ കലാകേന്ദ്രം സംഗീതപഠനത്തിനും ഗവേഷണത്തിനുമുളള ഒരു മാതൃകാ സ്ഥാപനമാണ്.[അവലംബം ആവശ്യമാണ്] രോഗശമനത്തിന് സംഗീതചികിത്സ ഫലപ്രദമാണെന്നു തെളിയിക്കാൻ കേരളത്തിലെ നിരവധി ആതുരാലയങ്ങളിൽ ഇദ്ദേഹം സംഗീതപരിപാടികളും ഗവേഷണങ്ങളും നടത്തിവരുന്നു.

നടൻ[തിരുത്തുക]

ശാസ്ത്രീയ സംഗീത വിദഗ്ദ്ധൻ എന്ന വേഷത്തിൽ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച പ്രധാന സിനിമകൾ

കുടുംബം[തിരുത്തുക]

സഹോദരങ്ങൾ കണ്ണാടി വാസുദേവൻ നമ്പൂതിരി (യോഗാചാര്യൻ), പരേതയായ സരസ്വതി, തങ്കം, സംഗീതസംവിധായകൻ പരേതനായ കൈതപ്രം വിശ്വനാഥൻ എന്നിവരാണ്. ഭാര്യ പ്രമുഖ ചലച്ചിത്രനടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൾ ദേവി അന്തർജ്ജനവും, മക്കൾ പിന്നണിഗായകനായ ദീപാങ്കുരൻ, ദേവദർശൻ എന്നിവരുമാണ്. കോഴിക്കോട് തിരുവണ്ണൂർ ദേശത്തിൽ കാരുണ്യം എന്നുപേരിട്ട വീട്ടിലാണ് കൈതപ്രം താമസിക്കുന്നത്.

പ്രധാന കൃതികൾ[തിരുത്തുക]

കവിതാ സമാഹാരങ്ങൾ[തിരുത്തുക]

  • തീച്ചാമുണ്ഡി
  • കൈതപ്രം കവിതകൾ

ലേഖന സമാഹാരം[തിരുത്തുക]

  • സ്നേഹരാമായണം

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സർക്കാറിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം
  • തുളസീവന പുരസ്കാരം-ശാസ്ത്രീയ സംഗീതത്തിലെ ആജീവനാന്ത പ്രവർത്തനത്തിന്‌
  • കുട്ടമത്ത് അവാർഡ്- കവിതയ്ക്ക്
  • പത്മശ്രീ പുരസ്കാരം 2021[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കൈതപ്രം ദാമോദരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കൈതപ്രം_ദാമോദരൻ&oldid=3928146" എന്ന താളിൽനിന്ന് ശേഖരിച്ചത്