തട്ടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary
തട്ടകം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന സമീപപ്രദേശത്തിന് മൊത്തത്തിലുള്ള പേരാണ് തട്ടകം. ക്ഷേത്രങ്ങൾക്കു ചുറ്റുമുള്ള പ്രദേശം, ഉത്സവം നടത്തുന്നവർക്കു നിവസിക്കാനുള്ള സ്ഥലം എന്നീ അർഥങ്ങളാണ് ഈ പദത്തിന് നിഘണ്ടുകാരൻ നല്കിയിരിക്കുന്നത്. ക്രൈസ്തവാരാധനാലയങ്ങളിൽ ഇടവക എന്നു പറയുന്നതിനു സമാനമാണിത്. ക്ഷേത്രാചാരങ്ങൾ അനുഷ്ഠിച്ചു ജീവിക്കുന്നവരും ക്ഷേത്രത്തിലെ കർമങ്ങൾ നടത്തിക്കാനും നടത്താനും അവകാശപ്പെട്ടവരും ജീവിക്കുന്ന ക്ഷേത്രപരിസരമാണ് ഇതെന്നു പറയാം. കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ക്ഷേത്രപ്പറമ്പ്, കോവിൽപ്പറമ്പ് എന്നീ വാക്കുകളാണ് തട്ടകത്തിന്റെ അർഥത്തിൽ ഉപയോഗിച്ചുപോരുന്നത്. വടക്കൻ കേരളത്തിൽ ഈ സങ്കല്പം ദക്ഷിണകേരളത്തെ അപേക്ഷിച്ച് പ്രബലമായി ഇന്നും നിലകൊള്ളുന്നു. ഓരോ ദേവതയുടെയും തട്ടകത്തിൽ ജീവിക്കുന്നവർക്ക് പ്രസ്തുത ദേവതയുടെ സ്ഥാനവുമായി നാനാവിധത്തിലുള്ള ബന്ധമുണ്ടായിരിക്കും. തട്ടകത്തിലുളളവർ അവരുടെ ദേവതയെ സർവവിധത്തിലും മാനിച്ചും ആ ദേവതയുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചുമായിരിക്കണം ജീവിക്കേണ്ടതെന്ന അലിഖിതനിയമം അവിടെ നിലവിലിരിക്കുന്നു.ഉത്സവകാലമായാൽ തട്ടകത്തിലുള്ളവർ ദൂരയാത്ര ചെയ്യാൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്. അഥവാ ചെറിയ യാത്രകൾ ചെയ്യേണ്ടിവന്നാൽത്തന്നെ ഉത്സവം തീരുന്നതിനു മുമ്പ് മടങ്ങിയെത്തിക്കൊള്ളണമെന്നാണ് നിയമം.

കാലാന്തരത്തിൽ ഈ പദത്തിന് അർഥവികാസം സംഭവിച്ചി രിക്കുന്നു. പ്രധാന പ്രവർത്തനരംഗം, വിശേഷവൈഭവരംഗം എന്നീ അർഥങ്ങളിൽ ഈ പദം ഇന്നു പ്രയോഗിക്കാറുണ്ട്. ഉദാ. വിമർശനമാണ് മുണ്ടശ്ശേരിയുടെ പ്രധാന തട്ടകം.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തട്ടകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തട്ടകം&oldid=1442917" എന്ന താളിൽനിന്ന് ശേഖരിച്ചത്