Jump to content

പൂവച്ചൽ ഖാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂവച്ചൽ ഖാദർ
പൂവച്ചൽ ഖാദർ
ജനനം(1948-12-25)25 ഡിസംബർ 1948
മരണം22 ജൂൺ 2021(2021-06-22) (പ്രായം 75) [1]
മരണ കാരണംകൊറോണ വൈറസ് രോഗം 2019
ദേശീയതഇന്ത്യ
വിദ്യാഭ്യാസംHe was in Public department as engineer.
തൊഴിൽഗാനരചയിതാവ്
സജീവ കാലം1967-2011
ജീവിതപങ്കാളി(കൾ)ആമിന
കുട്ടികൾതുഷാര, പ്രസൂന
മാതാപിതാക്ക(ൾ)അബൂബക്കർ പിള്ള,
റബിയത്തുൾ അദാബിയ ബീവി

കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദർ (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.[2] വിജയ നിർമ്മല സംവിധാനം ചെയ്ത് 1973 ഏപ്രിലിൽ പുറത്തിറങ്ങിയ കവിത എന്ന ചിത്രത്തിലൂടെ ഇതേ ചിത്രത്തിലെ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്ന ഐ.വി. ശശിയാണ് അദ്ദേഹത്തെ ഒരു ഗാനരചയിതാവെന്ന നിലയിൽ മലയാള സിനിമാ ലോകത്ത് അവതരിപ്പിച്ചത്.[3] അതേവർഷം ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ കാറ്റുവിതച്ചവൻ എന്ന ചിത്രത്തിൽ അദ്ദേഹം രചിച്ച 'നീ എ​ൻറെ പ്രാർത്ഥന കേട്ടു', മഴവില്ലിനജ്ഞാതവാസം തുടങ്ങിയ ഗാനങ്ങൾ ഒരു വഴിത്തിരിവായി മാറി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചൽ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മക്കളിൽ അഞ്ചാമനായി 1948 ഡിസംബർ 25 ന് പൂവച്ചൽ ഖാദർ ജനിച്ചത്. തൃശ്ശൂർ വലപ്പാട് ശ്രീരാമ പോളിടെൿനിക്കിൽ‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്. നൂറുകണക്കിന് ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. 1980 കളിൽ ഗാനരചനാ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കെ.ജി.ജോർജ്, പി.എൻ.മേനോൻ, ഐ.വി.ശശി, ഭരതൻ, പി. പത്മരാജൻ തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചിരുന്നു. ചുഴി, ക്രിമിനൽസ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം, ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കൾ, ഒറ്റപ്പെട്ടവൻ, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവ്വഹിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ്.

ആദ്യകാല ജീവിതം

[തിരുത്തുക]

1948 ഡിസംബർ 25 ന് തിരുവനന്തപുരം ജില്ലയിലെ പൂവ്വച്ചൽ ഗ്രാമപഞ്ചായത്തിലെ പൂവച്ചൽ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.[4] മുഹമ്മദ് അബ്ദുൾഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.[5] അബൂബക്കർ പിള്ള, റബിയത്തുൾ അദാബിയ ബീവി എന്നിവരായിരുന്നു മാതാപിതാക്കൾ. എം. എസ്. ബാബുരാജ് സംഗീത സംവിധാനം നിർവ്വഹിച്ച് 1973 ഡിസംബറിൽ പുറത്തിറങ്ങിയ ചുഴി എന്ന ചിത്രത്തിലെ അക്കൽ ദാമയിൽ പാപം എന്ന ഗാനത്തിലൂടെ അദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. വിദ്യാഭ്യാസകാലം കാലം മുതൽക്കുതന്നെ കവിതകളെഴുതാൻ ആരംഭിച്ചിരുന്ന ഖാദർ ആദ്യകാലങ്ങളിൽ നാടകങ്ങൾക്കും റേഡിയോയ്ക്കും വേണ്ടി ഗാനങ്ങൾ രചിച്ചിരുന്നു. ആര്യനാട് ഗവ. ഹൈസ്കൂൾ, തൃശൂർ വലപ്പാട് പോളിടെക്നിക് കോളേജ്‌, തിരുവനന്തപുരം ഗവ. എൻജിനീയറിങ്‌ കോളേജ് എന്നിവിടങ്ങളിലായിയിരുന്നു വിദ്യാഭ്യാസം. തിരുവന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളജിൽനിന്ന് ബിരുദം നേടിയ അദ്ദേഹം പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായി ജോലി ചെയ്തിരുന്നു.[6] 'ചിത്തിരത്തോണി' എന്ന ഗാനസമാഹാരം രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കവിതാ സമാഹാരമായ "കളിവീണ" 1974 ൽ പ്രസിദ്ധീകരിക്കുകയും "പാടുവാൻ പഠിക്കുവാൻ" എന്ന പേരിൽ കുട്ടികളുടെ കവിതാസമാഹാരം 2006 ൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.[7]

പൂവച്ചൽ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തിൽ കവി ശ്രീകുമാരൻ തമ്പി അനുസ്മരണ പ്രഭാഷണം നടത്തുന്നു

കോവിഡ് ബാധയെത്തുടർന്ന് 2021 ജൂൺ 22-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് അദ്ദേഹം അന്തരിച്ചു.[8] [9] 72 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കാട്ടാക്കട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.

പ്രശസ്തങ്ങളായ രചനകൾ

[തിരുത്തുക]
  • നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ( ചാമരം)
  • മൗനമേ നിറയും മൗനമേ (തകര)[10]
  • ശരറാന്തൽ തിരിതാഴ്ന്നു മുകിലിൻ കുടിലിൽ, ചിത്തിരത്തോണിയിലക്കരെ പോവാനെത്തിടാമോ(കായലും കയറും)[11]
  • സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള)
  • എൻറെ ജന്മം നീയെടുത്തു ... കൈകളിന്നു തൊട്ടിലാക്കി (ഇതാ ഒരു ധിക്കാരി)
  • ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ) ഇടവാക്കായലിൻ അയൽക്കാരീ അറബിക്കടലിൻ കളിത്തോഴീ ( വിധിച്ചതും കൊതിച്ചതും)
  • സ്വയം വരത്തിന് പന്തലൊരുക്കി നമുക്കു നീലാകാശം
  • മെല്ലെ നീ മെല്ലേ വരു (ധീര)
  • കായൽ കരയിൽ തനിച്ചു വന്നതു (കയം)
  • രാജീവം വിടരും നിൻ മിഴികൾ കാശ്മീരം (ബെൽറ്റ് മത്തായി)
  • ചിരിയിൽ ഞാൻ കേട്ടു (മനസ്സേ നിനക്ക് മംഗളം)
  • അക്കൽ ദാമയിൽ പാപം ( ചുഴി)
  • നാണമാവുന്നു മേനി നോവുന്നു എൻ്റെ കൈകൾ (ആട്ടക്കലാശം)
  • ഇത്തിരി നാണം പെണ്ണിന് കവിളിൽ (തമ്മിൽ തമ്മിൽ)
  • ഡോക്ടർ സാറേ പൊന്നു ഡോക്ടർ സാറേ (സന്ദർഭം)

അവലംബം

[തിരുത്തുക]
  1. https://www.thehindu.com/news/national/kerala/malayalam-lyricist-poovachal-khader-no-more/article34897912.ece
  2. "Malayalam lyricist Poovachal Khader passes away".
  3. "Veteran Malayalam lyricist Poovachal Khader dies after COVID fight".
  4. Daily, Keralakaumudi. "Poet and lyricist Poovachal Khader passes away" (in ഇംഗ്ലീഷ്). Retrieved 2021-06-22.
  5. Daily, Keralakaumudi. "Poet and lyricist Poovachal Khader passes away" (in ഇംഗ്ലീഷ്). Retrieved 2021-06-22.
  6. "പൂവച്ചൽ ഖാദർ അന്തരിച്ചു".
  7. "Veteran Malayalam lyricist Poovachal Khader passes away".
  8. "Veteran lyricist Poovachal Khader passes away". Retrieved 2021-06-22.
  9. https://www.manoramaonline.com/news/latest-news/2021/06/22/lyricist-poovachal-khader-passes-away.html
  10. "ഓർമകളിലേക്ക് വേരുകൾ പടർത്തുന്ന പാട്ടുകൾ | Madhyamam Weekly". 2013-02-19. Retrieved 2023-04-11. {{cite web}}: |archive-url= requires |archive-date= (help)
  11. "പ്രിയപ്പെട്ട പൂവച്ചലിന് യാത്രാമൊഴി | രവി മേനോൻ​ | TrueCopy Think". Retrieved 2023-04-11. {{cite web}}: zero width space character in |title= at position 47 (help)



"https://ml.wikipedia.org/w/index.php?title=പൂവച്ചൽ_ഖാദർ&oldid=3935920" എന്ന താളിൽനിന്ന് ശേഖരിച്ചത്