ശ്രീകുമാരൻ തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീകുമാരൻ തമ്പി
Thampisir.jpg
ശ്രീകുമാരൻ തമ്പി
ജനനം (1940-03-16) 16 മാർച്ച് 1940 (വയസ്സ് 75)
ഹരിപ്പാട്, കേരളം, ഇന്ത്യഇന്ത്യ
തൊഴിൽ കവി, നോവലെഴുത്തുകാരൻ, ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്, ചലച്ചിത്രനിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ്
സജീവം 1966–തുടരുന്നു
ജീവിത പങ്കാളി(കൾ) രാജേശ്വരി
കുട്ടി(കൾ) രാജകുമാരൻ തമ്പി, കവിത

മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലയിലെ പ്രശസ്തനായ ഒരു വ്യക്തിയാണ് ശ്രീകുമാരൻ തമ്പി (ജനനം:1940 മാർച്ച് 16). കവി, നോവലെഴുത്തുകാരൻ, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചു.

മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്.[1] പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു.[2][അവലംബം ആവശ്യമാണ്] വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി വിലയിരുത്തപ്പെടുന്നു.

മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കുവെണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയ്യും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ്. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.[1][2]

ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

വ്യക്തിജീവിതം[തിരുത്തുക]

കളരിക്കൽ കൃഷ്‌ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16-ന്‌ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ്‌ ശ്രീകുമാരൻ തമ്പി ജനിച്ചത്. ഹരിപ്പാട്ട്‌ ഗവ. ഗേൾസ്‌ സ്‌കൂൾ, ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ, ആലപ്പുഴ സനാതനധർമ കോളജ്‌, മദ്രാസ്‌ ഐ.ഐ.ഇ.റ്റി., തൃശൂർ എൻജിനീയറിങ്ങ്‌ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനകാലത്തുതന്നെ സാഹിത്യപരിഷത്ത്‌, കൗമുദി വാരിക, ഓൾ ഇൻഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. ഇരുപതാമത്തെ വയസ്സിൽ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി.[1] [2]

എഞ്ചിനീയറിംങ് ബിരുദധാരിയായ തമ്പി മദ്രാസിൽ എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966-ൽ കോഴിക്കോട്ട്‌ അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.

ചലച്ചിത്രനടനും ഗായകനുമായിരുന്ന വൈക്കം എം.പി. മണിയുടെ മകൾ രാജേശ്വരിയാണ്‌ ഭാര്യ. കവിത, രാജകുമാരൻ എന്നീ രണ്ടുമക്കൾ.[1] തെലുഗുചലച്ചിത്രരംഗത്തെ ഒരു സംവിധായകനായിരുന്ന രാജകുമാരൻ തമ്പി 2009-ൽ ആത്മഹത്യ ചെയ്യുകയായിരുന്നു.[3]

ചലച്ചിത്രരംഗം[തിരുത്തുക]

1966-ൽ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ മെറിലാൻഡിന്റെ ഉടമ പി. സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരൻ തമ്പി സിനിമാലോകത്തേക്കെത്തുന്നത്. തുടർന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുള്ള[1][2] ശ്രീകുമാരൻ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ 'ഹ്യദയസരസ്സ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഴുപത്തെട്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരൻ തമ്പി, തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974-ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. മുപ്പത് ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളതിൽ ഗാനം, മോഹിനിയാട്ടം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.[2]

ടെലിവിഷനു വേണ്ടി 6 പരമ്പരകൾ ശ്രീകുമാരൻ തമ്പി നിർമ്മിച്ചു. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചതു ശ്രീകുമാരൻ തമ്പിയുടെ പരമ്പരയായ അമ്മത്തമ്പുരാട്ടിയിലായിരുന്നു.

മറ്റുള്ളവരുടെ വ്യക്തിതാത്പര്യങ്ങൾക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ സ്വന്തം സ്യഷ്ടികളെ മാറ്റിമറിക്കാൻ വിസമ്മതിക്കുന്ന[4] ശ്രീകുമാരൻ തമ്പി ഇക്കാരണത്താൽ വിമർശനവിധേയനായിട്ടുണ്ട്. സന്ധി ചെയ്യാനാകാതെ, സ്വന്തം ആദർശങ്ങളെ മുറുകെ പിടിച്ചു നില്ക്കുന്ന വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പിയുടേത്. ശ്രീകുമാരൻ തമ്പിയുടെ ആദ്യ നോവലായ 'കാക്കത്തമ്പുരാട്ടി' ചലച്ചിത്രമാക്കിയപ്പോൾ അതിലെ സ്ത്രീ കഥാപാത്രത്തെ പുനർവിവാഹം കഴിപ്പിക്കുന്ന രീതിയിലേക്കു കഥയിൽ മാറ്റമുണ്ടാക്കണമെന്ന നിർമ്മാതാവിന്റെ ആവശ്യം പാടേ നിഷേധിച്ചതിനാൽ അന്നു സിനിമയാകാതിരുന്ന ആ കഥ പിന്നീടു പി. ഭാസ്കരനാണു ചലച്ചിത്രമാക്കിയത്. നേരത്തേ ചിട്ടപ്പെടുത്തിയ സംഗീതത്തിനനുസരിച്ചു ഗാനങ്ങൾ രചിക്കുന്ന ഇന്നത്തെ രീതിയോടു എതിർപ്പു പ്രകടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി ഇതിനെതിരായി സിനിമയ്ക്കായി ഗാനരചന നിർത്തിയിരുന്നു.[2] കൂടാതെ അദ്ദേഹത്തിന്റെ പല ഗാനങ്ങളും വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. എന്നിവരുടെ പേരുകളിൽ അടിച്ചിറക്കിയിട്ടുമുണ്ട്.[അവലംബം ആവശ്യമാണ്]

പുരസ്കാരങ്ങൾ[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെ സിനിമ-കണക്കും കവിതയും എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡുനേടിയിട്ടുണ്ട്. 1971-ൽ മികച്ച ഗാനരചയിതാവിനുളള കേരളസംസ്‌ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലെ "സുഖമെവിടെ ദുഃഖമെവിടെ" എന്ന ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. ഫിലിം ഫാൻസ്‌ അവാർഡ്‌, ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌, മികച്ച സംവിധായകനുളള ഫിലിംഫെയർ അവാർഡ്‌ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന ചലച്ചിത്രം 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള 2011-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[5].നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ൽ ലഭിച്ചു.

പദവികൾ[തിരുത്തുക]

തമ്പിയുടെ സംവിധാനത്തിലുള്ള മോഹിനിയാട്ടം എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമ എന്ന പേരിൽ ഏറെ ചർച്ചചെയ്യപ്പെടുകയും 1977-ലെ സാൻഫ്രാൻസിസ്കോ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.[1][2]

കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറൽ കൗൺസിലിലും സൗത്ത്‌ ഇന്ത്യൻ ഫിലിം ചേംബർ ഒഫ്‌ കോമേഴ്‌സിന്റെ ഭരണസമിതിയിലും ശ്രീകുമാരൻ തമ്പി അംഗമായിരുന്നിട്ടുണ്ട്. മലയാള ചലച്ചിത്രപരിഷത്ത്‌, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ എന്നിവയുടെ വൈസ്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചീട്ടുണ്ട്. ദേശീയ ഫീച്ചർ ഫിലിം ജ്യൂറിയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു.[1]

പ്രവർത്തന മേഖലകൾ[തിരുത്തുക]

സംവിധാനം  : 30
നിർമ്മാണം  : 22
തിരക്കഥ  : 78
നോവൽ  : 2 (കാക്കത്തമ്പുരാട്ടി, കുട്ടനാട്)

കവിതാ സമാഹാരങ്ങൾ[തിരുത്തുക]

 • എഞ്ചിനീയറുടെ വീണ
 • നീലത്താമര
 • എൻ മകൻ കരയുമ്പോൽ
 • ശീർഷകമില്ലാത്ത കവിതകൾ

തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രങ്ങൾ[തിരുത്തുക]

(പട്ടിക അപൂർണ്ണം )

ഗാനങ്ങൾ[തിരുത്തുക]

 • അകലെ അകലെ നീലാകാശം
 • ഉത്തരാ സ്വയം വരം
 • മനസ്സിലുണരൂ ഉഷ:സന്ധ്യ
 • ഹ്യദയ സരസ്സിലെ
 • ഹ്യദയേശ്വരി നിൻ നെടുവീർപ്പിൽ
 • ദുഃഖമേ നിനക്ക് പുലർ ക്കാല വന്ദനം
 • ആ നിമിഷത്തിന്റെ നിർവ്യതിയിൽ
 • പൊൻവെയിൽ മണിക്കച്ച
 • സ്വന്തമെന്ന പദത്തിനെ..
 • വാല്ക്കണ്ണെഴുതി വനപുഷ്പം
 • സന്ധ്യക്കെന്തിനു സിന്ധൂരം
 • ചിരിക്കുമ്പോൽ കൂടെ ചിരിക്കാൻ
 • ഈശ്വരനൊരിക്കൽ വിരുന്നിനു പോയി
 • അശോക പൂർണ്ണിമ വിടരും
 • പൗർണ്ണമി ചന്ദ്രിക തൊട്ട് വിളിച്ചു
 • വൈക്കത്തഷ്ടമി നാളിൽ ഞാനൊരു
 • മലയാള ഭാഷതൻ മാദക ഭംഗി
 • നിൻ മണിയറയിലെ നിൻ മലർ ശയ്യയിലെ
 • പണ്ടു പാടിയ പാട്ടിലൊരെണ്ണം
 • ഇലഞ്ഞിപ്പൂമണം ഒഴുകി വരും
 • കേരളം ...കേരളം കേളികൊട്ടുണരുന്ന കേരളം
 • കസ്തൂരി മണക്കുന്നല്ലോ കാറ്റെ
 • സുഖമൊരു ബിന്ദു
 • കാലമൊരജ്ഞാത കാമുകൻ ,
 • സ്വർഗ്ഗ നന്ദിനി സ്വപ്ന വിഹാരിണി,
 • പൂക്കളം കാണുന്ന പൂമരം പോലെ നീ
 • മുടിപ്പൂക്കൾ വാടിയാലെന്തോമനേ
 • ഉണ്ണിക്കരങ്ങളാൽ പൂക്കളം
 • എന്തും മറന്നോട്ടെ എങ്കിലും ആ രാത്രി
 • സത്യ നായകാ മുക്തി ദായകാ
 • ഈദ് മുബാരക്..
 • ഒരു മുഖം മാത്രം കണ്ണിൽ
 • എത്ര ചിരിച്ചാലും ചിരി തീരുമോ
 • ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം
 • അവൾ ചിരിച്ചാൽ മുത്തു ചിതറും
 • മലർ കൊടി പോലെ, പൂവിളി പൂവിളി പൊന്നോണമായി...
 • പുഷ്പാഭരണം ചാർത്തി
 • ഏഴിലം പാല പൂത്തു
 • ദർശനം പുണ്യ ദർശനം
 • ചന്ദ്ര ബിംബം നെഞിലേറ്റും പുള്ളിമാനേ
 • ചന്ദനത്തിൽ കടഞ്ഞെടുത്തൊരു
 • സാമ്യമകന്നൊരുദ്യാനമേ, അയല പൊരിച്ചതുണ്ട്
 • പാടാത്ത വീണയും പാടും
 • എൻ മന്ദഹാസത്തിൻ ചന്ദ്രികയായെങ്കിൽ
 • കൂത്തമ്പലത്തിൽ വെച്ചൊ
 • ഇന്നുമെന്റെ കണ്ണുനീരിൽ
 • മനോഹരി നിൻ മനോരഥത്തിൽ
 • കണ്ണിൽ പൂവ് ചുണ്ടിൽ തേനു പാല്
 • സുഖമെവിടെ ദുഃഖമെവിടെ
 • ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
 • ഉറക്കം കൺകളിലൂഞ്ഞാല കെട്ടുമ്പൊൽ
 • നീലനിശീഥിനീ, ഒരിക്കൽ നീ ചിരിച്ചാൽ
 • സ്വർഗ്ഗത്തിലോ നമ്മൽ സ്വപ്നത്തിലോ
 • ഹ്യദയം കൊണ്ടെഴുതുന്ന കവിത
 • പാടാം നമുക്കു പാടാം
 • ചുംബനപ്പൂ കൊണ്ട് മൂടി
 • കിളിയെ കിളിയെ
 • സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ
 • ബന്ധുവാര് ശത്രുവാര്
 • നീയെവിടെ നിൻ നിഴലെവിടെ
 • ആലപ്പുഴ പട്ടണത്തിൽ ,(പട്ടിക അപൂർണ്ണം )

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 "ശ്രീകുമാരൻ തമ്പി - പുഴ.കോമിലെ വിവരണം". പുഴ.കോം. ശേഖരിച്ചത് 14 ജനുവരി 2012. 
 2. 2.0 2.1 2.2 2.3 2.4 2.5 2.6 നിസാർ മുഹമ്മദ് (11 ഏപ്രിൽ 2010). ""ഹൃദയഗീതങ്ങൾ" എഴുപതല്ല, എഴുന്നൂറ്..." (ലേഖനം). കണിക്കൊന്ന.കോം (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 20 മെയ് 2011 01:03:35-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 ഏപ്രിൽ 2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |archivedate= (സഹായം)
 3. "Telugu Film Director Raj Aditya Thambi Found Dead In Hotel Room". ടോപ്ന്യൂസ്.ഇൻ. 2009 മാർച്ച് 22. ശേഖരിച്ചത് 14 ജനുവരി 2012. 
 4. "താരങ്ങളുടെ താളത്തിന് തുള്ളാത്ത സംവിധായകർക്ക് വീട്ടിലിരിക്കേണ്ട ഗതികേട്: ശ്രീകുമാരൻ തമ്പി". ഗൾഫ് മാധ്യമം. മാധ്യമം. 2011 ജൂലൈ 10. ശേഖരിച്ചത് 14 ജനുവരി 2012. 
 5. ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം


"https://ml.wikipedia.org/w/index.php?title=ശ്രീകുമാരൻ_തമ്പി&oldid=2286262" എന്ന താളിൽനിന്നു ശേഖരിച്ചത്