ജോളി അബ്രഹാം
ജോളി അബ്രഹാം | |
---|---|
ജനനം | കൊച്ചി, കേരള, ഇന്ത്യ |
വിഭാഗങ്ങൾ | Playback singing, Carnatic music |
തൊഴിൽ(കൾ) | ഗായകൻ, നടൻ |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1973–1996 |
ലേബലുകൾ | Audiotracs |
വെബ്സൈറ്റ് | http://jolleeabraham.com/ |
മലയാളത്തിലെ ഒരു ഗായകനാണ് ജോളി അബ്രഹാം. ചലച്ചിത്രരംഗത്തും ഭക്തിഗാന ശാഖയിലും, ഗാനമേളാരംഗത്തും ഇദ്ദേഹം പ്രവർത്തിക്കുന്നു. വളരെയധികം സിനിമകളിൽ പിന്നണിപാടിയിട്ടുള്ള ജോളി പിന്നീട് ഭക്തിഗാനരംഗത്ത് ശ്രദ്ധയൂന്നി.
എറണാകുളം ജില്ലയിലെ കുമ്പളത്താണു് ശ്രീ ജോളി ഏബ്രഹാം ജനിച്ചു വളർന്നതു്[1]. ചലച്ചിത്രപിന്നണിഗാനരംഗത്തു് ‘ചട്ടമ്പിക്കല്യാണി’ എന്ന ചിത്രത്തിലൂടെ 1973-ൽ കടന്നു വന്നു. കുട്ടിക്കാലത്ത് തന്നെ പാടിത്തുടങ്ങിയ മകനെ മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചു. പാട്ടുകൾ പാടിത്തുടങ്ങുന്നത് തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ പഠിക്കുന്നകാലത്താണ്. കുമ്പളം ബാബുരാജാണ് ശാസ്ത്രീയസംഗീതപഠനത്തിൽ അദ്ദേഹത്തിൻറെ ആദ്യ ഗുരു. പിന്നീടു് പള്ളുരുത്തി നടേശൻ ഭാഗവതരുടെ കീഴിൽ കൂടുതൽ സംഗീതം അഭ്യസിച്ചു. എഴുപതുകളുടെ ആദ്യം കോളേജ് യുവജനോത്സവവേദികളിൽ സ്ഥിരമായി സമ്മാനങ്ങൾ വാങ്ങി. പിന്നീട് ഗാനമേളകളിലൂടെ സജീവമായി മാറി.[2] HMV ക്രിസ്തീയഭക്തിഗാനങ്ങൾ റിക്കോഡിൽ ഇറക്കിതുടങ്ങിയ അക്കാലത്തു് ഒരു ക്രിസ്തുമസ് സമയത്തു് 2 പാട്ടുകൾ പാടുവാൻ അവസരം ലഭിച്ചു. വളരെ ശ്രദ്ധിക്കപ്പെട്ട ആ റക്കോഡിൽ മറ്റു രണ്ടു പാട്ടുകൾ പാടിയത് യേശുദാസ് ആയിരുന്നു. ആയിടയ്ക്ക് അദ്ദേഹത്തിനു് മദ്രാസിൽ സംഗീതവുമായി തന്നെ ബന്ധപ്പെട്ട ഒരു ജോലി ശരിയായി. 1973-ൽ ഒരു ഗാനമേളയിലെ പാട്ടുകേട്ടു് ശ്രീ ശ്രീകുമാരൻ തമ്പി തന്റെ അടുത്ത ചിത്രമായ‘ചട്ടമ്പിക്കല്യാണി’യിൽ പാട്ടു പാടാൻ ക്ഷണിച്ചതാണ് ചലച്ചിത്രസംഗീതലോകത്തേക്കു് വഴിതുറന്നത്. അതിൽ പ്രേംനസീറിനു വേണ്ടി ശ്രീകുമാരൻ തമ്പി ചിട്ടപ്പെടുത്തി അർജ്ജുനൻ മാസ്റ്റർ സംഗീതം ചെയ്ത “ജയിക്കാനായ് ജയിച്ചവൻ ഞാൻ” എന്ന പാട്ടു് അക്കാലത്ത് പ്രശസ്തമായി. പിന്നെ ‘പഞ്ചമി’ തുടങ്ങി ധാരാളം ചിത്രങ്ങളിൽ അദ്ദേഹത്തിന് പാടാൻ അവസരം ലഭിച്ചു.
തമിഴിലും തെലുങ്കിലും കന്നടയിലും ജോളി അബ്രഹാമിന് നിരവധി ഗാനങ്ങൾ ആലിപക്കാൻ അവസരം ലഭിച്ചു. ഒരു ബഹുഭാഷാഗായകനായി അദ്ദേഹം ശ്രദ്ധനേടി. ഭരതന്റെ ‘ചമയ’ത്തിൽ - ജോൺസൺ മാസ്റ്ററിന്റെ സംഗീതത്തിൽ എം. ജി. ശ്രീകുമാറിനോടൊപ്പം “അന്തിക്കടപ്പുറത്തു്” എന്ന പാട്ട് ആണ് മലയാളചലച്ചിത്രത്തിൽ അവസാനം പാടിയത് [3] ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, ആക്രമണം, റൂബി മൈ ഡാർലിങ് എന്നീ മലയാളസിനിമയിലും ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടും ഉണ്ട്.[4]
സിനിമാരംഗത്തു് സജീവമല്ലെങ്കിലും ഇപ്പോഴും ക്രിസ്തീയഭക്തിഗാനരംഗത്തു് പ്രവർത്തിക്കുന്നു. ഭാര്യയും രണ്ടു കുട്ടികൾക്കുമൊപ്പം ചെന്നൈയിൽ സ്ഥിരതാമസം.