പി.ജി. തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു പി. ഗോപാലകൃഷ്ണൻ തമ്പി (പി.ജി. തമ്പി) (മേയ് 17, 1938-ജൂൺ 3, 2018). കേരള ഹൈക്കോടതിയിലും കേരളത്തിലെ വിവിധ സെഷൻസ് കോടതികളിലും കോളിളക്കം സൃഷ്ടിച്ച ക്രിമിനൽ കേസുകളിൽ പലതിലും ഹാജരായ ഇദ്ദേഹം മികച്ച എഴുത്തുകാരനും പ്രസംഗകനും കൂടിയായിരുന്നു. [1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

കേരളത്തിലെ 'ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്' ആയും സ്റ്റേറ്റ് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിരുന്നു. [2] കൂടാതെ കേരളാ ബാർ കൗൺസിൽ, കേരളാ ബാർ ഫെഡറേഷൻ എന്നിവയുടെ ചെയർമാനായും സേവനം അനുഷ്ഠിച്ചിരുന്നു. കേരളാ നിയമ പരിഷ്കരണ കമ്മീഷൻ ഉപദേശകസമിതി അംഗമായും പി.ജി.തമ്പിപ്രവർത്തിച്ചിട്ടുണ്ട് [3] [4] ഇപ്പോൾ കേരളാ ലീഗൽ സർവ്വീസ് അതോറിറ്റി അംഗമായി പ്രവർത്തിച്ചുവരുന്നു. [5]

അഭിഭാഷകരംഗത്തെ മികവും പരിചയവും കണക്കിലെടുത്ത് കേരളാ ഹൈക്കോടതി പി.ജി.തമ്പിയ്ക്ക് മുതിർന്ന അഭിഭാഷകനെന്നുള്ള പദവി നൽകുകയുണ്ടായി.[6]

ജീവിതരേഖ[തിരുത്തുക]

1938 മേയ് 17-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് പരേതരായ കളരിക്കൽ പി. കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും അഞ്ചുമക്കളിൽ രണ്ടാമനായാണ് പി. ഗോപാലകൃഷ്ണൻ തമ്പി എന്ന പി.ജി. തമ്പി ജനിച്ചത്. ആലപ്പുഴയിലെ എസ്.ഡി. കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദവും തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്നും ബി.എൽ. ബിരുദവും നേടി ഹരിപ്പാട്, ആലപ്പുഴ കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.

സിനിമാ സംവിധായകനും കവിയുമായ ശ്രീകുമാരൻതമ്പി, നോവലിസ്റ്റ് പി.വി.തമ്പി എന്നിവർ സഹോദരന്മാരാണ്. കൂടാതെ തുളസി എന്ന സഹോദരിയും പ്രസന്നവദനൻ എന്ന അനുജനും അദ്ദേഹത്തിനുണ്ട്. 2018 ജൂൺ 3-ന് 80-ആം വയസ്സിൽ ആലപ്പുഴയിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

രാഷ്ട്രീയ മേഖല[തിരുത്തുക]

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തും പി.ജി. തമ്പി സജീവമായി പ്രവർത്തനമാരംഭിച്ചിരുന്നു. സനാതന ധർമ്മ കോളേജ് യൂണിയൻ ചെയർമാൻ, ഗവൺമെന്റ് ലോ കോളേജ്, തിരുവനന്തപുരം യൂണിയൻ ജനറൽ സെക്രട്ടറി, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സ്വതന്ത്ര വിദ്യാർത്ഥി സംഘടനാ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ അക്കാലത്ത് വഹിച്ചു. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജി തമ്പി ഇടതു പക്ഷസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.4577 വോട്ടുകൾക്ക് ഐക്യമുന്നണി സ്ഥാനാർത്ഥിയായ രമേശ് ചെന്നിത്തലയോട് പരാജയപ്പെട്ടു.[7]

സാഹിത്യ മേഖല[തിരുത്തുക]

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പി.ജി.തമ്പി സാഹിത്യ രംഗത്തു പ്രവേശിച്ചത്. തുടർന്ന് ശ്രദ്ധേയമായ അനവധി നോവലുകൾ രചിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

 • സർപ്പപത്രം
 • സാലഭഞ്ജിക
 • സംക്രമണം
 • സമാഗമം
 • സ്വർണ്ണക്കച്ചവടം
 • സന്നിവേശം
 • സ്വപ്നസഞ്ചാരിണി


അവലംബം[തിരുത്തുക]

 1. "പി.ജി. തമ്പി".
 2. "പി.ജി. തമ്പി രാജിവെച്ചു".
 3. http://www.keralalawsect.org/index.php/law-reforms-commission
 4. http://www.lawtoday.in/11.php
 5. http://kelsa.nic.in/members.htm
 6. http://highcourtdirectory.com/DesignatedSeniors.aspx
 7. http://www.partyanalyst.com/homePage.action
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പി.ജി. തമ്പി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പി.ജി._തമ്പി&oldid=3089478" എന്ന താളിൽനിന്ന് ശേഖരിച്ചത്