Jump to content

എ.എം. രാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.എം. രാജ
പശ്ചാത്തല വിവരങ്ങൾ
ജനനം(1929-07-01)ജൂലൈ 1, 1929
ചിത്തൂർ, ആന്ധ്ര
മരണംഏപ്രിൽ 8, 1989(1989-04-08) (പ്രായം 59)
വള്ളിയൂർ
തൊഴിൽ(കൾ)ഗായകൻ, സംഗീതസംവിധായകൻ
ഉപകരണ(ങ്ങൾ)പിയാനോ
വർഷങ്ങളായി സജീവം1950's, early 1960s, early 1970s

പ്രമുഖ ദക്ഷിണേന്ത്യൻ ഗായകനും സംഗീതസംവിധായകനുമായിരുന്നു ഏയ്മല മന്മദരാജു രാജ എന്ന എ.എം. രാജ(1 ജൂലൈ 1929 – 8 ഏപ്രിൽ 1989). മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള സിനിമകളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവ്വഹിച്ചു.

ജീവിതരേഖ

[തിരുത്തുക]

1929 ജൂലൈ ഒന്നിന് മാധവരാജയുടെയും എ.എം. ലക്ഷ്മിയുടെയും മകനായി ആന്ധ്രയിലെ ചിത്തൂരിൽ ജനിച്ചു. മൂന്നു മാസമായപ്പോഴേക്കും അച്ഛൻ മരിച്ചതിനെത്തുടർന്ന് കുടുംബം മദ്രായിലേക്കു മാറി. ചെന്നൈ പച്ചൈയപ്പാസ് കോളേജിൽ നിന്നും ബിരുദം നേടുമ്പോഴേക്കും പിയാനോ വാദകൻ എന്ന നിലയിൽ പേരെടുത്തിരുന്നു. പ്രേംനസീറിനു വേണ്ടി 1952ൽ വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് മലയാളചലച്ചിത്രവേദിയിൽ എത്തിയത്. തമിഴിൽ എം ജി ആറിനും ശിവാജി ഗണേശനും വേണ്ടി നിരവധി ഗാനങ്ങൾ പാടി. എങ്കിലും ജെമിനി ഗണേശനുവേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതൽ തമിഴ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്[1]

ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു... എന്നുതുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ ജിക്കിയാണ് രാജയുടെ ഭാര്യ. ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും പിന്നണി പാടിയിട്ടുണ്ട്. എ എം രാജ മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത് ദേവരാജന്റെ സംഗീതസംവിധാനത്തിലാണ്.

സംഗീതസംവിധാനം

[തിരുത്തുക]

തെലുങ്കിൽ ശോഭ എന്ന ചിത്രത്തിനു വേണ്ടി സംഗീതം നിർവ്വഹിച്ചുകൊണ്ടായിരുന്നു തുടക്കം. മലയാളത്തിൽ 'അമ്മ എന്ന സ്ത്രീ'യുടെ സംഗീതം എ.എം. രാജയുടേതായിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു.[2] 1959-ൽ പുറത്തിറങ്ങിയ കല്യാണ പരിശ്, 1961-ൽ പുറത്തിറങ്ങിയ തേൻ നിലവ് എന്നീ ചിത്രങ്ങളിൽ അദ്ദേഹം ഈണം പകർന്ന മനോഹരഗാനങ്ങളുണ്ട്.

1989 ഏപ്രിൽ 8-ന് തമിഴ്നാട്ടിലെ വള്ളിയൂരിൽ വച്ച് തീവണ്ടിയിൽ നിന്ന് താഴെവീണ് അദ്ദേഹം അന്തരിച്ചു. 60 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. കന്യാകുമാരി ജില്ലയിലെ കുറ്റാലുമ്മൂട് ഭഗവതിക്ഷേത്രത്തിൽ ഒരു ഗാനമേള അവതരിപ്പിയ്ക്കാൻ തന്റെ സ്വന്തം ഗാനമേളാ ട്രൂപ്പുമായി വരുന്ന വഴിയിൽ, വള്ളിയൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വണ്ടിനിർത്തിയപ്പോൾ ഗാനമേളാട്രൂപ്പിലെ ഒരാൾ വെള്ളം നിറയ്ക്കാൻ പോകുകയും അയാളെ കാണാതായതിനെത്തുടർന്ന് രാജ അന്വേഷണത്തിനിറങ്ങുകയും ചെയ്തു. അയാളെ കണ്ടെത്തി മടങ്ങിവരുമ്പോഴേയ്ക്കും തീവണ്ടി പുറപ്പെട്ടതിനെത്തുടർന്ന് ചാടിക്കയറാൻ ശ്രമിയ്ക്കുന്നതിനിടയിലാണ് രാജ വീണത്. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരിച്ചു. മൃതദേഹം ചെന്നൈയിൽ സംസ്കരിച്ചു.

അവലംബം

[തിരുത്തുക]
  1. http://www.m3db.com/node/186
  2. http://malayalam.webdunia.com/entertainment/film/profile/0804/08/1080408003_2.htm

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എ.എം._രാജ&oldid=3294729" എന്ന താളിൽനിന്ന് ശേഖരിച്ചത്