Jump to content

കന്യാകുമാരി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്യാകുമാരി ജില്ല
ജില്ല
തിരുവിതാംകൂർ മഹാരാജ്യത്തിന്റെ ആദ്യകാല തലസ്ഥാനം ആയിരുന്ന പദ്മനാഭപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരം. കേരളീയ വാസ്തുവിദ്യയുടെ ഉത്തമോദാഹരണം ആയി ഇന്നും ഈ കൊട്ടാരം കന്യാകുമാരി ജില്ലയിൽ നിലനിൽക്കുന്നു.
തിരുവിതാംകൂർ മഹാരാജ്യത്തിന്റെ ആദ്യകാല തലസ്ഥാനം ആയിരുന്ന പദ്മനാഭപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരം. കേരളീയ വാസ്തുവിദ്യയുടെ ഉത്തമോദാഹരണം ആയി ഇന്നും ഈ കൊട്ടാരം കന്യാകുമാരി ജില്ലയിൽ നിലനിൽക്കുന്നു.
Map
കന്യാകുമാരി ജില്ല
കന്യാകുമാരി ജില്ലയുടെ സ്ഥാനം
രാജ്യംഇന്ത്യ
സംസ്ഥാനംതമിഴ്നാട്
ജില്ലകന്യാകുമാരി
സ്ഥാപിതമായത്1 നവംബർ 1956
ജില്ലാ ആസ്ഥാനംനാഗർകോവിൽ
താലൂക്കുകൾഅഗസ്തീശ്വരം, തോവാള, കൽക്കുളം, തിരുവട്ടാർ, വിളവൻകോട്, കിള്ളിയൂർ
ഭരണസമ്പ്രദായം
 • ജില്ലാ കളക്ടർഎസ്. നാഗരാജൻ
വിസ്തീർണ്ണം
 • ആകെ1,672 ച.കി.മീ.(646 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ1,870,374
 • ജനസാന്ദ്രത1,005.7/ച.കി.മീ.(2,605/ച മൈ)
ഭാഷകൾ
 • സംസാരിക്കപ്പെടുന്നവതമിഴ്, മലയാളം
സമയമേഖലUTC+5:30 (IST)
PIN
629000
ടെലിഫോൺ കോഡ്04652 & 04651
വാഹന റെജിസ്ട്രേഷൻTN-74 & TN-75
തീരദേശം72 kilometres (45 mi)
ലിംഗാനുപാതംആൺ-1000/പെൺ-1014 /
സാക്ഷരതാ നിരക്ക്97.6%
നിയമ നിർമാണ സഭയുടെ രൂപംതിരഞ്ഞെടുക്കപ്പെട്ടത്
തമിഴ്നാട് നിയമ നിർമാണ സഭയിലെ അംഗബലം6
ലോക്സഭാ മണ്ഡലംകന്യാകുമാരി
വർഷാനുപാതം1,865 millimetres (73.4 in)
ശരാശരി ഉഷ്ണകാല താപനില23 °C (73 °F)
ശരാശരി ശൈത്യകാല താപനില11 °C (52 °F)
വെബ്സൈറ്റ്kanniyakumari.nic.in

ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ തെക്കേ അറ്റത്തുള്ള ജില്ലയാണ് കന്യാകുമാരി ജില്ല. മുമ്പ് തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തുണ്ടായിരുന്ന അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻകോട് എന്നീ നാലു താലൂക്കുകൾ വേർപ്പെടുത്തിക്കൊണ്ട് 1956 നവംബർ 1ന് ആണ് ഈ ജില്ല രൂപീകരിച്ചത്.[1]

1729ൽ പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ആരംഭകാലം മുതൽ 1949ൽ തിരുവിതാംകൂർ കൊച്ചിയുമായി ലയിക്കുന്നതു വരെ തിരുവിതാംകൂറിന്റെയും പിന്നീടുള്ള ഏഴു വർഷക്കാലം തിരു-കൊച്ചി സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു ഈ ജില്ല.[1] അതിനു മുമ്പ് കൊല്ലം ആസ്ഥാനമായ വേണാടു രാജവംശത്തിന്റെ ഒരു താവഴിയായ തൃപ്പാപ്പൂർ സ്വരൂപത്തിന്റെ ഭരണത്തിനു കീഴിൽ ആയിരുന്നു കന്യാകുമാരി.[1] എ ഡി 1741ൽ പദ്മനാഭപുരം ആസ്ഥാനമായ തൃപ്പാപ്പൂർ സ്വരൂപത്തിലെ രാജാവ് ആയിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഉണ്ടായ കുളച്ചൽ യുദ്ധം നടന്നത് ഈ ജില്ലയിൽ വെച്ചായിരുന്നു.[1] തുടർന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളിലൂടെ വടക്ക് എറണാകുളം ജില്ലയിലെ ആലുവ വരെയുള്ള നാട്ടുരാജ്യങ്ങളെ എല്ലാം ലയിപ്പിച്ചു കൊണ്ടു രൂപീകരിച്ച തിരുവിതാംകൂറിന്റെ ആദ്യകാല തലസ്ഥാനം ആയിരുന്ന പത്മനാഭപുരം ഈ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.[1] "തിരുവിതാംകൂറിന്റെ നെല്ലറ" എന്നറിയപ്പെട്ടിരുന്ന നാഞ്ചിനാടു പ്രദേശവും ഈ ജില്ലയിലാണുള്ളത്.[2]

തമിഴ്നാട്ടിലെ സാക്ഷരതാ നിരക്കിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയായ കന്യാകുമാരിയെ സംസ്ഥാനത്തെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന ജില്ലയായി മാനവ വിഭവ ശേഷി വകുപ്പ് വിലയിരുത്തുന്നു.[3][4] പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിലും തമിഴ്നാട്ടിൽ ഒന്നാമതാണ് കന്യാകുമാരി ജില്ല.[5] ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കന്യാകുമാരിക്കാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. സംസ്ഥാനത്ത് പ്രവാസികൾ കൂടുതലുള്ള ഒരു ജില്ലയുമാണിത്. തമിഴ്നാടിന്റെ വിനോദസഞ്ചാര ഭൂപടത്തിലും മുൻപന്തിയിൽ ആണ് കന്യാകുമാരി.

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നാണ്യവിളകൾ കൃഷി ചെയ്യുന്ന ജില്ലകളിൽ ഒന്നാണ് കന്യാകുമാരി.[6] പശ്ചിമഘട്ടവും ഇന്ത്യൻ മഹാസമുദ്രവും കന്യാകുമാരിയിൽ വെച്ച് സമ്മേളിക്കുന്നതിനാൽ സൂര്യോദയവും സൂര്യാസ്തമയവും ഒരുമിച്ചു ദൃശ്യമാകുന്ന ലോകത്തിലെ തന്നെ അത്യപൂർവം സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റമായ കന്യാകുമാരി.[6] അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ജില്ലയ്ക്കു കേരളത്തിനു സമാനമായ ഭൂമിശാസ്ത്രവും കാലാവസ്ഥയും സംസ്കാരവും വാസ്തുവിദ്യയും ആണുള്ളത്. തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യൻ തീരത്ത് ആദ്യമായി എത്താറുള്ളത് കന്യാകുമാരിയിൽ ആണ്.[1] പിന്നീട് അതിന്റെ ഒരു ശാഖ അറബിക്കടലിലേക്കും രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിലേക്കും ആയി വേർപിരിഞ്ഞു പോകുന്നു.[1] കന്യാകുമാരി പട്ടണത്തിൽ നിന്നും ഇരുപത് കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്ന നാഗർകോവിൽ പട്ടണമാണ് ജില്ലാ ആസ്ഥാനം.

ഐതിഹ്യം

[തിരുത്തുക]

മലബാർ തീരമെന്ന് ഇപ്പോൾ അറിയപ്പെടുന്ന ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്തെ വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ മഴുവെറിഞ്ഞ് അറബിക്കടലിനെ തള്ളിമാറ്റിക്കൊണ്ടു രൂപീകരിച്ചതാണെന്ന ഒരുകാലത്ത് പ്രബലമായിരുന്ന ഐതിഹ്യപ്രകാരം പുരാതനകേരളം വടക്ക് ഗോകർണ്ണം മുതൽ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചു കിടന്നിരുന്നു.[7] മധ്യകാലഘട്ടത്തിൽ രചിക്കപ്പെട്ട കേരളോല്പത്തി പ്രകാരം ഈ പ്രദേശത്തെ നാലായി വിഭജിച്ചിരിക്കുന്നു - ഗോകർണ്ണം മുതൽ ചന്ദ്രഗിരി പുഴ (പെരുമ്പുഴ) വരെ നീണ്ടു കിടക്കുന്ന "തുളു രാജ്യം", കാസർഗോഡ് മുതൽ പുതുപ്പട്ടണം (വടകര) വരെ നീണ്ടു കിടക്കുന്ന "മൂഷക രാജ്യം", പുതുപ്പട്ടണം മുതൽ കന്നേറ്റി (കരുനാഗപ്പള്ളി) വരെ നീണ്ടു കിടക്കുന്ന "കേരള രാജ്യം", കന്നേറ്റി മുതൽ കന്യാകുമാരി വരെയുള്ള "കൂപക രാജ്യം" എന്നിവയാണവ.[7] ഈ പുരാതന കേരളത്തെ 64 ബ്രാഹ്മണഗ്രാമങ്ങൾ ആയി തിരിച്ചിരുന്നത്രേ. ഇതിലെ തുളു രാജ്യത്ത് 32 തുളു ബ്രാഹ്മണഗ്രാമങ്ങളും മൂഷക രാജ്യം, കേരള രാജ്യം, കൂപക രാജ്യം എന്നീ രാജ്യങ്ങളിലായിക്കൊണ്ട് 32 മലയാള ബ്രാഹ്മണഗ്രാമങ്ങളും ഉള്ളതായി കേരളോൽപത്തി പറയുന്നു.[7] ഇത്തരം ഐതിഹ്യങ്ങൾ എല്ലാം കേരളത്തിന്റെ അഥവാ മലയാളത്തിന്റെ തെക്കേ അതിർത്തി ആയി കണക്കാക്കുന്നത് കന്യാകുമാരിയെ ആണ്.[7]

സ്ഥാനം

[തിരുത്തുക]
കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ

കന്യാകുമാരി ജില്ലയുടെ അക്ഷാംശ രേഖാംശങ്ങൾ 8°05′N 77°34′E / 8.08°N 77.57°E / 8.08; 77.57.[8] ആണ്. ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റമാണ് കന്യാകുമാരി. ഈ ജില്ലയുടെ വടക്കു ഭാഗത്ത് തിരുവനന്തപുരം ജില്ലയും കിഴക്കൻ അതിർത്തിയിൽ തിരുനെൽവേലി ജില്ലയും സ്ഥിതി ചെയ്യുന്നു. തെക്കു കിഴക്കൻ തീരപ്രദേശം ബംഗാൾ ഉൾക്കടലും തെക്ക് ഇന്ത്യൻ മഹാസമുദ്രവും തെക്കു പടിഞ്ഞാറു ഭാഗത്തെ തീര പ്രദേശത്തു അറബിക്കടലും ആണുള്ളത്.

ഭരണ വിഭാഗങ്ങളും ചരിത്രവും

[തിരുത്തുക]
1871ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഒരു ഭൂപടം. രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതാണ് കന്യാകുമാരി. 1729 മുതൽ 1798 വരെ തിരുവിതാംകൂറിന്റെ തലസ്ഥാനം കന്യാകുമാരി ജില്ലയിലെ പദ്മനാഭപുരം ആയിരുന്നു.[1]

കന്യാകുമാരി ജില്ലയുടെ റവന്യൂ വികേന്ദ്രീകൃത ഭരണ വിഭാഗങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഭരണസൗകര്യം മുൻനിർത്തി കന്യാകുമാരി ജില്ലയെ രണ്ടു റവന്യൂ ഡിവിഷനുകൾ ആയി തരം തിരിച്ചിരിക്കുന്നു. ഇതിലെ നാഗർകോവിൽ റവന്യൂ ഡിവിഷൻ പഴയ നാഞ്ചിനാടു പ്രദേശങ്ങളും പത്മനാഭപുരം ഡിവിഷൻ പഴയ ഇടനാടു പ്രദേശങ്ങളും ആകുന്നു. ഈ രണ്ടു റവന്യൂ ഡിവിഷനുകളിൽ ആയി പതിനെട്ടു ഫിർക്കകളും 188 റവന്യൂ വില്ലേജുകളും ആണ് ജില്ലയിലുള്ളത്.[9] കന്യാകുമാരി, നാഗർകോവിൽ, ശുചീന്ദ്രം, രാജക്കമംഗലം, അഴകിയപാണ്ഡ്യപുരം, ഭൂതപ്പാണ്ടി, തോവാള, കുളച്ചൽ, തക്കല, കുരുന്തൻകോട്, തിരുവിതാംകോട്, കുലശേഖരം, തിരുവട്ടാർ, വിളവൻകോട്, എടക്കോട്, അരുമന, മിടാലം, പൈങ്കുളം എന്നിവയാണ് ജില്ലയിലെ പതിനെട്ട് ഫിർക്കകൾ.[9] ഇവയെ അഗസ്തീശ്വരം, തോവാള, കൽക്കുളം, തിരുവട്ടാർ, വിളവൻകോട്, കിള്ളിയൂർ എന്നീ ആറു താലൂക്കുകളിൽ ആയി ഉൾക്കൊള്ളിച്ചിരിക്കുന്നു.[9]

നാഗർകോവിൽ റവന്യൂ ഡിവിഷൻ

[തിരുത്തുക]

കന്യാകുമാരി ജില്ലയിലെ രണ്ടു റവന്യൂ ഡിവിഷനുകളിൽ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതാണ് നാഗർകോവിൽ റവന്യൂ ഡിവിഷൻ. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റം ആണിത്. പശ്ചിമഘട്ട മലനിരകളും അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും ഒത്തുചേരുന്ന കന്യാകുമാരി ഈ റവന്യൂ ഡിവിഷനിലാണ് സ്ഥിതി ചെയ്യുന്നത്. മധ്യകാലഘട്ടത്തിൽ കേരള രാജാക്കന്മാരും പാണ്ഡ്യ രാജാക്കന്മാരും വിജയനഗര സാമ്രാജ്യവും മധുര നായിക്കുകളും തമ്മിൽ നിരന്തരം യുദ്ധം ചെയ്യാറുണ്ടായിരുന്ന നാഞ്ചിനാടു പ്രദേശം ആണ് ഇന്നത്തെ നാഗർകോവിൽ റവന്യൂ ഡിവിഷൻ.[1] എ ഡി പതിനാലാം നൂറ്റാണ്ടോടു കൂടി ഈ പ്രദേശം കൊല്ലം ആസ്ഥാനമായ വേണാടു രാജവംശത്തിന്റെ പരിധിയിൽ വരികയും പിന്നീട് അതിന്റെ താവഴി ആയി രൂപപ്പെട്ട പദ്മനാഭപുരം ആസ്ഥാനമായ തൃപ്പാപ്പൂർ സ്വരൂപത്തിന്റെയും ഏറ്റവും ഒടുവിൽ തിരുവനന്തപുരം ആസ്ഥാനമായ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെയും ഭാഗമായി മാറി.[1] "തിരുവിതാംകൂറിന്റെ നെല്ലറ" എന്നായിരുന്നു നാഞ്ചിനാടു പ്രദേശം അറിയപ്പെട്ടിരുന്നത്.[2] രണ്ടു താലൂക്കുകളിൽ ആയി 67 റവന്യൂ വില്ലേജുകൾ ആണ് ഈ റവന്യൂ ഡിവിഷനിൽ ഉള്ളത്.[9] വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

അഗസ്തീശ്വരം താലൂക്ക് (43)

[തിരുത്തുക]

അഗസ്തീശ്വരം താലൂക്കിൽ 43 റവന്യൂ വില്ലേജുകൾ ആണുള്ളത്.[9] അവയെ ഭരണസൗകര്യം മുൻനിർത്തി കന്യാകുമാരി, നാഗർകോവിൽ, ശുചീന്ദ്രം, രാജക്കമംഗലം എന്നീ നാലു ഫിർക്കകൾ ആയി വർഗ്ഗീകരിച്ചിരിക്കുന്നു.[9]

അഗസ്തീശ്വരം ഫിർക്ക (10)

  • കന്യാകുമാരി
  • അഗസ്തീശ്വരം
  • താമരക്കുളം വടക്ക്
  • അഴകപ്പപുരം
  • കൊട്ടാരം കിഴക്ക്
  • ലീപുരം
  • കോവളം
  • താമരക്കുളം തെക്ക്
  • അഞ്ചുഗ്രാമം
  • കൊട്ടാരം പടിഞ്ഞാറ്[9]

നാഗർകോവിൽ ഫിർക്ക (15)

  • വടിവീശ്വരം കിഴക്ക്
  • വടിവീശ്വരം വടക്ക്
  • വടിവീശ്വരം തെക്ക്
  • നാഗർകോവിൽ ടൗൺ വടക്ക്
  • നാഗർകോവിൽ ടൗൺ തെക്ക്
  • വടശ്ശേരി ടൗൺ കിഴക്ക്
  • വടശ്ശേരി ടൗൺ പടിഞ്ഞാറ്
  • വടശ്ശേരി ടൗൺ തെക്ക്
  • നീണ്ടകര A പടിഞ്ഞാറ്
  • നീണ്ടകര A കിഴക്ക് ടൗൺ
  • തീരക്കൽപുതൂർ
  • കന്യാകുളം
  • പുത്തേരി
  • വെമ്പാനൂർ പടിഞ്ഞാറ്
  • വെമ്പാനൂർ കിഴക്ക്[9]

ശുചീന്ദ്രം ഫിർക്ക (8)

  • കുലശേഖരപുരം
  • മരുങ്ങൂർ
  • തേരൂർ
  • ഇരവിപ്പുതൂർ
  • ശുചീന്ദ്രം
  • മൈലാടി
  • നല്ലൂർ
  • രാമപുരം[9]

രാജക്കമംഗലം ഫിർക്ക (10)

  • പറക്ക
  • തെങ്ങംപുതൂർ
  • ധർമപുരം വടക്ക്
  • ധർമപുരം തെക്ക്
  • ധർമപുരം കിഴക്ക്
  • നീണ്ടകര B
  • മധുസൂദനപുരം വടക്ക്
  • മധുസൂദനപുരം തെക്ക്
  • പുത്തളം
  • മണക്കുടിത്തുറ
  • പള്ളം തുറ
  • രാജക്കമംഗലം[9]

തോവാള താലൂക്ക് (24)

[തിരുത്തുക]

തോവാള താലൂക്കിൽ 24 റവന്യൂ വില്ലേജുകൾ ആണുള്ളത്.[9] അവയെ ഭരണസൗകര്യം മുൻനിർത്തി അഴകിയപാണ്ഡ്യപുരം, ഭൂതപ്പാണ്ടി, തോവാള എന്നീ മൂന്നു ഫിർക്കകൾ ആയി വർഗ്ഗീകരിച്ചിരിക്കുന്നു.[9]

അഴകിയപാണ്ഡ്യപുരം ഫിർക്ക (8)

  • അരുമനല്ലൂർ
  • ദർശനംകോപ്പ്
  • അഴകിയപാണ്ഡ്യപുരം
  • ആനന്ദപുരം
  • ഞാലം
  • തടിക്കാരൻകോണം
  • കാട്ടുപുത്തൂർ
  • തിടൽ[9]

ഭൂതപ്പാണ്ടി ഫിർക്ക (7)

  • താഴക്കുടി
  • ഭൂതപ്പാണ്ടി
  • ഈശാന്തിമംഗലം വടക്ക്
  • ചിറമഠം
  • ഇറച്ചക്കുളം
  • ഈശാന്തിമംഗലം തെക്ക്
  • ഞാവൽക്കാട്[9]

തോവാള ഫിർക്ക (9)

  • തോവാള
  • ചെമ്പകരാമൻപുതൂർ
  • തൃപ്പതിസാരം
  • ആരൽവാമൊഴി തെക്ക്
  • ആരൽവാമൊഴി വടക്ക്
  • വീരമാർത്താണ്ഡൻപുതൂർ
  • മാധവാലയം
  • ഷൺമുഖപുരം
  • കുമാരപുരം[9]

പത്മനാഭപുരം റവന്യൂ ഡിവിഷൻ

[തിരുത്തുക]

കന്യാകുമാരി ജില്ലയിലെ രണ്ടു റവന്യൂ ഡിവിഷനുകളിൽ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതാണ് പത്മനാഭപുരം റവന്യൂ ഡിവിഷൻ. സംഘകാലത്ത് പമ്പാ നദിക്കും കന്യാകുമാരിക്കും ഇടയിൽ മലബാർ തീരത്തിന്റെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്തിരുന്ന ആയ് രാജ്യത്തിന്റെ ഭാഗം ആയിരുന്നു ഇത്.[1] എ ഡി പത്താം നൂറ്റാണ്ടു വരെ ഈ പ്രദേശം ആയ് രാജ്യത്തിന്റെ ഭാഗമായിത്തുടർന്നു.[1] എ ഡി പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മഹോദയപുരം ആസ്ഥാനമായ കേരള രാജാക്കന്മാരുടെ പതനത്തോടു കൂടി ഈ പ്രദേശം കൊല്ലം ആസ്ഥാനമായ വേണാടു രാജവംശത്തിന്റെ പരിധിയിൽ വരികയും പിന്നീട് അതിന്റെ താവഴി ആയി രൂപപ്പെട്ട പദ്മനാഭപുരം ആസ്ഥാനമായ തൃപ്പാപ്പൂർ സ്വരൂപത്തിന്റെയും ഏറ്റവും ഒടുവിൽ തിരുവനന്തപുരം ആസ്ഥാനമായ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെയും ഭാഗമായി മാറി.[1] തിരുവിതാംകൂറിന്റെ ആദ്യകാല തലസ്ഥാനം ആയിരുന്ന പത്മനാഭപുരം കൊട്ടാരം ഈ റവന്യൂ ഡിവിഷന്റെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു.[1] കേരളീയ വാസ്തുവിദ്യയുടെ ഉത്തമോദാഹരണം ആയി അറിയപ്പെടുന്ന പ്രസ്തുത കൊട്ടാരം ഇന്നും കേരള സർക്കാരിനു കീഴിൽ തുടരുന്നു.[1] ഇവിടെ നിന്നാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ പദ്മനാഭപുരത്തെ രാജാവ് ആയിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തൃപ്പാപ്പൂർ സ്വരൂപത്തെ വടക്ക് എറണാകുളം ജില്ലയിലെ ആലുവ വരെ വ്യാപിപ്പിച്ചു കൊണ്ടു തിരുവിതാംകൂർ രാജ്യം സ്ഥാപിക്കാൻ തുടങ്ങിയത്.[1] തിരുവിതാംകൂറിന് ആ പേരു നൽകിയ തിരുവിതാംകോടും 1741ലെ വിഖ്യാതമായ കുളച്ചൽ യുദ്ധം നടന്ന കുളച്ചലും പത്മനാഭപുരം റവന്യൂ ഡിവിഷനിൽ ആണ് സ്ഥിതി ചെയ്യുന്നത്.[1] നാലു താലൂക്കുകളിൽ ആയി 121 റവന്യൂ വില്ലേജുകൾ ആണ് ഈ റവന്യൂ ഡിവിഷനിൽ ഉള്ളത്.[9] വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

കൽക്കുളം താലൂക്ക് (45)

[തിരുത്തുക]

കൽക്കുളം താലൂക്കിൽ 45 റവന്യൂ വില്ലേജുകൾ ആണുള്ളത്.[9] അവയെ ഭരണസൗകര്യം മുൻനിർത്തി കുളച്ചൽ, തക്കല, കുരുന്തൻകോട്, തിരുവിതാംകോട് എന്നീ നാലു ഫിർക്കകൾ ആയി വർഗ്ഗീകരിച്ചിരിക്കുന്നു.[9]

കുളച്ചൽ ഫിർക്ക (14)

  • കടിയപട്ടണം
  • മണവാളക്കുറിശ്ശി
  • കുളച്ചൽ A
  • കുളച്ചൽ B
  • ലക്ഷ്മീപുരം
  • വെള്ളിച്ചന്ത A
  • വെള്ളിച്ചന്ത B
  • വെള്ളിമല
  • മണ്ടക്കാട്
  • സൈമൺ കോളനി
  • റീത്തപുരം
  • ചെമ്പൊൻവിള
  • നെയ്യൂർ
  • കല്ലുകൂട്ടം[9]

തക്കല ഫിർക്ക (9)

  • തക്കല
  • കൽക്കുളം
  • കോതനല്ലൂർ
  • വെളിമല
  • പത്മനാഭപുരം A
  • പത്മനാഭപുരം B
  • മുതലക്കുറിശ്ശി
  • ചടയമംഗലം
  • കുമാരപുരം[9]

കുരുന്തൻകോട് ഫിർക്ക (10)

  • ആളൂർ A
  • ആളൂർ B
  • തലക്കുളം
  • വില്ലുകുറി A
  • വില്ലുകുറി B
  • വില്ലുകുറി C
  • കുരുന്തൻകോട് A
  • കുരുന്തൻകോട് B
  • തിങ്കൾ നഗർ
  • കക്കോട്ടുതല[9]

തിരുവിതാംകോട് ഫിർക്ക (12)

  • കപ്പിയറ A
  • കപ്പിയറ B
  • എരണിയേൽ
  • ആത്തിവിള
  • നുള്ളിവിള A
  • നുള്ളിവിള B
  • തിരുവിതാംകോട്
  • മുളകുംമൂട്
  • വാഴ്വച്ചകോഷ്ടം A
  • വാഴ്വച്ചകോഷ്ടം B
  • മരുതൂർകുറിശ്ശി
  • തിക്കനംകോട്[9]

തിരുവട്ടാർ താലൂക്ക് (21)

[തിരുത്തുക]

തിരുവട്ടാർ താലൂക്കിൽ 21 റവന്യൂ വില്ലേജുകൾ ആണുള്ളത്.[9] അവയെ ഭരണസൗകര്യം മുൻനിർത്തി കുലശേഖരം, തിരുവട്ടാർ എന്നീ രണ്ടു ഫിർക്കകൾ ആയി വർഗ്ഗീകരിച്ചിരിക്കുന്നു.[9]

കുലശേഖരം ഫിർക്ക (8)

  • ചുരുളക്കോട്
  • പെരുഞ്ചാന്നി
  • പൊന്മന A
  • പൊന്മന B
  • തുമ്പക്കോട് A
  • തുമ്പക്കോട് B
  • തൃപ്പരപ്പ്
  • പേച്ചിപ്പാറ[9]

തിരുവട്ടാർ ഫിർക്ക (13)

  • ആറ്റൂർ
  • എറ്റക്കോട്
  • ചെറുകോൽ
  • അരുവിക്കര
  • ആയക്കോട്
  • മേക്കോട്
  • കുമാരൻകുടി
  • വീയാനൂർ A
  • വീയാനൂർ B
  • കണ്ണനൂർ
  • തിരുവട്ടാർ
  • കുലശേഖരം A
  • കുലശേഖരം B[9]

വിളവൻകോട് താലൂക്ക് (28)

[തിരുത്തുക]

വിളവൻകോട് താലൂക്കിൽ 28 റവന്യൂ വില്ലേജുകൾ ആണുള്ളത്.[9] അവയെ ഭരണസൗകര്യം മുൻനിർത്തി വിളവൻകോട്, എടക്കോട്, അരുമന എന്നീ മൂന്നു ഫിർക്കകൾ ആയി വർഗ്ഗീകരിച്ചിരിക്കുന്നു.[9]

വിളവൻകോട് ഫിർക്ക (10)

  • വിളവൻകോട്
  • കുഴിത്തുറ ടൗൺ
  • കളിയിക്കാവിള
  • കുന്നത്തൂർ
  • വിളത്തുറ
  • നല്ലൂർ
  • നട്ടാലം A
  • നട്ടാലം B
  • ഉണ്ണാമലക്കട
  • കൊല്ലഞ്ചി[9]

എടക്കോട് ഫിർക്ക (9)

  • എടക്കോട്
  • ദേവിക്കോട്
  • പാക്കോട് A
  • പാക്കോട് B
  • മരുതങ്കോട്
  • ആണ്ടുകോട് A
  • ആണ്ടുകോട് B
  • പാലുകാൽ
  • മലയടി[9]

അരുമന ഫിർക്ക (9)

  • അരുമന
  • മഞ്ഞാലുംമൂട്
  • വെള്ളാങ്കോട്
  • മുഴുകോട്
  • ചിതറാൽ
  • മാങ്കോട്
  • പുലിയൂർശാല
  • കളിയാൽ
  • കടയാൽ[9]

കിള്ളിയൂർ താലൂക്ക് (27)

[തിരുത്തുക]

കിള്ളിയൂർ താലൂക്കിൽ 27 റവന്യൂ വില്ലേജുകൾ ആണുള്ളത്.[9] അവയെ ഭരണസൗകര്യം മുൻനിർത്തി പൈങ്കുളം, മിടാലം എന്നീ രണ്ടു ഫിർക്കകൾ ആയി വർഗ്ഗീകരിച്ചിരിക്കുന്നു.[9]

പൈങ്കുളം ഫിർക്ക (14)

  • പൈങ്കുളം
  • തേങ്ങാപട്ടണം
  • ആറുദേശം
  • മുഞ്ചിറ
  • മെതുക്കുമ്മൽ
  • അടയ്ക്കാകുഴി
  • കുളപ്പുറം
  • ആതങ്കോട്
  • ചൂഴൽ
  • ഏഴുദേശം A
  • ഏഴുദേശം B
  • ഏഴുദേശം C
  • കൊല്ലങ്കോട് A
  • കൊല്ലങ്കോട് B[9]

മിടാലം ഫിർക്ക (13)

  • മിടാലം A
  • മിടാലം B
  • കറുങ്കൽ
  • മത്തിക്കോട്
  • കീഴ്മിടാലം A
  • കീഴ്മിടാലം B
  • കീഴ്ക്കുളം A
  • കീഴ്ക്കുളം B
  • ഇനയം-പുത്തൻതുറ
  • പാലൂർ
  • മുള്ളൻകിനാവിള
  • കിള്ളിയൂർ A
  • കിള്ളിയൂർ B[9]

സംസാരഭാഷ

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ദക്ഷിണേന്ത്യ മുഴുവനും സഞ്ചരിച്ച പ്രമുഖ ഭാഷാശാസ്ത്രജ്ഞൻ ആയ റോബർട്ട് കാൾഡ്വെൽ മലയാളത്തിന്റെ വ്യാപ്തി വിവരിക്കുന്നത് ഇപ്രകാരമാണ്, വടക്കേ അതിർത്തിയിൽ കാസർഗോഡ് നഗരത്തിന്റെ പരിസരത്ത് തുളു ഭാഷയും കന്നഡ ഭാഷയും ആയി ഇടകലരുന്ന മലയാളം അതിന്റെ തെക്കൻ അതിരിൽ കന്യാകുമാരിക്കടുത്ത് പഴയാർ നദിക്കപ്പുറം ഉള്ള കോട്ടാറിൽ വെച്ച് തമിഴ് ഭാഷയുമായി ഇടകലരാൻ തുടങ്ങുന്നു.[note 1] പടിഞ്ഞാറ് മലബാർ തീരം മുതൽ കിഴക്ക് പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളെ കൂടാതെ അറബിക്കടലിൽ ഉള്ള ലക്ഷദ്വീപിലെ ജനവാസ ദ്വീപുകളിലും മലയാളം വ്യാപകമായി സംസാരിക്കപ്പെടുന്നു. ഇതിൽ പറയുന്ന മലയാളത്തിന്റെ തെക്കേ അതിർത്തിയായ കോട്ടാർ ഇന്ന് കന്യാകുമാരി ജില്ലയുടെ ആസ്ഥാനമായ നാഗർകോവിൽ നഗരത്തിന്റെ ഭാഗമാണ്. സംഘകാലത്ത് ആയ് രാജ്യത്തെ പ്രമുഖ വിദേശ വ്യാപാരകേന്ദ്രം ആയി ഗ്രീക്കോ-റോമൻ സഞ്ചാരികൾ വിവരിക്കുന്ന ഈ കോട്ടാറിനു ചുറ്റും പിന്നീട് വളർന്നു വന്ന നഗരമാണ് ഇന്നത്തെ നാഗർകോവിൽ.[11]

ഇന്ന് കന്യാകുമാരി ജില്ലയിൽ തമിഴ്, മലയാളം എന്നീ ഭാഷകൾ സംസാരിക്കപ്പെടുന്നു. കന്യാകുമാരി ജില്ലയിലെ തമിഴിൽ മലയാളത്തിന്റെ വ്യക്തമായ സ്വാധീനം കാണാം.[12] തമിഴും മലയാളവും കലർന്ന ഒരു തരം ഭാഷയാണ് കന്യാകുമാരി ജില്ലയിൽ നാഗർകോവിൽ മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ പ്രചാരത്തിലുള്ളത്.[12] തമിഴ്നാടിന്റെ ഇതരഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുപാടു മലയാള പദങ്ങളും മലയാള വ്യാകരണ നിയമങ്ങളും ശൈലിയും ഈ ജില്ലയിലെ ഭാഷയിൽ കടന്നു വരാറുണ്ട്.[12]

നാഗർകോവിൽ നഗരത്തിന്റെ ഭാഗമായ കോട്ടാറിനെ കുറിച്ച് 1856ൽ പ്രസിദ്ധീകരിച്ച തന്റെ "A Comparative Grammar of the Dravidian Or South-Indian Family of Languages" എന്ന പുസ്തകത്തിൽ റോബർട്ട് കാൾഡ്വെൽ വിവരിക്കുന്നത് ഇപ്രകാരമാണ്:

"Kottara: This is the name of a place in the country of the 'Aii', or ' Paralia ' (identical with South Travancore), which is called ‘Kottiara Metropolis' by Ptolemy, ' Cottora' by Pliny. Undoubtedly the town referred to is ‘Kôțţâra' or, as it is ordinarily spelled by Europeans, ‘ Kotaur,' the principal town in South Travancore, and now , as in the time of the Greeks, distinguished for its commerce. The name of the place is derived from ‘ Kôd-u, ' Tam., a line of circumvallation, a fortification , and “ ârú, ' a river. It is a rule in the Tamil and the Malayalam , that when a word like ‘Kôd is the first member of a compound, the final ' ' must be doubled for the purpose of giving the word the force of an adjective : it is another rule that sonants when doubled become surds. Consequently the compound ‘kôd- ara' becomes by rule 'kôţt-âra' . It is interesting to perceive that in the time of the Greeks the same peculiar phonetic rules existed which are now in operation . It is also worth noticing that the Greek writers represent the last syllable of the name of the town, not as ' âru ,' but as 'âra . The Tamil has ' âru, ' the Malayalam 'ara ' At Kotaur, the dialectic peculiarities of the Malayalam language begin to supersede those of the Tamil ; and this appears to have been the case even in the time of the Greeks."[10]

മലയാളം തമിഴിന്റെ സന്തതി അല്ലെന്നും മലയാളവും തമിഴും പൂർവദ്രാവിഡഭാഷയിൽ നിന്ന് സ്വതന്ത്രമായി സംഘകാലത്തു തന്നെ വേർപ്പിരിഞ്ഞിരുന്നു എന്നും പശ്ചിമഘട്ടത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളിൽ പുരാതനകാലം മുതലേ കിഴക്കൻ പ്രദേശങ്ങളിലെ ഭാഷയിൽ നിന്നും വ്യത്യസ്തമായ മലയാളത്തിന്റെ ഒരു പ്രാചീനരൂപം ആയിരുന്നു സംസാരഭാഷ എന്നുമുള്ള അഭിപ്രായക്കാരനാണ് ദ്രാവിഡ ഭാഷകളുടെ ഘടനയെ താരതമ്യം ചെയ്തു കൊണ്ട് ആദ്യത്തെ പുസ്തകം രചിച്ച റോബർട്ട് കാൾഡ്വെൽ.[12] ഈ വാദത്തെ സാധൂകരിക്കുന്ന ഒരു പരാമർശമാണ് അദ്ദേഹം പുരാതന ഗ്രീക്കോ-റോമൻ സഞ്ചാരികളുടെ വിവരണത്തെ ആസ്പദമാക്കി മുകളിലെ വരികളിൽ നടത്തിയിരിക്കുന്നത്.[12] എന്നാൽ മലയാളത്തിലേക്ക് പൂർവ മധ്യകാലഘട്ടത്തിൽ ഉണ്ടായ സംസ്കൃതത്തിന്റെ അതിപ്രസരത്തിനു മുമ്പുള്ള കാലഘട്ടത്തിൽ പടിഞ്ഞാറൻ തീരത്തുള്ളവർ സാഹിത്യഭാഷയായി സംസാരഭാഷയിൽ നിന്നും വിഭിന്നമായിക്കൊണ്ട് കിഴക്കൻ പ്രദേശങ്ങളിലെ സാഹിത്യഭാഷയായ ചെന്തമിഴ് ഉപയോഗിച്ചു പോന്നിരുന്നു.[13] തമിഴ് എന്ന പദത്തിനു "ഭാഷ" എന്നു മാത്രം ആണർഥം.[13] കന്നഡയെ കരിനാട്ടു തമിഴ് (കരിനാട്ടിലെ ഭാഷ) എന്നും മലയാളത്തെ മലനാട്ടു തമിഴ് (മലനാട്ടിലെ ഭാഷ) എന്നും വിളിച്ചു പോന്നത് ഇതിനാലാണ്.[13]

മലനാട്ടു ഭാഷയുടെ, അഥവാ, മലയാളത്തിന്റെ ഏറ്റവും പ്രാചീനമായ വ്യാകരണ ഗ്രന്ഥം ആയ തൊൽകാപ്പിയം രചിക്കപ്പെട്ടത് കന്യാകുമാരി ജില്ലയിലെ ആതങ്കോടു വെച്ചാണെന്നു വിശ്വസിക്കപ്പെടുന്നു.[13] സംഘകാലത്തോ അതിനു മുമ്പോ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ ഇന്നു തമിഴിൽ ഇല്ലാത്തതും മലയാളത്തിൽ ഉള്ളതുമായ ഒരുപാടു സവിശേഷതകൾ കാണപ്പെടുന്നു.[13] ആധുനിക മലയാളത്തിന്റെ അടിസ്ഥാന വ്യാകരണ ഗ്രന്ഥമായ എ.ആർ. രാജരാജവർമ്മയുടെ എ ഡി 1896ൽ പ്രസിദ്ധീകരിക്കപ്പെട്ട കേരളപാണിനീയത്തിലും തൊൽകാപ്പിയത്തിന്റെ സ്വാധീനം പ്രകടമാണ്. 2013ൽ മലയാള ഭാഷയ്ക്കു ഭാരത സർക്കാരിന്റെ ശ്രേഷ്ഠഭാഷാ പദവി നേടിക്കൊടുക്കുന്നതിലും തൊൽകാപ്പിയത്തിൽ കാണപ്പെടുന്ന മലയാളത്തിനു സമാനമായ ശൈലി പങ്കു വഹിച്ചിട്ടുണ്ട്.[14][15]

ജനസംഖ്യ

[തിരുത്തുക]
Historical population
YearPop.±% p.a.
19013,59,248—    
19114,22,260+1.63%
19214,94,125+1.58%
19315,81,851+1.65%
19416,76,975+1.53%
19518,26,380+2.01%
19619,96,915+1.89%
197112,22,549+2.06%
198114,23,399+1.53%
199116,00,349+1.18%
200116,76,034+0.46%
201118,70,374+1.10%
ഉറവിടം:[16]

2011 സെൻസസ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കന്യാകുമാരി ജില്ലയിലെ ജനസംഖ്യ 1,870,374ഉം ലിംഗാനുപാതം 1,000 പുരുഷന്മാർക്ക് 1,019 സ്ത്രീകൾ എന്ന തോതിലുമാകുന്നു, ഇതു ദേശീയ ശരാശരി ആയ 929നു വളരെ മുന്നിലാണ്.[17]

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

[തിരുത്തുക]
പേച്ചിപ്പാറ റിസർവോയർ
തേങ്ങാപട്ടണം അഴിമുഖം മുറിച്ചുകടക്കുന്ന ഒരു വള്ളം

ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കന്യാകുമാരി നഗരത്തിൽ നിന്നുമാണ് ഈ ജില്ലക്ക് കന്യാകുമാരി ജില്ല എന്ന് പേര് വന്നത്. കുമാരി എന്ന ചുരുക്കപ്പേരിലും ഈ ജില്ല അറിയപ്പെടുന്നു. ഈ പ്രദേശത്തുകാർ ആരാധിക്കുന്ന കന്യാകുമാരി അമ്മൻ ദേവതയുമായി ബന്ധപെട്ടാണ് ഈ പ്രദേശം കന്യാകുമാരി എന്നറിയപ്പെടുന്നത്. പാർവതീ ദേവിയുടെ അവതാരമാണ്‌ ദേവി കന്യക എന്നാണ് വിശ്വാസം.

ഭൂമിശാസ്ത്രപരമായി ഇതൊരു മുനമ്പാണ്. "കേപ്പ് കൊമാറിൻ" എന്നാണ് ബ്രിട്ടിഷുകാർ ഈ മുനമ്പിനു നൽകിയിരുന്ന പേര്. ഭൂമിശാസ്ത്രപരമായി പുരാതന കാലം മുതൽ തന്നെ കന്യാകുമാരി ജില്ല യഥാക്രമം "നാഞ്ചിനാട്", "ഇടനാട്" എന്നീ രണ്ടു മേഖലകൾ ഉൾക്കൊള്ളുന്നതാണ്.

മണ്ണിനങ്ങൾ

[തിരുത്തുക]

തിരുവട്ടാർ, കിള്ളിയൂർ, മുഞ്ചിറ, രാജക്കമംഗലം, തക്കല ബ്ലോക്സ് എന്നീ പ്രദേശങ്ങളിൽ ലാറ്ററൈറ്റ് മണ്ണിനം കാണപ്പെടുന്നു. അഗസ്തീശ്വരം, തോവാള ബ്ലോക്സ് എന്നിവിടങ്ങളിൽ ചുവന്നതും അലൂവിയൽ മണ്ണിനങ്ങളും കാണപ്പെടുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

കന്യാകുമാരി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം:-

  1. പ്രീ പ്രൈമറി സ്കൂൾ - 83
  2. പ്രൈമറി സ്കൂൾ - 413
  3. മിഡിൽ സ്കൂൾ - 147
  4. ഹൈസ്കൂൾ - 121
  5. ഹയർ സെക്കൻഡറി സ്കൂൾ - ൧൨൦

ആകെ - 884

കന്യാകുമാരി ജില്ലയിലെ കോളേജുകളുടെ എണ്ണം:-

  1. ഗവൺമെന്റ് മെഡിക്കൽ കോളേജ് - 1
  2. ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് - 1
  3. ഗവൺമെന്റ് പോളിടെൿനിക് കോളേജ് - 1
  4. എയ്ഡഡ് കോളേജ് - 12
  5. സെൽഫ് ഫൈനാൻസിങ് കോളേജ് -4
  6. കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ -8
  7. കോളേജ് ഫോർ പ്രൊഫഷണൽ എഡ്യൂക്കേഷൻ - 30
  1. അരി - 400 km²
  2. തേങ്ങ - 210 km²
  3. റബ്ബർ - 194.78 km²
  4. കൊള്ളിക്കിഴങ്ങ്‌ - 123.50 km²
  5. വാഴപ്പഴം - 50 km²
  6. പയറു വർഗ്ഗങ്ങൾ - 30 km²
  7. കശുവണ്ടി - 20 km²
  8. മാങ്ങ - 17.70 km²
  9. എണ്ണപ്പന - 16.31 km²
  10. പുളി - 13.33 km²
  11. അടയ്ക്ക - 9.80 km²
  12. ചക്ക - 7.65 km²
  13. സുഗന്ധവ്യഞ്ജനങ്ങൾ - 5.18 km²

റിസർവ്വ് വനങ്ങൾ

[തിരുത്തുക]
  1. തെക്കുമല ഈസ്റ്റ് ആന്റ് വെസ്റ്റ് - 17.4 km²
  2. തടാകമല - 7.9 km²
  3. പൊയ്കമല - 12.4 km²
  4. മഹേന്ദ്രഗിരി - 43.6 km²
  5. വീരപുലി - 281.9 km²
  6. വെളിമല - 11.2 km²
  7. ഓൾഡ്‌ കുലശേഖരം - 6.9 km²
  8. കിലമല - 8,106 ha
  9. അസമ്പ് - 4,310 ha

പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ

[തിരുത്തുക]
  • കന്യാകുമാരി ദേവി ക്ഷേത്രം
  • ശുചിന്ദ്രം ശിവ ക്ഷേത്രം
  • മണ്ടക്കാട് ഭഗവതി അമ്മൻ ക്ഷേത്രം
  • വേളിമല കുമാരസ്വാമി ക്ഷേത്രം

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 Sreedhara Menon, A. (2007) [1967]. Kerala Charitram (Revised ed.). Kottayam: DC Books. ISBN 978-8-12641-588-5.
  2. 2.0 2.1 Rajeev, Sharat Sundar (20 May 2016). "Store of reminiscences" [അവശേഷിപ്പുകളുടെ കഥ]. The Hindu (in English). Thiruvananthapuram. Retrieved 8 June 2022.{{cite news}}: CS1 maint: unrecognized language (link)
  3. Ramakrishnan, T. (17 May 2017). "Kanniyakumari tops HDI rankings". The Hindu.
  4. "TN's literacy rate at new high".
  5. http://www.tn.gov.in/dear/State%20Income.pdf [bare URL PDF]
  6. 6.0 6.1 [1]
  7. 7.0 7.1 7.2 7.3 വില്ല്യം ലോഗൻ (1887). മലബാർ മാന്വൽ (ഭാഗം-I). മദിരാശി സർക്കാർ അച്ചുശാല.
  8. Falling Rain Genomics, Inc – Kanniyakumari
  9. 9.00 9.01 9.02 9.03 9.04 9.05 9.06 9.07 9.08 9.09 9.10 9.11 9.12 9.13 9.14 9.15 9.16 9.17 9.18 9.19 9.20 9.21 9.22 9.23 9.24 9.25 9.26 9.27 9.28 9.29 9.30 9.31 9.32 9.33 9.34 കന്യാകുമാരി ജില്ലാ ഭരണകൂടം. "Revenue administration of Kanyakumari district". kanniyakumari.nic.in. കന്യാകുമാരി ജില്ലാ ഭരണകൂടം. Retrieved 8 ജൂൺ 2022.
  10. 10.0 10.1 കാൽഡ്വെൽ, റോബർട്ട് (1856). ദ്രാവിഡ അഥവാ ദക്ഷിണേന്ത്യൻ ഭാഷകളുടെ ഒരു താരതമ്യ വ്യാകരണം (in ഇംഗ്ലീഷ്). ഹാരിസൺ ആൻഡ് സൺസ്. pp. 7, 62–63.
  11. "Nagercoil" (PDF).
  12. 12.0 12.1 12.2 12.3 12.4 "Nagercoil slang was my biggest challenge: Vijay Sethupathi". The Times of India. 16 Jan 2017.
  13. 13.0 13.1 13.2 13.3 13.4 കുഞ്ഞൻ പിള്ള, എൻ കെ (1931). ഇന്ത്യൻ സെൻസസ്, 1931. വാള്യം ഇരുപത്തിയെട്ട്: തിരുവിതാംകൂർ. ഭാഗം ഒന്ന്: റിപ്പോർട്ട്. തിരുവനന്തപുരം: തിരുവിതാംകൂർ സർക്കാർ. p. 325-326.
  14. "മലയാളത്തിനു ക്ലാസിക്കൽ പദവി". ദ ഹിന്ദു (in ഇംഗ്ലീഷ്). തിരുവനന്തപുരം. 24 May 2013. Archived from the original on 27 September 2013. Retrieved 25 May 2013.
  15. "മലയാളത്തിനു ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു". ദ ഇന്ത്യൻ എക്സ്പ്രസ് (in ഇംഗ്ലീഷ്). 24 May 2013. Retrieved 7 September 2021.
  16. 1901 മുതലുള്ള ജനസംഖ്യയിലെ ദശാബ്ദ വ്യതിയാനം
  17. "ഏറ്റവും പുതിയ സെൻസസ് കണക്കുകൾ". രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും കാര്യാലയം, ആഭ്യന്തര മന്ത്രാലയം, ഭാരത സർക്കാർ. 2013. Retrieved 26 January 2014.
  1. “The Malayalam , or 'Malayârma', ranks next in order. This language is spoken along the Malabar coast, on the western side of the Ghats, or Malaya range of mountains, from the vicinity of Mangalore, where it supersedes the Canarese and the Tuļu, to Trivandrum , where it begins to be superseded by the Tamil. The people by whom this language is spoken in the native states of Travancore and Cochin, and in the East India Company's districts of Malabar and Canara, may be estimated at two and a half millions.” (Page 7) "Kottara: This is the name of a place in the country of the 'Aii', or ' Paralia ' (identical with South Travancore), which is called ‘Kottiara Metropolis' by Ptolemy, ' Cottora' by Pliny. Undoubtedly the town referred to is ‘Kôțţâra' or, as it is ordinarily spelled by Europeans, ‘ Kotaur,' the principal town in South Travancore, and now , as in the time of the Greeks, distinguished for its commerce. The name of the place is derived from ‘ Kôd-u, ' Tam., a line of circumvallation, a fortification , and “ ârú, ' a river. It is a rule in the Tamil and the Malayalam , that when a word like ‘Kôd is the first member of a compound, the final ' ' must be doubled for the purpose of giving the word the force of an adjective : it is another rule that sonants when doubled become surds. Consequently the compound ‘kôd- ara' becomes by rule 'kôţt-âra' . It is interesting to perceive that in the time of the Greeks the same peculiar phonetic rules existed which are now in operation . It is also worth noticing that the Greek writers represent the last syllable of the name of the town, not as ' âru ,' but as 'âra . The Tamil has ' âru, ' the Malayalam 'ara ' At Kotaur, the dialectic peculiarities of the Malayalam language begin to supersede those of the Tamil ; and this appears to have been the case even in the time of the Greeks." (Page 62-63)[10]

അധികവായനക്ക്

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കന്യാകുമാരി_ജില്ല&oldid=4072894" എന്ന താളിൽനിന്ന് ശേഖരിച്ചത്