ഫ്രാൻസിസ് സേവ്യർ
വിശുദ്ധ ഫ്രാൻസിസ് സേവ്യർ | |
---|---|
കിഴക്കിന്റെ അപ്പസ്തോലൻ | |
ജനനം | Xavier, കിങ്ഡം ഓഫ് നവാരെ, (സ്പെയിൻ) | 7 ഏപ്രിൽ 1506
മരണം | 3 ഡിസംബർ 1552 ഷാങ് ചുവാൻ ദ്വീപ്, ചൈന | (പ്രായം 46)
വണങ്ങുന്നത് | റോമൻ കത്തോലിക്ക സഭ, ലൂഥറൻ സഭ, ആംഗ്ലിക്കൻ കൂട്ടായ്മ |
വാഴ്ത്തപ്പെട്ടത് | 25 ഒക്ടോബർ1619 by പോൾ അഞ്ചാമൻ |
നാമകരണം | 12 മാർച്ച്(12 ഏപ്രിൽ) 1622 by ഗ്രിഗോരിയോസ് പതിനഞ്ചാമൻ |
ഓർമ്മത്തിരുന്നാൾ | ഡിസംബർ 3 |
പ്രതീകം/ചിഹ്നം | ക്രൂശിതരൂപം; ജ്വലിതഹൃദയം പേറുന്ന പ്രബോധകൻ; മണി; ഭൂഗോളം; പാത്രം; ഇഗ്നേഷ്യസ് ലയോളക്കൊപ്പം താടിയുള്ള യുവ ജെസ്യൂട്ടായി; പന്തം പേറുന്ന ജെസ്യൂട്ട്, ജ്വാല, കുരിശും ലില്ലിപ്പുഷ്പവും |
നവാരെ രാജ്യത്ത് (ഇപ്പോൾ സ്പെയിൻ-ഫ്രാൻസ്) ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ് ഫ്രാൻസിസ് സേവ്യർ (7 ഏപ്രിൽ 1506 – 3 ഡിസം.1552) . വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു.[1] ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ഇന്ത്യയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പങ്കു പ്രധാനമായി. ഇന്ത്യക്ക് പുറമേ ജപ്പാൻ, മൊളൊക്കസ്, ബോർണിയോ എന്നിങ്ങനെ, ക്രിസ്ത്യൻ മിഷനറികൾ അധികം കടന്നു ചെന്നിട്ടില്ലാത്ത മറ്റു നാടുകളിലും അദ്ദേഹം വേദപ്രചാരകനായി എത്തി.
ഭാഷാപരവും മറ്റുമായ പരിമിതികൾ മൂലം ഇന്ത്യയൊഴിച്ചുള്ള നാടുകളിൽ ആദ്യത്തെ ക്രിസ്തീയ വേദപ്രചാരകനായെത്തിയ അദ്ദേഹത്തിന് പരിമിതമായ വിജയം മാത്രമേ നേടാനായുള്ളു. എങ്കിലും പൊതുവേ പറഞ്ഞാൽ, കേവലം പത്തു വർഷം മാത്രം ദീർഘിച്ച ആ പ്രേഷിത സംരംഭത്തിന്റെ സാഹസികതയും വൈപുല്യവും വേദപ്രചരണദൗത്യങ്ങളുടെ ചരിത്രത്തിൽ അസാധാരണമായിരുന്നു.[2] ഇഗ്നേഷ്യസ് ലയോളയുടെ കൂട്ടുകാരനായിരുന്നു
ജീവിതം
[തിരുത്തുക]തുടക്കം
[തിരുത്തുക]പിരണീസ് പർവതപ്രാന്തത്തിൽ, നാവാരെ പ്രവിശ്യയുടെ ഹെസ്പാനിയ മേഖലയിൽ, ബാസ്ക് വംശത്തിൽ പെട്ട ഒരു പ്രഭുകുടുംബത്തിലാണ് ഫ്രാൻസിസ് സേവ്യർ ജനിച്ചത്. 'സേവ്യർ' (Xavier, Xabier) എന്ന കുടുംബപ്പേര്, ബാസ്ക് ഭാഷയിലെ എറ്റ്സ്സാബെറി' (etxaberri) എന്ന സ്ഥലസൂചകനാമത്തിന്റെ (toponymic) രൂപഭേദമാണ്. "പുതിയ വീട്" എന്നാണ് അതിനർത്ഥം. ഇളയമകനായിരുന്ന സേവ്യർ പുരോഹിതവൃത്തി തെരഞ്ഞെടുത്ത് അതിനുള്ള യോഗ്യത സമ്പാദിക്കാനായി 20-നടുത്തു വയസ്സുള്ളപ്പോൾ പാരിസ് സർവകലാശാലയിൽ വിദ്യാർത്ഥിയായി. അവിടെ അദ്ദേഹം പതിനൊന്നു വർഷം ചെലവഴിച്ചു. പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ നവീകരണാഭിമുഖ്യമുള്ള ചില സംഘങ്ങളുമായി സേവ്യർ അടുത്തിരുന്നു. എന്നാൽ സ്വന്തം നാട്ടുകാരനും തന്നേക്കാൾ 15 വയസ്സുള്ള മൂപ്പുള്ളവനുമായ ഇഗ്നേഷ്യസ് ലൊയോളയുമായുള്ള പരിചയം അദ്ദേഹത്തിന്റെ കത്തോലിക്കാ പ്രതിബദ്ധത ഉറപ്പിക്കുകയും ജീവിതഗതി തന്നെ മാറ്റിമറിക്കുകയും ചെയ്തു.[2]
ബാസ്ക് വംശജരായ ഇഗ്നേഷ്യസും സേവ്യറും തമ്മിലുള്ള പരിചയത്തിന്റെ തുടക്കം ആയാസരഹിതമായിരുന്നില്ല. സേവ്യർ ഇഗ്നേഷ്യസിന്റെ പ്രഭാവത്തിൽ വന്നതു മെല്ലെ ആയിരുന്നു. താൻ "ഏറ്റവും ബുദ്ധിമുട്ടി കുഴച്ച മാവ് സേവ്യർ ആയിരുന്നെന്ന്" ഇഗ്നേഷ്യസ് പറഞ്ഞതായി അദ്ദേഹത്തിന്റെ സഹായി പൊളാങ്കോ പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്.[3] ക്രമേണ ഇഗ്നേഷ്യസിന്റെ ആദർശനിഷ്ഠയുടെ സ്വാധീനത്തിൽ വന്ന ഫ്രാൻസിസ് 1534-ൽ വിശുദ്ധമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളായ ഓഗസ്റ്റ് 15-ന് പാരിസിന്റെ വടക്കൻ പ്രാന്തത്തിലുള്ള മോണ്ട്മാർട്രെയിലെ ചാപ്പലിൽ ഇഗ്നേഷ്യസിനും മറ്റ് അഞ്ച് അനുയായികൾക്കുമൊപ്പം ഈശോസഭാംഗമായി വൃതവാഗ്ദാനം നടത്തി. പൗരോഹിത്യപരിശീലനത്തിനു ശേഷം 1537 ജൂൺ 24-ന് ഇറ്റലിയിലെ വെനീസിൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് കുറേക്കാലം ബൊളോണ്യയിലെ ഒരു ആശുപത്രിയിലും റോമിൽ ഇഗ്നേഷ്യസിന്റെ സഹായിയായും അദ്ദേഹം പ്രവർത്തിച്ചു.
ദൗത്യാരംഭം
[തിരുത്തുക]അക്കാലത്ത് പോർച്ചുഗൽ രാജാവ്, പൗരസ്ത്യദേശത്തെ കോളനികളിൽ പ്രവർത്തിക്കാനായി നാലു ഈശോസഭാ വൈദികരെ നിയോഗിക്കാൻ ഇഗ്ലേഷ്യസ് ലൊയോളയോട് അഭ്യർത്ഥിച്ചു. രണ്ടു പേരെ മാത്രം അയക്കാനായിരുന്നു ഇഗ്നേഷ്യസിന്റെ തീരുമാനം. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഇരുവരിൽ ഒരാൾ രോഗബാധിതനായതിനെ തുടർന്ന് അയാൾക്കു പകരം പോകാനുള്ള ഇഗ്നേഷ്യസിന്റെ നിർദ്ദേശം ഫ്രാൻസിസ് സേവ്യർ മടി കാട്ടാതെ അനുസരിച്ചു. പുറപ്പെടുന്നതിനു മുൻപ് ഒരുങ്ങാൻ കൊടുത്തത് ഒരു ദിവസം മാത്രമായിരുന്നു.
ഇന്ത്യയിലേക്കു കപ്പൽ കയറുന്നതിനായി സേവ്യറും സഹചാരിയും പോർച്ചുഗലിലെ ലിസ്ബണിലെത്തി. കപ്പൽ കാത്തിരിക്കെ ലിസ്ബണിലെ നാമമാത്ര ക്രിസ്ത്യാനികൾക്കിടയിൽ അവർ പ്രവർത്തിച്ചു. ഒടുവിൽ സഹചാരി ലിസ്ബണിലെ വേദപ്രഘോഷണത്തിൽ തുടർന്നതിനാൽ ഇന്ത്യയിലേക്കു പുറപ്പെട്ടത് സേവ്യർ മാത്രമായിരുന്നു. ദീർഘമായ കപ്പൽ യാത്രക്കിടെ അദ്ദേഹം സഹയാത്രക്കാരെ സഹായിക്കുകയും കപ്പലിലെ നിലവാരം കൂടിയ സ്വന്തം മുറി രോഗാവസ്ഥയിലുള്ളവർക്കായി ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.[2]
ഇന്ത്യയിൽ
[തിരുത്തുക]13 മാസം ദീർഘിച്ച ദുരിതപൂർണ്ണമായ യാത്രക്കൊടുവിൽ 1542 മേയ് 6-ന് [4] ഫ്രാൻസിസ് സേവ്യർ ഇന്ത്യയുടെ പശ്ചിമതീരത്ത് പോർച്ചുഗീസ് കോളനിയായിരുന്ന ഗോവയിൽ കപ്പലിറങ്ങി. ഒരു പ്രാർത്ഥനാമഞ്ജരിയും കത്തോലിക്കാ പ്രതി-നവീകരണക്കാർക്കിടയിൽ പ്രചരിച്ചിരുന്ന 'വിശുദ്ധിമാർഗ്ഗം' (De Instituione bene vivendi) എന്ന പുസ്തകവും മാത്രമായിരുന്നു വേദപ്രചാരസഹായികളായി അദ്ദേഹം കരുതിയിരുന്നത്. ക്രൊയേഷ്യൻ മാനവികതാവാദി മാർക്കൊ മാറുലിക്കിന്റെ കൃതിയായ 'വിശുദ്ധിമാർഗ്ഗം', ബൈബിളിലെ ഗുണപാഠകഥകലെ ആശ്രയിച്ചുള്ള സന്മാർഗ്ഗബോധിനി ആയിരുന്നു.
ഒരു ചെറിയ മണികിലുക്കികൊണ്ട് തെരുവിലൂടെ നടന്നായിരുന്നു സേവ്യർ തന്റെ പ്രബോധനത്തിനു ശ്രോതാക്കളെ സംഘടിപ്പിച്ചിരുന്നത്. ആൾ കൂടിക്കഴിയുമ്പോൾ അദ്ദേഹം തന്റെ സന്ദേശം വാക്ചാതുരിയോടെ അവതരിപ്പിച്ചു. ക്രിസ്തുസന്ദേശത്തിന്റെ ആത്മാർത്ഥതയും പ്രസാദഭാവവും തികഞ്ഞ അവതരണം വഴി അനേകരെ അദ്ദേഹം സ്വവിശ്വാസത്തിലേക്കു പരിവർത്തനം ചെയ്തു. തന്റെ ശ്രോതാക്കളുടെ ദരിദ്രജീവിതത്തിൽ സേവ്യർ തികച്ചും പങ്കുപറ്റി. അദ്ദേഹം രോഗശാന്തികൾ സാധിച്ചതായി പറയപ്പെടുന്നെങ്കിലും അവയ്ക്കു പിന്നിൽ പ്രഘോഷകന്റെ ആത്മവിശ്വാസത്തിന്റെ സാംക്രമികതയും ("contagious self-confidence") ചില്ലറ വൈദ്യജ്ഞാനവും ആയിരുന്നിരിക്കാം എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തനിക്ക് അത്ഭുതപ്രവർത്തന ശേഷിയുണ്ടെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടില്ല.[5] വേദപ്രചാരകരെ പരിശീലിപ്പിക്കാനായി ഗോവയിൽ ഒരു കലാലയവും അദ്ദേഹം തുടങ്ങി.
തുടർന്ന് സേവ്യർ തെക്കുകിഴക്കേ ഇന്ത്യയിലെ പറവർ സമുദായക്കാർക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങി. മീൻപിടുത്തവും മറ്റും തൊഴിലാക്കിയിരുന്ന ഈ സമുദായത്തിലെ വലിയൊരു വിഭാഗം നേരത്തേ ക്രിസ്തുമതം സ്വീകരിച്ചിരുന്നെങ്കിലും പുതിയ പ്രബോധകന്മാരുടെ അഭാവത്തിൽ അവർ നാമമാത്രവിശ്വാസികളായി കഴിയുകയായിരുന്നു. അവർക്കിടയിൽ കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടെ സേവ്യർ, വിശ്വാസപ്രമാണവും, പത്തു കല്പനകളും, കർത്തൃപ്രാർത്ഥനയും മറ്റും തമിഴ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അവരെ പഠിപ്പിച്ചു. തിരുവിതാംകൂറിന്റെ തീരപ്രദേശങ്ങളിലും സേവ്യർ സുവിശേഷം പ്രസംഗിച്ചു. സിലോണും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയായി.[2]
മലാക്കായും മറ്റും
[തിരുത്തുക]1545-ൽ സേവ്യർ മാലാക്കയിലേക്കു കപ്പൽ കയറി. അവിടെ ഏതാനും മാസങ്ങളിലെ പ്രഘോഷണത്തിനു ശേഷം അദ്ദേഹം ഇന്തോനേഷ്യയുടെ കിഴക്കു ഭാഗത്തുള്ള മൊളക്കസ് ദ്വീപുകളിലെത്തി. അവിടെ ഒന്നരവർഷത്തോളം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയായിരുന്നതായി പറയപ്പെടുന്ന ദ്വീപുകൾ ഏതെന്നു വ്യക്തമല്ല. ഫിലിപ്പീൻസിന്റെ തെക്കേയറ്റത്തുള്ള മിന്ദനാവോ ദ്വീപിൽ സേവ്യർ എത്തിയതായും ഒരു പാരമ്പര്യമുണ്ട്. ഫിലിപ്പീൻസിലെ ആദ്യത്തെ അപ്പസ്തോലൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുമുണ്ട്. സേവ്യറുടേ വിശുദ്ധപദവി പ്രഖ്യാപിക്കുന്ന മാർപ്പാപ്പയുടെ പ്രഘോഷണത്തിൽ പോലും ഈ പാരമ്പര്യം കാണാം. എങ്കിലും ഇത് ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ല.[4]
ജപ്പാൻ
[തിരുത്തുക]1547-ൽ വീണ്ടും മലാക്കായിലെത്തിയ സേവ്യർ അവിടെ ജപ്പാൻകാരനായ ഹാൻ-സിർ എന്നയാളുമായി പരിചയപ്പെട്ടു. ജപ്പാനെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം അവിടെ സുവിശേഷസന്ദേശം എത്തിക്കാൻ ആഗ്രഹിച്ചു. എങ്കിലും ഗോവയിലെ അപ്പോഴത്തെ സ്ഥിതിയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആവശ്യമായിരുന്നതിനാൽ അദ്ദേഹം തൽക്കാലം അവിടേക്കു മടങ്ങി. ജപ്പാൻകാരനായ ഹാൻ-സിറിനേയും അദ്ദേഹം ഗോവയിലേക്കു കൂടെ കൊണ്ടു പോയിരുന്നു. അവിടെ അയാൾ പാബ്ലോ ഡി സാന്താ ഫെ എന്ന പേരിൽ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. 1549-ൽ സേവ്യർ ജപ്പാനിലേക്കു തിരിച്ചു. ഹാൻ-സിറും മൂന്നു സഹസന്യാസിമാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കപ്പലിൽ സേവ്യർ ജപ്പാനീസ് ഭാഷ പഠിക്കാൻ ശ്രമിച്ചു. ജപ്പാനിൽ ആദ്യം കപ്പലടുത്ത തുറമുഖങ്ങളിലെ അധികാരികൾ അവർക്കു പ്രവേശനം അനുവദിച്ചില്ല. ഒടുവിൽ 1549 ആഗ്സ്റ്റ് മാസം അവർ കഗോഷിമാ തുറമുഖത്ത് കപ്പലിറങ്ങി. അവിടെ സേവ്യറും അനുചരന്മാരും തെരുവീഥികളിൽ സുവിശേഷം പ്രസംഗിച്ചു. ജനങ്ങൾ അവരെ ഉപചാരപൂർവം ശ്രവിച്ചു. എങ്കിലും ഭാഷാജ്ഞാനത്തിന്റെ പരിമിതി തടസ്സമായി. പലപ്പോഴും വേദപാഠത്തിന്റെ വായന മാത്രമായി പ്രഭാഷണം. രണ്ടു വർഷത്തെ പ്രവർത്തനത്തിനു ശേഷം അദ്ദേഹം 1552 ജനുവരി മാസത്തിൽ മലാക്ക വഴി ഗോവയിൽ മടങ്ങിയെത്തി.
മരണം
[തിരുത്തുക]1552 ഏപ്രിൽ 17-ആം തിയതി സേവ്യർ ഗോവയിൽ നിന്ന് സാന്താ ക്രൂസ് എന്ന കപ്പിലിൽ ചൈനയിലേക്കു തിരിച്ചു. ഏറെ കഷ്ടതകൾ നിറഞ്ഞ യാത്രക്കൊടുവിൽ ആഗസ്റ്റു മാസം അവരുടെ കപ്പൽ കാന്റൻ നദീമുഖത്ത്, ചൈനീസ് തീരത്തു നിന്ന് 14 കിലോമീറ്റർ അകലെയുള്ള ഷാങ്ങ് ചുവാൻ എന്ന ദ്വീപിലെത്തി. അൽവേരോ ഫെരേയ്‌രാ എന്ന ഈശോസഭാ വൈദികാർത്ഥിയും, അന്തോണിയോ എന്നു പേരായ ഒരു ചീനക്കാരനും ദക്ഷിണേന്ത്യയിൽ നിന്നു പോയ ക്രിസ്റ്റഫർ എന്ന പരിചാരകനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അക്കാലത്ത് യൂറോപ്യന്മാർ ചൈനയിൽ പ്രവേശിക്കുന്നത് വധശിക്ഷയർഹിക്കുന്ന കുറ്റമായിരുന്നിട്ടും വഴി കിട്ടിയാൽ പ്രവേശനത്തിനു ശ്രമിക്കാൻ സേവ്യർ ആഗ്രഹിച്ചു. ആ കാത്തിരിപ്പിനിടെ അദ്ദേഹത്തിനു പനി പിടിപെട്ടു. ജ്വരബാധിതനായിരിക്കെ സേവ്യർ മണിക്കൂറുകൾ ഏതോ അജ്ഞാതഭാഷയിൽ സംസാരിച്ചെന്നും അധരങ്ങൾ യേശുനാമം ആവർത്തിച്ചിരുന്നെന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അന്തോണിയോ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജ്വരമൂർച്ഛയിൽ അദ്ദേഹം സംസാരിച്ചത് മാതൃഭാഷയായ ബാസ്ക് ആയിരിക്കാനാണു സാദ്ധ്യത എന്നു കരുതപ്പെടുന്നു.[3] 1552 ഡിസംബർ 2ന് 46 വയസ്സുള്ളപ്പോൾ ഫ്രാൻസിസ് സേവ്യർ ഷാങ്ങ് ചുവാൻ ദ്വീപിൽ അന്തരിച്ചു. "കർത്താവേ നിന്നിൽ ഞാൻ പ്രത്യാശ വച്ചു; എന്നെ നിത്യനിരാശയിൽ വീഴ്ത്തരുതേ" എന്ന പ്രാർത്ഥന ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി എന്നു പറയപ്പെടുന്നു.[5]
മരണശേഷം
[തിരുത്തുക]ഫ്രാൻസിസ് സേവ്യർ കിഴക്കൻ ദേശങ്ങളിൽ നിന്ന് യൂറോപ്പിലേക്കയച്ച കത്തുകൾ സൃഷ്ടിച്ച സുവിശേഷാവേശം, ഒട്ടേറെ യുവാക്കളെ വേദപ്രചാരവേലയിലേക്ക് ആകർഷിച്ചിരുന്നു. മരണശേഷം കിഴക്കും പടിഞ്ഞാറും അദ്ദേഹത്തിന്റെ കീർത്തി പരന്നു. ഷാങ്ങ് ചുവാൻ ദ്വീപിലെ കടൽത്തീരത്താണ് സേവ്യറുടെ ദേഹം ആദ്യം സംസ്കരിച്ചത്. എന്നാൽ 1553 മാർച്ചു മാസം ദേഹം പോർച്ചുഗീസ് അധീനതയിലിരുന്ന മലാക്കയിലെ വിശുദ്ധ പൗലോസിന്റെ ദേവാലയത്തിലേക്കു മാറ്റി. അതേവർഷം ഡിസംബർ മാസം ഫ്രാൻസിസ് സേവ്യറുടെ ശരീരം കപ്പൽ മാർഗ്ഗം ഗോവയിലേക്കു കൊണ്ടു വന്നു. ഇപ്പോൾ അത് ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിൽ വണങ്ങപ്പെടുന്നു.
വിശുദ്ധൻ ആശീർവാദവും ജ്ഞാനസ്നാനവും പോലുള്ള വിശുദ്ധകാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന വലംകൈയ്യുടെ അസ്ഥികളിൽ ഒന്ന് 1614-ൽ വേർപെടുത്തി റോമിലേക്കു കൊണ്ടു പോയി. അവിടെ അത് ഈശോസഭക്കാരുടെ മുഖ്യദേവാലയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കൈയ്യുടെ മറ്റൊരസ്ഥി ചൈനയിലെ പഴയ പോർച്ചുഗീസ് അധീനപ്രദേശമായ മക്കാവുവിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
1619 ഒക്ടോബർ 25-ന് പൗലോസ് അഞ്ചാമൻ മാർപ്പാപ്പ ഫ്രാൻസിസ് സേവ്യറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1622-ൽ ഗ്രിഗോരിയോസ് പതിനഞ്ചാമൻ അദ്ദേഹത്തിന്റേയും ഇഗ്നേഷ്യസ് ലൊയോളയുടേയും വിശുദ്ധപദവിയും പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന റോമൻ കത്തോലിക്കാ വേദപ്രചാരകരുടെ മദ്ധ്യസ്ഥനായി സേവ്യർ കണക്കാക്കപ്പെടുന്നു. ഡിസംബർ മൂന്നാം തിയതിയാണ് അദ്ദേഹത്തിന്റെ തിരുനാൾ.
വിമർശനം
[തിരുത്തുക]സേവ്യറുടെ അസാമാന്യമായ യശ്ശസ്സിനൊപ്പമെത്തുന്നതല്ല വേദപ്രചാരകനെന്ന നിലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ. വ്യക്തിപരമായ ഒട്ടേറെ പരിമിതികൾ അദ്ദേഹത്തിനുണ്ടായിരുന്നു. താൻ എത്തിച്ചേർന്ന ദേശങ്ങളിലെ സംസ്കാരങ്ങൾ അദ്ദേഹത്തിൽ ഒരു കൗതുകവും ഉണർത്തിയില്ല. ജീവിച്ച നൂറ്റാണ്ടിന്റെ മാനദണ്ഡങ്ങൾ വച്ചു നോക്കിയാൽ തന്നെ സേവ്യറുടെ പ്രബോധനശൈലി അസംസ്കൃതമായിരുന്നു. മുക്കുവന്മാരെ ഞായറാഴ്ച കടലിൽ പോകുന്നതിൽ നിന്നു വിലക്കിയ അദ്ദേഹം വെള്ളിയാഴ്ച പിടിക്കുന്ന മീനിന്റെ പങ്ക് പള്ളിക്കു ദാനം ചെയ്യാൻ അവരെ നിർബ്ബന്ധിക്കുകയും ചെയ്തു.[6]
സേവ്യറെ വിശുദ്ധപദവിയിലേക്കുയർത്തുന്നതിനെ സംബന്ധിച്ച മാർപ്പാപ്പയുടെ പ്രഖ്യാപനം അദ്ദേഹം ഭാഷാവരം ഉള്ളവനായിരുന്നു എന്നു പറയുന്നു. എന്നാൽ ഭാഷകളുടെ പഠനത്തിലും പ്രയോഗത്തിലുമുള്ള കഴിവുകേടായിരുന്നു വേദപ്രചാരണത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരിമിതി. തമിഴ്, മലയൻ, ജപ്പാനീഷ് ഭാഷകളിൽ പ്രാർത്ഥനകളും മറ്റും മനഃപാഠമാക്കാൻ സേവ്യർ കണക്കില്ലാത്ത സമയം ചിലവഴിച്ചു.[5]
ഇതരമതങ്ങളോടും വിശ്വാസങ്ങളോടും അദ്ദേഹം സഹിഷ്ണുത കാട്ടിയില്ല. ക്രിസ്തുമതത്തിലേക്കു പരിവർത്തിതരായ പറവർ കുടുംബങ്ങളിൽ മുതിർന്നവർ സൂക്ഷിച്ചിരുന്ന പരദേവതാവിഗ്രഹങ്ങൾ നശിപ്പിക്കാൻ അദ്ദേഹം കുട്ടികളെ ഉത്സാഹിപ്പിച്ചു.[2] ഗോവയിൽ മതദ്രോഹവിചാരണ (Inquisition) ഏർപ്പെടുത്താൻ അദ്ദേഹം പോർത്തുഗലിലെ ജോൺ മൂന്നാമൻ രാജാവിനോട് അഭ്യർത്ഥിച്ചിരുന്നു. ഗോവയുടെ സംസ്കാരവൈവിദ്ധ്യം മടുത്താണ് സേവ്യർ ഒടുവിൽ അവിടം വിട്ടുപോയത്. "മുസ്ലിങ്ങളും യഹൂദരും ഇല്ലാത്തിടമാണ് എനിക്കു വേണ്ടത്. കലർപ്പില്ലാത്ത പേഗന്മാരെ എനിക്കു തരിക" എന്ന് അദ്ദേഹം എഴുതി. അനേകം തലമുറകളുടെ ക്രിസ്തീയപാരമ്പര്യം ഉണ്ടെങ്കിൽ മാത്രമേ നാട്ടുകാരെ പൗരോഹിത്യത്തിലേക്ക് ഉയർത്താവൂ എന്ന് സേവ്യർ . നിഷ്കർഷിച്ച. എന്നാൽ അതു പുതുതായി എത്തിയവരുടെ അല്പജ്ഞാനം മൂലം തെറ്റായ പ്രബോധനങ്ങൾ ഉണ്ടാതിരിക്കാൻവേണ്ടി ആയിരുന്നു. [5]
അവലംബം
[തിരുത്തുക]- ↑ Attwater (1965), p. 141.
- ↑ 2.0 2.1 2.2 2.3 2.4 കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, "എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറങ്ങൾ 928-30)
- ↑ 3.0 3.1 Stephen Neill, A History of Christianity in India: The Beginnings to AD 1707(പുറങ്ങൾ 135-165)
- ↑ 4.0 4.1 വിശുദ്ധ ഫ്രാൻസിസ് സേവ്യർ, ന്യൂ അഡ്വെന്റ് കത്തോലിക്കാ വിജ്ഞാനകോശം
- ↑ 5.0 5.1 5.2 5.3 വിൽ ഡുറാന്റ്, "ദ റിഫർമേഷൻ", സംസ്കാരത്തിന്റെ കഥ (ആറാം ഭാഗം പുറം 914)
- ↑ വിവിയൻ ഗ്രീൻ, "എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറം 180)
- This article incorporates material from the Schaff-Herzog Encyclopedia of Religion
- Attwater, Donald. (1965) A Dictionary of Saints. Penguin Books, Middlesex, England. Reprint: 1981.
- Jou, Albert. (1984) The Saint on a Mission. Anand Press, Anand, India.
http://www.archive.org/stream/saintfrancisxavi00revirich#page/44/mode/2up
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "St. Francis Xavier, Apostle of the Indies, Confessor", Butler's Lives of the Saints
- The Life and Miracles of St. Francis Xavier, Apostle and Missionary of the Indies
- Basilica of Bom Jesus, Old Goa Archived 2009-08-31 at the Wayback Machine. The Shrine of Saint Francis Xavier
- Saint Francis Xavier University Antigonish, Nova Scotia
- The Life of St. Francis Xavier Archived 2011-07-24 at the Wayback Machine.
- The life and letters of St. Francis Xavier Francis Xavier, Saint, 1506-1552 Coleridge, Henry James, 1822-1893 London: Burns and Oates, (1872)