Jump to content

മാർത്താണ്ഡവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർത്താണ്ഡവർമ്മ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാർത്താണ്ഡവർമ്മ (വിവക്ഷകൾ) എന്ന താൾ കാണുക. മാർത്താണ്ഡവർമ്മ (വിവക്ഷകൾ)
ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ
തിരുവിതാംകൂർ മഹാരാജാവ്
അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ(ആധുനിക തിരുവിതാംകൂർ ശില്പി)
ഭരണകാലം1729 - 1758
സ്ഥാനാരോഹണം1729
അധികാരദാനം1729
പൂർണ്ണനാമംശ്രീ പത്മനാഭദാസ വഞ്ചിപാല മഹാരാജ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ
പദവികൾകുലശേഖരപെരുമാൾ
ജനനം1706 (കൊ.വർഷം:881)
ജന്മസ്ഥലംആറ്റിങ്ങൽ
മരണംജൂലൈ 7, 1758(1758-07-07) (പ്രായം 52)
മരണസ്ഥലംപത്മനാഭപുരം കൊട്ടാരം
മുൻ‌ഗാമിവീരരാമ വർമ്മ (1724-1729)
മരുമക്കത്തായംകാർത്തിക തിരുനാൾ രാമ വർമ്മ
പിൻ‌ഗാമികാർത്തിക തിരുനാൾ രാമ വർമ്മ
ജീവിതപങ്കാളിവിവാഹിതനല്ല
രാജകൊട്ടാരംപത്മനാഭപുരം
രാജവംശംകുലശേഖര
രാജകീർത്തനംവഞ്ചീശ മംഗളം
ആപ്‌തവാക്യംധർമോസ്മാദ് കുലദൈവദം
പിതാവ്കിളിമാനൂർ കോവിലകത്ത് രാഘവ വർമ്മൻ കോയിത്തമ്പുരാൻ
മാതാവ്ആറ്റിങ്ങൽ മൂത്ത റാണി കാർത്തിക തിരുനാൾ ഉമാദേവി
മക്കൾഇല്ല
മതവിശ്വാസംഹിന്ദു
ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ
കുളച്ചൽ യുദ്ധത്തിൽ ഡച്ച് കമാൻഡറായിരുന്ന യൂസ്താഷിയൂസ് ദെ ലനോയ് മാർത്താണ്ഡവർമ്മയ്ക്കു മുമ്പിൽ കീഴടങ്ങുന്നു. പദ്മനാഭപുരം കൊട്ടാരത്തിലെ ചിത്രം.
മതം ഹിന്ദു

ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഭരണാധികാരിയായിട്ടാണ് ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ അറിയപ്പെടുന്നത്. ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്.[1] കേരള ചരിത്രത്തിൽ ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തേയും തിരുവിതാംകൂറിൽ ആധുനിക യുഗത്തിന്റെ പിറവിയേയുമാണ്‌ അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ തെക്കും മദ്ധ്യത്തിലും ഉള്ള ഭാഗങ്ങളെ ചേർത്ത്‌ ഒരു രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനിക ശക്തിയിൽ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും മാർത്താണ്ഡവർമ്മയാണ്. പലതായി ചിതറിക്കിടന്നിരുന്ന വേണാടിന്റെ പ്രദേശങ്ങളെ ഒന്നാക്കി തിരുവിതാംകൂർ രാജ്യം പടുത്ത അദ്ദേഹം, യുദ്ധതന്ത്രജ്ഞത കൊണ്ടും ജന്മിത്തം അവസാനിപ്പിച്ച ഭരണാധികാരി എന്ന നിലയിലും പ്രസിദ്ധനാണ്. ഡച്ച്കാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിപ്പെടുത്തുന്നു. ശ്രീ പത്മനാഭന്റെ ഭക്തനായിരുന്ന അദ്ദേഹം അവസാനം രാജ്യം ഇഷ്ടദേവന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. [2]

ബാല്യം

[തിരുത്തുക]
അമ്മച്ചിപ്ലാവ്

ആറ്റിങ്ങലിലെ ഇളയറാണി കാർത്തിക തിരുനാൾ തമ്പുരാട്ടിയുടെയും കിളിമാനൂർ കോയിത്തമ്പുരാന്റെയും മകനായി 1706-ലാണ് (കൊല്ലവർഷം 881)[2] അനിഴം നക്ഷത്രത്തിൽ വീരബാല മാർത്താണ്ഡവർമ്മ ജനിച്ചത്. ആറ്റിങ്ങലിലെ ഈ ഇളയറാണി കോലത്തുനാട്ടിൽ നിന്നും ദത്തുവന്ന രണ്ട് രാജകുമാരിമാരിൽപ്പെട്ടയാളാണ്‌, മൂത്തയാൾ മരണമടഞ്ഞിരുന്നു.[3] ചെറുപ്പകാലത്തിലേ രാഷ്ട്രതന്ത്രത്തിലും യുദ്ധമുറകളിലും അദ്ദേഹത്തിന്‌ പരിശീലനം സിദ്ധിച്ചിരുന്നു. അന്നത്തെ സമ്പ്രദായമായ മരുമക്കത്തായം വഴി അടുത്ത രാജാവാകാനുള്ള അവകാശം മാർത്താണ്ഡവർമ്മയ്ക്ക് ലഭിക്കുമെന്നതിനാൽ, അനിഴം തിരുനാളിന്റെ തന്നെ പൂർവികനും വേണാടിന്റെ മഹാരാജാവുമായിരുന്ന വീരരാമ വർമ്മയുടെ മക്കളും എട്ടുവീട്ടിൽ പിള്ളമാരും ചേർന്ന് അനിഴം തിരുനാളിനെ വധിക്കാൻ ചെറുപ്പം മുതലേ ശ്രമിച്ചിരുന്നു. അക്കാലത്ത് വേണാട് ഭരിച്ചിരുന്നത് ഉമയമ്മ റാണിയുടെ മകനായ ഇരവി വർമ്മയായിരുന്നു (ക്രി.വ 1685-1718). ഈ കാലഘട്ടം പൊതുവെ സമാധാനപരമായിരിന്നു. ഇരവി വർമയ്ക്കു ശേഷം സ്ഥാനമേറ്റ ആദിത്യ വർമയും (1718-1721)തുടർന്ന് ഭരിച്ച ഉണ്ണിക്കേരള വർമ്മയും(1721-1724) മൂന്നു വർഷം വീതമേ രാജ്യം ഭരിച്ചുള്ളൂ. ഉണ്ണിക്കേരളവർമ്മ ഒരു ദുർബലനായ രാജാവായിരുന്നു. ഇത് വിഘടനവാദികൾ മുതലെടുത്തു. അവരുടെ പ്രേരണയുടെ ഫലമായി സൈന്യത്തെ പിരിച്ചുവിടുകയും ചെയ്തു. ഇതുമൂലം ഇടപ്രഭുക്കന്മാരും മാടമ്പിമാരും സാധാരണയിൽക്കവിഞ്ഞ ശക്തി പ്രാപിച്ചു. ഉണ്ണിക്കേരളവർമ്മയുടെ മരണശേഷം സഹോദരനായ വീരരാമ വർമ്മ (1724-1729)രാജ്യഭരണം ഏറ്റെടുത്തു. ദുർബലനായ ഒരു രാജാവായിരുന്നു വീരരാമവർമ്മ. സൈനികശക്തി ഒരു പോരായ്മയായി അനുഭവപ്പെട്ടതിനാൽ അദ്ദേഹം തൃശ്ശിനാപ്പള്ളിയിലെ മധുര സർക്കാരുമായി കരാറിലേർപ്പെട്ടു, അവിടെ നിന്ന് ഒരു സൈന്യത്തെ താൽക്കാലികമായി ലഭിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദേഹം. മഹാരാജാവിന്റെ പ്രതിനിധിയായി കരാർവ്യവസ്ഥകൾ ചർച്ച ചെയ്യാൻ മധുരയിൽ പോയത് 19 വയസ്സു മാത്രം പ്രായമുള്ള മാർത്താണ്ഡവർമ്മയായിരിന്നു. യുദ്ധരംഗത്ത്‌ മറവപ്പടയെ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി മഹാരാജാവിനെ ഉപദേശിച്ചതും മാർത്താണ്ഡവർമ്മയായിരുന്നു. മാർത്താണ്ഡവർമ്മയ്ക്ക് 19 വയസ്സേ ഉണ്ടയിരുന്നുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയ രാമവർമ, അനിഴം തിരുനാളിനെ നെയ്യാറ്റിൻകര രാജകുമാരനായി പ്രഖ്യാപിച്ചു. താമസിയാതെ തന്നെ അനിഴം തിരുനാൾ, മാടമ്പിമാരെയും ദേവസ്വം ഭരിച്ചിരുന്ന യോഗക്കാരേയും, എട്ടുവീട്ടിൽ പിള്ളമാരേയും നിയന്ത്രിക്കുവാനും മഹാരാജാവിന്റെ കീഴിൽ കൊണ്ടുവരാനും ആരംഭിച്ചു. ഇതിൽ കുപിതരായ ജന്മിമാർ അനിഴം തിരുനാളിനെ വധിക്കാൻ ശ്രമിക്കുകയും ഇതിൽ നിന്ന് രക്ഷനേടാൻ അനിഴം തിരുനാളിന് വേഷപ്രച്ഛന്നനായി പല സ്ഥലങ്ങളിലും മാറിത്താമസിക്കേണ്ടിയും വന്നു. [4]

തിരുവിതാംകൂർ മഹാരാജാവ്

[തിരുത്തുക]
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[5][6]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

1729-ൽ വീരരാമ വർമ്മ മഹാരാജാവ് അന്തരിച്ച ശേഷം 23 കാരനായ ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ അടുത്ത തിരുവിതാംകൂർ മഹാരാജാവായി സ്ഥാനമേറ്റു. ആദ്യമായി സർക്കാർ സം‌വിധാനം സുഗമമാക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടു. രാമവർമ്മയുടെ വിശ്വസ്തരിൽ നിന്നും ചിലരെ തിരഞ്ഞെടുക്കുകയും ഭരണ സം‌വിധാനം മൊത്തമായി പരിഷ്കരിക്കുകയും ചെയ്തു. താൽകാലിക ദളവയായിരുന്ന(പ്രധാനമന്ത്രി) അറുമുഖം പിള്ളയെ സ്ഥിരപ്പെടുത്തി. കുമാരസ്വാമി പിള്ളയെ സർ‌വ്വസൈന്യാധിപനും ദളവയുടെ അനുജൻ താണുപിള്ളയെ സൈന്യാധിപനും ആയി നിയമിക്കുകയും ചെയ്തു. തന്റെ ഉറ്റമിത്രമായിരുന്ന രാമയ്യൻ എന്ന യുവ ബ്രാഹ്മണനെ കൊട്ടാരരായസം(Under Secretary of State) ആക്കി. ഇദ്ദേഹമാണ് പിന്നീട് രാമയ്യൻ ദളവ എന്ന നാമത്തിൽ പ്രശസ്തനായത്. രാജ്യ സം‌രക്ഷണത്തിനായി കുതിരപ്പട്ടാളത്തേയും മറവപ്പടയേയും ഉണ്ടാക്കി. മടക്കര മുതൽ കന്യാകുമാരി വരെ ഒരു കോട്ട നിർമ്മിച്ചു.[7]

ജന്മിത്വത്തിന്റെയും പ്രഭുത്വത്തിന്റെയും അവസാനം

[തിരുത്തുക]

1341-മുതൽക്കേ വേണാട്ടു രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്‌. എന്നാൽ മഹാരാജ വീരരാമവർമ്മയുടെ മക്കളായിരുന്ന പത്മനാഭൻ തമ്പിയും (പപ്പു തമ്പി) അനുജൻ രാമൻ തമ്പിയും ഇത് പ്രകൃതിവിരുദ്ധമാണെന്നു പ്രഖ്യാപിച്ച്,‌ മർത്താണ്ഡവർമ്മയുടെ അവകാശത്തെ ചോദ്യം ചെയ്തു. തുടർന്നു മാർത്താണ്ഡവർമ്മ അവർക്ക് നല്കിയിരുന്ന പ്രത്യേക പദവികളും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കി. ഇത് കാരണം മാർത്താണ്ഡവർമ്മ രാജാവായി തുടരുന്നതിനെ അവർ എതിർത്തു. നാഗർകോവിൽ ആസ്ഥാനമാക്കി അവർ ആഭ്യന്തരകലാപം ആരംഭിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും (ജന്മിമാർ) അവരെ സഹായിച്ചു. മാടമ്പിമാരും പിള്ളമാരും ചേർന്ന് പപ്പുത്തമ്പിയെ തൃശ്ശിനാപ്പള്ളിയിലേക്ക് അയച്ചു. പപ്പുത്തമ്പിയെ സഹായിക്കാൻ ഗവർണർ, അളഗപ്പ മുതലിയാരെ സൈന്യത്തോടൊപ്പം പറഞ്ഞയച്ചു. എന്നാൽ മാർത്താണ്ഡവർമ്മയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പപ്പുത്തമ്പിക്ക് തന്റെ വാദങ്ങൾ സ്ഥിരീകരിക്കാൻ വേണ്ടുന്ന ഒരു പ്രമാണവും ഹാജരാക്കാൻ ആയില്ല. മാർത്താണ്ഡവർമ്മയ്ക്ക് വേണ്ടി വാദിച്ച രാമയ്യൻ നിരവധി തെളിവുകൾ നിരത്തി അനിഴം തിരുനാളിന്റെ സിംഹാസനത്തിനു മേലുള്ള അവകാശം സമർത്ഥിച്ചു. തെളിവുകൾ കണ്ട് അളഗപ്പ മുതലിയാർ തിരിച്ചു പോയി എന്ന് മാത്രമല്ല തിരുവിതാംകൂറിനെ ആക്രമിക്കാനായി കൊണ്ടുവന്ന സൈന്യത്തേയും അനിഴം തിരുനാളിന് കൈമാറി. പദ്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിന്റെ സമയത്ത് മാർത്താണ്ഡ വർമ്മയെ വധിക്കാൻ തീരിമാനിച്ചിരുന്നു, പക്ഷേ തമ്പിമാരുടെ നീക്കം ഫലവത്തായില്ല.എട്ടുവീട്ടിൽ പിള്ളമാരോട് ചേർന്ന് കൊലപ്പെടുത്താനുള്ള തമ്പിമാരുടെ രഹസ്യനിക്കം ചാരന്മാരുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ മുൻകൂട്ടി അറിഞ്ഞു. തമ്പിമാരുടെ പ്രധാന ആശ്രയമായ തിരുനെൽവേലിയിലെ അളഗപ്പ മുതലിയാർ പോലുള്ളവരുടെ സഹായം സമ്മർദ്ദം മൂലം അവസാനിപ്പിച്ചു. ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡവർമ്മ മറവൻ പട രൂപപ്പെടുത്തി. പദ്മനഭാപുരം കൊട്ടാരം സന്ദർശിക്കാനെത്തിയ തമ്പിമാർ, സൈനികരുമായി ഉണ്ടായ ഒരു തർക്കം വഴക്കിൽ കലാശിക്കുകയും, പപ്പുത്തമ്പി സൈനികരാലും രാമൻ തമ്പി മാർത്താണ്ഡവർമ്മയാലും വധിക്കപ്പെട്ടു.[8]

എട്ടുവീട്ടിൽ പിള്ളമാരും പോറ്റിമാരും

[തിരുത്തുക]

വേണാട്ടിലെ പ്രമുഖമായ എട്ടു തറവാടുകളിലെ കാരണവർമാരാണ് എട്ടുവീട്ടിൽ പിള്ളമാർ. കാലങ്ങളായി കരുത്തനായ ഭരണാധികാരിയുടെ അഭാവം കാരണം ഇവരുടെ ശക്തി വർദ്ധിക്കുകയും രാജഭരണത്തിൽ കൈകടത്തുന്നതും പതിവായി. മാർത്താണ്ഡവർമ്മയുടെ മുൻഗാമി മഹാരാജ വീരരാമ വർമ്മ ഇതിന് എതിരായിരുന്നു എങ്കിലും രാജകുടുംബതിനെതിരായി കലാപത്തിൽ മഹാരാജ വീരരാമ വർമയുടെ തന്നെ മക്കളായ തമ്പിമാരെ ഇവർ സഹായിച്ചു, കൂടാതെ യോഗക്കാരായ പോറ്റിമാരും സഹായം ചെയ്തു. കുറച്ചുകാലം ഒളിവിൽ കഴിഞ്ഞെ ഇവർ പിടിക്കപ്പെടുകയും, രാജദ്രോഹ കുറ്റത്തിന്‌ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു. ചെമ്പഴന്തി പിള്ള മാത്രം കലാപത്തിൽ നിന്ന് വിട്ടു നിന്നതിനാൽ ശിക്ഷിക്കപ്പെട്ടില്ല.

  • രാമനാ മഠത്തിൽ പിള്ള
  • മാർത്താണ്ഡ മഠത്തിൽ പിള്ള
  • കുളത്തൂർ പിള്ള
  • കഴക്കൂട്ടത്തു പിള്ള
  • ചെമ്പഴന്തി പിള്ള
  • പള്ളിച്ചൽ പിള്ള
  • കുടമൺ പിള്ള
  • വെങ്ങാനൂർ പിള്ള

എന്നിവരായിരുന്നു ആ എട്ടു പിള്ളമാർ. ഇതു കൂടാതെ യോഗക്കരിൽ പ്രധാനികളായ

  • മൂത്തേടത്തു പണ്ടാരം
  • ഏഴും‌പാല പണ്ടാരം
  • ഏഴും‌പിള്ള പണ്ടാരം
  • എടത്തറ പോറ്റി

എന്നീ ബ്രാഹ്മണന്മാരുമായിരുന്നു.[9]

ആറ്റിങ്ങലിന്റെ ലയനം

[തിരുത്തുക]

ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു. വേണാടിന്റെ (തിരുവിതാംകൂറിന്റെ) മാതൃഗൃഹമായി ആറ്റിങ്ങലിനെ കരുതിയിരുന്നു. ആറ്റിങ്ങൽ പ്രത്യേകം ഒരു രാജ്യമാണ് എന്നുള്ള ധാരണ തെറ്റാണ് എന്നാണ് എ. ശ്രീധര മേനോൻ ഉൾപ്പെടെയുള്ള ചരിത്രകാരൻമാർ പറയുന്നത്. തിരുവിതാംകൂർ മഹാരാജാക്കന്മാർ ആറ്റിങ്ങൽ റാണിമാരുടെ സന്തതികൾ ആയതുകാരണം ഇവർക്ക് വലിയ ആദരവു ലഭിച്ചിരുന്നു. മാത്രമല്ല തിരുവിതാംകൂർ മഹാരാജാക്കന്മാർ ഇവരോടുള്ള ആദരസൂചകമായി ധാരാളം സ്വത്തുവകകളും ഭൂപ്രദേശങ്ങളും ഇവർക്ക് നൽകിയിരുന്നു. അതിനാൽ പല സഞ്ചാരികളും വിദേശ ചരിത്രകാരന്മാരും ആറ്റിങ്ങൽ റാണിയെ ഒരു സ്വതന്ത്ര ഭരണാധികാരിയായി തെറ്റിദ്ധരിച്ചു. പല ആറ്റിങ്ങൽ റാണിമാരും അധികാരദുര്യുപയോഗം ചെയ്യുകയും മഹാരാജാക്കന്മാരോട്‌ ആലോചിക്കാതെയും അവരറിയാതെയും വിദേശീയരുമായി വ്യാപാരബന്ധങ്ങളിലും സന്ധികളിലും ഏർപ്പെടകയും ചെയ്തു. ഇത്തരം രഹസ്യക്കരാറുകൾ രാജ്യത്തിന്റെ നിലനിൽപിന്‌ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ മാർത്താണ്ഡവർമ്മ ആറ്റിങ്ങൽ റാണിമാരുടെ പദവി ഒരു ടൈറ്റിൽ മാത്രമാക്കി ചുരുക്കുകയും സ്വത്തുവകകളും മറ്റും രാജകുടുംബത്തിലെ പുരുഷ കാരണവന്റെ (മഹാരാജാവിന്റെ)പൂർണ്ണ അധീനതയിൽ കൊണ്ടു വരികയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ ഈ തീരുമാനത്തിന് ശേഷം ആറ്റിങ്ങൽ റാണിമാർക്കു കുടുംബ കാരണവനായ മഹാരാജാവ് നല്കുന്ന സ്വത്തുക്കളിൽ അവകാശമില്ലാതാവുകയും മറിച്ച് അങ്ങനെ ലഭിക്കുന്ന സ്വത്തുക്കൾ പരിപാലിക്കുക എന്ന ചുമതല മാത്രമായി ചുരുങ്ങുകയും ചെയ്തു.[10]

യുദ്ധങ്ങൾ

[തിരുത്തുക]

അയൽരാജ്യങ്ങളെ വേണാടിനോട്‌ കൂട്ടിച്ചേർത്ത്‌ രാജ്യവിസ്തൃതി വർദ്ധിപ്പിക്കാനായി അദ്ദേഹം നിരവധി യുദ്ധങ്ങൾ നടത്തി. അതിനായി ആദ്യം മധുരയിലെ നായിക്കന്മാരുടെ രഹസ്യപ്പട്ടാളത്തെയും സ്വന്തമായി മറവപ്പടയെയും പരിപോഷിപ്പിച്ചിരുന്നു. ദേശിംഗനാട്‌ എന്നറിയപ്പെട്ടിരുന്ന പ്രദേശവുമായിട്ടായിരുന്നു ആദ്യത്തെ യുദ്ധം. മാർത്താണ്ഡവർമ്മയുടെ തന്നെ ബന്ധുവായിരുന്ന ഉണ്ണിക്കേരള വർമ്മയായിരുന്നു കൊല്ലം ഭരിച്ചിരുന്നത്‌. അദ്ദേഹം കായംകുളത്തെ രാജകുമാരിയെ ദത്തെടുക്കുകയും അതുവഴി സഖ്യശക്തി വർദ്ധിപ്പിച്ച്‌ തിരുവിതാംകൂറിനെതിരായി തിരിയുകയും ചെയ്തു. ഉണ്ണിക്കേരളവർമ്മ മാർത്താണ്ഡവർമ്മയ്ക്ക്‌ അവകാശപ്പെട്ട തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്ന തിരുവിതാംകോട്‌സ്വരൂപം പ്രതിനിധാനം ചെയ്തിരുന്ന കല്ലട ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി. ഇതിനാൽ അദ്ദേഹത്തിന്റെ ദത്തവകാശം അസ്ഥിരപ്പെട്ടു. ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിംഗനാടിനെ പരാജയപ്പെടുത്തി. കൊല്ലം രാജാവ്‌ മാർത്താണ്ഡവർമ്മയുടെ മേൽക്കോയ്മ അംഗീകരിക്കാൻ നിർബന്ധിതനായിത്തീർന്നു. കൊല്ലത്ത്‌ കോട്ടകൾ പൊളിച്ചു കളയാമെന്നും രാജകുമാരിയുടെ ദത്ത്‌ അസ്ഥിരപ്പെടുത്താമെന്നും അദ്ദേഹം ഉടമ്പടിയിൽ ഏർപ്പെട്ടു. രാജകീയ തടവുകാരനെന്ന നിലയിൽ കൊല്ലം രാജാവിനെ തിരുവനന്തപുരം വലിയകോയിക്കൽ കൊട്ടാരത്തിൽ വീട്ടുതടങ്കലിലാക്കി. പരിഭ്രാന്തനായ കായംകുളം രാജാവ്‌, കൊച്ചി, പുറക്കാട്‌ വടക്കുംകൂർ എന്നീ രാജ്യങ്ങളുമായി സഖ്യത്തിൽ ചേർന്നു. കൊല്ലം രാജാവിനെ സഹായിക്കുകയായിരുന്നു ലക്ഷ്യം. രഹസ്യമായി പിന്തുണ അറിയിച്ചപ്പോൾ കൊല്ലം രാജാവ്‌ തടവ്‌ ചാടി അവർക്കൊപ്പം ചേർന്നു. കൊല്ലത്തെ കോട്ടകൾ ശക്തിപ്പെടുത്തി. ഡച്ചുകാരുടെ സേവനവും അവർക്ക്‌ ലഭിച്ചു. മാർത്താണ്ഡവർമ്മയുടെ സൈന്യം രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ കൊല്ലം രാജാവുമായി ഏറ്റുമുട്ടിയെങ്കിലും അവർക്ക്‌ പരാജയം സമ്മതിച്ച്‌ പിൻവാങ്ങേണ്ടി വന്നു. അത്രയും സജ്ജമായിരുന്നില്ല വേണാട്‌ സൈന്യം. നിരവധി കാലം യുദ്ധങ്ങൾ നിർണ്ണയം ഇല്ലാതെ നടന്നു. കൊല്ലം രാജാവ്‌ യുദ്ധക്കളത്തിൽ മരിക്കുകയും (1734) അദ്ദേഹത്തിന്റെ സഹോദരൻ കൂടുതൽ വാശിയോടെ യുദ്ധം ചെയ്ത്‌ മാർത്താണ്ഡവർമ്മയുടെ സൈന്യത്തെ തോൽപ്പിക്കുകയും ചെയ്തു. രാമയ്യൻ ദളവയുടെ കീഴിൽ ആറായിരം തിരുവിതാംകൂർ സൈന്യം കായംകുളം രാജാവിന്റെ കൊല്ലംകോട്ട ആക്രമിച്ചു (1742). അച്യുതവാര്യർ എന്ന മന്ത്രിയുടെ കീഴിൽ കായംകുളം സൈന്യം എതിർത്തു നിന്നു. കോട്ട കീഴടക്കാനാവാതെ തിരുവിതാംകൂർ സൈന്യം പിൻ‍വാങ്ങി. ഇതു കണ്ട കായംകുളം രാജാവും സഖ്യകക്ഷികളായ ഡച്ചുകാരും തെക്കോട്ട് കിളിമാനൂർ വരെ പിടിച്ചടക്കി. എന്നാൽ മാർത്താണ്ഡവർമ്മ തിരുനെൽവേലിയിൽ നിന്ന് കുതിരപ്പട്ടാളത്തെ സമ്പാദിച്ച് ശക്തമായ ഒരു സൈന്യവുമായി കിളിമാനൂരിലേയ്ക്ക് പുറപ്പെട്ടു. സൈന്യത്തെ മൂന്നായി തിരിച്ച് അനന്തരവൻ ആയ രാമവർമ്മ (പിന്നീട് ധർമ്മ രാജ) രാമയ്യൻ ദളവ, ഡി ലനോയ് എന്നിവരെ ഓരോന്നിന്റേയും സൈന്യാധിപന്മാരായി നിയോഗിച്ചു. ആകെയുള്ള നേതൃത്വം മാർത്താണ്ഡവർമ്മ തന്നെയായിരുന്നു. 68 ദിവസം നീണ്ടുനിന്ന യുദ്ധശേഷം കിളിമാനൂർ‍ ഭേദിച്ച അവർ, അവസാനം കായംകുളം രാജ്യവും കീഴടക്കി. പിന്നീട് മാന്നാറിൽ വച്ചുണ്ടായ സന്ധി സംഭാഷണത്തിനു ശേഷം കായംകുളം തിരുവിതാംകൂറിന്റെ സാമന്ത രാജ്യമായിത്തീർന്നു. പകുതിയോളം രാജ്യഭാഗങ്ങൾ തിരുവിതാംകൂറിൽ ലയിച്ചു.[11]

ഇളയടത്തു സ്വരൂപത്തിനു നേരെയുള്ള ആക്രമണം

[തിരുത്തുക]

1736 -ൽ ഇളയടത്തു സ്വരൂപത്തിലെ (കൊട്ടാരക്കര) തമ്പുരാൻ മരിച്ചപ്പോൾ മാർത്താണ്ഡവർമ്മ അനന്തരാവകാശിയെ സംബന്ധിച്ച്‌ തന്റെ തർക്കങ്ങൾ അറിയിച്ചു. മർത്താണ്ഡവർമ്മയെ ഭയന്ന റാണി തെക്കംകൂറിലേയ്ക്ക്‌ പോവുകയും അവിടെ അഭയം തേടുകയും ചെയ്തു. ഡച്ചുകാർ, മാർത്താണ്ഡവർമ്മയ്ക്കെതിരായി പ്രവർത്തിക്കാൻ വേണ്ടി റാണിയുമായി സഖ്യത്തിലായി. ഡച്ചുകാരനായ വാൻ ഇംഹോഫ്‌ റാണിക്കുവേണ്ടി മാർത്താണ്ഡവർമ്മയുമായി കൂടിക്കാഴ്ച നടത്തി അയൽ രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളിൽ മാർത്താണ്ഡവർമ്മ ഇടപെടുന്നതിലുള്ള റാണിയുടെ എതിർപ്പ്‌ അറിയിച്ചു. എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള ബന്ധം കൂടുതൽ വഷളായി. 1741-ൽ വാൻ ഇംഹോഫ്‌ റാണിയെ ഇളയടത്തു സ്വരൂപത്തിന്റെ അടുത്ത ഭരണാധികാരിയായി വാഴിച്ചു. ഇത്‌ മാർത്താണ്ഡവർമ്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട്‌ ഡച്ചുകാരുടേയും റാണിയുടേയും സംയുക്ത സേനയെ ആക്രമിച്ചു. ആ യുദ്ധത്തിൽ ഡച്ചുകാർ പരാജയം സമ്മതിച്ചു. ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നു. സഖ്യകക്ഷികൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ നേരിട്ടു. റാണി കൊച്ചിയിലേയ്ക്ക് പലായനം ചെയ്ത് ഡച്ചുകാരുടെ സം‍രക്ഷണത്തിൻ കീഴിലായി. ഡച്ചുകാർക്ക് തിരുവിതാംകൂറിലെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി. അവരുടെ വ്യാപാര ശൃംഖലയ്ക്ക് ഇത് ഒരു കനത്ത തിരിച്ചടിയായി.[12]

കുളച്ചൽ യുദ്ധം

[തിരുത്തുക]
കുളച്ചൽ യുദ്ധത്തിനുശേഷം ഡെ ലെനോയ് കീഴടങ്ങുന്നത് ശില്പിയുടെ ഭാവനയിൽ

ഇന്ത്യയിൽ വിദേശ നാവികസേനയോട് ഏറ്റുമുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം അതായിരുന്നു എന്നത് അതിന്റെ പ്രാധാന്യം വിളിച്ചു പറയുന്നു. [13]ഡച്ചുകാർ എങ്ങനെയും തങ്ങൾക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ ദ്വീപുകളിൽ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. മാർത്താണ്ഡവർമ്മയെ തെക്കു നിന്ന് ആക്രമിക്കാൻ അവർ തീരുമാനിച്ച്, കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന ആ പട, വഴിനീളെ കൊള്ളയടിച്ചുകൊണ്ട് വടക്കോട്ട് സാവകാശം മുന്നേറുകയായിരുന്നു. കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവൻ ഡച്ചു നിയന്ത്രണത്തിലായി. അവർ വ്യാപാരങ്ങളും തുടങ്ങി. അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ഡവർമ്മ യുദ്ധത്തിനെത്തി. കുളച്ചലിൽ വച്ചു നടന്ന ആ ചരിത്രപ്രസിദ്ധമായ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം വീരോചിതമായി പോരാടി. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു. ബാക്കിയുള്ളവർ കോട്ടയിലേയ്ക്ക് പിൻ‍വാങ്ങി. എന്നാൽ തിരുവിതാംകൂർ സൈന്യം കോട്ടയും തകർക്കാൻ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച് ഡച്ചുകാർക്ക് കപ്പലുകൾ ആശ്രയിക്കേണ്ടതായി വന്നു.(1741 ഓഗസ്റ്റ് 10) ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധസാമഗ്രികളും തിരുവിതാംകൂർ സൈന്യം കൈക്കലാക്കി. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ പിടിയിലായി.[14] എന്നാൽ മലയാളം ഗ്രന്ഥവരികളിൽ 9 പേരുടെ പേരുകളേയുള്ളൂ. ഡച്ചുകാരെ സംബന്ധിച്ചിടത്തോളം അവരുടെ വ്യാപാരമോഹങ്ങൾക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു ഈ പരാജയം. വേണാടിന്റെ സൈനിക ശക്തിയെ കുറച്ചു കണ്ട ഈ സന്ദർഭത്തിനു ശേഷം അവർ ഒരിക്കലും ഉയിർത്തെഴുന്നേല്പ് നടത്തിയില്ല. അവരുടെ ഏക ശക്തികേന്ദ്രമായ കൊച്ചിയിലേയ്ക്ക് അവർ മടങ്ങി. മാർത്താണ്ഡവർമ്മയെ സംബന്ധിച്ചിടത്തോളം കുളച്ചൽയുദ്ധം ഒരു നിർണ്ണായക സംഭവമായിരുന്നു. അത് പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു.

ഡി ലനോയിയുടെ പങ്ക്

[തിരുത്തുക]
ഉദയഗിരികോട്ടയിലെ ഡി ലനോയുടെ ശവകുടീരം

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാവിക സൈന്യാധിപനായിരുന്ന ക്യാപ്റ്റൻ ഡെ ലനോയിക്കായിരുന്നു (ഡി ലനോയ് എന്നും പറയും) കുളച്ചലിലെ വ്യാപാരകേന്ദ്രത്തിന്റെ ഉത്തരവാദിത്വം. അദ്ദേഹത്തിന്റെയൊപ്പം തടവിലായ ബെൽജിയം ദേശക്കാരനായ ഡൊനാഡിയും ഉണ്ടായിരുന്നു. രണ്ടുപേരെയും രാമയ്യൻ ദളവ പ്രത്യേകം വീക്ഷിച്ചിരുന്നു. യുദ്ധത്തടവുകാരനായെങ്കിലും പിന്നീട് തിരുവിതാംകൂർ സൈന്യത്തിന്റെ ആണിക്കല്ലായി ഡി ലനോയ് മാറി. മാർത്താണ്ഡവർമ്മ അദ്ദേഹത്തെ വളരെ ബഹുമാനപുരസ്സരമാണ് കണ്ടിരുന്നത്. അദ്ദേഹം തിരിച്ചും മാർത്താണ്ഡവർമ്മയോട് വിധേയത്വം പുലർത്തി. വൈകാതെ അദ്ദേഹത്തെ ഒരു സൈന്യാധിപൻ എന്ന നിലയിലേക്ക് (വലിയ കപ്പിത്താൻ) ഉയർത്തുകയും സ്ഥാനംകല്പിച്ച് നൽകുകയും ചെയ്തു.[15] അദേഹത്തിന്റെ കീഴിൽ തിരുവിതാംകൂർസൈന്യം കൂടുതൽ കെട്ടുറപ്പുള്ളതായിത്തീർന്നു. വൈദേശിക യുദ്ധോപകരണങ്ങൾ, തോക്കുകൾ തുടങ്ങിയവയിൽ പ്രാഗല്ഭ്യം നേടാൻ അദ്ദേഹം സൈന്യത്തെ പ്രാപ്തമാക്കി. കൂടാതെ യുറോപ്യൻ യുദ്ധതന്ത്രങ്ങളും മുറകളും അദ്ദേഹം പഠിപ്പിച്ചു. അങ്ങനെ തിരുവിതാംകൂർ സൈന്യം ഡി ലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു. നെടുങ്കോട്ട പണിയാനും മറ്റുമുള്ള സാങ്കേതിക സഹായവും അദ്ദേഹമാണ് ചെയ്തത്. അച്ചടക്കവും യുദ്ധതന്ത്രങ്ങളും അദ്ദേഹം തദ്ദേശീയരായ പട്ടാളക്കാരിൽ നിറച്ചു. അമ്പലപ്പുഴ രാജാവിനെ ആക്രമിക്കുന്ന സമയത്ത് ഹിന്ദു പടയാളികൾ വൈമുഖ്യം കാണിച്ചപ്പോൾ ഡി ലിനോയുടെ നേതൃത്വത്തിലുള്ള വിദേശപട്ടാളക്കാരും മുസ്ലീംപോരാളികളുമാണ്‌ ആദ്യം യുദ്ധത്തിനിറങ്ങിയത്. ഇദ്ദേഹത്തിന്റെ സേവനം പിന്നീട് ധർമ്മരാജാവിന്റെ കാലത്തും തുടർന്നിരുന്നു. 1777-ൽ ഉദയഗിരിയിൽ വെച്ച് ആണ് മരണമടഞ്ഞത്.[16]

കായംകുളവുമായുള്ള യുദ്ധം

[തിരുത്തുക]
കായംകുളം വാൾ

കുളച്ചൽ യുദ്ധവിജയം മർത്താണ്ഡവർമ്മയെ മറ്റു രാജ്യങ്ങൾ കീഴടക്കുന്നതിന് വലിയ പരിധിവരെ സഹായിച്ചു. പട്ടാളക്കാർ ഡെ ലനോയുടെ കീഴിൽ കൂടുതൽ അച്ചടക്കമുള്ളവരും യുദ്ധതന്ത്രങ്ങൾ പഠിച്ചവരുമായി. രാമയ്യൻ ദളവയുടെ കീഴിൽ ആറായിരം തിരുവിതാംകൂർ സൈന്യം കായംകുളം രാജാവിന്റെ കൊല്ലംകോട്ട ആക്രമിച്ചു(1742). എന്നാൽ അച്യുതവാര്യർ എന്ന മന്ത്രിയുടെ കീഴിൽ കായംകുളം സൈന്യം എതിർത്തു നിന്നു. കോട്ട കീഴടക്കാനാവാതെ തിരുവിതാംകൂർ സൈന്യം പിൻ‍വാങ്ങി. ഇത് കണ്ട കായംകുളം രാജാവും സഖ്യകക്ഷികളായ ഡച്ചുകാരും തെക്കോട്ട് കിളിമാനൂർ വരെ പിടിച്ചടക്കി. എന്നാൽ ആപത്ത് മനസ്സിലാക്കിയ മാർത്താണ്ഡവർമ്മ തിരുനെൽവേലിയിൽ നിന്ന് ഒരു കുപ്പിണി കുതിരപ്പട്ടാളത്തെ സമ്പാദിച്ച് ശക്തമായ ഒരു സൈന്യവുമായി കിളിമാനൂരിലേയ്ക്ക് പുറപ്പെട്ടു. സൈന്യത്തെ മൂന്നായി തിരിച്ച് അനന്തരവൻ ആയ രാമവർമ്മ (പിന്നീട് ധർമ്മ രാജ), രാമയ്യൻ ദളവ, ഡെ ലനോയ് എന്നിവരെ ഓരോന്നിന്റേയും സൈന്യാധിപന്മാരായി നിയോഗിച്ചു. അകെയുള്ള നേതൃത്വം മാർത്താണ്ഡ വർമ്മ തന്നെയായിരുന്നു. 68 ദിവസം നീണ്ടു നിന്ന യുദ്ധശേഷം കിളിമാനൂർ‍ ഭേദിച്ച അവർ അവസാനം കായംകുളം രാജ്യവും കീഴടക്കി. പിന്നീട് മാന്നാറിൽ വച്ചുണ്ടായ സന്ധി സംഭാഷണത്തിനു ശേഷം കായംകുളം തിരുവിതാംകൂറിന്റെ സാമന്ത രാജ്യമായിത്തീർന്നു. പകുതിയോളം രാജ്യാഭാഗങ്ങൾ തിരുവിതാംകൂറിൽ ലയിച്ചു.[17]

കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ നിയന്ത്രിക്കുന്നതിനുവേണ്ടി‍ വെണ്മണി, ബുധനൂർ‍, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചൻകോവിലാറ് വെണ്മണിയിലെ ശാർങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടു പടിഞ്ഞാറ് പുത്താറ്റിൻകര എന്ന സ്ഥലത്തു നിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി വെട്ടിയാർ‍(വെട്ടിയ ആറ്) കൊല്ലകടവ് വഴി ഒഴുക്കി. [18]

വടക്കോട്ടുള്ള യുദ്ധങ്ങൾ

[തിരുത്തുക]

1746-ൽ കായംകുളത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കി മാറ്റിയശേഷം മറ്റു ചില ചെറിയ നാട്ടുരാജ്യങ്ങളോടായിരുന്നു മാർത്താണ്ഡവർമ്മയുടെ അടുത്ത നടപടികൾ. തിരുവിതാംകൂറിനെതിരായ സഖ്യത്തിലേർപ്പെട്ടിരിക്കുകയായിരുന്ന തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി എന്നിവയുടെ നേർക്ക്‌ യുദ്ധം ആരംഭിച്ചു. ഡെ ലെനോയിയുടെ നേതൃത്വത്തിൽ ഒരു ശക്തമായ സൈന്യത്തെ ചെമ്പകശ്ശേരിയുടെ നേർക്കയച്ച മാർത്താണ്ഡവർമ്മ തന്റെ ചാരസേനയേയും വിന്യസിച്ചിരുന്നു. ചെമ്പകശ്ശേരിയിലെ സേനാനായകന്മാരായ മാത്തുപ്പണിക്കരും തെക്കേടത്തു ഭട്ടതിരിയും ഒറ്റിക്കൊടുത്തതിനാൽ ചെമ്പകശ്ശേരിരാജാവ്‌ ഡെ ലെനോയിയുടെ തടവുകാരനായി. തെക്കുംകൂറും വടക്കുംകൂറും വളരെ ദുർബലമായിരുന്നതിനാൽ പ്രതിരോധം കാര്യമായിട്ടില്ലായിരുന്നു. 1749-നും 1750-നും ഇടയ്ക്കായി രണ്ടു രാജ്യങ്ങളും തിരുവിതാംകൂറിന്റെ ഭാഗമായി. അവിടെ നിന്ന് തിരുവിതാംകൂർസേന വടക്കോട്ട്‌ ലക്ഷ്യമിട്ടു. കൊച്ചിരാജ്യത്തിന്റെ സഖ്യശക്തികളായ ചില രാജ്യങ്ങളിലായിരുന്നു അടുത്ത യുദ്ധം. പുറക്കാട്‌ എന്ന സ്ഥലത്തു (അമ്പലപ്പുഴ) വച്ച്‌ നടന്ന ശക്തമായ യുദ്ധത്തിൽ തിരുവിതാംകൂർസേന നിർണ്ണായക വിജയം നേടി. ഡച്ചുകാർക്ക്‌ വീണ്ടും ക്ഷീണമായിരുന്നു ഫലം. 1753-ൽ ഡച്ചുകാർക്ക് മാവേലിക്കരയിൽ വെച്ച്‌ രാമയ്യൻ ദളവയുമായി സന്ധിയിലേർപ്പെടേണ്ടതായി വന്നു. ഇതിൻ പ്രകാരം ഭാവിയിൽ നാടിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും വ്യാപാരം മാത്രമായി ഒതുങ്ങിക്കൂടാമെന്നും അവർ സമ്മതിച്ചു. എന്നാൽ തെക്കുംകൂർ, വടക്കുംകൂർ ചെമ്പകശ്ശേരി എന്നിവിടങ്ങളിലെ രാജാക്കന്മാർ കൊച്ചിരാജാവിന്റെ സഹായത്തോടെ ആഭ്യന്തരകലാപങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഡച്ചുകാരും അവർക്ക് സഹായം നൽകി. കൊച്ചിരാജാവിന്റെ സേനാനായകനായ ഇടിക്കേള മേനോന്റെ കീഴിൽ ഒരു സഖ്യശക്തിയേയും മാർത്താണ്ഡവർമ്മയ്ക്ക്‌ നേരിടേണ്ടതായി വന്നു, അമ്പലപ്പുഴ വെച്ചുള്ള യുദ്ധത്തിൽ 1754-ൽ രാമയ്യൻ ദളവയ്ക്കായിരുന്നു വിജയം. അവരെ തോല്പിച്ചു കരപ്പുറം മുഴുവനും പിടിച്ചടക്കി. ഇതേസമയം കാർത്തിക തിരുനാൾ രാമ വർമ്മ നേതൃത്വത്തിൽ വടക്ക്‌ ഉദയമ്പേരൂർ വരെയും തെക്ക്‌ മാമല വരെയും ഉള്ള പ്രദേശങ്ങൾ കയ്യടക്കിയിരുന്നു. കൊച്ചിയുടെ പരാജയം ആസന്നമായിരുന്നു, എന്നാൽ കൊച്ചിരാജാവ്‌ സന്ധിക്കപേക്ഷിച്ച് യുദ്ധം ഒഴിവാക്കി. സാമൂതിരി കൊച്ചിയും തിരുവിതാംകൂറും ആക്രമിക്കാൻ പദ്ധതിയിടുന്നു എന്ന വിവരം ലഭിച്ചു. ഒരു പൊതുശത്രുവിനെതിരായി അങ്ങനെ കൊച്ചിയും തിരുവിതാംകൂറും ഉടമ്പടിയിൽ ഏർപ്പെട്ടു. 1757-ലാണ്‌ ഈ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്‌. ഈ ഉടമ്പടിപ്രകാരം അങ്കമാലി യിലെ ആലങ്ങാട്‌, പറവൂർ എന്നിവ തിരുവിതാംകൂറിന്‌ കൈമാറണമെന്നും ഇതിനുമുമ്പായി നടന്ന യുദ്ധങ്ങളിൽ കൊച്ചിക്ക്‌ നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ തിരുവിതാംകൂർ കൊച്ചിയെ സഹായിക്കുമെന്നും ഇനി യുദ്ധങ്ങൾ ഉണ്ടായാൽ സാമൂതിരിക്കെതിരായി സൈന്യത്തെ അണിനിരത്താൻ തിരുവിതാംകൂർ സഹായിക്കാമെന്നുമെല്ലാമായിരുന്നു ഉടമ്പടി. എന്നാൽ സാമൂതിരിയിൽ നിന്ന് ഏതെങ്കിലും പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയാണെങ്കിൽ അവയിലുള്ള അവകാശം തിരുവിതാംകൂറിനായിരിക്കും.[19]

കിഴക്കിലെ പ്രീണന നയം

[തിരുത്തുക]

തെക്കും വടക്കും പടിഞ്ഞാറും സ്വായത്തമാക്കിയ തിരുവിതാംകൂറിന്‌ കിഴക്കു നിന്നുള്ള ആക്രമണങ്ങളെ ഫലപ്രദമായി തടയാൻ കഴിഞ്ഞില്ല. 1740-നടുത്ത്‌ ചന്ദാ സാഹിബും ബന്ദാ സാഹിബും കോട്ടാർ, നാഗർകോവിൽ, ശുചീന്ദ്രം എന്നീ പ്രദേശങ്ങൾ ആക്രമിച്ചു. എന്നാൽ ആദ്യം സൈന്യത്തെ നിരത്തിയെങ്കിലും, അതേസമയം കായംകുളത്തു സൈന്യത്തെ വിന്യസിപ്പിക്കേണ്ടിവന്നതിനാൽ അവർക്ക്‌ യുദ്ധം നടത്താൻ പറ്റാതായി. ഇതിനായി എതിർഭാഗത്തിന്‌ വൻ തുക നൽകി പ്രീണന നയം സ്വീകരിക്കുകയയിരുന്നു. ഇതിനുശേഷം ആരുവാമൊഴിയിലെ സൈന്യത്തെ ശക്തിപ്പെടുത്തുകയും കോട്ടകൾ ശക്തമാക്കുകയും ചെയ്തു. എന്നാൽ ഈ പ്രദേശങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ മാർത്താണ്ഡവർമ്മയ്ക്ക്‌ കഴിഞ്ഞില്ല. കലാപങ്ങൾ അമർച്ച ചെയ്യുവാൻ ശ്രദ്ധതിരിച്ച സമയത്ത്‌ വീണ്ടും കിഴക്കു നിന്ന് ആക്രമണമുണ്ടായി. തിരുച്ചിറപ്പള്ളി ഗവർണ്ണറായ മൂദേമിയാ തിരുനെൽവേലിയിലെ വള്ളിയൂർ, കളക്കാട്‌ എന്നീ പ്രദേശങ്ങൾ പിടിച്ചെടുത്തു. വീണ്ടും ഇതിനായി ഒരു വലിയ സംഖ്യ ചെലവായി. സൈന്യത്തെ അയക്കാനാവുന്ന ഒരു പരിതഃസ്ഥിതി അന്നുണ്ടായിരുന്നില്ല. മാത്രവുമല്ല ദൂരം വളരെ കൂടുതലുമായിരുന്നു. മൂദേമിയ പണം വാങ്ങി പിൻവാങ്ങിയെങ്കിലും, കർണ്ണാടക നവാബായ മുഹമ്മദാലി മുദേമിയായെ മാറ്റി സഹോദരനായ മഹ്ഫസ്‌ ഖാനെ അധികാരം ഏൽപിച്ച് തിരുവിതാംകൂറിലേയ്ക്ക്‌ വീണ്ടും പറഞ്ഞയച്ചു. എന്നാൽ മുദേമിയ മാർത്താണ്ഡവർമ്മയെ സന്ദർശിച്ച്‌ കാര്യങ്ങൾ ധരിപ്പിക്കുകയും നഷ്ടപ്പെട്ട പ്രദേശങ്ങൾ പിടിച്ചെടുക്കാൻ വർമ്മയെ പ്രേരിപ്പിക്കുകയും ചെയ്തു. കലാപങ്ങൾ അടിച്ചമർത്തി മാർത്താണ്ഡവർമ്മ പത്മനാഭപുരത്ത്‌ തിരിച്ചെത്തിയിരുന്നു, മഹ്ഫസ്ഖാനെ തോൽപിക്കുകയും കളക്കാടും മറ്റും തിരിച്ചു പിടിക്കുകയും ചെയ്തു.[20]

ഭരണ പരിഷ്കാരങ്ങൾ

[തിരുത്തുക]
കേരളത്തിന്റെ ചരിത്രം
ഇന്ത്യയുടെ ചരിത്രം
. പ്രാചീന ശിലായുഗം 70,000–3300 BC
· മധ്യ ശിലായുഗം · 7000–3300 BC
. നവീന ശിലായുഗം 3300–1700 BC
. മഹാശില സംസ്കാരം 1700–300 BC
.ലോഹ യുഗം 300–ക്രി.വ.
· ഗോത്ര സംസ്കാരം
.സംഘകാലം
· രാജ വാഴ്ചക്കാലം · 321–184 BC
· ചേരസാമ്രാജ്യം · 230 –ക്രി.വ. 300
· ‍നാട്ടുരാജ്യങ്ങൾ · ക്രി.വ.300–1800
· പോർളാതിരി · 240–550
· നാട്ടുരാജ്യങ്ങൾ · 750–1174
· സാമൂതിരി · 848–1279
.ഹൈദരാലി 1700–1770
· വാസ്കോ ഡ ഗാമ · 1490–1596
. പോർട്ടുഗീസുകാർ 1498–1788
· മാർത്താണ്ഡവർമ്മ · 1729–1758
. ടിപ്പു സുൽത്താൻ 1788–1790
. ഡച്ചുകാർ 1787–1800
. ഈസ്റ്റ് ഇന്ത്യാ കമ്പനി 1790–1947
. സ്വാതന്ത്ര്യ സമരം 1800–1947
. മാപ്പിള ലഹള 1921
. ക്ഷേത്രപ്രവേശന വിളംബരം 1936
. കേരളപ്പിറവി 1956
നാട്ടുരാജ്യങ്ങളുടെ ചരിത്രം
കൊടുങ്ങല്ലൂർ · കോഴിക്കോട് · കൊച്ചി
വേണാട് · കൊല്ലം · മലബാർ · തിരുവിതാംകൂർ
മറ്റു ചരിത്രങ്ങൾ
സാംസ്കാരികം · നാവികം · ഗതാഗതം
മതങ്ങൾ . ആരോഗ്യം
രാഷ്ട്രീയം · തിരഞ്ഞെടുപ്പ് . ശാസ്ത്ര-സാങ്കേതികം ·
സാംസ്കാരിക ചരിത്രം
ഹിന്ദുമതം · ക്രിസ്തീയ മതം · ക്രൈസ്തവ ചരിത്രം
ഇസ്ലാം മതം . ജൈന മതം ബുദ്ധമതം
സിഖു മതം · നാഴികക്കല്ലുകൾ
തിരുത്തുക

ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നാണ്‌ ശ്രീ അനിഴം തിരുനാൾ അറിയപ്പെടുന്നതു തന്നെ. അദ്ദേഹത്തിന്റെ ഭരണം സ്വേച്ഛാധിപത്യപരമായിരുന്നു എങ്കിലും ഭരണ രീതികൾ കൊണ്ട്‌ ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. ഭരണം ശക്തമായ നിലയിൽ എത്തിയതിനാൽ ജനങ്ങൾ സുരക്ഷിതരായിരുന്നു. ഏറ്റവും ചെറിയ ഘടകം ഗ്രാമമായിരുന്നു. പാർവ്വതികാർ ( പ്രവർത്തികാർ/പാർവത്യകാർ) എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു ഗ്രാമങ്ങളിലെ ഭരണം നടന്നിരുന്നത്‌. ദേവസ്വം ഭരണം ഈ ഉദ്യോഗസ്ഥന്റെ ചുമതലയായിരുന്നു. ചെറിയ കുറ്റങ്ങൾക്ക് വിചാരണ നടത്തി ശിക്ഷിക്കുന്നതിനുള്ള അധികാരം ഈ ഉദ്യോഗസ്ഥന് ഉണ്ടായിരുന്നു. ഇതു കൂടാതെ കരം പിരിക്കുന്നതും ഭൂമിയുടെ പാട്ടവില നിശ്ചയിക്കുന്നതുമെല്ലാം ഇവരായിരുന്നു. പല ഗ്രാമങ്ങൾ കൂടിച്ചേരുന്നതായിരുന്നു മണ്ഡപം. ഇന്നത്തെ തഹസിൽദാർക്ക്‌ തുല്യനായി അന്ന് മണ്ഡപത്തുംവാതുക്കൽ എന്ന ഉദ്യോഗസ്ഥനായിരുന്നു. പതിവു കണക്ക്‌ എന്ന പേരിൽ വാർഷിക ബജറ്റ്‌ ഉണ്ടാക്കിയിരുന്നു. ഇതിൻ പ്രകാരം ഒരു വർഷം ഇന്നിന്ന കാര്യങ്ങൾക്കായി നീക്കി വയ്ക്കുന്ന തുകകൾക്ക്‌ കണക്ക്‌ ഉണ്ടായിരുന്നു. പെൻ‍ഷൻ, സേനാ കാര്യങ്ങൾ എന്നിവയ്ക്കു വരെ പ്രത്യേകം തുക വകകൊള്ളിച്ചിരുന്നു. 1739 -മുതലേ ഭൂനികുതി പരിഷ്കരണം നടത്തിയിരുന്നു. ഇതിനായി പള്ളിയാടിയിലെ മല്ലൻ ശങ്കരൻ എന്ന പ്രസിദ്ധനായ ഉദ്യോഗസ്ഥനെ അദ്ദേഹം നിയോഗിച്ചു. അദ്ദേഹം ഭൂമിയെ ബ്രഹ്മസ്വം, ദാനം, ദേവസ്വം, പണ്ടാര വക (ഖജനാവ്‌ വക അല്ലെങ്കിൽ രാജാവിന്റെ) എന്നിങ്ങനെ നാലായി തിരിച്ചു. ഇരുപ്പൂ നിലങ്ങൾക്ക്‌ ഒരുപ്പൂ നിലങ്ങളേക്കാൾ പാട്ടം കൂടുതലാക്കി. പിന്നീട്‌ [1751]-ൽ രാമയ്യൻ ദളവ ഈ നികുതികൾ പുനർനിർണ്ണയം ചെയ്തു. എല്ലാ വർഷവും നികുതി നിർണ്ണയം എന്ന രീതി മാറ്റി കുറേ വർഷങ്ങൾ കൂടുമ്പോൾ ഒരിക്കൽ എന്നാക്കി. വരൾച്ച, വെള്ളപ്പൊക്കം എന്നിങ്ങനെ പ്രകൃതിക്ഷോഭങ്ങൾ വരുമ്പോൾ പാട്ടത്തിൽ ഇളവുകൾ നൽകിയിരുന്നു. ചുമത്തപ്പെടുന്ന നികുതിക്ക് വ്യക്തമായ രേഖകൾ നൽകിയിരുന്നു. മർത്താണ്ഡവർമ്മ രാജ്യത്തെ വാണിജ്യരംഗം പുന:സംഘടിപ്പിച്ചു. മാവേലിക്കരയായിരുന്നു ആസ്ഥാനം. രാമയ്യൻ ദളവയ്ക്കായിരുന്നു ഇതിന്റെ മേൽനോട്ടം. രാജ്യം പല സുഗന്ധദ്രവ്യങ്ങളുടെ മേലുമുള്ള കുത്തക കൈയടക്കി. കുരുമുളക്, പുകയില, അടയ്ക്ക/പാക്ക്, ഇഞ്ചി തുടങ്ങിയ ചരക്കുകൾ സംസ്ഥാനം നിശ്ചയിക്കുന്ന വിലയ്ക്കാണ് ശേഖരിച്ചിരുന്നത്. ഇത് വിദേശികൾക്ക് വിൽക്കുന്നതും സർക്കാർ ആയിരുന്നു. ഇത്തരം വിഭവങ്ങൾ സൂക്ഷിക്കാനായി പാണ്ടികശാലകൾ പണിതു. സാധാരണജനങ്ങൾക്കായി പാണ്ടികശാലയോടനുബന്ധിച്ച് വ്യാപാരശാലകളും പണിതിരുന്നു. അതിർത്തികളിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങൾക്ക് ചുങ്കം ഏർപ്പെടുത്തുകയും അതിന് മേൽനോട്ടം വഹിക്കാൻ ചൗക്കികൾ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു. കാർഷിക വിഭവങ്ങൾ നേരിട്ട് വിദേശീയർക്ക് വിൽക്കാനുള്ള അനുമതി ജനങ്ങൾക്ക് ഉണ്ടായിരുന്നില്ലെങ്കിലും അവർക്ക് മാന്യമായ വില നൽകാൻ രാജ്യം തയ്യാറായിരുന്നു. ജനോപകാരമായ രീതിയിൽ കാര്യങ്ങളുടെ നടത്തിപ്പിന് മാർത്താണ്ഡവർമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിരവധി പുതിയ പാതകൾക്ക് രൂപം കൊടുത്തു. ഇന്നു കാണുന്ന എം.സി. റോഡ് അതിന്റെ ആദ്യ രൂപത്തിൽ തയ്യാർ ചെയ്തത് ഇക്കാലത്താണ്. ഇത്തരം വീഥികൾക്കങ്ങിങ്ങായി ഊട്ടുപുരകളും സത്രങ്ങളും തുറന്നു. ദൂരയാത്രക്കാർക്ക് ഭയലേശമന്യേ സഞ്ചരിക്കാൻ പട്ടാളക്കാർ ഇടവിട്ടിടങ്ങളിൽ താവളം ഉറപ്പിച്ചിരുന്നു. വർക്കല മുതൽ കൊച്ചി വരെ ഉൾ‍നാടൻ ജലഗതാഗതം ഏർപ്പെടുത്തി. ഇതെല്ലാം വ്യാപാര മേഖലയെ ഉണർവുള്ളതാക്കി. ജലസേചനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പൊൻ‍മന അണക്കെട്ട്, പുത്തൻ അണക്കെട്ട് എന്നിവ പണിതു.[21] ഇത് ഇന്നും ഉപയോഗത്തിലിരിക്കുന്ന അണക്കെട്ടുകളാണ്‌. ഇവ കൽക്കുളം പ്രദേശത്ത് ജലസേചനം നടത്തുകയും പത്മനാഭപുരത്തെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുകയും ചെയ്യുന്നു. തോടുകളും ചാലുകളും കീറി വെള്ളം സംഭരിക്കാനുള്ള കുളങ്ങളിൽ എത്തിച്ചു. അങ്ങനെ മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ കൃഷിപ്പിഴ ഒഴിവായി. ഒരുപ്പൂ നിലങ്ങൾ ഇരുപ്പൂ നിലങ്ങളായി മാറി. ഈ പ്രദേശങ്ങളിൽ കാർഷികാഭിവൃദ്ധി സാധിതമായി. തീരദേശ സം‌രക്ഷണത്തിനും പ്രാമുഖ്യം നൽകിയിരുന്നു. വെളിച്ചത്തിനായി നഗരങ്ങളിൽ വഴിവിളക്കുകൾ ഏർപ്പെടുത്തി. പത്മനാഭപുരം കൊട്ടാരം നവീകരിക്കുകയും പുതിയ കെട്ടിടങ്ങൾ പണിയുകയും ചെയ്തു. ദളവാ കച്ചേരി, കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം എന്നിവ അങ്ങനെ പണിതവയാണ്. മാവേലിക്കരയിലാണ് പിന്നെ കൂടുതൽ കാര്യാലയങ്ങൾ വന്നത്. ഇവിടെയായിരുന്നു രാമയ്യൻ ദളവയുടെ ആസ്ഥാനം. കച്ചേരി, വാണിജ്യ കാര്യാലയങ്ങൾ, നികുതി മന്ദിരങ്ങൾ, സേനാ ആസ്ഥാനം എന്നിവ പണിയപ്പെട്ടു.[22]

സൈനികം

[തിരുത്തുക]

അനിഴം തിരുനാൾ തിരുവിതാംകൂർ സൈന്യത്തെ മൊത്തമായി ഉടച്ചു വാർത്തു. മറവർ, നായർ സൈന്യങ്ങൾ രൂപീകരിക്കുകയും തോക്കുകളും പീരങ്കികളും ഉപയോഗിക്കാൻ പരിശീലനം സിദ്ധിച്ച ഒരു സ്ഥിരം കാലാൾപ്പടയെ സജ്ജമാക്കുകയും ചെയ്തു ഒരു വിഭാഗം സൈന്യത്തിന്റെ നേതൃത്വം അന്നത്തെ യുവരാജാവായ രാമവർമ്മക്ക് (ധർമ്മരാജാവ്) നൽകി. സൈന്യത്തിലെ പ്രധാന സേനാനായകന്മാരെ ഡെ ലനോയിയുടെ കീഴിൽ ആധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ പഠിപ്പിച്ചു, അവരുടെ കായികക്ഷമത വർദ്ധിപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ആവിഷ്കരിച്ചു. യൂറോപ്യൻ യുദ്ധതന്ത്രങ്ങളിൽ അവരെ നിപുണരാക്കി. ആയുധങ്ങൾ എല്ലാം തന്നെ നവീകരിക്കുകയും പട്ടാളത്തെ എല്ലാ സമയവും ജാഗരൂകരാക്കി നിർത്തുവാനായി സേനാ ആസ്ഥാനങ്ങളും ആയുധപ്പുരകളും പണിയുകയും ചെയ്തു. പത്മനാഭപുരം കൊട്ടാരത്തിന്റെ സം‍രക്ഷണത്തിനായി അഭേദ്യമെന്നു തോന്നാവുന്ന കോട്ട കെട്ടി. രാജ്യത്തെ മറ്റു കോട്ടകളും ശക്തിപ്പെടുത്തി.[23]

സാംസ്കാരിക രംഗം

[തിരുത്തുക]

യുദ്ധങ്ങളും രാജ്യവിപുലീകരണങ്ങളും മാത്രമായിരുന്നില്ല മാർത്താണ്ഡവർമ്മയുടെ കാലത്ത് നടന്നത്. മതം, സാഹിത്യം, കലകൾ, എന്നീ രംഗങ്ങളിലും അദ്ദേഹം തന്റെ കഴിവുകളും നയങ്ങളും വ്യക്തമാക്കി. ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം സുവർണ്ണകാലമായിരുന്നു. ശ്രീപത്മനാഭന്റെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം ആ ക്ഷേത്രം പുനരുദ്ധരിച്ചു. ഇപ്പോൾ കാണുന്ന ഏഴ് നില ഗോപുരത്തിന്റെ അഞ്ചു നിലകളും അദ്ദേഹമാണ് പണിയിച്ചത്. പന്തീരായിരം സാളഗ്രാമങ്ങൾ (ബനാറസിനടുത്തുള്ള ഗുണ്ടക്കു എന്ന സ്ഥലത്തു നിന്നും വിഷ്ണുവിന്റെ അവതാരങ്ങൾ ലേഖനം ചെയ്യപ്പെട്ടിട്ടുള്ള പരിശുദ്ധമായ ശിലകൾ) വരുത്തി ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം പുനർനിർമ്മാണം നടത്തി, പുന:പ്രതിഷ്ഠിച്ചു. തിരുവനന്തപുരത്തിനടുത്ത തിരുമലയിൽ നിന്നും 20 ഘന അടി വലിപ്പമുള്ള വലിയ പാറവെട്ടി മണ്ഡപം പണിഞ്ഞു. (1731) പുതിയ മണ്ഡപങ്ങളും തറകളും പണിതീർത്തു. കിഴക്കേ ഗോപുരത്തിന്റെയും പണി പുനരാരംഭിച്ച് പൂർത്തിയാക്കി. സ്വർണ്ണക്കൊടിമരം സ്ഥാപിച്ചു. വടക്കുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർത്തതു മൂലം അവിടങ്ങളിലെ രാജസദസ്സിലെ പ്രമുഖ കലാ സാഹിത്യകാരന്മാർ തിരുവനന്തപുരത്തു വന്ന് താമസമാക്കി. അതിൽ രാമപുരത്തു വാര്യർ, കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു. ബൗദ്ധികവും കലാപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായി തിരുവനന്തപുരം മാറി. പുരാണകഥകളും മറ്റും ക്ഷേത്രങ്ങളുടെ ചുവരുകളിൽ ആലേഖനം ചെയ്യപ്പെട്ടു. കൂത്ത്, കൂടിയാട്ടം, പാഠകം, കഥകളി, തുള്ളൽ എന്നീ ക്ഷേത്രകലകൾക്ക് നല്ല ഉണർവ്വു ലഭിച്ച കാലമായിരുന്നു അത്. നിരവധി കൃതികളും എഴുതപ്പെട്ടു. സേതുരാഘവം, ബാലമാർത്താണ്ഡവിജയം എന്നിവ അതിൽ ചിലതാണ്. ഭദ്രദീപം, മുറജപം തുടങ്ങിയ ചടങ്ങുകൾ ആരംഭിച്ചത് ശ്രീ അനിഴംതിരുനാളാണ്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ നാലമ്പലം പുതുക്കിപ്പണിതതും പദ്മതീർത്ഥക്കുളത്തിന്റെ വിസ്തൃതി കൂട്ടിയതും ശീവേലിപ്പുര, ഒറ്റക്കൽമണ്ഡപം തുടങ്ങിയവ നിർമ്മിച്ചതും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരിന്നു. എട്ടരയോഗത്തെ വെറുമൊരു ഉപദേശകസമിതി മാത്രമായി ചുരുക്കിയതും ശ്രീ അനിഴംതിരുനാളായിരുന്നു.[24]

ചെമ്പകരാമൻ പട്ടം

[തിരുത്തുക]

മാർത്താണ്ഡവർമ്മയുടെ കാലത്ത് സർക്കാർ ജോലിയിലും സൈന്യത്തിലും പ്രവർത്തിച്ചിരുന്നവരുടെ പ്രോത്സാഹനാർത്ഥം സ്ഥാനമാനങ്ങളും ബഹുമതികളും ഏർപ്പെടുത്തി. നല്ല സേവനം കാഴ്ചവെക്കുന്നവർക്കായി ഏർപ്പെടുത്തിയ ഒരു ബഹുമതിയാണ്‌ 'ചെമ്പകരാമൻ' എന്നറിയപ്പെട്ടിരുന്നത്.

തൃപ്പടിദാനം

[തിരുത്തുക]
തൃപ്പടിദാനം നടത്തുന്നതിന്റെ ഭാവനാ സൃഷ്ടി

1750 ജനുവരി-3 ന്‌ (കൊ.വ. 925 മകരം-5) മാർത്താണ്ഡവർമ്മ, തന്റെ വിപുലമായ രാജ്യം ശ്രീപത്മനാഭന് അടിയറവെച്ചുകൊണ്ട്, പ്രതീകാത്മകമായതും മഹത്തായതുമായ കാര്യം നിർവ്വഹിച്ചു. ഇത് 'തൃപ്പടിത്താനം' അഥവാ തൃപ്പടി ദാനം എന്നാണ് അറിയപ്പെടുന്നത്. ഇതിലെ രേഖകൾ പ്രകാരം രാജാവും തന്റെ പിൻ‍ഗാമികളും ശ്രീപത്മനാഭന്റെ ദാസന്മാരായി, അദ്ദേഹത്തിന്റെ അഭാവത്തിൽ രാജ്യം ഭരിക്കുന്നു എന്നാണ് അർത്ഥം. ഇതിനു ശേഷം മാർത്താണ്ഡവർമ്മ 'ശ്രീപത്മനാഭദാസൻ' എന്ന ബിരുദം സ്വീകരിച്ചു. അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര- തിരുനാൾ വരെയുള്ള രാജാക്കന്മാർ തങ്ങളുടെ പേരിനൊപ്പം ഈ ബിരുദവും കൂടി ചേർത്തിരുന്നു. [25]

ഇത് മത താല്പര്യത്തിനേക്കാൾ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ചെയ്തതായാണ് ചരിത്രകാരന്മാർ വീക്ഷിക്കുന്നത്. രാജ്യം ദൈവത്തിന്റെ പേരിലായാൽ അതിനെതിരെ വരുന്ന ഏത് ഭീഷണിയും ദൈവത്തിനു നേരേയുള്ളത് എന്ന് വിവക്ഷിക്കാമെന്നും ഇത് ജനകീയ കലാപങ്ങളെ ഭാവിയിൽ അമർച്ച ചെയ്യാൻ സഹായിക്കാം എന്നും മാർത്താണ്ഡവർമ്മ വിശ്വസിച്ചിരിക്കണം. സിംഹാസനവും തന്റെ കുടുംബാംഗങ്ങളുടെ സുരക്ഷയും അങ്ങനെ അദ്ദേഹം ഉറപ്പാക്കി.

രാമയ്യൻ ദളവയുടെ പങ്ക്‌

[തിരുത്തുക]

അനിഴംതിരുനാളിന്റെ ഉറ്റമിത്രമായിരുന്ന രാമയ്യൻ എന്ന ബ്രാഹ്മണ യുവാവ് ദീർഘവീക്ഷണമുള്ള ഒരു ദളവ എന്ന നിലയിലാണ്‌ പിന്നീട് പ്രശസ്തനായത്. നിശിതമായ രാഷ്ട്രതന്ത്രജ്ഞതയ്ക്കും കാര്യശേഷിക്കും പേരു കേട്ടയാളായിരുന്നു രാമയ്യൻദളവ. പതിനെട്ടുവർഷം മർത്താണ്ഡവർമ്മയുടെ ദളവയായി സേവനമനുഷ്ഠിച്ചു. അനിഴംതിരുനാളിന്റെ ഉറ്റമിത്രമായും, 19(൧൯) കൊല്ലം പ്രധാനമന്ത്രിയും ആയിരുന്ന രാമയ്യൻദളവ 1756-ൽ മാവേലിക്കരയിൽ വച്ച് മരണമടഞ്ഞു.

അവസാനകാലം

[തിരുത്തുക]

അനിഴം തിരുനാളിന്റെ ഉറ്റമിത്രമായും പിന്നീട് 19(൧൯) കൊല്ലക്കാലം പ്രധാനമന്ത്രിയായും കഴിഞ്ഞിരുന്ന രാമയ്യൻ ദളവയുടെ 1756-ലെ വിയോഗത്തിൽ ദുഃഖാർത്തനായ മാർത്താണ്ഡവർമ്മയുടെ ആരോഗ്യവും അനുദിനം ക്ഷയിച്ചുകൊണ്ടിരുന്നു. രണ്ടു വർഷത്തിനകം 1758-ൽ അദ്ദേഹവും നാടു നീങ്ങി.

മാർത്താണ്ഡവർമ്മയ്ക്കു ശേഷം

[തിരുത്തുക]

മാർത്താണ്ഡവർമ്മയ്ക്കു ശേഷം അനന്തരവനായ കാർത്തികതിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചു. അദ്ദേഹം ധർമ്മരാജ എന്നാണറിയപ്പെട്ടിരുന്നത്. ഏറ്റവുമധികം കാലം (1758 മുതൽ 1798 വരെ) തിരുവിതാംകൂർ ഭരിച്ച ഭരണാധികാരിയാണദ്ദേഹം.

മാർത്താണ്ഡവർമ്മയെപ്പറ്റിയുള്ള പരാമർശങ്ങൾ

[തിരുത്തുക]

ഫാദർ ബർത്തലോമിയോ 'വോയേജസ് ടു ദ ഈസ്റ്റ് ഇൻഡീസ്' [26] എന്ന തന്റെ യാത്രാ വിവരണ ഗ്രന്ഥത്തിൽ മാർത്താണ്ഡവർമ്മയേയും ഡി ലിനോയയേയും പറ്റി വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വരികളിൽ

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.rediff.com/news/jan/14raj.htm 'The Battle of Colachel: In remembrance of things past' by Rajeev Srinivasan, Rediff news
  2. രാമനാഥ ഐയ്യർ, എ.എസ്. (1908). Travancore archeological series, Volume V Part I,II & III. തിരിവനന്തപുരം: കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 126-127 നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988
  4. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  6. Travancore Almanac & Directory 1919 Published by the Government of Travancore 1918
  7. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  10. Kerala District Gazetteers, Trivandrum by A. Sreedhara Menon : 'The theory that the Ranis of Attingal exercised sovereign powers is, however, incorrect. The fact is that in political matters the Ranis of Attingal as such exercised no sovereign rights. Any grant of rights over immovable property by the Ranis of Attingal required the King's previous assent or subsequent confirmation for its validity. It may be noted that the so-called Queendom of Attingal had its origin in the 5th century Kollam Era when two princesses were adopted into the Venad family from Kolathunad and the revenues from certain estates in and around Attingal were assigned to them for their exclusive use. Since then the female members of the ruling family of Travancore had come to be known as Attingal Ranis. When Marthanda Varma decided to assume direct control over the estates of Attingal and thus deprive the Rani of some of her rights, he was not interfering in the affairs of a sovereign State. As the head of the royal family and the ruler of the State, he had every right to interfere in the affairs of a part of his kingdom, The Rani of Attingal had neither territory nor subjects, except in the sense that the people of Venad paid respects to her as a senior member of the ruling family. What she possessed was nothing more than the control over the revenues of the estates and an outward status and dignity. Whatever powers she exercised were those delegated to her by the head of the family and the sovereign of the State.' [[1]]
  11. എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  12. "A Survey Of Kerala History" By A Sreedhara Menon
  13. റീഡിഫ് വാർത്തകൾ
  14. "കുളച്ചൽ യുദ്ധത്തെപറ്റി കേരളാ.കോമിൽ". Archived from the original on 2013-08-09. Retrieved 2007-02-06.
  15. http://www.answers.com/topic/eustance-de-lennoy
  16. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  17. എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  18. വെണ്മണി ഗ്രാമ പഞ്ചായത്ത്,ജനകീയാസൂത്രണം-സമഗ്രവികസനരേഖ 1996
  19. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  20. A History of Travancore from the Earliest Times, Volume 1 By P. Shungoonny Menon, Pages :160-162
  21. രാമനാഥ ഐയ്യർ, എ.എസ്. (1908). Travancore archeological series, Volume V Part I,II & III. തിരിവനന്തപുരം: കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  22. "A Survey Of Kerala History" By A. Sreedhara Menon PAGES 225-227
  23. A History of Travancore from the Earliest Times, Volume 1 By P. Shungoonny Menon, Pages :163-165
  24. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം by അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, pages : 152-168.
  25. വാരിയർ, രാഘവ (1992). കേരള ചരിത്രം. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  26. വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-240-1053-6. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)

കുറിപ്പുകൾ

[തിരുത്തുക]
  • ^ എന്നാൽ ഇത് കൊല്ലവർഷം 881 അതായത് ക്രി.വ. 1706 ലാണ് എന്നാണ്‌ പി. ശങ്കുണ്ണിമേനോൻ തിരുവിതാംകൂർ എന്ന ഗ്രന്ഥത്തിൽ പറയുന്നത്.
"https://ml.wikipedia.org/w/index.php?title=മാർത്താണ്ഡവർമ്മ&oldid=4021501" എന്ന താളിൽനിന്ന് ശേഖരിച്ചത്