കഥകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കഥകളി കഥാപാത്രം
കഥകളിയിലെ കൃഷ്ണമുടി വേഷം

കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്.ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു[1] .

വിവരണം[തിരുത്തുക]

നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, എന്ന അഭിനയോപാധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ്. ഒരു വാചകത്തിൽ പറഞ്ഞാൽ കഥകളിയുടെ മർമ്മം.

കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ, പാട്ടുകാർ പിന്നിൽ നിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയിൽ നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഉളവാക്കുന്ന കലയാണ് കഥകളി .

നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്കിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.

കളിതുടങ്ങുന്നതിനു മുൻപ്‌ മദ്ദളകേളി (അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, മേളപ്പദം(മഞ്ജുതര) തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളും (രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌. കലിയുടെ വേഷം കറുത്ത താടിയാണ്. ഹനുമാന്‌ വെള്ളത്താടിയാണ്‌ വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു പറയുന്നു.

== ചരിത്രം Kathakali 17 നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കഥകളിയുടെ സാഹിത്യ രൂപമാണ് ആട്ടക്കഥ. രാമനാട്ട കർത്താവായ കൊട്ടാക്കരത്തമ്പുരാനെയാണ് ആട്ടക്കഥാ സാഹിത്യത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്.

ഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയിൽ നിന്നും ഉടലെടുത്ത ഒരു വിനോദമാണ് കൃഷ്ണനാട്ടം. അന്ന് വടക്കൻ ദിക്കുകളിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റെയും അതിന്റെ ചുവടു പിടിച്ച് സൃഷ്ടിക്കപ്പെട്ട കൃഷ്ണനാട്ടത്തിന്റെയും രീതിയിലാണ് തമ്പുരാൻ രാമനാട്ടം രചിച്ചത്. 1555-നും 1605-നും ഇടയിലാണ് രാമനാട്ടം രചിച്ചത് എന്നാണ് പറയപ്പെടുന്നത്[2]. കൊട്ടാരക്കരത്തമ്പുരാൻ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമ്മിച്ച രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്.

കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിർത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും എല്ലാം വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്[അവലംബം ആവശ്യമാണ്]. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.

രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം. സംഘക്കളി, അഷ്ടപദിയാട്ടം, തെയ്യം, പടയണി, കൂടിയാട്ടം, തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്. രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി. പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.

വെട്ടത്തുനാടൻ സമ്പ്രദായം[തിരുത്തുക]

കഥകളി

രാമനാട്ടം കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന് വെട്ടത്തുരാജാവ് വരുത്തിയ മാറ്റങ്ങൾ ഇവയാണ്.Q

 • നടൻമാർക്ക് വാചികാഭിനയം വേണ്ടെന്ന് തീർച്ചപ്പെടുത്തി
 • പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
 • കത്തി, താടി വേഷങ്ങൾക്ക് തിരനോട്ടം ഏർപ്പെടുത്തി.
 • രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ട ഏർപ്പെടുത്തി.
 • കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നീ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനം കൊണ്ടുവന്നു.
 • മുദ്രകളോടെയുള്ള ആംഗികാഭിനയം കൊണ്ടുവന്നു.

വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌ കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി

കപ്ലിങ്ങാടൻ കഥകളിയിൽ വരുത്തിയ മാറ്റങ്ങൾ[തിരുത്തുക]

 • കത്തി, താടി, കരി എന്നിവയ്ക്ക് മൂക്കത്തും ലലാടമധ്യത്തിലും ചുട്ടിപ്പൂ ഏർപ്പെടുത്തി.
 • ചുട്ടിയ്ക്ക് അകവിസ്തൃതി കൈവരുത്തി.
 • മുനിമാർക്ക് മഹർഷിമുടി നിർദ്ദേശിച്ചു.
 • രാവണൻ, ജരാസന്ധൻ, നരകാസുരൻ എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കത്തിവേഷത്തിന് പ്രാധാന്യം നൽകി.

കല്ലുവഴിച്ചിട്ട പുതിയ കഥകളിയുടെ ആവിഷ്കരണം[തിരുത്തുക]

19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആവിർഭവിച്ച ശൈലി. കുയിൽത്തൊടി ഇട്ടിരാരിശ്ശി മേനോനാണ് ആവിഷ്കർത്താവ്. ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.

ഐതിഹ്യം[തിരുത്തുക]

കോഴിക്കോട്ടെ മാനവേദൻ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കളിക്കുവാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമ്മിച്ചത് എന്നും ഒരു ഐതിഹ്യം ഉണ്ട്‌.

തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവന[തിരുത്തുക]

തിരുവിതാംകൂർ രാജാക്കന്മാർ കഥകളിക്ക് നൽകിയിട്ടുള്ള സംഭാവനകൾ ഏറെയാണ്. 'ബാലരാമഭരതം' എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചത് കാർത്തിക തിരുന്നാൾ മഹാരാജാവാണ്. 'നരകാസുരവധം' ആട്ടക്കഥയും അദ്ദേഹത്തിന്റെ കൃതിയാണ്. കാർത്തിക തിരുന്നാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ് രുഗ്മിണീസ്വയം‍വരം, അംബരീഷചരിതം, പൂതനാമോക്ഷം, പൗണ്ഡ്രകവധം എന്നീ ആട്ടകഥകൾ. കാർത്തിക തിരുന്നാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ 'നളചരിതം' ആട്ടകഥ രചിച്ചു. അശ്വതിതിരുനാളിന്റെ പിതാവ്‌ കിളിമാനൂർ കോയിത്തമ്പുരാൻ 'കംസവധം' എഴുതി. 'രാവണവിജയം' ആട്ടകഥയുടെ കർത്താവ്‌ വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ്. കീചകവധം, ഉത്തരാസ്വയം‍വരം, ദക്ഷയാഗം എന്നീ ആട്ടക്കഥകളുടെ കർത്താവായ ഇരയിമ്മൻ തമ്പിയും രാജകൊട്ടാരത്തിലെ ചർച്ചകാരനായിരുന്നു.

ആട്ടക്കഥ[തിരുത്തുക]

കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ്[3]. പദങ്ങളായും ശ്ലോകങ്ങളായുമാണു ആട്ടക്കഥ രചിക്കുന്നത്. ആട്ടകഥകളിലെ പദങ്ങളാണ്‌ കഥകളിയിൽ പാടി അഭിനയിക്കപ്പെടുന്നത്‌. ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള സൂത്രധാര ഉപാധിയായാണ് ഉപയോഗിക്കുന്നത്. കൂടാതെ അരങ്ങിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാന ശാഖ കൂടിയാണ് ആട്ടക്കഥകൾ. ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകൾ മലയാളസാഹിത്യത്തിന്റെ ഭാഗമായി സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ. കോട്ടയത്തമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, നിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം', കീചകവധം, കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ രാവണവിജയം, അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയംവരം, പൂതനാമോക്ഷം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളിൽ പെടുന്നു.

പ്രധാന ആട്ടക്കഥകൾ[തിരുത്തുക]

ചടങ്ങുകൾ[തിരുത്തുക]

കേളികൊട്ട്[തിരുത്തുക]

കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്.

അരങ്ങുകേളി[തിരുത്തുക]

കളി തുടങ്ങിക്കഴിഞ്ഞുവെന്ന് അറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു. ശുദ്ധമദ്ദളം, കേളിക്കൈ, ഗണപതിക്കൊട്ട് എന്നീ പേരുകളും ഈ ചടങ്ങിനുണ്ട്.

തോടയം[തിരുത്തുക]

ഇത് ഇഷ്ടദേവതാ പൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകിൽ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയറ മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷമേ അവരവരുടെ വേഷം കെട്ടാവൂ എന്നാണു നിയമം. തോടയത്തിന് ചെണ്ട ഉപയോഗിക്കുകയില്ല. കഥകളിയിൽ ഉപയോഗിക്കുന്ന ചെന്പട, ചന്പ, പഞ്ചാരി, അടന്ത എന്നീ നാലു താളങ്ങളും അവയുടെ നാലുകാലങ്ങളും തോടയത്തിൽ ഉപയോഗിക്കും. നാടകത്തിലെ നാന്ദിയുടെ സ്ഥാനമാണ് കഥകളിയിൽ തോടയത്തിനുള്ളത്. കോട്ടയത്തു തമ്പുരാനും,കാർത്തിക തിരുന്നാളും രചിച്ച രണ്ടു തോടയങ്ങളാണ് സാധാരണ പാടാറുള്ളത്.

വന്ദനശ്ലോകം[തിരുത്തുക]

തോടയം കഴിഞ്ഞാൽ ഗായകൻ ഇഷ്ടദേവതാ സ്തുതിപരമായ വന്ദനശ്ലോകങ്ങൾ ആലപിക്കുന്നു. ഒരു ശ്ലോകമെങ്കിലും നിർബന്ധമാണ്. സാധാരണ കോട്ടയത്തു തമ്പുരാൻ രചിച്ച, "മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും..............." എന്നു തുടങ്ങുന്ന ശ്ലോകം ആദ്യം ചൊല്ലും. തുടർന്ന് മറ്റുചില ശ്ലോകങ്ങളും ചൊല്ലാറുണ്ട്.

പുറപ്പാട്[തിരുത്തുക]

ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. പുറപ്പാട് സാധാരണയായി തുടക്കകാരാണ്‌ (കുട്ടിത്തരക്കാർ) രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ എല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചട‍ങ്ങ് പ്രയോജനപ്പെടുന്നു.

മനോഹരങ്ങളായ പലതരം ചുഴിപ്പുകളും നിലകളും പുറപ്പാടിലടങ്ങിയിട്ടുണ്ട്. പുറപ്പാടിലെ പദത്തിനുശേഷം ത്രിപുട താളത്തിൽ കാർത്തിക തിരുനാളിന്റെ "ദേവദേവ ഹരേ കൃപാലയ....." എന്ന നിലപ്പദം പാടുന്നു (ഭാരത കഥകൾക്ക്). പുറപ്പാടുമുതൽ ചെണ്ട ഉപയോഗിക്കുന്നു. മേൽക്കട്ടി, ആലവട്ടം, ശംഖനാദം എന്നിവയോടു കൂടിയാണ് പുറപ്പാട് നിർവ്വഹിക്കുന്നത്.[4]

മേളപ്പദം[തിരുത്തുക]

പുറപ്പാടിനുശേഷം ജയദേവന്റെ ഗീതാഗോവിന്ദത്തിലെ 21- ാം അഷ്ടപദിയായ “മഞ്ജൂതര കുഞ്ജതല കേളീ സദനേ” എന്നതിന്റെ ആദ്യത്തെ 8 ചരണങ്ങൾ വ്യത്യസ്ത രാഗങ്ങളിൽ പാടുന്നതാണ് മേളപ്പദം. സാധാരണയായി 6 ചരണങ്ങളാണ് പാടാറുള്ളത്. ചമ്പ താളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. മഞ്ജുതര എന്ന ചരണം മോഹനത്തിലും വിഹിതപദ്മാവതി എന്ന ചരണം മധ്യമാവതിയിലുമാണ് പാടാറുള്ളത്. പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന്‌ അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു.

മോഹനം - ചമ്പ

മഞ്ജുതര കുഞ്ജതല കേളീ സദനേ ഇഹ വിലസ രതിരഭസ ഹസിതവദനേ പ്രവിശ രാധേ, മാധവ സമീപം

Sreedev

നവഭവദശോകദളശയനസാരേ ഇഹ വിലസ കുചകലശ താരളഹാരേ, പ്രവിശ രാധേ, ഇഹവിലസ മദനരസ സരസഭാവേ, പ്രവിശ രാധേ,

നാട്ടക്കുറിഞ്ഞി

കുസുമചയരചിതശുചി വാസഗേഹേ ഇഹവിലസ കുസുമസുകുമാരദേഹേ പ്രവിശ രാധേ,

കല്യാണി - ചമ്പ

മധുരതരപികനികര നിനദമുഖരേ ഇഹവിലസ ദശനരുചി വിജിതശിഖരേ പ്രവിശ രാധേ,

ആരഭി

വിതത ബഹുവല്ലീ നവപല്ലവഘനേ ഇഹവിലസ ചിരമലസപീനജഘനേ പ്രവിശ രാധേ,

മധ്യമാവതി

വിഹിത പദ്മാവതി സുഖസമാജേ ഭണിത ജയദേവ കവിരാജരാജേ കുരു മുരാരേ മംഗലശതാനി

കഥാരംഭം[തിരുത്തുക]

കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം.

കഥകളി സംഗീതം[തിരുത്തുക]

തോടയത്തിന് ഹരിഹരവിധിനുത എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിന് പ്രാധാന്യം നൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മം‌ഗളകരവുമായ നാട്ടരാഗപ്രധാനങ്ങളായ സം‌ഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാം ചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനു മുൻപ് വന്ദനശ്ലോകം ചൊല്ലുക എന്നൊരു ഏർപ്പാടുകൂടി ഇദ്ദേഹം തുടങ്ങിവെച്ചു.

അഭിനയം[തിരുത്തുക]

സംസ്ഥാന സ്കൂൾ കലോത്സവം-2019

ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണ്‌ കഥകളി എന്നു പറയാമെങ്കിലും അരങ്ങിൽ കഥാപാത്രങ്ങൾ ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രവുമല്ല പശ്ചാത്തലത്തിൽനിന്നും പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾ മുഖേന കഥ പറയുകയാണ്‌ ചെയ്യുന്നത്. കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം ഇവ. പദങ്ങൾ ചൊല്ലി ആടാൻ തുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തും എന്ന സമസ്യയ്ക്ക് ഉത്തരമെന്ന നിലയിലാണ് വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത്.

മുദ്രകൾ[തിരുത്തുക]

കഥകളി പദങ്ങളുടെ രംഗഭാഷയാണ് മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ്‌ കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു.[5] വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലും, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്‌. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം, ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത്‌ സന്ദർഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത്. മിക്ക കലാകാരന്മാർ പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട്. 24 അടിസ്ഥാന മുദ്രകൾ താഴെ കൊടുക്കുന്നു.

1.പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം.

പരികല്പനകൾ[തിരുത്തുക]

പദാർത്ഥാഭിനയം, വാക്യാർത്ഥാഭിനയം എന്നിങ്ങനെ രണ്ട് പരികല്പനകൾ രംഗത്ത് എങ്ങനെ അവതരിപ്പിയ്ക്കണം എന്ന് സൂചിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. നൃത്തം, നാട്യം, നൃത്യം ഇവയെ ലക്ഷണം ചെയ്യുമ്പോൾ നൃത്തം താളലയാശ്രയവും നൃത്യം ഭാവാശ്രയവും നാട്യം രസാശ്രയവും ആയി പറയുന്നു. ഭാവത്തിന്റെ സ്ഥാനത്ത് പദാർത്ഥത്തേയും രസത്തിന്റെ സ്ഥാനത്ത് വാക്യാർത്ഥത്തേയും സങ്കല്പിച്ച് ഭാവാശ്രയമായ നൃത്യത്തെ പദാർത്ഥാഭിനയപ്രധാനമെന്നും രസാശ്രയമായ നാട്യത്തെ വാക്യാർത്ഥാഭിനയപ്രാധാനമെന്നും വിശേഷിപ്പിക്കുന്നു.അതായത് വാച്യാർത്ഥത്തെ മുദ്രകളെക്കൊണ്ടും അവയ്ക്ക് ചേർന്ന ഭാവങ്ങൾകൊണ്ട് അഭിനയിക്കുമ്പോൾ അത് പദാർത്ഥത്തേയും ചെയ്യുന്നു.

വേഷങ്ങൾ[തിരുത്തുക]

കഥകളിക്ക് ചുട്ടികുത്തുന്നു
ചുട്ടികുത്തുന്ന പച്ചവേഷം

കഥകളിയിൽ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ് വിവിധവേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാ‍നങ്ങളും ഈ വേഷങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്.

പച്ച[തിരുത്തുക]

സാത്വിക സ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം; ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻ, ലക്ഷ്മണൻ, തുടങ്ങിയവർക്ക് പച്ചവേഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ച് ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നു പറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്ക് നാമം വയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു.

കത്തിവേഷം അണിഞ്ഞ കഥകളി കലാകാരൻ

കത്തി[തിരുത്തുക]

രാക്ഷസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻ, ദുര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്ക് താഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി” എന്നും “നെടുംകത്തി” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൺതടങ്ങൾക്കു താഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വരെ എത്തിച്ചു വരച്ചാൽ നെടുംകത്തിയും ആകുന്നു. ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെ ആയിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. ‘പച്ച‘ വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്ന വരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകയും ചെയ്യുന്നു. വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ്.

താടി[തിരുത്തുക]

പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.

വെള്ളത്താടി : ഹനുമാൻ, ജാംബവാൻ പോലെയുള്ള അതിമാനുഷരും സത്വഗുണമുള്ളവരും ആയ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ് നൽകുക.
ചുവന്നതാടി: തമോഗുണരും രജോഗുണരുമായ കഥാപാത്രങ്ങൾക്കാണ് ചുവന്ന താടി നൽകുക. ഉദാ:ബകൻ, ബാലി, സുഗ്രീവൻ, ദുശ്ശാസനൻ, ത്രിഗർത്തൻ
കറുത്തതാടി :ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്ത താടി വേഷം
കാട്ടാളൻ കരിവേഷത്തിൽ

കരി[തിരുത്തുക]

താമസസ്വഭാവികളായ വനചാരികൾക്കാണ് കരിവേഷം നൽകുക. ഇവരിൽ ആൺകരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ:കാട്ടാളൻ പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും ഉണ്ടായിരിക്കും . ഉദാ: നക്രതുണ്ടി, ശൂർപ്പണഖ, ലങ്കാലക്ഷ്മി.

ദ്രൗപദി മിനുക്ക് വേഷത്തിൽ

[6]മിനുക്ക്[തിരുത്തുക]

കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നു പറയുന്നു. ഇതിൽ അല്‌പം ചായില്യം കൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു.

പഴുപ്പ്[തിരുത്തുക]

ദേവകളായ ചില കഥാപാത്രങ്ങൾക്ക് മാത്രമാണ് പഴുപ്പുവേഷം. ഉദാ:ആദിത്യൻ, ശിവൻ, ബലഭദ്രൻ.[അവലംബം ആവശ്യമാണ്]

വാദ്യങ്ങൾ ഉപയോഗം[തിരുത്തുക]

കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളാണ്‌ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, ഇടയ്ക്ക, ശംഖ് എന്നിവ. ചില സ്ഥലങ്ങളിൽ പഞ്ചമേളമെന്ന ശുദ്ധമേളവും ഉപയോഗിക്കാറുണ്ട്.

കഥകളി അരങ്ങത്ത്[തിരുത്തുക]

ആദ്യ കാലങ്ങളിൽ കഥകളി നടത്തിവന്നിരുന്നത് നമ്പൂതിരി ഇല്ലങ്ങളിലോ, നാട്ടു പ്രമാണിമാരുടെ ആഗ്രഹപ്രകാരം അവരുടെ വീടുകളിലോ ആണ്. പിന്നീടത് ക്ഷേത്രസങ്കേതങ്ങളിൽ സാധാരണമായിത്തീർന്നു. അക്കാലത്ത് ചില സമയങ്ങളിൽ നടന്മാർ ദിവസങ്ങളോളം യാത്രചെയ്‌തുവേണമായിരുന്നു കലാപ്രകടനം നടത്തേണ്ടിയിരുന്നത്.[7] മറ്റ് ദൃശ്യകലകളിലെ പോലെ അധികം സജ്ജീകരണങ്ങൾ കഥകളിക്ക് വേദി ഒരുക്കുന്നതിന് ആവശ്യമില്ല. ക്ഷേത്രാങ്കണത്തിൽ വച്ചു നടത്തുമ്പോൾ വേദിയായി ആനപ്പന്തലോ ഒരു ചെറിയ ഓലപ്പന്തലോ മതിയാകും. നടൻ രംഗത്ത് ഇരിപ്പിടമായി ഉപയോഗിക്കുന്നത് ബലമുള്ള ഒരു പീഠമാണ്. ചിലപ്പോൾ ഇതിനു ഉരലും ഉപയോഗിച്ചിരുന്നു. അരങ്ങിലെ വെളിച്ചത്തിന് ഒരു വലിയ ഓട്ടുനിലവിളക്ക് രണ്ടു വശത്തേക്കും കനത്ത തിരിയിട്ട് കത്തിക്കുന്നു. ഈ വിളക്ക് “ആട്ടവിളക്ക്” എന്ന്‌ അറിയപ്പെടുന്നു. വിളക്കിന്റെ ഒരു തിരി നടന്റെ നേർക്കും മറ്റേത് കാണികളുടെ നേർക്കും ആണ് കത്തിക്കാറുള്ളത്. ഇവ കൂടാതെ രംഗമാറ്റങ്ങൾ സൂചിപ്പിക്കാനും മറ്റുമായി ഒരു തിരശ്ശീലയും ഉപയോഗിക്കുന്നു.[8]

വഴിപാട്[തിരുത്തുക]

തിരുവല്ലയിലെ തിരുവല്ലഭ ക്ഷേത്രത്തിൽ കഥകളി വഴിപാടായി നടത്തുന്നു. കാഴ്ച്ക്കാർക്കു വേണ്ടിയല്ലാതെ ഭഗ്ഗവാന് കാണുന്നതിനായാണ് ഇവിടെ കഥകളി നടത്തുന്നത്.[9] തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം കഴിഞ്ഞാൽ കായംകുളത്തിനടുത്തുള്ള ഏവൂർ‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഏറ്റവും കൂടുതൽ കഥകളി വഴിപാടായി നടത്തുന്നത്.[അവലംബം ആവശ്യമാണ്] കലാമൺഡലം ഉപ കേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കൊല്ലം ജില്ലയിലെ മണ്ണൂർക്കാവ് ദേവീക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചേർത്തല മരുത്തൂർവട്ടം ധന്വന്തരിക്ഷേത്രത്തിലും നാൽപ്പത്തെണ്ണീശ്വരം ശിവക്ഷേത്രത്തിലും കഥകളി വഴിപാടുകൾക്ക് പ്രാധാന്യം ഉണ്ട്. കേരളത്തിൽ കഥകളി യോഗം സ്വന്തമായുള്ള ഏക ക്ഷേത്രമാണ് തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം പത്തനംതിട്ട.[അവലംബം ആവശ്യമാണ്]

പ്രസിദ്ധരായ കഥകളി കലാകാരന്മാർ[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. പ്രൊഫ . അയ്മനം കൃഷ്ണക്കൈമൾ (2000). കഥകളി വിജ്ഞാനകോശം. കറൻറ് ബുക്സ്. Cite has empty unknown parameters: |1= and |2= (help)
 2. കഥകളി‍രംഗം, കെ.പി.എസ്. മേനോൻ, താൾ 5
 3. പ്രൊഫ. അയ്മനം കൃഷ്ണക്കൈമൾ (2000). കഥകളി വിജ്ഞാനകോശം. കറൻറ് ബുക്സ്. Cite has empty unknown parameters: |1= and |2= (help)
 4. കഥകളി പ്രവേശിക - പ്രഫ. വട്ടപ്പറന്പിൽ ഗോപിനാഥപിള്ള
 5. Kerala, CyberNet Communications. "Kathakali Mudras". www.cyberkerala.com. ശേഖരിച്ചത് 2018-09-06.
 6. NShdbfftjjt.
 7. മടവൂർ ഭാസി രചിച്ച “ലഘുഭരതം”
 8. വിജയഭാനു രചിച്ച “നൃത്യപ്രകാശിക”
 9. തിരുവല്ലഭ നടയിൽ, പേജ്42, മാതൃഭൂമി യാത്ര, ജൂലയ് 2014

പുറത്തേക്കുള്ള കണ്ണിക്കൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കഥകളി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

കുറിപ്പുകൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കഥകളി&oldid=3675757" എന്ന താളിൽനിന്ന് ശേഖരിച്ചത്