ഇടയ്ക്ക
കേരളത്തിലെ ഒരു പരമ്പരാഗത മേളവാദ്യമാണ് ഇടയ്ക്ക. തുകൽവാദ്യം ആണെങ്കിലും കേരള സംഗീതത്തിൽ ഇത് താളവാദ്യമായിട്ടു മാത്രമല്ല ശ്രുതിക്കും ഉപയോഗിച്ചുവരുന്നു. ഡക്ക എന്ന പദത്തിൽ നിന്നാണ് ഇടയ്ക്ക എന്ന പേര് ഉണ്ടായത് എന്ന് കരുതുന്നു. മറ്റുള്ള വാദ്യങ്ങൾക്കിടയിൽ വായിക്കുന്ന ഒന്നായതിനാലാവണം ഇതിനെ ഇടക്ക എന്നു പറയുന്നത് എന്നൊരു വാദവുമുണ്ട്. ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപ്പാടിസേവ എന്നിവയിൽ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്. പരമ്പരാഗതമായി പൊതുവാൾമാരോ മാരാർമാരോ ആണ് ഇടയ്ക്ക വായിക്കാറുള്ളത്. എന്നാൽ ഇന്ന് പല സമുദായക്കാരും ഇത് വായിയ്ക്കുന്നവരിൽ പെടും. അമ്പലങ്ങളുടെ ഗർഭഗൃഹ പരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം കൂടി വലിപ്പം ഉണ്ട്. കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ. ഒതളി എന്ന് പറയുന്ന പശുവിൻറെ ആമാശയസ്തരമാണ് ഇടക്കയുടെ വട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്. നൂൽച്ചരടിട്ടാണ് മുറുക്കുന്നത്. ശബ്ദനിയന്ത്രണത്തിന് അറുപത്തിനാല് പൊടിപ്പുകളുലള്ള നാല് ഉരുൾ മരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി ചെറിയ വളഞ്ഞ കോൽ ഉപയോഗിച്ചാണ് വായിക്കുന്നതും ശബ്ദം നിയന്ത്രിക്കുന്നതും.
ഏകദേശം ഒന്നര അടി നീളവും മധ്യത്തിൽ നാലിഞ്ചും അഗ്രങ്ങളിൽ ആറിഞ്ചും വ്യാസമുള്ള ഒരു മരക്കുറ്റി. ഒരടി വ്യാസമുള്ള വളയങ്ങളിൽ ഉറപ്പിച്ചിട്ടുള്ള തോലുകൾ ഇതിന്റെ രണ്ടു ഭാഗത്തുമുണ്ട്. ഇവ തമ്മിൽ ചരട് കൊണ്ടു കോർത്ത് കെട്ടിയിരിക്കുന്നു. ഒരു ചെറിയ കോല് കൊണ്ടു ആ തോലിൽ തട്ടുമ്പോഴാണ് ശബ്ദമുണ്ടാവുന്നത്. ഇടതു കൈ കൊണ്ടു ചരടുകളെ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് നാദത്തിൽ വ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെ വിവിധ സ്വര സ്ഥാനങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു തുകൽ വാദ്യമാണിത്. സോപാനസംഗീതം, കഥകളി, പഞ്ചവാദ്യം, മോഹിനിയാട്ടം, കൂത്ത് എന്നിവയ്ക്കും സിനിമ പാട്ടുകളിലും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്. കൂടിയാട്ടത്തിലെ അഭിനയത്തിനു പശ്ചാത്തലമൊരുക്കാനും കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചൊല്ലിയാട്ടത്തിനും ഇടയ്ക്ക കൊട്ടാറുണ്ട് . സോപാന സംഗീത കലാകാരനായ ഞെരളത്ത് രാമപൊതുവാൾ ഇടയ്ക്കയെ ജനകീയമാക്കിയ പ്രമുഖ വ്യക്തിയാണ്.
ചിത്രശാല
[തിരുത്തുക]-
ഇടയ്ക്ക
-
ഇടയ്ക്കയുടെ ഒരു വശം
-
ഇടക്കവായന