Jump to content

തബല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തബല

ഇന്ത്യൻ സംഗീതത്തിൽ പൊതുവെയും, ഉത്തരേന്ത്യൻ ശാസ്ത്രീയ സംഗീതമായ ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രത്യേകിച്ചും ഉപയോഗിക്കപ്പെടുന്ന ഒരു കൊട്ടുവാദ്യമാണ് തബല. വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്തമായ രണ്ടു വാദ്യോപകരണങ്ങൾ തബലയുടെ ഭാഗമായുണ്ട്. വീപ്പ അഥവാ ഡ്രം (drum) എന്നർഥം വരുന്ന ഒരു അറബി വാക്കാണ് തബല എന്നതിനുറവിടം.[1]

ചരിത്രം[തിരുത്തുക]

പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ‍ കവിയായിരുന്ന അമീർ ഖുസ്രോ ആണ് ഈ വാദ്യത്തിന്റെ ഉപ്ജ്ഞാതാവ് എന്ന് വിശ്വസ്സിക്കപ്പെടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ കുറിപ്പുകളിലൊന്നും തന്നെ തബലെയെപ്പറ്റിയോ മറ്റൊരുപകരണമായ സിതാറിനെപ്പറ്റിയോ ഒന്നും തന്നെ പരാമർശിച്ചു കാണുന്നില്ല. കൃത്യമായ ചരിത്രരേഖകൾ പ്രകാരം പതിനെട്ടാം നൂറ്റാണ്ടിൽ ഡെൽഹിയിൽ ജീവിച്ചിരുന്ന ഉസ്താദ് സിദ്ദാർ ഖാനാണ് തബല ആദ്യമായി ഉപയോഗിച്ചത്.

തബലയുടെ ഘരാനാ പാരമ്പര്യം[തിരുത്തുക]

ഭക്തിപരമായ നാടൻപാട്ടുകൾക്കുപയോഗിച്ചിരുന്ന ഒരു നാട്ടുവാദ്യത്തിൽ നിന്ന് സങ്കീർണമായ വാദനരീതികളെ ആവാഹിക്കുന്ന ശാസ്ത്രീയ സംഗീതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി തബല മാറിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആയിരിക്കണം. മുഗൾ കാലഘട്ടമാണു തബലയെ കൂടുതൽ ജനകീയമാക്കിയത്. ആ കാലഘട്ടത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിനു കിട്ടിയ സ്വീകാര്യത, ഈ ഹിന്ദുസ്ഥാനി താളവാദ്യത്തിനും ലഭിച്ചു. ഡൽഹി, ലൿനൌ, അലഹബാദ്, ഹൈദരാബാദ്, ലാഹോർ എന്നിവിടങ്ങളിലെ മുഗൾ സാമ്രാജ്യത്തിന്റെ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണു തബലയുടെ ഘരാനകൾ. കൂടുതലും ഇസ്ലാം മതസ്ഥരായിരുന്നു വായിച്ചിരുന്നതെങ്കിലും, വാരണാസിയിലെ ചില ഹിന്ദു കുടുംബങ്ങളും തബല അഭ്യസിച്ചിരുന്നു. പക്കവാദ്യമായും പ്രധാനവാദ്യമായും തബലവായന അവതരിപ്പിക്കാറുണ്ട്.

മറ്റ് ഹിന്ദുസ്ഥാനി സംഗീത ശാഖകളെ പോലെ തബലയും ഘരാന പാരമ്പര്യമുള്ളതാണ്. ഉർദ്ദു-ഹിന്ദി വാക്കായ ഘരാന എന്നത് വീട് എന്നർഥം വരുന്ന “ഘർ “ എന്ന ഹിന്ദി വാക്കിൽ നിന്നും കടം കൊണ്ടിരിക്കുന്നു. പ്രധാനമായും രണ്ടു തായ്‌വഴികളാണ് തബല ഘരാനകൾക്കുള്ളത്: ഡൽഹിയുടെ പരിസരത്ത് പ്രചരിച്ച ദില്ലി ബാജ, കിഴക്കൻ ഡൽഹിയിൽ പ്രചാരത്തിലുള്ള പൂർബി ബാജ് എന്നിവയാണ്. ഇവയിൽ നിന്നും താഴെപ്പറയുന്ന ഘരാനകൾ രൂപമെടുത്തു.

  1. ഡൽഹി ഘരാന
  2. ലൿനൌ ഘരാന
  3. അർജാര ഘരാന
  4. ഫരുഖ്‌ബാദ് ഘരാന
  5. ബെനാറസ് ഘരാന
  6. പഞ്ചാബ് ഘരാന

വാദനശൈലിയിലും സംഗീത സംശ്ലേഷണത്തിലും പുലർത്തുന്ന സവിശേഷതകളാൽ ഓരോ ഘരാനയും വ്യത്യസ്തമാണ്. രാജഭരണകാലങ്ങളിൽ ഇത്തരം ശൈലികൾ കെടാതെ കാത്തു സൂക്ഷിക്കപ്പെട്ടെങ്കിലും, ആധുനിക യുഗത്തിൽ ശൈലികൾ അന്യോന്യം വളരെ കടം കൊണ്ടിട്ടുണ്ട്. എന്നിരിക്കിലും, ഇന്നും കർക്കശ്ശമായ ശിക്ഷണവും ഗുരു-ശിഷ്യബന്ധത്തിലൂന്നിയ വിദ്യാഭ്യാസവും ഘരാനകളുടെ പല സവിശേഷതകളും നിലനിർത്തുന്നുണ്ട്.

ഇന്ത്യയെപ്പോലെ പാകിസ്താനിലും തബലയ്ക്ക് വലിയ പ്രചാരമാണുള്ളത്. പഞ്ചാബ് ഘരാനയാണ് പാകിസ്താനിൽ കൂടുതൽ പ്രചാരത്തിലുള്ളത്.

തബലയുടെ ഘടന[തിരുത്തുക]

തബലക്ക് രണ്ട് വാദ്യങ്ങളാണുള്ളത്. സ്ത്രൈണ-സംഗീത-ശബ്ദം പുറപ്പെടുവിക്കുന്ന് ചെറിയ വാദ്യവും പുരുഷ സംഗീത-ശബ്ദം പുറപ്പെടുവിക്കുന്ന വലിയ വാദ്യവും. വലിയ വാദ്യത്തെ "ഡഗ്ഗ" എന്നും ചെറിയ വാദ്യത്തെ തബല എന്നും വിളിക്കുന്നു. രണ്ട് വാദ്യത്തിലും മുകളിലെ തുകലിൽ മൂന്ന് സ്ഥാനങ്ങളുണ്ട്. ആവ യഥാക്രമം കിനാര, മൈധാൻ, സിഹായി എന്നിങ്ങനെ അറിയപ്പെടുന്നു. ഈയവും ചൊറും ചേർത്ത മിശ്രിതവുമുപയോഗിച്ചാണു മദ്ധ്യത്തിലെ സിഹായി (മഷി) നിർമ്മിക്കുന്നത്. ആടിന്റെ തുകലാണു സാധാരണയായ് തബല നിർമ്മാണത്തിനുപയോഗിക്കാറ്; തടികൊണ്ടുള്ള തബലയിലും ലോഹം അല്ലെങ്കിൽ മണ്ണ് കൊണ്ടുള്ള ധഗയിലും തുകൽ-വള്ളികളാൽ അവയെ ബന്ധിച്ചിരിക്കുന്നു. ഈ തുകൽ വള്ളികളെ ബത്തി എന്നറിയപ്പെടുന്നു. ഗട്ട എന്ന് വിളിക്കുന്ന തടിക്കട്ടകൾ തബലയിലെ തുകൽ-വള്ളികൾക്കിടയിൽ തിരുകിയിരിക്കുന്നു. ആവ സ്വരസ്ഥാന ക്രമീകരണത്തിനു ഉപയൊഗിക്കപ്പെടുന്നു. ധഗയ്ക്ക് പ്രത്യേക സ്വരസ്ഥാനങ്ങൾ ഇല്ല. അതിൽനിന്നുള്ള ഘനമേറിയ ശബ്ദം തബലയുടെ ശബ്ദത്തോട് ചേർന്നാണു മനോഹരമായ സംഗീതമുണ്ടാകുന്നത്. തബലയിലെ സംഗീതത്തെ നിയന്ത്രിക്കുന്നത് വിരൽ തുകലിൽ പതിക്കുന്ന സ്ഥാനവും ശക്തിയുമാണെങ്കിൽ, ധഗയിലെ സംഗീതത്തെ നിയന്ത്രിക്കുന്നത് കൈക്കുഴകൊണ്ട് വരുത്തുന്ന മർദ-വ്യത്യാസവും വിരലുകളുമാണ്.

ഐതിഹ്യം[തിരുത്തുക]

പഘാവജ് എന്ന വാദ്യത്തിൽ നിന്നുമാണു തബല നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഹിന്ദുമത വിശ്വാസപ്രകാരമുള്ള അർദ്ധനാരീശ്വര സങ്കല്പവുമായ് പഘാവജ് ബന്ധപ്പെട്ടിരിക്കുന്നു. ഗണപതിയുടെ വാദ്യമെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഇത് മൃദംഗം പോലെ ഇരുവശങ്ങളിലും തുകലോടുകൂടിയവയായിരുന്നു. അതിനെ രണ്ട് വാദ്യങ്ങളാക്കിയത്രെ തബലയുണ്ടാക്കിയത്. "തൊടാ, ഫിർ ഭീ ബോല" (മുറിച്ചിട്ടും പാടി) - അങ്ങനെയത്രെ തബല എന്ന പേരു വന്നത്. പഘാവജിന്റെ പഠനരീതികളാണു തബലക്കും തുടരുന്നത്.

തബലയും സംസ്കാരവും[തിരുത്തുക]

ഇന്ത്യൻ സംസ്കാരത്തിലും സംഗീതത്തിലും തബലയുടെ സ്വാധീനം വളരെ വലുതാണ്. ശാസ്ത്രീയ സംഗീതത്തിൽ മാത്രമല്ല, വളരെ പ്രചാരമുള്ള സിനിമാ സംഗീതത്തിലും തബല സുഭിക്ഷമായി ഉപയോഗിക്കപ്പെടുന്നു. ഉസ്താദ് അള്ള രഖ, ഉസ്താദ് സക്കീർ ഹുസൈൻ തുടങ്ങിയ തബലാ ആചാര്യന്മാരിലൂടെ, ഈ വാദ്യത്തിന്റെ പ്രശസ്തി മറ്റു രാജ്യങ്ങളിലേക്കും സഞ്ചരിച്ചു. ഇന്ന്, ഇലൿട്രോണിക കീബോർഡുകളിലും മറ്റും തബലവാദ്യത്തിന്റെ ശബ്ദവും കൃത്രിമമായി സൃഷ്ടിക്കാവുന്ന തരത്തിൽ അതിന് പ്രചാരം ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ തബലവായനക്കാർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "tabla". Dictionary.com. Retrieved 2011-08-25.

പുറംവായന[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തബല&oldid=3654345" എന്ന താളിൽനിന്ന് ശേഖരിച്ചത്