നന്തുണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാളീക്ഷേത്രങ്ങളിൽ കളമ്പാട്ടിന്‌ ഉപയോഗിച്ചുവരുന്ന ഒരു നാടോടിസംഗീതോപകരണമാണ്‌ നന്തുണി. വീണ തുടങ്ങിയ തന്ത്രിവാദ്യങ്ങളോടാണ്‌ ഇതിന്‌ സാദൃശ്യം. ഒരു കേരളീയവാദ്യം. കേരളത്തിന്റെ ഗിറ്റാർ എന്നറിയപ്പെടുന്നു. തന്ത്രിവാദ്യവിഭാഗത്തിൽപ്പെടുന്ന യു yyyഇതിന് നന്ദുണി എന്നും പേരുണ്ട്. വടക്കൻപാട്ടുകളിൽ നൽധുനി എന്നാണ് പ്രയോഗിച്ചുകാണുന്നത്. നന്തുർണി എന്നാണ് മറ്റൊരു പേര്. ഈ പാഠഭേദങ്ങൾ നംധ്വനി എന്ന സംസ്കൃതപദത്തിന്റെ തത്ഭവങ്ങളാണെന്ന് കരുതപ്പെടുന്നു. ശിവതാണ്ഡവസമയത്ത് നാരദമഹർഷി ശിവസ്തുതി പാടുമ്പോൾ മീട്ടിയ വാദ്യമാണത്രെ നംധ്വനി.

കൊട്ടാനും മീട്ടാനും ഉപയോഗിക്കാനാവുംവിധം നിർമിച്ചിട്ടുള്ള ഒരു താള-ശ്രുതിവാദ്യമാണ് നന്തുണി എന്നു പറയാം. ദീർഘചതുരാകൃതിയിലുള്ള ഒരു മരക്കഷണത്തിൽ ഒരു കൊമ്പുകൈകൂടി ഘടിപ്പിച്ചാണ് നന്തുണി ഉണ്ടാക്കുന്നത്. ഈ പലകയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചുകെട്ടിയ രണ്ടോ മൂന്നോ തന്ത്രികൾ ഉണ്ടാകും. തന്ത്രികൾ പിഞ്ഞാവള്ളി അഥവാ ഈരച്ചുള്ളി എന്ന വള്ളികൊണ്ടാണ് പരമ്പരാഗതമായി ഉണ്ടാക്കിപ്പോന്നിരുന്നത്. എന്നാൽ ഇന്നു ലോഹക്കമ്പികളും ഉപയോഗിക്കുന്നുണ്ട്. മരച്ചീളുകൊണ്ടു നിർമിച്ച ചെറുകോലുകൊണ്ടു തന്ത്രിയിൽ തട്ടിയാണു നാദം പുറപ്പെടുവിക്കുക, ഈ കോലിന് 'വായന' എന്നാണു പേര്. ഏതാണ്ട് നാലടി നീളവും കാലടി വീതിയുമാണ് നന്തുണിക്കുള്ളത്.

ചിലപ്പതികാരത്തിലും മറ്റും പരാമർശിച്ചിട്ടുള്ള യാഴ് എന്ന സംഘകാലവാദ്യം നന്തുണിയുടെ പ്രാഗ് രൂപമാണെന്നു കരുതപ്പെടുന്നു.

കളമെഴുത്തുപാട്ട് നടത്തുന്ന കുറുപ്പന്മാരാണ് നന്തുണിയുടെ മുഖ്യ പ്രയോക്താക്കൾ. കുറുപ്പന്മാർ നാരദമഹർഷിയുടെ പിന്മുറക്കാരാണെന്നാണു വിശ്വാസം. ഭദ്രകാളിപ്പാട്ട്, അയ്യപ്പൻപാട്ട്, വേട്ടയ്ക്കൊരുമകൻപാട്ട് എന്നിവയിൽ ഇത് വാദ്യമായി ഉപയോഗിക്കുന്നു. നന്തുണി ഉപയോഗിച്ച് പാടുന്ന പാട്ടുകളാണ് നന്തുണിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നന്തുണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നന്തുണി&oldid=2901657" എന്ന താളിൽനിന്ന് ശേഖരിച്ചത്