ശ്രുതിപ്പെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രുതി ചേർക്കാൻ വേണ്ടി നാദസ്വരത്തിനോടൊപ്പം വായിക്കുന്ന ഒരു ശ്രുതിപ്പെട്ടി

ഭാരതീയസംഗീതത്തിൽ, പഠനത്തിനും സാധകത്തിനും ചെറിയ കച്ചേരികൾക്കും സ്ഥായീശ്രുതി പകരാൻ ഉപയോഗിക്കുന്ന ഒരുപകരണമാണു് ശ്രുതിപ്പെട്ടി. രൂപത്തിൽ ഹാർമോണിയം പോലെയിരിക്കുന്ന ഈ ഉപകരണത്തിൽ ഹാർമോണിയത്തിൽ നിന്നും വ്യത്യസ്തമായി, വിവിധ സ്വരങ്ങൾക്കു വേണ്ടിയുള്ള കട്ടകൾ (Keys) ഇല്ല. ഉച്ചസ്ഥായി ‘സ’, ‘പ’ നീചസ്ഥായി ‘സ’ എന്നീ മൂന്നു സ്വരസ്ഥാനങ്ങൾ ക്രമപ്പെടുത്താൻ വേണ്ടിയുള്ള മൂന്നു വലിപ്പുകൾ (സ്വിച്ചുകൾ) മാത്രമാണു് നിയന്ത്രകമായി ഇവയിൽ ഉണ്ടാവുക. പുല്ലാങ്കുഴൽ കച്ചേരികളിലാണു് ശ്രുതിപ്പെട്ടികൾക്കു് കൂടുതൽ പ്രചാരം.

ചരിത്രം[തിരുത്തുക]

ഹാർമോണിയം എത്തുന്നതിനുമുമ്പ് ഇന്ത്യയിലെ സംഗീതസദസ്സുകളിൽ ശ്രുതി സ്ഥിരപ്പെടുത്താൻ ഉപയോഗിച്ചിരുന്നതു് കൂടുതലും സങ്കീർണ്ണതയും അദ്ധ്വാനവുമുള്ള തംബുരു അല്ലെങ്കിൽ നാദസ്വരം എന്നീ ഉപകരണങ്ങളായിരുന്നു. കർണ്ണാടകത്തിലെ യക്ഷഗാനം പോലുള്ള കലകളിൽ ആലാപനത്തിനു ശ്രുതി ചേർക്കാൻ മകുടിയും ഉപയോഗിച്ചിരുന്നു. പിൽക്കാലത്തു് ഹാർമോണിയം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. എങ്കിലും സ്ഥിരമായ ഒരു ശ്രുതി നൽകുന്നതിനു് ഹാർമ്മോണിയത്തിലെ കട്ടകൾ ആവശ്യമില്ല എന്ന വസ്തുത കണക്കിലെടുത്തു് അത്തരം കട്ടകൾ ഒഴിവാക്കി അതിനെക്കാൾ ലളിതമായ ഒരു ഉപകരണമായി ശ്രുതിപ്പെട്ടി കണ്ടുപിടിക്കപ്പെട്ടു.

ആധുനികകാലത്തു് ശ്രുതിപ്പെട്ടി അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രചാരത്തിൽ എത്തിപ്പെട്ടിട്ടുണ്ടു്. തൊണ്ണൂറുകളുടെ ആരംഭത്തിൽ പ്രശസ്ത ഐറിഷ് സംഗീതജ്ഞൻ നോയ്രീൻ നീ റിയായ്ൻ അദ്ദേഹത്തിന്റെ പരിപാടികളിൽ ഉൾപ്പെടുത്തിക്കൊണ്ടു് ശ്രുതിപ്പെട്ടിയെ അയർലണ്ടിൽ അവതരിപ്പിച്ചു. പിന്നീട് സ്കോട്ട്ലന്റിലെ കരീൻ പോൾവാർട്ട് എന്ന സ്കോട്ടിഷ് നാടൻ‌കലാകാരി അവരുടെ പാട്ടുകളിൽ ശ്രുതിപ്പെട്ടിയ്ക്കു കൂടി സ്ഥാനം നൽകി.

ഇലക്ട്രോണിക്സിന്റെ ആവിർഭാവത്തോടെ, പരമ്പരാഗതമായ ശ്രുതിപ്പെട്ടിക്കു പകരം കൂടുതൽ ലഘുവും വിലകുറവുള്ളതുമായ ഇലക്ട്രോണിൿ ശ്രുതിപ്പെട്ടി (ഇലക്ട്രോണിൿ തംബുരു) പ്രചാരത്തിലായിട്ടുണ്ടു്. തുടർച്ചയായി പ്രവർത്തിപ്പിക്കാൻ പ്രത്യേകമായി ഒരാൾ ആവശ്യമില്ലെന്നതും ഇലൿട്രോണിൿ ശ്രുതിപ്പെട്ടികളുടെ ഗുണങ്ങളിൽ പെട്ടതാണു്.

"https://ml.wikipedia.org/w/index.php?title=ശ്രുതിപ്പെട്ടി&oldid=3176853" എന്ന താളിൽനിന്ന് ശേഖരിച്ചത്