നിഴൽക്കുത്ത് (കഥകളി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിഴൽക്കുത്ത് നടത്തുന്ന ഭാരതമലയൻ

കേരളത്തിലെ പ്രാചീനമായ ഒരു ആഭിചാരക്രിയയായ നിഴൽക്കുത്ത് എന്ന ആശയത്തെ അടിസ്ഥാനമാക്കി കഥകളി പണ്ഡിതനും ചട്ടമ്പി സ്വാമികളുടെ സമകാലീനനും പ്രശിഷ്യനുമായിരുന്ന പന്നിശ്ശേരി നാണു പിള്ള എഴുതി ചിട്ടപ്പെടുത്തിയ കഥകളിയിലെ ഒരു കഥയാണു് നിഴൽക്കുത്തു്. മൂലമഹാഭാരതത്തിൽ നിന്നും തെല്ലു വ്യത്യസ്തമായി, തമിഴ് ശൈലിയിൽ രൂപം കൊണ്ട വേലഭാരതം ആണു് ഇക്കഥയുടെ അടിസ്ഥാനം. കഥയിലെ പ്രാധാന്യമുള്ള വേഷങ്ങളാണു് മലയനും മലയത്തിയും.

കഥകളിയുടെ തെക്കൻ ചിട്ടയിൽ വ്യാപകമായ പ്രചാരമുള്ള നിഴൽക്കുത്ത് പ്രമേയം കൊണ്ടും അവതരണം കൊണ്ടും മറ്റു കഥകളിൽ നിന്നും ഏറെ വേറിട്ടുനിൽക്കുന്നു.

കഥാഗതി[തിരുത്തുക]

ഏതു വിധേനയും പാണ്ഡവരെ ഉന്മൂലനാശനം ചെയ്യണമെന്നു നിശ്ചയിച്ചിരുന്ന ദുര്യോധനൻ ലക്ഷ്യനിവൃത്തിയ്ക്കുവേണ്ടി പല വഴികളും നോക്കി. പക്ഷേ, ഒന്നു പോലും വിജയിച്ചില്ല. ഒടുവിൽ ദുർമന്ത്രവാദം കൊണ്ട് അവരെ നശിപ്പിക്കാം എന്നു തീരുമാനിച്ചു.

കാട്ടിൽ, ആഭിചാരക്രിയ ചെയ്യാൻ മിടുക്കനായിരുന്ന ഒരു മലയൻ ഉണ്ടായിരുന്നു. അയാൾക്കു് ഒരാളുടെ പ്രതിബിംബം കണ്ണാടിയിൽ കണ്ടിട്ട് ആ പ്രതിബിംബത്തെ വധിക്കുന്നതു വഴി, ആ ആളെത്തന്നെ വധിക്കാനുതകുന്ന വിശേഷപ്പെട്ട മന്ത്രവിദ്യ അറിയാമായിരുന്നു. ദുര്യോധനൻ മലയനെ രാജധാനിയിലെത്താൻ സന്ദേശവാഹകനെ അയച്ചു വിളിപ്പിക്കുന്നു.

കൊട്ടാരത്തിൽ , ഭാര്യ ഭാനുമതിയെ സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന ദുര്യോധനനു സമീപം, സന്ദേശവാഹകൻ തിരിച്ചെത്തി തന്റെ യാത്രാവിശേഷങ്ങൾ വിവരിച്ചതിനുശേഷം, ക്ഷണിതാവ് ഒരു ദിവസത്തിനുള്ളിൽ എത്തുമെന്നറിയിക്കുന്നു.

മലയന്റെ കഴിവുകൾ യഥാർത്ഥമാണോ എന്നു മുൻ‌കൂട്ടി പരീക്ഷിക്കാൻ ദുര്യോധനൻ തീരുമാനിക്കുന്നു. അതിനായി ത്രിഗർത്തൻ എന്ന അനുയായിയെ കവാടത്തിനരികിൽ കാവൽ നിർത്തുന്നു. മലയൻ എത്തുമ്പോൾ ത്രിഗർത്തൻ അയാളോട് എതിരിടുന്നു. മലയനാകട്ടെ, തന്റെ മന്ത്രവിദ്യ ഉപയോഗിച്ച് ത്രിഗർത്തനെ ഒരു ദണ്ഡ് ആക്കി മാറ്റുന്നു. എങ്കിലും, ഉടനെത്തന്നെ അയാൾക്കു പഴയ രൂപം നൽകുകയും, കൊട്ടാരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.

ദുര്യോധനൻ മലയനോട് പാണ്ഡവരെ ഛായാവധം ചെയ്യാൻ ആവശ്യപ്പെടുന്നു. മലയൻ ആദ്യം ഈ ആവശ്യം നിരാകരിക്കുന്നു. ഈ നികൃഷ്ടകൃത്യം ഒഴിവാക്കാൻ വേണ്ടി ആനയുടെ മുട്ട തുടങ്ങി അസാദ്ധ്യമായ പല സാമഗ്രികളും അയാൾ ആവശ്യപ്പെടുന്നു. ഇത്ര സങ്കീർണ്ണമായ ഒരു പദ്ധതി വിജയിക്കണമെങ്കിൽ ദുര്യോധനന്റെ സഹോദരിയായ ദുശ്ശളയെ ബലി കൊടുക്കണമെന്നു വരെ അയാൾ നിബന്ധന വെക്കുന്നു. ഒടുവിൽ ക്രോധാക്രാന്തനായ ദുര്യോധനൻ മലയന്റെ തല വെട്ടുമെന്നു ഭീഷണിപ്പെടുത്തുകയും വേറെ വഴിയില്ലാതെ മലയൻ കണ്ണാടി ഉപയോഗിച്ച് പാണ്ഡവരെ മൃതപ്രായരാക്കുകയും ചെയ്യുന്നു.

ദുര്യോധനൻ നൽകിയ പലവിധം സമ്മാനങ്ങളുമായി മലയൻ വീട്ടിലേക്കു തിരിക്കുന്നു. പക്ഷേ, വിവരമറിഞ്ഞ് അയാളുടെ ഭാര്യ, മുമ്പ് പാണ്ഡവരുടെ ഒരു ദാസി കൂടിയായിരുന്ന മലയത്തി കോപം സഹിക്കാനാവാതെ, സ്വന്തം മകനെ ഇരുകാലുകളും വിടർത്തിപ്പിളർന്നു് കൊന്നുകളയുന്നു. ഇതോടെ മലയൻ ദുഃഖപരിച്ഛിന്നനായിത്തീർന്നു.

മലയത്തി ശ്രീകൃഷ്ണന്റെ സമീപത്തേക്കു് ഓടിച്ചെന്നു് ഉണ്ടായ സംഭവമെല്ലാം വിവരിക്കുന്നു. കൃഷ്ണൻ എല്ലാം കേട്ടറിഞ്ഞ് പാണ്ഡവരേയും മലയന്റെ പുത്രനേയും പുനർജ്ജീവിപ്പിക്കുന്നു. അതിനുശേഷം മലയനേയും മലയത്തിയേയും സമാശ്വസിപ്പിക്കുന്നു.

രംഗാവതരണം[തിരുത്തുക]

ദുര്യോധനൻ കത്തി വേഷത്തിലും ത്രിഗർത്തൻ ചുവന്ന താടിയായും ആണു് നിഴൽക്കുത്തിൽ രംഗത്തു വരുന്നതു്. പാണ്ഡവന്മാർ പച്ചയിലും. മലയൻ ആദ്യം കറുത്ത താടി ആയിട്ടും അതിനു ശേഷം മിനുക്കിലും അഭിനയിക്കുന്നു. ഭാനുമതി, മലയത്തി, മലയക്കുട്ടി എന്നിവർ മിനുക്കു വേഷത്തിലാണു പ്രത്യക്ഷപ്പെടുന്നതു്.

ചിട്ടയും പ്രചാരവും[തിരുത്തുക]

കഥകളിയുടെ തെക്കൻ കേരള സമ്പ്രദായമായ തെക്കൻ ചിട്ടയിലാണു് നിഴൽക്കുത്ത് അവതരിപ്പിക്കപ്പെടുന്നതു്. സ്വാഭാവികമായും തെക്കൻ ജില്ലകളിലാണ് ഈ കഥയ്ക്കു് പ്രചാരവും കൂടുതൽ. ഗുരു. ചെങ്ങന്നൂരും ശിഷ്യന്മാരും മാങ്കുളം വിഷ്ണുനമ്പൂതിരിയും നിഴൽക്കുത്ത് കഥയുടെ അവതരണത്തിനും പ്രചാരത്തിനും മുഖ്യ പങ്കുവഹിച്ചിരുന്നു.

ഏറെ വർഷങ്ങൾക്കു ശേഷം 2003 നവംബർ 9നു് വള്ളത്തോൾ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരളകലാമണ്ഡലം ആസ്ഥാനത്തു് നിഴൽക്കുത്തു് എന്ന കഥകളി അരങ്ങേറുകയുണ്ടായി. തോന്നയ്ക്കൽ പീതാംബരൻ മലയനായും മടവൂർ വാസുദേവൻ നായർ ദുര്യോധനനായും ചവറ പാറുക്കുട്ടി മലയത്തിയായും അരങ്ങിൽ വന്നു. കലാമണ്ഡലം രാജശേഖരൻ ആയിരുന്നു ഈ അവതരണത്തിൽ ഭാനുമതിയായി വേഷമിട്ടതു്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിഴൽക്കുത്ത്_(കഥകളി)&oldid=2926307" എന്ന താളിൽനിന്ന് ശേഖരിച്ചത്