കുട്ടിച്ചാത്തനാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുട്ടിച്ചാത്തൻ എന്ന മൂർത്തിയെ പ്രീതിപ്പെടുത്താനായി കെട്ടിയാടുന്ന കലാരൂപമാണ് കുട്ടിച്ചാത്തനാട്ടം. മധ്യകേരളത്തിൽ പാലക്കാട് ജില്ലയിലും മലപ്പുറം ജില്ലയിൽപ്പെട്ട പൊന്നാനി താലൂക്ക്, തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് എന്നിവിടങ്ങളിലും പ്രചാരമുള്ള കലയാണിത്. അനുഷ്ഠാനപരമായ ഈ കല പറയസമുദായക്കാർ കൈകാര്യം ചെയ്യുന്നു. ചാവക്കാട് താലൂക്കിൽ മണ്ണാറന്മാരും ഇതനുഷ്ഠിക്കുന്നു. ചെറുപ്പക്കാരും മധ്യവയ്സ്കരും ഈ കലാപ്രകടനത്തിൽ പങ്കെടുക്കുന്നു.

കുട്ടിച്ചാത്തന്റെ പ്രതിമയ്ക്ക് മുമ്പിൽ കളമെഴുതി പൂജ നടത്തിയതിനുശേഷം വാൾ കയ്യിലേന്തി പ്രതിമയ്ക്കു ചുറ്റും നൃത്തം വയ്ക്കുന്നു. ഒരാൾ ചെണ്ടകൊട്ടും. മറ്റൊരാൾ ചിലമ്പ് കിലുക്കും. വേറൊരാൾ കുഴലൂതും. അതിനനുസരിച്ച് വിവിധതരത്തിൽ നൃത്തം ചെയ്യുന്നു. നൃത്തം വയ്ക്കുന്ന ആളെയും കുട്ടിച്ചാത്തനെന്നാണ് പറയുക. കുട്ടിച്ചാത്തൻ കോഴിയെ വാങ്ങി കഴുത്തറുത്ത് ചോര വലിച്ചുകുടിക്കും. പിന്നെ കൽപ്പനയാണ്. കൽപ്പന കഴിഞ്ഞാൽ കൊട്ടിന്റെ താളം മാറും. പിന്നെ തുള്ളുന്നു. പ്രതിമയ്ക്കു മുന്നിൽ തളർന്നുവീഴുന്നതോടെ പ്രകടനം കഴിയും.

ചെണ്ട, ചിലമ്പ്, കുഴൽ എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു. പകൽ ഉച്ചയ്ക്കു മുമ്പാണ് സാധാരണ നടത്തുക. സന്ധ്യമയങ്ങിയ നേരവും നടത്താറുണ്ട്. കുട്ടിച്ചാത്തന്റെ പ്രതിമയ്ക്കു ചുറ്റും തോരണങ്ങൾ കെട്ടി കളമെഴുതുകയും പൂജ നടത്തുകയും ചെയ്യും. നിലവിളക്കും നാളികേരമുറികളിൽ തിരിയും കത്തിച്ചുവയ്ക്കും. തലയിൽ കവടിപതിച്ച ശീലകെട്ടി, അതിന്മേൽ മയിൽപ്പീലി വച്ച് അലങ്കരിക്കും. മുഖത്തും ശരീരത്തിലും വരയും കുറിയും മുണ്ടും പട്ടും ഞെറിഞ്ഞുടുക്കുന്നു. തലയിൽ കുത്തുന്ന രണ്ട് പന്തങ്ങൾ, കർണ്ണാഭരണം, നാസികാഭരണം, ഓടുകൊണ്ടുള്ള മുലകൾ, കൈകളിലും മാറത്തും ഉദരഭാഗത്തും ലോഹനിർമ്മിതമായ പലയിനം ആഭരണങ്ങൾ അരമണി, ഇരുകൈകളിലും വെഞ്ചാമരങ്ങൾ, കാലിൽ ചിലമ്പ് ഇവയാണ് ചമയങ്ങൾ.. കുട്ടിച്ചാത്തൻ എന്ന ദൈവത്തിനെ പ്രീതിപ്പെടുത്താനാണ് ഇത് നടത്തുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുട്ടിച്ചാത്തനാട്ടം&oldid=3944743" എന്ന താളിൽനിന്ന് ശേഖരിച്ചത്