സംഘക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ നമ്പൂതിരിമാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി[1]. സംഘക്കളി എന്ന പേരു കൂടാതെ യാത്ര കളി, പാനേംകളി,ശാസ്ത്രാങ്കം, ചിത്തിരാങ്കം എന്നീ പേരുകളിലും ഈ കളി അറിയപ്പെട്ടിരുന്നു.ഒരനുഷ്ഠാന കലയുടെ ലക്ഷണങ്ങളെല്ലാമുണ്ടെങ്കിലും സംഘക്കളി വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലകൂടിയാണ്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു സംഘക്കളിയെ കരുതുന്നു. സംഘക്കളിയിലെ പഴയ പാട്ടുകളിൽനിന്നു പ്രാചീന കേരളത്തിലെ ആര്യദ്രാവിഡബന്ധത്തെപ്പറ്റി പല അറിവുകളും ലഭിക്കുന്നതാണു്.

ചോറൂണ്, ഉപനയനം, സമാവർത്തനം, വിവാഹം, ഷഷ്ട്യബ്ദപൂർത്തി,പന്ത്രണ്ടാം മാസം മഹാരാജാക്കന്മാരുടെ തിരുനാൾ എന്നിങ്ങനെയുള്ള വലിയ ചടങ്ങുകൾക്കാണ് സംഘക്കളി സാധാരമായി കളിപ്പിക്കാറുള്ളത്. നാലുപാദം മാത്രമായും നാലുപാദവും പാനയും മാത്രമായും അടിയന്തരം കഴിപ്പിക്കാവുന്നതാണ്; എന്നാൽ കളിമാത്രമായോ പാനയും കളിയും മാത്രമായോ പാടുള്ളതല്ല.നമ്പൂതിരിമാർ ആയുധവിദ്യ സ്വീകരിക്കുന്നതിനു മുൻപ് തന്നെ ഉള്ള ഏർപ്പാടാവണം പനെഗളി ഇതിൽ നമ്പൂതിരി അല്ലാത്തവർക്കും പങ്കുണ്ട് .കളംപാട്ട് ,പാന മുതലായവയുടെ ചില പൂർവരൂപങ്ങൾ പാനെകളിയിൽ കാണാം.

ഉത്പത്തി[തിരുത്തുക]

ഇതിന്റെ ഉത്ഭവത്തെപ്പറ്റി കേരളോൽപത്തിയിൽ ഇങ്ങനെപ്പറയുന്നതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു. പള്ളിവാണപെരുമാൾ കേരളം രക്ഷിച്ചുവന്ന കാലത്തു ബുദ്ധമതക്കാരും നമ്പൂരിമാരും തമ്മിൽ തൃക്കാരിയൂരമ്പലത്തിൽവെച്ചു മതസംബന്ധമായി ഒരു വാഗ്വാദമുണ്ടാകുകയും അതിൽ ജയം സിദ്ധിക്കുന്നതിനുവേണ്ടി നമ്പൂരിമാർ തൃക്കാരിയൂരപ്പനെ ഭജിക്കുകയും ചെയ്തു. ആ അവസരത്തിൽ ജങ്ഗമൻ എന്നൊരു മഹർഷി അവിടെ ചെന്നു നാലുപാദത്തോടുകൂടിയ ഒരു മന്ത്രം നമ്പൂരിമാർക്കു് ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോൾ ആറു പരദേശബ്രാഹ്മണർ അവിടെ വരികയും അവരുടെ സാഹായത്തോടുകൂടി നമ്പൂരിമാർ ബുദ്ധമതക്കാരെ തോല്പിക്കുകയും ചെയ്തു. അന്നു മുതല്ക്കു് ആ ʻനാലുപാദംʼ അഭീഷ്ടപ്രദമാണെന്നുള്ള ബോധത്താൽ കേരളീയർക്കു് ആദരണീയമായിത്തീർന്നു.[2]

അംശങ്ങൾ[തിരുത്തുക]

നാലു പാദം, പാന, കളി (ഹാസ്യം) എന്നിങ്ങനെ മൂന്നംശമായി സംഘക്കളിയെ വിഭജിക്കാം. ഇവയിൽ നാലുപാദമാണ് അതിപ്രധാനം; അതു കഴിഞ്ഞാൽ പാനയും, നാലുപാദം മാത്രമേ ആദ്യകാലത്തുണ്ടായിരുന്നുള്ളൂ. പാന പിന്നീടും കളി ഒടുവിലും കൂട്ടിച്ചേർത്തതാണെന്നാണ് ഉള്ളൂരിന്റെ അനുമാനം.

ചടങ്ങുകൾ[തിരുത്തുക]

പൂർവ്വാങ്കം – കൊട്ടിച്ചകംപൂകൽ[തിരുത്തുക]

ഇതു സംഘക്കാരുടെ സംഘസ്ഥലത്തേയ്ക്കുള്ള പ്രവേശവും ʻകണമിരിക്കʼലും ആകുന്നു. ʻകണമിരിക്കുകʼ എന്നാൽ ഗണ(സംഘം) മായിരിക്കുക എന്നർത്ഥം. അപ്പോൾ ചൊല്ലുന്ന പാട്ടു ഭദ്രകാളിയേയോ ശാസ്താവിനേയോ പറ്റിയായിരിക്കണം.

നാലുപാദം[തിരുത്തുക]

വൈകുന്നേരത്തെ സന്ധ്യാവന്ദനം കഴിഞ്ഞാണ് നാലുപാദം സ്വരവും താളവുമൊപ്പിച്ച് ഉച്ചരിക്കേണ്ടത്.

പാന[തിരുത്തുക]

അത്താഴസ്സദ്യയുടെ മധ്യത്തിൽ കറിശ്ശോകങ്ങളും ഒടുവിൽ നീട്ടും ചൊല്ലാറുണ്ട്. നീട്ടു പുരാണപുരുഷന്മാരിൽ ഒരാൾ തന്റെ പ്രതിദ്വന്ദ്വിക്കു് എഴുതുന്നതും, അതിലെ ഭാഷ സംസ്കൃതവുമാണ്. സദ്യ കഴിഞ്ഞു വഞ്ചിപ്പാട്ടു പാടിക്കൊണ്ടു നെടുമ്പുരയിൽ എത്തി ചാത്തിരന്മാർ കെട്ടിയുടുത്തിരുന്നു് കേളികൊട്ടിത്തീർന്നാൽ ഏതെങ്കിലും രാഗം പാടി മേളം കൊട്ടും. അതാണു പാന.

കയ്മളുടെ വരവും മറ്റും[തിരുത്തുക]

പാനപ്പാട്ടുകൾ കഴിഞ്ഞാൽ കണ്ടപ്പന്റെ (കയ്മളുടെ) വരവായി. കണ്ടപ്പന്റെ വേഷവും നമ്പൂരിമാർതന്നെയാണു കെട്ടുന്നത്. ʻനീയാരു്?ʼ എന്നുള്ള രങ്ഗവാസികളുടെ ചോദ്യത്തിനു ʻʻമാനം വളഞ്ഞൊരു വളപ്പിനകത്തു, മഹാമേരുവിങ്കൽനിന്നും തെക്കുവടക്കു കിഴക്കു പടിഞ്ഞാറു്, ആനമലയോടുപ്പുകടലോടിടയിൽ, ചേരമാൻമലനാട്ടിൽ ചെറുപർപ്പൂർ (പറപ്പൂർ) ച്ചാർന്ന കിരിയത്തിൽ പന്നിക്കുന്നത്തു കൂട്ടത്തിൽ പണ്ടാരക്കുന്നത്തു പടിഞ്ഞാറേ താവഴിയിൽˮ ജനിച്ച ഒരു ശൂരപുരുഷനാണ് എന്നു കയ്മൾ മറുപടിപറയുന്നു.

കളി[തിരുത്തുക]

വട്ടമിരിപ്പുകളിയാണു് ആദ്യത്തെ ചടങ്ങു്. ചില ദേവപ്രീതികരങ്ങളായ സ്തോത്രങ്ങളോടെയാണ് ഇതിന്റെ തുടക്കം. കളിയിൽ ആംഗ്യമെന്നും ആസ്യ (ഹാസ്യ)മെന്നും രണ്ടു ഭാഗമുണ്ടു്. ആംഗ്യത്തിൽ ʻʻപൂവാതെ മുല്ലേ മുല്ലേˮ ഇത്യാദിയായ പാട്ടും ആസ്യത്തിൽ ʻʻകോപ്പിട്ട പെണ്ണിന്റെ കോമളം കണ്ടിട്ടു കോൾമയിർക്കൊള്ളുന്നു മാലോകരേˮ തുടങ്ങിയ പാട്ടും ഉൾപ്പെടും. ഇങ്ങനെ പല വിനോദഗാനങ്ങളും പാടിത്തീർന്നാൽ പിന്നെയും കയ്മളുടെ വരവായി. കയ്മളും ഓതിക്കനും തമ്മിലുള്ള സംവാദമാണ് പിന്നീട്. അടുത്ത ചടങ്ങുകൾ ചെപ്പടിവിദ്യയും വിഡ്ഢിപുറപ്പാടുമാണ്. വിഡ്ഢിയുടെ മഞ്ഞപ്പാട്ട് ഇങ്ങനെ പോകും

ആയുധമെടുപ്പ്[തിരുത്തുക]

ഇതു കളിയുടെ അവസാനത്തേ ചടങ്ങാണു്. ഓരോ അടവു പിടിച്ചുള്ള അഭ്യാസങ്ങൾ ആ ഘട്ടത്തിൽ അരങ്ങത്തു പ്രദർശിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. "സംഘക്കളി -കേരള ഇന്നവേഷൻ ഫൗണ്ടേഷൻ". Archived from the original on 2016-03-05. Retrieved 2011-06-08.
  2. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 1. കേരള സാഹിത്യ അക്കാദമി.
"https://ml.wikipedia.org/w/index.php?title=സംഘക്കളി&oldid=3816469" എന്ന താളിൽനിന്ന് ശേഖരിച്ചത്