Jump to content

യക്ഷഗാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഗഡെ എന്ന പ്രത്യേകതരം തലപ്പാവ് അണിഞ്ഞിരിക്കുന്ന ഒരു യക്ഷഗാനം കലാകാരൻ. യക്ഷഗാനങ്ങളിൽ പഗഡേയും കിരീടവും മാത്രം ആണ്‌ പുരുഷ വേഷക്കാർ അണിയാറുള്ളത്.സ്ത്രീ വേഷങ്ങൾ ചെറിയ പഗഡേയും.സഹനർത്തകർക്കും,വിദൂഷകന്മാർക്കും പ്രത്യേകം തലപ്പാവുകൾ ഉണ്ട്.

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം. കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലാവിശേഷമാണ് “ബയലാട്ടം” എന്നു കൂടി അറിയപ്പെടുന്ന “യക്ഷഗാനം”. [1] പക്ഷേ‍ കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്[2]. കർണ്ണാടകത്തിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലും, കേരളത്തിലെ കാസർഗോഡ് ജില്ലയിലും യക്ഷഗാനം പ്രചാരത്തിലുണ്ട്. വൈഷ്ണവഭക്തിയാണ് മുഖ്യപ്രചോദനം. ഭക്തിയും മതാചാര‍ങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്. നാനൂറോളം വർഷത്തെ പഴക്കം ഈ നൃത്തരൂപത്തിനുണ്ട്. നൃത്തവും അഭിനയവും സാഹത്യവും സംഗീതവുമെല്ലാം ചേർന്ന യക്ഷഗാനം കാസർഗോഡു മുതൽ വടക്കോട്ടുള്ള കൊങ്കൺ തീരങ്ങളിൽ ചിലേടത്താണ് ഇപ്പോഴുമുള്ളത്. കാസർ കോഡ് ജനിച്ച പാർത്ഥി സുബ്ബയാണ്. യക്ഷഗാനത്തിന്റെ പിതാവ് എന്ന് പറയപ്പെടുന്നു[3].

നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ കലാകാരന്മാർ പല കഥാപാത്രങ്ങളെയും നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നു. പാരമ്പര്യമനുസരിച്ച് യക്ഷഗാനം രാത്രി മുഴുവൻ നീണ്ടുനിൽക്കും. തുളുവിലും കന്നഡയിലും "ആട്ടം" എന്നും യക്ഷഗാനം അറിയപ്പെടുന്നു.

സന്ധ്യക്ക് ചെണ്ട മുഴക്കിയാണ് യക്ഷഗാനം ആരംഭിക്കുക. യക്ഷഗാനം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപേ തന്നെ ചെണ്ടയടി തുടങ്ങുന്നു. നിറപ്പകിട്ടാർന്ന വേഷങ്ങളണിഞ്ഞ നടന്മാർ തങ്ങളുടെ മുഖത്ത് തനിയേ ചായം അടിക്കുന്നു. ഹിന്ദു ഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും ഏതെങ്കിലും കഥയാണ് സാധാരണയായി യക്ഷഗാ‍നമായി അവതരിപ്പിക്കുക. ഒരു അവതാരകൻ കഥ ഒരു പാട്ടുപോലെ പാടുന്നു. ഇതിനൊപ്പിച്ച് വാദ്യക്കാർ തനതായ വാദ്യങ്ങൾ മുഴക്കുന്നു. നടന്മാർ താളത്തിനൊപ്പിച്ച് നൃത്തംചെയ്യുന്നു. തെയ്യത്തിന്റെതുപോലുള്ള ചലനമാണ് യക്ഷഗാനത്തിന് ഉപയോഗിക്കുന്നത്[4]. നൃത്തം ചെയ്ത് നടന്മാർ കഥ അവതരിപ്പിക്കുന്നു. പ്രകടനത്തിനിടയ്ക്ക് നടന്മാർ വളരെ കുറച്ചേ സംസാരിക്കുന്നുള്ളൂ. ഭാഗവതർ പാട്ടുപാടുകയും ഇലത്താളം, തൊപ്പിമദ്ദളം, ചെണ്ട, ചേങ്ങില ഇവ പ്രയോഗിക്കുന്നു.

വേഷവിധാനം

[തിരുത്തുക]

മുൻ കാലങ്ങളിൽ സ്ത്രീകൾക്ക് ഈ നാട്യസമ്പ്രദായത്തിൽ പങ്കെടുക്കാൻ അവസരം കൊടുത്തിരുന്നില്ല. അക്കാരണത്താൽ പുരുഷന്മാർതന്നെ സ്ത്രീവേഷം കെട്ടുകയാണ് ചെയ്തിരുന്നത്. ആയതിനു പുരുഷന്മാർ മുടി നീട്ടിവളർത്തുകയും നടകൾ അഭ്യസിക്കുകയും ചെയ്തിരുന്നു. ഇന്നാകട്ടെ സ്ത്രീകൾ കഥാപാത്രങ്ങളെ തനതായി അവതരിപ്പിക്കുന്നുണ്ട്. കഥകളിയുടെ വേഷവിധാനത്തെ അനുകരിച്ചുള്ള ആടയാഭരണങ്ങളും കിരീടവുമാണ് യക്ഷഗാനത്തിലും. ആദിശേഷന്റെ ഫണത്തെ അനുസ്‌മരിപ്പിക്കുന്ന കിരീടമാണ്‌‍ നടൻ ധരിക്കുന്നത്. കൊണ്ടവച്ച് കിരീടം അണിയുന്നു. മുഖത്ത് പച്ച തേക്കും. കണ്ണും പുരികവും എഴുതും. ഹസ്‌തകടകം, തോൾപ്പൂട്ട്, മാർമാല, കഴുത്താരം, കച്ച, ചരമുണ്ട്, കച്ചമണി, ചിലമ്പ് എന്നിവ വേഷത്തിനുപയോഗിക്കുന്നു.[5]

അവലംബം

[തിരുത്തുക]
  1. വിജയഭാനു രചിച്ച “നൃത്യപ്രകാശിക”
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2009-02-12.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2009-02-12.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2009-02-12.
  5. മടവൂർ ഭാസി രചിച്ച “ലഘുഭരതം”
"https://ml.wikipedia.org/w/index.php?title=യക്ഷഗാനം&oldid=3642238" എന്ന താളിൽനിന്ന് ശേഖരിച്ചത്