തലയാട്ടം
ഒരു കേരളീയ നാടോടി നൃത്തമാണ് തലയാട്ടം. പുലയസമുദായത്തിലെ ഉപവിഭാഗമായ തണ്ടപ്പുലയരാണ് ഇത് സാധാരണയായി അവതരിപ്പിച്ചു വരുന്നത്. സാംബവർ, വേട്ടുവർ, ഉള്ളാടർ തുടങ്ങിയ സമുദായക്കാരുടെയിടയിലും ഇത് നിലനില്ക്കുന്നുണ്ട്. തെക്കേ മലബാർ, കൊച്ചി, ചേർത്തല എന്നിവിടങ്ങളിൽ 'തലയാട്ടം' എന്ന പേരിലും, മാവേലിക്കര, പന്തളം, പത്തനംതിട്ട, ചെങ്ങന്നൂർ, വൈക്കം, കോട്ടയം, ഇടുക്കി, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിൽ മുടിയാട്ടം എന്ന പേരിലുമാണ് ഇത് അറിയപ്പെടുന്നത്.
നൃത്തരീതി
[തിരുത്തുക]താളമേളത്തോടുകൂടിയ നൃത്താഭിനയമാണിത്. പാട്ടുപാടിക്കൊണ്ട് വാദ്യങ്ങൾ മുഴക്കുമ്പോൾ സ്ത്രീകൾ കഴുത്തിന്റെ മുകൾ ഭാഗം വട്ടത്തിൽ ചലിപ്പിച്ചും തലമുടി ചുഴറ്റിയും നൃത്തം ചെയ്യുകയാണ് പതിവ്. നിന്നുകൊണ്ടു മാത്രമല്ല, താളത്തിൽ ചുവടുവച്ചു നടന്നും വട്ടത്തിൽ നടന്നും തലയാട്ടം നടത്താറുണ്ട്. മുതിർന്ന സ്ത്രീകളും കൌമാരപ്രായത്തിലെത്തിയ പെൺകുട്ടികളും ഈ നൃത്തമവതരിപ്പിക്കാറുണ്ട്. പാട്ടുപാടുന്നതും മേളം മുഴക്കുന്നതും പുരുഷന്മാരാണ്.
വാദ്യങ്ങൾ
[തിരുത്തുക]മദ്ദളം, പറ, മരം, കരു, കൊക്കേരോ എന്നിവയാണ് പിന്നണി വാദ്യങ്ങൾ. ചിലയിടങ്ങളിൽ ഓട്ടുകിണ്ണമോ കൈമണിയോ മാത്രമേ ഉപയോഗിക്കാറുള്ളൂ. പാട്ടുകൾ ദേവതാസ്തുതിപരമായവയാണ്.
അവതരണം
[തിരുത്തുക]ഉത്സവസന്ദർഭങ്ങളിലും തിരണ്ടുകല്യാണത്തിനുമാണ് ഇതവതരിപ്പിക്കുന്നത്. ഋതുമതിയായ പെൺകുട്ടി തലയാട്ടം നടത്തിയാലേ ശുദ്ധയാവുകയുള്ളൂ എന്ന വിശ്വാസമാണ് തിരണ്ടുകല്യാണത്തിന്റെ ഭാഗമായി ഈ നൃത്തമവതരിപ്പിക്കുന്നതിനുള്ള കാരണം. തണ്ടപ്പുലയ സമുദായത്തിലെ പെൺകുട്ടികൾ ഋതുമതികളായിക്കഴിഞ്ഞാൽ പതിനഞ്ചാം ദിവസമാണ് തിരണ്ടുകുളി നടത്തുക. കുളി കഴിഞ്ഞെത്തുന്ന കന്യക മുറ്റത്ത് കിഴക്കോട്ടു തിരിഞ്ഞിരിക്കണം. അപ്പോൾ മന്ത്രവാദികളും പാട്ടുകാരും ഇരുവശങ്ങളിലുമായി നിരന്ന് പാട്ടുതുടങ്ങും. അതോടെ കന്യക തലയാട്ടം തുടങ്ങുന്നു. ബോധമറ്റ് വീഴുംവരെ തലയാട്ടം നടത്തണമെന്നതാണ് ആചാരം.
മലബാറിൽ ചില പ്രദേശങ്ങളിൽ മുടിയാട്ടം എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. കളം പാട്ടിനെത്തുടർന്നു കളമഴിക്കൽ ചടങ്ങിൽ 'മുടിയഴിച്ചാട്ടം' നടത്താറുണ്ടെങ്കിലും അതിന് തലയാട്ടവുമായി ബന്ധമില്ല.