പൂതനും തിറയും
വള്ളുവനാട്ടിലേയും അതിന്റെ സമീപപ്രദേശങ്ങളായ തലപ്പിള്ളി, വന്നേരി, പാലക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെയും ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാൻ/മണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന ഒരു പ്രാചീന നാടൻ കലാരൂപമാണ് പൂതനും തിറയും [1]. ദേവീക്ഷേത്രങ്ങളിലെ വേലപൂരങ്ങളോടനുബന്ധിച്ച് പൂരത്തിന്ന് എട്ടോ പത്തോ ദിവസം മുമ്പു മുതൽ ഇവർ വേഷമണിഞ്ഞു അതതു ദേശങ്ങളിലെ എല്ലാ വീടുകളിലും എത്തി കളിക്കുന്നു. കൂട്ടിന്ന് തുടിമേളവും ഉണ്ടായിരിക്കും. പൂതത്തിന്ന് വർണാഭമായ വസ്ത്രങ്ങളും തലയിൽ കുട്ടികൾക്ക് ഭയം ജനിപ്പിക്കുന്ന മട്ടിൽ ഉന്തിനിൽക്കുന്ന നാക്കും ഉണ്ടക്കണ്ണുകളുമുള്ള മുഖം മൂടിയോടുകൂടിയ കിരീടവുമുണ്ടാകും. തിറക്ക് തലയിൽ കയറ്റി വച്ച് വഹിക്കുന്ന വളരെ വലിപ്പമുള്ള കിരീടം (മുടി) മാത്രമാണുണ്ടാകുക. വലിപ്പം കൂടിയതായതിനാൽ മുടിയുടെ രണ്ടറ്റങ്ങളിലും ഓരോ മുണ്ടിന്റെ ഓരോ അറ്റം ബന്ധിച്ച് മറ്റെ അറ്റങ്ങൾ കൈകളിൽ പിടിച്ച് തുലനം ചെയ്തുകൊണ്ടേ അവർക്കു നൃത്തം ചെയ്യാനാകൂ. തിറയുടെ മുഖത്ത് അരിമാവുകൊണ്ടും മറ്റും ചായം തേച്ചിരിക്കും. അരളിപ്പൂക്കൾ കൊണ്ടുള്ള അമ്പിളിപ്പൂമാലയും തിറ ധരിച്ചിരിക്കും.
പൂതത്തിനും തിറക്കും കാലിൽ ചിലമ്പുകളും അരയിൽ മണികളുമുണ്ടാകും. ഇവർ നടക്കുമ്പോളുണ്ടാകുന്ന ശ്രുതിമധുരമായ മണികിലുക്കവും ചിലമ്പൊലിയും കുംഭം മീനം മാസങ്ങളിലെ വള്ളുവനാടൻ ഗ്രാമങ്ങളെ സംഗീതസാന്ദ്രമാക്കുന്നു. ഓരോ സംഘത്തിലും ഒന്നിൽ കൂടുതൽ പൂതങ്ങളും തിറകളുമുണ്ടാകാം. വീട്ടുമുറ്റങ്ങളിൽ ഇവരുടെ നൃത്തം വളരെ രസകരമാണ്. വീടുകളിൽ നിന്ന് ഈ നൃത്തസംഘത്തിന്ന് അരിയും നെല്ലും പണവും വസ്ത്രങ്ങളും സമ്മാനമായി കിട്ടും. ഒടുവിൽ പൂരദിവസം അതത് ക്ഷേത്രങ്ങളിൽ എത്തി അവിടെയും കളിച്ച് ദേവീദർശനവും നടത്തി അവർ പിരിയുന്നു.
പണ്ട് ചെറിയ കുട്ടികൾ കുസൃതി കാണിക്കുമ്പോൾ നാട്ടിൻപുറങ്ങളിൽ അമ്മമാർ " നിന്നെ ഞാൻ പൂതത്തിന്നു പിടിച്ചു കൊടുക്കും" എന്നു പറഞ്ഞ് അവരെ ശാസിക്കാറുണ്ടായിരുന്നു. അതിന്നു തെളിവെന്നോണം പൂതങ്ങൾ വീടുകളിൽ ചെന്നാൽ ചെറിയ കുട്ടികളെ പ്രത്യേകം അന്വേഷിച്ചു കണ്ട് കളിയാക്കി വിടുകയും ചെയ്യും.
ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന മനോഹരവും പ്രസിദ്ധവുമായ കവിത ഇതിനെ ഉപജീവിച്ചുള്ളതാണ്.
പാണപ്പൂതം
[തിരുത്തുക]പാണൻ സമുദായക്കാർ പൂതൻ വേഷം മാത്രം കെട്ടി (പാണപ്പൂതം) ഇതുപോലെ വീടുകളിൽ പോയി കളിക്കാറുണ്ട്. പക്ഷെ അവരുടെ വേഷഭൂഷാദികൾക്ക് കെട്ടും മട്ടും വളരെ കുറവായാണ് കണ്ടിട്ടുള്ളത്.
അവലംബം
[തിരുത്തുക]- ↑ "Poothan & Thira". Kerala Festivals.com. Retrieved ഒക്ടോബർ 13, 2008.