Jump to content

ശിങ്കാരിമേളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒമ്പതോ പതിനഞ്ചോ ഇരുപത്തിയൊന്നോ പേരടങ്ങുന്ന സംഘങ്ങളായാണ് ശിങ്കാരിമേളം അവതരിപ്പിക്കപ്പെടുന്നത്. ഇടന്തലക്കാർ മുൻപിലും, തൊട്ടുപിന്നിൽ ഇലത്താളക്കാരും ഏറ്റവും പിന്നിലായി വലന്തലക്കാരും അണിനിരക്കുന്നു.

കേരളത്തിൽ പ്രചാരമുള്ള ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം. മറ്റു മേളങ്ങളെപ്പോലെ ശാസ്ത്രീയപരിവേഷമില്ലെങ്കിലും ഉൽസവങ്ങൾ, സ്വീകരണങ്ങൾ, ഘോഷയാത്രകൾ, പരസ്യം എന്നിവയിൽ വ്യാപകമായി കണ്ടുവരുന്നു. ചെണ്ടയുടെ ഇടന്തലക്കും വലന്തലക്കും പുറമേ, ഇലത്താളവുമാണ് ഈ മേളത്തിലുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ദ്രുതതാളത്തിൽ വാദ്യോപകരണങ്ങൾ വായിക്കുന്നതിനോടൊപ്പം, മേളക്കാർ പല രീതികളിൽ അണിനിരന്നും, ചെറിയ ചുവടുകൾ വച്ചും, കാണികളെ രസിപ്പിക്കുന്നു.

ഒരു ശിങ്കാരിമേളസംഘം

മേളം അവതരിപ്പിക്കുന്നതിന് കുറഞ്ഞത്, മൂന്നുപേരെങ്കിലും ആവശ്യമാണ്. ഒമ്പതോ പതിനഞ്ചോ ഇരുപത്തിയൊന്നോ പേരടങ്ങുന്ന[൨] സംഘങ്ങളായാണ് ശിങ്കാരിമേളം അവതരിപ്പിക്കപ്പെടുന്നത്. ഇടന്തലക്കാർ മുൻപിലും, തൊട്ടുപിന്നിൽ ഇലത്താളക്കാരും ഏറ്റവും പിന്നിലായി വലന്തലക്കാരും അണിനിരക്കുന്നു.

വടക്കൻ കേരളത്തിൽ പ്രചാരമുള്ള ചെട്ടിക്കൊട്ട് എന്ന വാദ്യകലയിൽ നിന്നാണ് ശിങ്കാരിമേളം ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു.

മറ്റു ചെണ്ടമേളങ്ങളിലാവശ്യമായതും ദീർഘമായ സാധനകൊണ്ട് സ്വായത്തമാക്കുന്നതുമായ ഉരുട്ടൽ പോലെയുള്ള വാദനരീതികൾ ആവശ്യമില്ലാത്തതിനാൽ വളരെപ്പെട്ടെന്ന് അഭ്യസിക്കാവുന്ന ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം.

മേളങ്ങൾ

[തിരുത്തുക]

ഓരോ സംഘങ്ങളും മനോധർമ്മപരമായി ആവിഷ്കരിച്ചെടുക്കുന്ന പല മേളങ്ങൾ ശിങ്കാരിമേളത്തിലുണ്ട്. പൊതുവേ പഞ്ചാരി താളത്തിലാണ് ഈ മേളങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ടാകുക. ചെമ്പട താളത്തിലുള്ള മേളങ്ങളും അപൂർവ്വമായി കണ്ടു വരുന്നു. എന്നാൽ ചമ്പ, അടന്ത എന്നീ താളങ്ങൾ ഇതിൽ ഉപയോഗിക്കാറീല്ല. ഒരേ പരിപാടിയിൽത്തന്നെ ഇത്തരം ഒന്നിലധികം മേളങ്ങൾ അവതരിപ്പിക്കപ്പെടാറുണ്ട്.

ഘട്ടങ്ങൾ

[തിരുത്തുക]
ശിങ്കാരിമേളത്തിൽ വ്യാപകമായി കേട്ടുവരുന്ന ഒരു മേളത്തിന്റെ ആദ്യഘട്ടം കേൾക്കുക. മിക്കവാറും മേളസംഘങ്ങളും ആദ്യമായി പഠിപ്പിക്കുന്ന മേളമാണിത്. പഞ്ചാരി താളത്തിലുള്ള ഈ മേളത്തിന്റെ ഒരു താളവട്ടം ആറു മാത്രകൾ അടങ്ങിയതാണ്.
മുകളിൽ നൽകിയിരിക്കുന്ന മേളത്തിന്റെ വായ്ത്താരി
വാദ്യം താളവട്ടം - ആറു മാത്രകൾ
ചെണ്ട - ഇടന്തല തക തക തക തക തക തം-
ചെണ്ട - വലന്തല -- -- -- -തി ത്തി- ത്തെയ്-
ഇലത്താളം തിത്തെയ് -തി ത്തെയ്- തിത്തെയ് -തി ത്തെയ്-

മറ്റു ചെണ്ടമേളങ്ങളിലെപ്പോലെ താളത്തിന് കൃത്യമായ കാലനിയമങ്ങൾ ശിങ്കാരിമേളത്തിലില്ല. ഒറ്റയടിക്ക് മറ്റൊരു കാലത്തിലേക്ക് പ്രവേശിക്കുന്ന സ്വഭാവവുമില്ല. മറിച്ച് ഒരു പ്രത്യേക കാലത്തിൽ ആരംഭിച്ച്, പ്രമാണക്കാരന്റെ നിർദ്ദേശമനുസരിച്ച് ക്രമേണ താളം മുറൂകുകയാണ് ചെയ്യുക.

മിക്കവാറൂം മേളങ്ങളും ഒരേ താളത്തിലുള്ള രണ്ടു ഘട്ടങ്ങളാക്കിയായിരിക്കും ചിട്ടപ്പെടുത്തിയിരിക്കുന്നത് (മൂന്നു ഘട്ടങ്ങളുള്ള മേളങ്ങളുമുണ്ട്). ആദ്യഘട്ടത്തിൽ ഇടന്തലച്ചെണ്ടക്കായിരിക്കും പ്രാമുഖ്യം കൂടുതലുണ്ടാകു. ഈ ഘട്ടത്തിൽ വലന്തലയും, ഇലത്താളവും പശ്ചാത്തലമെന്ന പോലെ ഇടന്തലയെ പിന്തുണക്കുന്നു. രണ്ടാം ഘട്ടത്തിൽ വലന്തലയും ഇലത്താളവും ഇടന്തലയെ നിഷ്പ്രഭമാക്കുന്ന തരത്തിൽ വായിക്കുന്നു. ഒന്നാംഘട്ടത്തെ അപേക്ഷിച്ച് രണ്ടാംഘട്ടം ഹ്രസ്വമായിരിക്കും. പലവട്ടം ഇരു ഘട്ടങ്ങളിലേക്കും മാറിയതിനു ശേഷം താളം വളരെ ദ്രുതമാക്കി, രണ്ടാം ഘട്ടത്തിൽ കൊട്ടിയവസാനിപ്പിക്കുകയാണ് ചെയ്യുക.

ഒരേ താളത്തിലുള്ള മിക്ക മേളങ്ങൾക്കും ഇടന്തലയുടെയും ഇലത്താളത്തിന്റേയും വാദനശൈലി ഒരുപോലെയായിരിക്കും.[൧] വലന്തലയുടെ വാദനശൈലിയിലുള്ള മാറ്റമനുസരിച്ചാണ് മേളങ്ങൾ വ്യത്യാസപ്പെടുന്നത്. അതുകൊണ്ട് മേളമാരംഭിക്കുന്ന പ്രമാണക്കാരൻ വലന്തലയുടെ വായ്ത്താരി ഇടന്തലച്ചെണ്ടയിൽക്കൊട്ടിയായിരിക്കും ഏതുമേളമാണ് കൊട്ടേണ്ടതെന്ന് മറ്റുള്ളവർക്ക് നിർദ്ദേശം നൽകുന്നത്.

ഇടന്തലക്കാരുടെ നിരയിൽ (മുൻനിരയിൽ) മദ്ധ്യത്തിലായായിരിക്കും പ്രമാണക്കാരൻ നിലയുറപ്പിച്ചിരിക്കുക. പ്രമാണക്കാരൻ ചെണ്ടയിൽ പ്രത്യേകരീതിയിൽ കൊട്ടിയാണ് ഘട്ടം മാറുന്നതിന് സഹമേളക്കാർക്ക് നിർദ്ദേശം നൽകുന്നത്.

കുറിപ്പുകൾ

[തിരുത്തുക]
  • ^ ഉദാഹരണത്തിന് പഞ്ചാരിതാളത്തിലുള്ള മേളങ്ങളുടെ ആദ്യഘട്ടത്തിൽ ഒരു താളവട്ടം പൂർത്തിയാകുമ്പോൾ 11 കൊട്ടും ഒരു ഇടയുമാണ് ഉണ്ടാകുക. (ഇവിടെ ആദ്യഘട്ടം ശ്രവിക്കുക) രണ്ടാം ഘട്ടത്തിൽ ഒരേ ഇടവേളയിലുള്ള 12 കൊട്ടുകൾ കൊണ്ട് താളവട്ടം പൂർത്തിയാക്കുന്നു. ഏറെക്കുറേ പഞ്ചാരിയിലുള്ള മിക്കവാറും മേളങ്ങൾക്കും ഇതേ വാദനശൈലിതന്നെയാണ് ഇടന്തലക്കുള്ളത്. എന്നാൽ ഓരോ മേളങ്ങളിലും വലന്തല വിഭിന്നമായ രീതികളിലാണ് കൊട്ടുന്നത്
  • ^ സംഘാംഗങ്ങളുടെ എണ്ണം, 9, 15, 21, 27 എന്നിങ്ങനെ മൂന്നിന്റെ ഒറ്റസംഖ്യാഗുണിതങ്ങളാകുന്നതാണ് ഏറ്റവും അഭികാമ്യം. അങ്ങനെയാകുമ്പോൾ ഭംഗിയായി ചുവടുകൾ വെക്കുന്നതിന് സാധിക്കും.
"https://ml.wikipedia.org/w/index.php?title=ശിങ്കാരിമേളം&oldid=1809445" എന്ന താളിൽനിന്ന് ശേഖരിച്ചത്