Jump to content

ശാലിയ പൊറാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാറിലെ ശാലിയ സമുദായാക്കാർക്കിടയിൽ കാണുന്ന ഒരു അനുഷ്‌ഠാനകലയും രംഗകലയുമാണ് പൊറാട്ട് അഥവാ ശാലിയ പൊറാട്ട്. പൂരോത്സവവുമായി ബന്ധപ്പെട്ടാണ് പൊറാട്ട് അരങ്ങേറുന്നത്. ഭഗവതി ക്ഷേത്രങ്ങളിൽ മീനമാസത്തിലെ കാർത്തികയിലാണ് പൂരോത്സവത്തിന് തുടക്കം കുറിക്കുന്നത്. പൊറാട്ട് ആഘോഷം തുടങ്ങുന്നത് പിലിക്കോട് തെരുവിൽ വെച്ചാണ്. പൂരവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ് പൂരമാലയും പൂരംകുളിയും പൂരക്കളിയും പൂവിടലും. നീലേശ്വരത്തും കരിവെള്ളൂരും പൂരംകുളി നാളിനു തലേദിവസവും വെള്ളൂർ, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, ഉദുമ എന്നീ പ്രദേശങ്ങളിൽ പൂരംകുളി ദിവസവും പയ്യന്നൂരിൽ പൂരംകുളിക്കു ശേഷവുമാണ് ശാലിയ പൊറാട്ട് നടക്കുന്നത്.

ചരിത്രം[തിരുത്തുക]

മാണിക്യക്കല്ല് എന്ന സ്ഥലത്തിനുവേണ്ടി ഇളങ്കുറ്റി സ്വരൂപവും അള്ളടസ്വരൂപവും നടത്തിയ ഉഗ്രമായ പോരാട്ടങ്ങൾ പ്രസിദ്ധമാണ്. ചാമുണ്ഡി, ശ്രീപോർക്കലി തുടങ്ങിയ ചില തെയ്യങ്ങളുടെ തോറ്റമ്പാട്ടുകളിലും ഈ വസ്തുതയെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഈ ചരിത്രവസ്തുതയെ അനുസ്‌മരിച്ചുള്ള കലാരൂപമാണ് ശാലിയപൊറാട്ട്.

ഐതിഹ്യം[തിരുത്തുക]

മാണിക്യക്കല്ല് എന്ന സ്ഥലത്തിനു വേണ്ടി നടന്ന പോരാട്ടത്തെക്കുറിച്ച് ചാമുണ്ഡി ശ്രീപോർക്കലിയോട് പറയുന്നു. ഏറെനാൾ നീണ്ടുനിന്ന യുദ്ധം മനുഷ്യരാൽ തീർക്കാൻ പറ്റില്ലെന്നു മനസ്സിലാക്കിയ ചാമുണ്ഡി, പടവീരൻ, വേട്ടയ്‌ക്കൊരുമകൻ എന്നീ ദേവതകളേയും കൂട്ടി വേഷപ്രച്ഛന്നരായി യുദ്ധക്കളത്തിലെത്തുന്നു. അവരുടെ ലക്ഷ്യം ഭൂമിയുടെ യഥാർത്ഥ അവകാശികളായിരുന്ന ഇളംകുറ്റി സ്വരുപത്തെ സഹായിക്കുക എന്നതായിരുന്നു. എന്നാൽ യുദ്ധത്തിന്റെ നിർണായകമായ ഒരു ഘട്ടത്തിൽ ചില പ്രലോഭനങ്ങൾക്കു വശംവദനായി വേട്ടയ്‌ക്കൊരുമകൻ കൂറുമാറി അള്ളടസ്വരൂപത്തിനൊപ്പം ചേരുന്നു. ഈ നീക്കം കണ്ട ഒരു മുസ്ലീം യുവാവ് അക്കാര്യം വിളിച്ചു പറയുന്നു. ഇതുകേട്ട ചാമുണ്ഡി വേട്ടയ്‌ക്കൊരുമകനെ യുദ്ധക്കളത്തിൽ വെച്ച് പിടികൂടുകയും തന്റെ കണ്ണെത്താത്ത ദൂരത്തേക്ക് പ്രാണനും കൊണ്ട് രക്ഷപ്പെട്ടോളൂ എന്നും പറഞ്ഞ് വേട്ടയ്‌ക്കൊരുമകനെ തുരത്തി ഓടിക്കുന്നു. പിന്നീട് നടന്ന ഘോരയുദ്ധത്തിൽ ഇടങ്കുറ്റി സ്വരൂപം വിജയിക്കുന്നു. ഈ ഒരു ഐതിഹ്യത്തിന്റെ വീരസ്‌മരണയാണ് ശാലിയ പൊറാട്ടിലൂടെ രംഗത്ത് എത്തുന്നത്.

വേഷങ്ങളുടെ പ്രസക്തി[തിരുത്തുക]

വിവിധയിനം സമുദായക്കാർ വേഷങ്ങളായി എവിടെ എത്തുന്നു. ചുവപ്പു മുണ്ടിൻമേൽ നെയ്ച്ചിങ്ങയുടെ ഓട് അരമണിയായി കെട്ടിയ ആട്ടക്കണം പോതികൾ എന്നറിയപ്പെടുന്ന പ്രധാന വേഷക്കാരാണ് ആദ്യം പ്രവേശിക്കുന്നത്. ഇവർ കൂട്ടയിൽ നിന്നും ഭസ്‌മം വാരി കൂടി നിൽക്കുന്ന ജനങ്ങൾക്കുമേൽ വിതറി വരുന്നതു പോലെ അനുഭവിച്ചോ എന്ന ഉരിയാട്ടം നടത്തുന്നു. ഇങ്ങനെ അനുഗ്രഹങ്ങളോ വരങ്ങളോ ശാപങ്ങളോ നൽക്കാത്ത ദൈവരൂപങ്ങളെ മറ്റൊരു അനുഷ്‌ഠാനകലയിലും കണ്ടെത്താനാവില്ല. ദൈവസങ്കല്പത്തെ തന്നെ കീഴ്‌മേൽ മറിക്കുന്ന ഒട്ടനവധി സന്ദർഭങ്ങൾ പിന്നീടും ഈ കലാരൂപത്തിൽ കാണാനാവും. മഡിയൻ കൂലോത്ത് നടന്നു വരുന്ന ശാലിയപൊറാട്ടിൽ പുറം തിരിഞ്ഞു പിൻതൊഴുന്ന രീതിയും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ദൈവരൂപികളായ ഈ ആട്ടക്കണം പോതികൾ തന്നെയാണ് ശാലിയപൊറാട്ടിന്റെ വളണ്ടിർമാരായി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും.

ചേകോൻമാർ, പാങ്ങോൻമാർ, വാഴപ്പോതി നരിക്കളി തുടങ്ങിയ ആചാരവേഷങ്ങളും പൊറാട്ട് വേഷങ്ങളിൽ പെടുന്നു. ആചാരവേഷം കെട്ടി അച്ഛൻമാരായി യുദ്ധം കാണാനെന്ന ഭാവേന വന്നിരിക്കുന്ന സമൂഹത്തിലെ ഉന്നതരായി പ്രത്യേക സ്ഥാനത്ത് ചില വേഷക്കാർ ഇരിപ്പുറപ്പിച്ചിരിക്കും ഇവർക്കുനേരെ കേട്ടാൽ അറയ്‌ക്കുന്ന നിന്ദാസ്തുതിയും അവർചെയ്ത കടുംകൈകൾ മറിച്ചുപാടി വെളിച്ചത്തു കൊണ്ടുവരികയും ചെയ്യുന്ന പടയാളികളും ശാലിയ പൊറാട്ടിനെ മികച്ചതാക്കുന്നു. മരപ്പലകകളും കണ്ണാം ചിരട്ടയും ഉച്ചൂളിപോലുള്ള പാഴ്വസ്തുക്കളും ഈ സ്ഥാനീയർക്കുനേരെ യോദ്ധാക്കളായി വേഷം കെട്ടിയവർ വലിച്ചെറിയുന്നു. സവർണമേധാവിത്വത്തിന്റെ ചൂഷണത്താൽ തകർക്കപ്പെട്ട അവർണ്ണന്റെ കടുത്ത പ്രതിക്ഷേധപ്രകടനമായി ശാലിയപ്പൊറാട്ടിനെ വായിച്ചെടുക്കാൻ ഇതു പ്രേരിപ്പിക്കുന്നു. സവർണ്ണദേവനെ പുറം തിരിഞ്ഞു തൊഴുത് കുലസ്ഥാനീയരെ കണക്കറ്റ് അവഹേളിച്ച് അധഃസ്ഥിതന്റെ ദൈവമായി ചാമുണ്ഡിയും പടവീരനും മറ്റും അവനോടൊപ്പം നിന്നു പൊരുതി അന്നത്തെ മതസൗഹാർദത്തിന്റെ മകുടോദാഹരണമായി ശാലിയപൊറാട്ട് ഇന്നും നടന്നു വരുന്നു. ആചാര രൂപങ്ങളെ മാറ്റി നിർത്തിയാൽ മണിയാണി, തീയർ, വാണിയൻ, മാപ്പിള(മുസ്ലീം) മുകയൻ, കൊങ്ങിണി, ചക്ലിയൻ, ആശാരി, കണിയാൻ, ചോയിച്ചി, കുശവത്തി തുടങ്ങിയവയാണ് പ്രധാന വേഷങ്ങൾ. പരിഹസിച്ചും ചിരിപ്പിച്ചും ജനങ്ങളെ പവിത്രീകരിക്കുക എന്നതാണ് ശാലിയപ്പൊറാട്ടിലൂടെ ലക്ഷ്യമിടുന്നത്. സ്വസമുദായത്തിലേയും മറ്റുസമുദായങ്ങളിലേയും ജീവിക്കുന്നവരോ മരിച്ചുപോയവരോ ആയ വ്യക്തികളെയും ഇവർ രൂക്ഷമായ ആക്ഷേപഹാസ്യത്തിനു കഥാപാത്രങ്ങളാക്കുന്നു. സാമൂഹ്യപ്രസക്തി ഉള്ള ഒട്ടനവധി വിഷയങ്ങൾ ഇന്നീകളിക്കിടയിൽ പരാമർശവിദേയമാകുന്നുണ്ട്. ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ കടുത്ത വിമർശനങ്ങൾ അധികാരസ്ഥാനീയർ ഏൽക്കേണ്ടിവരുന്നു.

അട്ടക്കണം പോതി പറയാറുള്ളതു്[തിരുത്തുക]

പൂരം കുളിച്ചു മാടം കയറും മുമ്പേ എന്റെ അകമ്പടികളെ കണ്ട്‌ ബോധിപ്പിക്കാം വലിയ അകമ്പടീ... കാരണവൻമാരേ.... ചാലിയച്ചെട്ട്യാൻമാരേ.... വന്നാൽവന്നപോലെ കണ്ടോളണേ ചക്കയെന്ന വണ്ണത്തിലും പോണ്ടി എന്ന പ്രകാരത്തിലും എന്റെ കോലസ്വരൂപത്തെ ഞാൻ കാണിച്ചുതന്നിട്ടുണ്ട്‌. എടുക്കെന്റെ പഞ്ചവാദ്യം നൂറ്റെടുത്തോളം നൂലും ബാക്കി പരുത്തിയും കൊണ്ട്‌ കഷ്‌ടപ്പെടുന്ന പൈതങ്ങളെ.. എന്റെ കുഞ്ഞികുട്ട്യോളേ.....പത്‌മശാലിയൻമാരേ.......പത്‌മച്ചെട്ട്യാൻമാരേ.............. ഒരു ചാല്യയച്ചെക്കൻ നാലു കൈ മുണ്ടിന്‌ നാലെട്ട്‌ മുപ്പത്തിരണ്ട്‌ കൈയും വെച്ചുകൊണ്ട്‌ പോകുമ്പോൾ ഇടവഴിക്ക്‌ന്ന്‌ പിടിച്ചുപറ്റി കീറിക്കളഞ്ഞു ആയതും ചങ്ങാതിയല്ലോ.... ഒരു കുശവൻ വാലിയക്കാരൻ നാലു പച്ചക്കലവും കൊണ്ടു പോകുമ്പോൾ ഇടവഴിക്ക്‌ന്ന്‌ പിടിച്ചുപറ്റിച്ചവിട്ടിപ്പൊളിച്ച്‌ വളയം കഴുത്തിൽ കോർത്തുകെട്ടി പറഞ്ഞയച്ചു. ആയതും ചങ്ങാതിയല്ലോ.... ഒരു വാണിയച്ചെക്കൻ നാനാഴി എണ്ണയും പച്ചപ്പുല്ലിൽ കെട്ടിക്കൊണ്ടു പോകുമ്പോൾ ഇടവഴിക്ക്‌ന്ന്‌ പിടിച്ചുകെട്ടി ചേതം വരുത്തിക്കളഞ്ഞു ആയതും ചങ്ങാതിയല്ലോ.... ഒരു മൊയോ ചെറുക്കൻ നാലുപച്ചപ്പലരു കൊണ്ടുപോകുമ്പോൾ ഇടവഴിക്ക്‌ന്ന്‌ തട്ടിപ്പറിച്ച്‌ ചവച്ചുതുപ്പി തൂറിക്കളഞ്ഞു... ആയതും ചങ്ങാതിയല്ലോ.

അവലംബം[തിരുത്തുക]

ബുക്ക്: കാസർഗോഡ് ചരിത്രം സമൂഹവും

"https://ml.wikipedia.org/w/index.php?title=ശാലിയ_പൊറാട്ട്&oldid=3501396" എന്ന താളിൽനിന്ന് ശേഖരിച്ചത്