Jump to content

തോറ്റം പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോറ്റം പാട്ടു അവതരിപ്പിക്കുന്നു

വടക്കൻ കേരളത്തിൽ തെയ്യങ്ങൾക്കും അവയോടനുബന്ധിച്ച് തലേന്നാൾ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളെയാണ്‌ തോറ്റം പാട്ടുകൾ അഥവാ സ്തോത്രം പാട്ടുകൾ എന്ന് പറയുന്നത്. പൊതുവേ ദേവി പരാശക്തിയുടെ സ്തുതികൾ ആണിവ. അതിനാൽ ഭഗവതി പാട്ട് എന്നും എന്നറിയപ്പെടുന്നു. തോറ്റം പാട്ട് എന്ന്‌ വാമൊഴിയായി പറയുന്നുണ്ടെങ്കിലും സ്തോത്രം പാട്ടുകൾ എന്നതാണ് ശരിയായ വാക്ക്. തെയ്യത്തിനു പുറമേ തെക്കൻ കേരളത്തിലെ ഭദ്രകാളി അഥവാ ഭഗവതി ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാനം കൂടിയാണ് തോറ്റം പാട്ട്. രണ്ടാം വിളവെടുപ്പിനു ശേഷം വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭദ്രകാളിയെ ശ്രീകോവിലിൽ നിന്നും എഴുന്നള്ളിച്ച് പട്ടാമ്പലത്തിലെ പച്ച പന്തലിൽ കുടിയിരുത്തി ഭഗവതിയുടെ അവതാര കഥ ആദ്യവസാനം പാടുന്ന ഒരു അനുഷ്ടാനമാണ് ഇത്. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കും ഇത് നടത്താറുണ്ട്. വടക്കൻ കേരളത്തിൽ വണ്ണാൻ, മലയൻ, (പുലയൻ) അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ തുടങ്ങി തെയ്യം കെട്ടിയാടുന്ന സമുദായങ്ങളുടെ വംശീയമായ അനുഷ്ഠാനപ്പാട്ടുകളാണ്‌ തോറ്റം പാട്ടുകൾ[1]. തെയ്യാട്ടത്തിന്റെ ആദിഘട്ടമാണ്‌ തോറ്റം. ദൈവത്തെ വിളിച്ചു വരുത്താൻ ഉപയോഗിക്കുന്നതും, ദൈവചരിത്രം വർണ്ണിക്കുന്നതുമായ പാട്ടാണിത്[2]

പേരിനു പിന്നിൽ

[തിരുത്തുക]

തോറ്റം എന്ന പദത്തിന്‌ സ്തോത്രം(സ്തുതി) എന്ന് അർത്ഥം പറയാറുണ്ട്. സൃഷ്ടിക്കുക,പുനരുജ്ജീവിപ്പിക്കുക എന്നീ അർത്ഥമുള്ള തോറ്റുക എന്ന ക്രിയാരൂപത്തിന്റെ, ക്രിയാനാമരൂപമാണ്‌ തോറ്റം എന്നാണ്‌ ഗുണ്ടർട്ട് നിഘണ്ടു പറയുന്നത്[3]. തമിഴിൽ തോറ്റം എന്ന പദത്തിന്റെ അർത്ഥം കാഴ്ച, ഉല്പത്തി, പുകഴ്(കീർത്തി), സൃഷ്ടി, രൂപം, ഉദയം തുടങ്ങി പല അർത്ഥങ്ങളും ഉണ്ട്. തോറ്റത്തിനു തോന്നൽ, വിചാരം എന്നും തോറ്റം പാട്ടിന്‌ സ്തോത്രമെന്നും ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അർത്ഥം നൽകുന്നു.[4]. തോന്നുക എന്ന പദത്തിന്റെ നാമമാണ്‌ തോറ്റം. അത് അമ്മയുടെ ജനനം പരാക്രമം തുടങ്ങിയവ വിവരിക്കുന്ന പാട്ടാണെന്നു ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തോറ്റി എന്നതിൻ സൃഷ്ടിച്ച എന്നാണർത്ഥമെന്നും ചേലനാട്ട് പറയുന്നു. [5]. പൂരക്കളിപ്പാട്ടിന്റെ വ്യാഖ്യാനത്തിൽ പാഞ്ചാലിഗുരുക്കൾ തോറ്റുക-ഉണ്ടാക്കുക എന്ന അർത്ഥം നൽകിയതിനെ ഉദ്ധരിച്ച് സി.എം.എസ്. ചന്തേര,തോറ്റുക എന്നതിനു ഉണ്ടാക്കുക എന്നും അർത്ഥം കൊടുത്ത് സങ്കല്പ്പിച്ചുണ്ടാക്കുന്നതാണ്‌ തോറ്റം എന്നു പറയുന്നു[6]. ഉണ്ടാക്കൽ,പ്രത്യക്ഷപ്പെടുത്തൽ എന്നീ അർത്ഥങ്ങളാണ്‌ തോറ്റത്തിനെന്ന് ഡോ.രാഘവൻ പയ്യനാട് അഭിപ്രായപ്പെടുന്നു[7].

ഘടകങ്ങൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പൊട്ടൻ തെയ്യം (തോറ്റം‌പാട്ട്) എന്ന താളിലുണ്ട്.

എല്ലാ സമുദായക്കാരുടെയും തോറ്റം പാട്ടുകൾ ഒരേ സ്വഭാവമുള്ളവയല്ല. അവതരണസ്വഭാവവും,സന്ദർഭവുമനുസരിച്ച് മിക്ക തെയ്യത്തോറ്റങ്ങൾക്കും വിവിധ അംഗങ്ങളുണ്ട്. വരവിളിത്തോറ്റം,സ്തുതികൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റങ്ങൾ, പൊലിച്ചുപാട്ട്, ഉറച്ചിൽ തോറ്റം, മുമ്പുസ്ഥാനം, കുലസ്ഥാനം, കീഴാചാരം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഘടകങ്ങൾ തെയ്യത്തോറ്റങ്ങളിൽ കാണാം[1]

വരവിളി

[തിരുത്തുക]

കോലക്കാരൻ(തെയ്യം കെട്ടുന്ന ആൾ) ധരിക്കുന്ന വേഷത്തിൽ ദൈവത്തെ എഴുന്നള്ളിക്കാൻ വേണ്ടി ചൊല്ലുന്ന പാട്ടിനെയാണ് തെയ്യത്തോറ്റം എന്ന് പറയുന്നത്. വരവിളി തോറ്റത്തിലെ ഒരു പ്രധാന ഭാഗമാണ്‌. കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർ‌വ്വമായ വിളിയാണ്‌ വരവിളി.

പൊലിച്ചു പാട്ട്

[തിരുത്തുക]

നാട്,നഗരം,പീഠം,ആയുധം,തറ,കാവ്, മറ്റു സ്ഥാനങ്ങൾ എന്നിവയ്ക്ക് പൊലിക,പൊലിക(ഐശ്വര്യം വർദ്ധിപ്പിക്കൽ)പാടുന്നതാണ്‌ പൊലിച്ചു പാട്ട്. ഇതിൽ തെയ്യങ്ങളുടെ സഞ്ചാരപഥം(നടവഴി),കുടി കൊണ്ടസ്ഥാനം,തെയ്യത്തിന്റെ കഥ എന്നിവ ഉൾകൊള്ളുന്നു. പോരാതെ വാഴ്ക,വാഴ്ക എന്ന വാഴ്ത്തു പാട്ടും ഇതിൽ ഉണ്ടാകും.തായ്പരദേവത, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ ഭഗവതിമാരുടെ പൊലിച്ചുപാട്ടിന്‌ കൈലാസം പാടൽ എന്ന വിശേഷ പേരും ഉണ്ട്.

ഉറച്ചിൽ തോറ്റം

[തിരുത്തുക]

പൊലിച്ചുപാട്ട് കഴിഞ്ഞാലുള്ള ഭാഗമാണ്‌ ഉറച്ചിൽ തോറ്റം.

വരവിളി,പൊലിച്ചു പാട്ട്, ഉറച്ചിൽ തോറ്റം എന്നീ മൂന്നു ഭാഗങ്ങൾ എല്ലാ തോറ്റങ്ങളിലുമുണ്ട്.

പുരാവൃത്തം

[തിരുത്തുക]

തോറ്റം പാട്ടുകൾ തെയ്യത്തിന്റെ കഥയാണ്‌. ദേവനായി അവതരിച്ച് മനുഷ്യഭാവത്തിൽ ജീവിച്ചവർ,മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ,ദേവതകളായി പരിണമിച്ച ചരിത്രപുരുഷന്മാർ, മേൽ‌ലോകത്തു നിന്ന് കീഴ്‌ലോകത്തേക്കിറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്തു കുടികൊള്ളുന്നവർ, ഭൂമിയിൽ ജനിച്ച് ആത്മാഹുതി ചെയ്തശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, മൃഗരൂപികളായ ദൈവങ്ങൾ, ദേവതാരൂപം ധരിച്ച തിര്യക്കുകൾ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്കു തന്നെ ദേവതകളായി വന്നു ചേർന്ന പുരാതന കഥാപാത്രങ്ങൾ, അഗ്നിയിൽ നിന്നും,പാൽക്കടലിൽ നിന്നും, വെള്ളത്തിൽ നിന്നും വിയർപ്പിൽ നിന്നും പൊട്ടി മുളച്ചവർ, യോനീബന്ധമില്ലാത്ത ദിവ്യപ്പിറവികൾ, ഭദ്രകാളീ-ദാരിക യുദ്ധം, കന്യാവിന്റെയും പാലകന്റെയും കഥ എന്നിങ്ങനെ വൈവിധ്യമായ അനേകം ദേവതകളുടെ പുരാവൃത്തങ്ങൾ തെയ്യത്തോറ്റങ്ങൾ പറയുന്നു[8]

അനുഷ്ഠാനം

[തിരുത്തുക]
തോറ്റം പാട്ട്-കോലക്കാരനും, ഗായകരും.തോറ്റത്തിന്റെ വേഷവിധാനവും കാണാം

തെയ്യങ്ങൾക്കും,തിറകൾക്കും തലേന്നാൾ തോറ്റമോ,വെള്ളാട്ടമോ കെട്ടിപ്പുറപ്പെടും. കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ, സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ച് തോറ്റം പാട്ടുകൾ പാടുകയും,ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിക്കുകയും,പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞു തുള്ളി നർ‍ത്തനം ചെയ്യുകയും ചെയ്യും. അതാണ്‌ തോറ്റം.[1] തോറ്റത്തിന്റെ വേഷവിധാനം വളരെ ലളിതമാണ്‌.കാണിമുണ്ടെന്ന വസ്ത്രമുടുക്കുകയും,പട്ടും തലപ്പാളിയും തലക്കു കെട്ടുകയും ചെയ്യും.അരയിൽ ചുവപ്പ് പട്ട് ചുറ്റും.കോലക്കാരൻ പട്ടുടുത്ത് തലയിൽ പട്ടു തുണികെട്ടി കാവിന്‌ മുമ്പിൽ വന്ന് കൈ ഉയർത്തി കൈകൂപ്പി താഴ്ന്ന് വണങ്ങുന്നു.പറിച്ച് കൂട്ടി തൊഴുക എന്നണ്‌ ഇതിന്‌ പറയുക. തോറ്റത്തിന്‌ മുഖത്തുതേപ്പ് പതിവില്ല. ദേവതാസ്ഥാനത്തു നിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്‌വന്ദനം നടത്തി കൊടിയില വാങ്ങുന്നു. കർ‍മ്മിയാണ്‌ കൊടിയില കൊടുക്കുന്നത്. പിന്നെ വീണ്ടും നാല്‌ ‌ദിക്‌വന്ദനം നടത്തി കാവിനെ വലം വെച്ചു തോറ്റത്തിനു നിൽക്കും. തോറ്റത്തിൽ പ്രധാനമായി പിന്നണിയിൽ നിന്നു പാടുന്ന ആളിനെ പൊന്നാനി എന്നു പറയുന്നു. തോറ്റം പാട്ടിന്റെ അരങ്ങിന്‌ ഏതാണ്ട് കഥകളിയിലേതിനോടു സാമ്യമുണ്ടെങ്കിലും ഇവിടെ നടനും(തോറ്റവും) പാടുന്നു.[2]

തോറ്റം കെട്ടിയാടുന്ന കോലക്കാരനും, ഗായകസംഘവും കൂടി പാടുന്ന ഗാനമാണ്‌ തോറ്റം പാട്ട്. തോറ്റം പാട്ട് പാടുന്ന വേഷം തോറ്റവും,തോറ്റമെന്ന വേഷം(തോറ്റക്കാരൻ) പാടുന്ന പാട്ട് തോറ്റം പാട്ടുമാണ്‌.[1]

സാമൂഹിക പരാമർശങ്ങൾ

[തിരുത്തുക]

ഉത്തരകേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീനകാലത്തെ ജനജീവിതത്തിന്റെ നാനാവശങ്ങൾ അറിയാൻ തെയ്യത്തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ,ആരാധാനാക്രമം, ജനനമരണപര്യന്തമുള്ള സംസ്കാരചടങ്ങുകൾ,തൊഴിൽ, ഉല്പാദനപ്രക്രിയ, വിപണനസമ്പ്രദായം, ദായക്രമം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽ നിന്നു ലഭിക്കുന്നു. [1]

പഴയകാലത്ത് സമൂഹത്തിലുണ്ടായിരുന്ന അനാശാസ്യപ്രവണതകളും തെയ്യത്തോറ്റങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയും. ഭാര്യമാരുടെ ഏഷണി കേട്ട് സഹോദരിയെ കൊല ചെയ്യുന്ന സഹോദരൻന്മാരെ കടവാങ്കോട് മാക്കത്തിന്റെ തോറ്റത്തിൽ കാണുവാൻ കഴിയും. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ്‌ ചില തോറ്റങ്ങളിൽ ഉള്ളത്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്. ജാതിവൈകൃതത്തിന്റെയും, അയിത്താചാരങ്ങളുടെയും നിരർത്ഥകത വെളിപ്പെടുത്തുന്ന ഇതിവൃത്തങ്ങളാണ്‌ ചില തെയ്യത്തോറ്റങ്ങളിലുള്ളത്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം ഒരു ഉദാഹരണമാണ്‌. [1]

പഴയകാലത്തെ കടൽ‌വ്യാപാരം, വിപണനരീതികൾ തുടങ്ങിയവ തോറ്റം പാട്ടുകളിൽ കാണാം. മുൻപ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും ഈ പാട്ടുകളിൽ കാണാം. കുടക് തുടങ്ങിയ വനമേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർ വീരൻ തോറ്റം, പെരുമ്പഴയച്ചൻ തോറ്റം തുടങ്ങിയവയിലൂടെ വ്യക്തമാകുന്നുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന്‌ തെയ്യത്തോറ്റങ്ങൾ ഒരു മുതൽക്കൂട്ടാണ്‌. വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥലനാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെക്കുറിച്ചും കതിവന്നൂർവീരൻ തോറ്റത്തിൽ എടുത്തു പറയുന്നുണ്ട്. [1]

തോറ്റം പാട്ടുകളിലെ ഭാഷ

[തിരുത്തുക]

തോറ്റം പാട്ടുകൾ വിവിധ സമുദായക്കരുടെ പാരമ്പര്യധാരയാണെന്നതിനാൽ ഭാഷാഭേദങ്ങൾ അവയിൽ കാണാം. ഈ പാട്ടുകളെല്ലാം ഒരേ കാലഘട്ടത്തിലുള്ളവയല്ല. സംസ്കൃതത്തിന്റെ അതിപ്രസരം ചില തോറ്റങ്ങളിൽ കാണുമ്പോൾ മറ്റു ചിലവയിൽ തുളുവിന്റെയും, തമിഴിന്റെയും സ്വാധീനം കാണാം. അത്യുത്തരകേരളത്തിലെ വ്യവഹാരഭാഷയുടെ സ്വാധീനവും തോറ്റം പാട്ടുകളിലുണ്ട്. അതേ സമയം ശുദ്ധമലയാളശൈലിയിലുള്ളവയും കാണാൻ കഴിയും.

സാഹിത്യ മൂല്യം

[തിരുത്തുക]

തെയ്യത്തോറ്റങ്ങൾ ബോധപൂർ‍‌വ്വമായ സാഹിത്യരചനകളാണെന്ന് പറയാൻ കഴിയില്ലെങ്കിലും അവയിൽ സാഹിത്യമൂല്യം ഇല്ലെന്നു പറയാനാവില്ല. വർണനകളുടെ സർ‌വാം‌ഗണീയമായ സുഭഗത തോറ്റങ്ങളുടെ ഒരു സവിശേഷതയാണ്‌. ദേവതകളുടെ രൂപവർണന തോറ്റത്തിലെ മുഖ്യമായൊരു വിഷയമാണ്‌.

ഈ ഭാഗം മടയിൽ ചാമുണ്ഡിയുടെ രൂപവർണ്ണനയാണ്‌. അകൃത്രിമവും,ആശയസമ്പുഷ്ടവുമായ അലങ്കാരങ്ങൾ ചില തോറ്റങ്ങളിൽ കാണാം

സാമാന്യജനങ്ങൾക്ക് പോലും മനസ്സിലാകുന്ന ഉപമാലങ്കാരങ്ങളുള്ള ഈ ഭാഗം രക്തചാമുണ്ഡിത്തോറ്റത്തിലേതാണ്‌.

തെയ്യത്തോറ്റങ്ങളിൽ രസാവിഷ്കരണങ്ങളും കാണാം. വീരരൗദ്രഭാവങ്ങൾക്കാണ്‌ തോറ്റങ്ങളിൽ കൂടുതൽ പ്രാമുഖ്യമെങ്കിലും വികാരങ്ങളും തോറ്റം പാട്ടുകളിൽ കാണാം. മാക്കത്തോറ്റം, ബാലിത്തോറ്റം, കതുവന്നൂർ‌വീരൻ തോറ്റം, വിഷ്ണുമൂർ‍ത്തിത്തോറ്റം തുടങ്ങിയ തോറ്റങ്ങളിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. തെയ്യത്തോറ്റങ്ങളിൽ ജ്ഞാനവും,ഭക്തിയും, സാഹിത്യവും സമ്മേളിക്കുന്നു.

തെയ്യത്തോറ്റങ്ങളിൽ ചരിത്രവസ്തുതകൾ നേരിട്ടു പ്രതിപാദിക്കുന്നില്ലെങ്കിലും ,ചരിത്രപരവും, ഭൂമിശാസ്ത്രപരവുമായ വസ്തുതകൾ മനസ്സിലാക്കാൻ ഇവ ഉപയോഗിക്കാം. തോറ്റം പാട്ടുകളെ പ്രാദേശിക ചരിത്രരചനക്ക് നിദാനമായി സ്വീകരിക്കാവുന്നതാണ്‌.

വകഭേദങ്ങൾ

[തിരുത്തുക]

തോറ്റത്തിന്‌ ഉച്ചത്തോറ്റം,അന്തിത്തോറ്റം എന്നിങ്ങനെ വകഭേദമുണ്ട്. ആ പേരുകൾ തോറ്റം പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്നതാണ്‌. കോലക്കാരൻ പട്ട് ചുറ്റിക്കെട്ടി ദേവതാസ്ഥാനത്തിനു മുന്നിൽ ചെണ്ടയുമായി വന്നു നിന്ന് തോറ്റം പാടി അവസാനിപ്പിക്കുകയാണ്‌ ഉച്ചത്തോറ്റത്തിൽ ചെയ്യുന്നത്. കക്കര ഭഗവതി, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ചത്തോറ്റം ഉറഞ്ഞു തുള്ളുക കൂടി ചെയ്യും. എന്നാൽ അന്തിത്തോറ്റങ്ങൾ മിക്കതും ഉറഞ്ഞുതുള്ളാറുണ്ട്. വളരെ ചുരുക്കം ചില ദേവതകളുടെ അന്തിത്തോറ്റം മാത്രമേ ഉറഞ്ഞു തുള്ളാതിരിക്കുകയുള്ളൂ. തോറ്റങ്ങളുടെ ഉറഞ്ഞിളകിയാട്ടം ശരിയായ നർത്തനം തന്നെയാണ്‌[1].

തോറ്റം പുറപ്പെടാത്ത തെയ്യങ്ങൾക്കും തിറകൾക്കും തൽസ്ഥാനത്ത് വെള്ളാട്ടം എന്ന വേഷമാണ്‌ പുറപ്പെടുക.[1].

ഭദ്രകാളി പാട്ട്

[തിരുത്തുക]
കുണ്ടാമൂഴി മുടിപ്പുരയിലെ തിരുമുടി

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരത്തും കൊല്ലത്തും കന്യാകുമാരി പ്രദേശങ്ങളിലും കാണപ്പെടുന്ന, ഭദ്രകാളിയുടെ തിരുമുടി വച്ചാരാധിക്കുന്ന മുടിപ്പുരകളിലും ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവസമയത്തു പാടുന്ന പാട്ടാണ് ഭദ്രകാളിപാട്ട് അഥവാ തോറ്റംപാട്ട്. കൊല്ലം ജില്ലയിലെ ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രത്തിൽ വർഷത്തിൽ രണ്ടു കുരുതികൾ നടക്കുന്നുണ്ട്. ധനു കുരുതിയും ഇടവ കുരുതിയും. ഈ കുരുതികളോടനുബന്ധിച്ചു തോറ്റംപാട്ടു നടക്കാറുണ്ട്. വൃശ്ചികം ഒന്നിന് തുടങ്ങി തോറ്റംപാട്ടിന്റെ ഇരുപതാമത്തെ ദിവസം മാലപ്പുറം അഥവാ ദേവീ കല്യാണം നടക്കുന്നു. വൃശ്ചികം ഒന്നിന് തുടങ്ങുന്ന തോറ്റംപാട്ടിനോടനുബന്ധിച്ചുള്ള മാലപ്പുറം വളരെ ആർഭാടമായിട്ടാണ് ക്ഷേത്രത്തിൽ നടക്കുന്നത്. അന്നേദിവസം ക്ഷേത്രത്തിൽ ദേവീകല്യാണത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടാകും. തോറ്റംപാട്ട് തുടങ്ങി മുപ്പതാം ദിവസം തോറ്റം എന്ന തോറ്റംപാട്ടിലെ സവിശേഷമായ ഭാഗം പാടും . അന്നേ ദിവസവും ക്ഷേത്രത്തിൽ പ്രതെയ്ക പൂജകൾ ഉണ്ടാകും . തോറ്റം കഴിഞ്ഞു വരുന്ന ധനു മാസത്തിലെ ആദ്യ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ കുരുതി മഹോത്സാവം നടക്കും . ഇതുപോലെ തന്നെ മേടം ഒന്നിന്  തോറ്റം പാട്ട് ആരംഭിച്ചു ഇടവമാസം ആദ്യ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ഇടവ കുരുതി മഹോത്സാവവും നടക്കും . വർഷത്തിൽ തൊണ്ണൂറു ദിവസമെങ്കിലും തോറ്റംപാട്ട് ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രത്തിൽ നടന്നു വരുന്നു .

ഇങ്ങനുള്ള മുടിപ്പുരകളിലെ ഉത്സവത്തെ കാളിയൂട്ട്‌ ഉത്സവം എന്നാണ് പറയുന്നത്.ഭദ്രകാളിയെ ഊട്ടുക എന്നർത്ഥമാക്കിയാണ് എങ്ങനെ പറയുന്നത്. കാളിയൂട്ട് ഉത്സവത്തിന്റെ ആദ്യ ദിവസം രാത്രി പൂജ ബിംബമായ തിരുമുടി ശ്രീ കോവിലിനു പുറത്തെടുത്ത് അലങ്കരിച്ചൊരുക്കിയ പച്ചപ്പന്തലിൽ ഇരുത്തുന്നു. തുടർന്ന് പാട്ടുകാർ ഭദ്രകാളി ദേവിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂർ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പാടി ആവാഹിക്കുന്നു. ശേഷം തിരുമുടിയിൽ കാപ്പുകെട്ടി കുടിയിരുത്തുന്നു. ഇതിനെ പാടിക്കുടിയിരുത്ത് എന്നാണ് പറയുന്നത്.

ചിലപ്പതികാരം കഥയുമായി ബന്ധപ്പെട്ട ഒരു ചരിതമാണ് ഇത്. കന്യാവിന്റെ ഭർത്താവായ പാലകന്റെ ജനനം മുതലാണ് ഭദ്രകാളിപാട്ട് പാടിത്തുടങ്ങുക. തുടർന്ന് തെക്കും കൊല്ലത്തെ മാരായാർക്കു ദേവിയെ വളർത്താൻ കൊടുക്കുന്നതും പാടുന്നു. പാലകന്റെയും ദേവിയുടെയും തൃക്കല്യാണം ഭാഗമാണ് മാലപ്പുറം പാട്ട്. ശേഷം വാണിഭത്തിനായി പാണ്ഡ്യാനാട്ടിലെത്തിയ പാലകനെ തട്ടാൻ ചിലമ്പ് മോഷ്ടിച്ചു എന്ന പേരിൽ കള്ളനാക്കുന്നു. സത്യം അറിയാനുള്ള തെളിവില്ലാതെതന്നെ പാണ്ട്യരാജാവ് പാലകനെ കഴുവിലേറ്റി കൊല്ലാൻ ഉത്തരവിടുന്നു. വളരെ ദിവസമായിട്ടും തൻ്റെ ഭർത്താവിനെ കാണാത്ത ദേവി അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്നു. അങ്ങനെ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുന്നദേവി കൈലാസത്തിലെത്തി മഹാദേവനെ കണ്ടു അമൃത് കൊണ്ടുവന്ന് പാലകന് ജീവൻ കൊടുക്കുകയും, തുടർന്ന് ഉഗ്രരൂപിണിയായ ഭദ്രകാളിയായി മാറി പാണ്ട്യനെയും തട്ടാനെയും വധിച്ചു മധുരാനഗരം മുഴുവനും ദഹിപ്പിച്ച ശേഷം പാണ്ട്യ രാജാവിന്റെ ശിരസ് കൈലാസത്തിൽ ശ്രീ മഹാദേവന് കാണാൻ സമർപ്പിക്കുന്നതും തുടർന്ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വന്നിരിക്കുന്നത് വരെയാണ് പാട്ടിലെ പ്രധാന പ്രതിപാദ്യം.

കൊടുങ്ങല്ലൂരിൽ വന്നിരിക്കുന്നത് പാടിയശേഷം തിരുമുടിയിൽ നിന്ന് കാപ്പഴിച്ചു കുടിയിളക്കി തിരിച്ചു കൊടുങ്ങല്ലൂരിൽ കൊണ്ട് വിടുന്നു എന്നാണ് വിശ്വാസം. തിരുവനന്തപുരത്തെ തിരുമുടി പ്രതിഷ്ടയില്ലാത്ത ചില ക്ഷേത്രങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി തോറ്റംപാട്ട് പാടുന്നത് കാണാനാകും.

പൊങ്കാല ഉത്സവത്തിന് പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുന്നത് കുടിയിരുത്തോടെയും അവസാനിക്കുന്നത് കുടിയിളക്കോടയുമാണ്. ഉത്സവ നാളുകളിൽ ആറ്റുകാലിൽ കൊടുങ്ങല്ലൂരമ്മയായ ശ്രീ ഭദ്രകാളി കുടിക്കൊള്ളുന്നതായി കണക്കാക്കുന്നു. ദേവി പാണ്ട്യ രാജാവിനെ വധിച്ചതിന്റെ ആഘോഷമായിട്ടാണ് പൊങ്കാല സമർപ്പിക്കുന്നത്.

എന്നാൽ ഈ ഭദ്രകാളി പാട്ടിൽ പ്രതിപാദിക്കുന്നത് കണ്ണകി ചരിതമാണെന്നായിരുന്നു പൊതുവെ ഒരു വിശ്വാസം. എന്നാൽ അത് തികച്ചും തെറ്റാണെന്നു മനസിലാക്കിതരുന്നതാണ് 2016ഇൽ പുറത്തിറങ്ങിയs Attukalamma the goddess of millions എന്ന ലക്ഷ്മി രാജീവ് എന്ന എഴുത്തുകാരിയുടെ പുസ്‌തകം. ആറ്റുകാലിലെ പ്രതിഷ്ഠ വേതാളാരൂഢയായ ഭദ്രകാളിയാണെന്നും തോറ്റംപാട്ടിൽ പ്രതിപാദിക്കുന്നത് ഭദ്രകാളി ചരിതമാണെന്നും ഈ പുസ്തകം തെളിയിക്കുന്നു.

കേരളത്തിലെ ആദ്യത്തെ ഭദ്രകാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പ ഭഗവതി ക്ഷേത്രത്തിൽ മീനമാസത്തിലെ രേവതി നാളിൽ നടക്കുന്ന കളമെഴുത്തു പാട്ടിന്റെ ഭാഗമായി തോറ്റം പാട്ടു പാടാറുണ്ട്. ഭദ്രകാളി ദാരികവീരനെ വധിച്ച ദിവസം ‘രേവതി വിളക്ക്’ എന്ന പേരിൽ ഇവിടെ ആഘോഷിക്കപ്പെടുന്നു.

മുഴതാങ്ങ് ശ്രീ ചാവരുകാവിലും തിരു: ഉത്സവത്തിന്റെ ഭാഗമായി 11 ദിവസം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തി തോറ്റം പാട്ട് നടത്തി വരാറുണ്ട്. കൊല്ലം കൊല്ലൂർവിള ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീന ഭരണി മഹോത്സവത്തിന്റെ ഭാഗമായി 41 ദിവസം ദേവിയെ കാപ്പ്കെട്ടി കുടിയിരുത്തി തോറ്റംപാട്ട് നടത്തിവരുന്നു. മീനഭരണി ഉത്സവം കഴിഞ്ഞ് കാർത്തിക നാളിൽ ഗുരുസിയോടെ തോറ്റംപാട്ടുത്സവം സമാപിക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 തെയ്യം-എം.വി. വിഷ്ണു നമ്പൂതിരി ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN:81-7638-566-2
  2. 2.0 2.1 തെയ്യത്തിലെ ജാതിവഴക്കം-ഡോ:സഞ്ജീവൻ അഴീക്കോട്
    പ്രസാധകർ: കറന്റ് ബുക്സ്
    ISBN:81-240-1758-1
  3. ഡോ. ഗുണ്ടർട്ട്,മലയാളം ഇംഗ്ലീഷ് ഡിക്‌ഷനറി,പുറം 494
  4. ശബ്ദതാരാവലി-ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള -പുറം 976
  5. കേരളത്തിലെ കാളിസേവ-ഡോ. ചേലനാട്ട് അച്യുതമേനോൻ-പുറം 216
  6. കളിയാട്ടം-സി.എം.എസ്. ചന്തേര-പുറം 95,329
  7. ഫോക്‌ലോറിന്‌ ഒരു പഠന പദ്ധതി-ഡോ.രാഘവൻ പയ്യനാട്-പുറം 94
  8. തോറ്റം പാട്ടുകൾ-ഒരു പഠനം- എം.വി. വിഷ്ണുനമ്പൂതിരി-പുറം 279
  9. തെയ്യം,എം.വി.വിഷ്ണു നമ്പൂതിരി-പുറം 178

സ്രോതസ്സുകൾ

[തിരുത്തുക]
  • തെയ്യം-ഡോ. എം. വി. വിഷ്ണു നമ്പൂതിരി-കേരള ഭാഷാ ഇൻസ്റ്റിറ്റയൂട്ട്,തൃശ്ശൂർ-ISBN 81-7638-566-2
  • തെയ്യത്തിലെ ജാതിവഴക്കം-ഡോ. സജ്ഞീവൻ അഴീക്കോട്- കറന്റ് ബുക്ക്സ് ISBN 81-240-1758-1


"https://ml.wikipedia.org/w/index.php?title=തോറ്റം_പാട്ട്&oldid=4078595" എന്ന താളിൽനിന്ന് ശേഖരിച്ചത്