ആലിത്തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മാപ്പിളത്തെയ്യങ്ങളിൽ ഒന്നാണ്‌ ആലി തെയ്യം. ഉഗ്രമാന്ത്രികനായിരുന്ന ആലിയെ ഭഗവതി കൊന്നുവെന്നും, അതിനുശേഷം നാട്ടിൽ ദുർന്നിമിത്തങ്ങൾ കണ്ടുതുടങ്ങിയെന്നും, അതേതുടർന്ന മാന്ത്രികനായ ആലിക്ക് കോലം കൽപ്പിച്ച് കെട്ടിയാടിച്ചുവെന്നുമാണ് വിശ്വസിച്ചു വരുന്നത്. കുമ്പളദേശക്കാർ ഈ തെയ്യത്തെ ആലിഭൂതം എന്നും കെട്ടിയാടുന്ന കാവിനെ അലിഭൂത സ്ഥാനമെന്നും വിളിക്കാറുണ്ട്.

ഐതിഹ്യം[തിരുത്തുക]

കുമ്പള അരീക്കാടിയിലെ തിയ്യതറവാട്ടുകാരെ വിഷമിപ്പിച്ച മന്ത്രവാദിയായ ആലിയുടെ പ്രേതക്കോലമാണ് ഇത്. നാടിനെ വിറപ്പിച്ച ദുർമന്ത്രവാദിയുടെ ശല്യം സഹിക്കാൻ വയ്യാതായി. തീയ്യത്തറവാട്ടിലെ സുന്ദരിയായ കന്യകയെ വലയിൽ വീഴ്ത്താൻ ആലി ശ്രമിച്ചതിനെ തുടർന്ന് തറവാട്ടു കാരണവർ കുലപരദേവതയായ പാടാർകുളങ്ങര ഭഗവതിയെ പ്രാർത്ഥിക്കുകയും പാടാർക്കുളങ്ങര ഭഗവതി ഈ ദൗത്യം പുതിയ ഭഗവതിയെ ഏല്പ്പിക്കുകയും ചെയ്തു. സുന്ദരിയായി വേഷം മാറിയ പുതിയ ഭഗവതി ആലിയെ പാറക്കുളത്തിൽ ഒന്നിച്ച് കുളിക്കാൻ ക്ഷണിച്ചു, നീരാട്ടിനിടയിൽ ആലിയുടെ അരയിൽ കെട്ടിയ ഉറുക്കും, തണ്ടും സുന്ദരി കൈക്കലാക്കുകയും തൽസ്വരൂപമെടുത്ത് ആലിയെ വകവരുത്തുകയും ചെയ്തു. ആരിക്കാടിയിലെ ഛത്രംപള്ളത്തു വെച്ച് നടന്ന ഈ സംഭവത്തിനു ശേഷം നാട്ടിൽ ദുർനിമിത്തങ്ങൾ ഏറി വരികയും തുടർന്ന് നടത്തിയ പ്രശ്ന വിധി പ്രകാരം ദൈവക്കരുവായ ആലിക്ക് കെട്ടിക്കോലം കല്പ്പിക്കുകയും ചെയ്തു. ആലിയെക്കൊന്നത് രക്തചാമുണ്ഡി ആണെന്നൊരു പാഠഭേദവുമുണ്ട്

വേഷവിശേഷം[തിരുത്തുക]

മുഖത്ത് കരിതേച്ച്, തലയിൽ സ്വർണ്ണ നിറമുള്ള നീളൻ തൊപ്പിയും കഴുത്തിൽ പൂമാലകളും ചുവന്ന സിൽക്ക് മുണ്ടും ധരിച്ച് കൈയ്യിൽ ചൂരൽ വടിയുമായിട്ടാണ്‌ ആലിത്തെയ്യത്തിന്റെ പുറപ്പാട്

കെട്ടിയാടുന്ന സ്ഥലങ്ങൾ[തിരുത്തുക]

കുമ്പളയിലെ ആരിക്കാടി പാടാർക്കുളങ്ങര ഭഗവതി സ്ഥാനത്ത് മീനമാസത്തിൽ നടക്കുന്ന തെയ്യാട്ടത്തിൽ ആലിത്തെയ്യം കെട്ടി ആടുന്നു. കാവിന്റെ ഇടതു ഭാഗത്ത് പ്രത്യേക സ്ഥാനത്തിരുന്നാണ്‌ ഭക്തരെ ആലിത്തെയ്യം അനുഗ്രഹിക്കുക. തുളു നാട്ടിലെ ചില തീയ്യത്തറവാട്ടുകളിലും ഈ തെയ്യം കെട്ടിയാടാറുണ്ട്.

അവലംബം[തിരുത്തുക]

  • തെയ്യത്തിലെ ജാതിവഴക്കം- ഡോ. സഞ്ജീവൻ അഴീക്കോട്- കറന്റ് ബുക്സ്,കോട്ടയം. ISBN-81-240-1758-1
"https://ml.wikipedia.org/w/index.php?title=ആലിത്തെയ്യം&oldid=3107903" എന്ന താളിൽനിന്ന് ശേഖരിച്ചത്