തെക്കൻ കരിയാത്തൻ
വടക്കൻ മലബാറിൽ കെട്ടിയാടിക്കുന്ന ഒരു തെയ്യമാണ് തെക്കൻ കരിയാത്തൻ.തെക്കൻ ചാത്തു എന്നും പറയപ്പെടുന്നു.ഇതോടൊപ്പം തന്നെ കൈക്കോളൻ എന്ന തെയ്യം കൂടി കെട്ടിയാടിക്കും
പുരാവൃത്തം
[തിരുത്തുക]പാലാർ വീട്ടിൽ പടനായരും പാലക്കുന്നത്ത് കേളേന്ദ്രനായരും മലപൊലിച്ച് നായാടാനും കറ്റൽ പൊലിച്ച് മീൻ പിടിക്കാനും പുറപ്പെട്ടു.നായാട്ടിൽ ഒന്നും തടഞ്ഞില്ല.ക്ഷീണിച്ച് വെള്ളം കുടിക്കാനായി കരിങ്കുലക്കണ്ടത്തക്കമ്മയുടെ വീട്ടിലെത്തി.ഭക്ഷണം കഴിക്കാൻ വീട്ടുകാരി നിർബന്ധിച്ചു. തേച്ചുകുളിക്കാൻ എണ്ണയുമായി കുരിഞ്ചിലാടൻ കൽചിറയിലെത്തിയ അവർ ചിറയിൽ അത്ഭുത രൂപത്തിലുള്ള മീനുകളെ കണ്ടു. പിടികൊടുക്കാതെ അവ നീങ്ങി. വീട്ടി ലെ കിണറിലും അവയെ കണ്ടു.കദളിപ്പഴം വെള്ളിപ്പാളയിലിട്ട് താഴ്തിയപ്പോൾ അവ വളരെ ചെറിയ രൂപം പൂണ്ട് പളയിൽ തുള്ളിക്കയറി.കരിങ്കുലക്കണ്ടത്തക്കമ്മ കറിവെക്കാനായി ആ മീനുകളെ അരിഞ്ഞു നുറുക്കാൻ അവയുടെ മായാരൂപം വ്യക്തമാവുകയും അറിയാതെ ചെയ്ത തെറ്റിന് മാപ്പിരക്കുകയും ചെയ്തു.പ്രാശ്ചിത്തം ചെയ്യാമെന്നവർ പ്രാർത്ഥിച്ചു.അന്നു തൊട്ടേഴാം ദിവസം മതിലകത്തെ കരിങ്കൽ പടിക്കിരുപുറവും രണ്ട് പൊന്മക്കൾ പിറന്നുവെങ്കിൽ അവരെ വളർത്തി പയറ്റു വിദ്യ പഠിപ്പിക്കുമെന്നും അവരോളം വണ്ണത്തിൽ പൊൻ രൂപമുണ്ടാക്കി ആദി കുഞ്ഞിമംഗലത്ത് കോട്ടയിൽ "കൊണ്ടൊപ്പിക്കാ"മെന്നുമ്പറഞ്ഞു.അതുപ്രകാരം ഏഴാം നാൾ കരിങ്കൽ പടിക്കിരുപുറവും പൊടിച്ചുണ്ടായ പൊന്മക്കളാണ് തെക്കൻ കോമപ്പനും തെക്കൻ ചാത്തുവും. അവർ യഥാകാലം വിദ്യകളെല്ലാം പഠിച്ച് ചുരിക കെട്ടി ചേകോനാകേണ്ട പ്രായമായപ്പോൾ പാണ്ടിപെരുമാളിൽ നിന്നും ചുരിക വാങ്ങി അവർ ആചാരപ്പെട്ടു.തെക്കൻ കോമപ്പന് തെക്കൻ കരുമകനെന്നും തെക്കൻ ചാത്തുവിന് തെക്കൻ കരിയാത്തൻ എന്നും ആചാരപ്പേർ കിട്ടി. ആ സഹോദരന്മാർ വലിയൊരു പന മുറിച്ച് വില്ലുകൾ ഉണ്ടാക്കി. കരിയാത്തന്റേയും കരുമകന്റേയും ജീവിതം അത്ഭുത സംഭവങ്ങൾ നിറഞ്ഞതായിരുന്നു. മദ്യം കൊടുക്കാതിരുന്ന ചന്തൻ തണ്ടാനും തിരുനെല്ലൂർ തണ്ടാത്തിക്കും ഭ്രാന്ത് കൊടുത്തു.സൽക്കരിച്ചതിനു ശേഷമേ ഭ്രാന്ത് മാറിയുള്ളു. വഴിക്ക് വെച്ച് തങ്ങളെ പരിഹസിച്ച ഒരു കുട്ടിയുടെ കൈ മുറിച്ച് കളയാൻ കരിയാത്തൻ മടിച്ചില്ല.കുട്ടി കരഞ്ഞ് മാപ്പ് അപേക്ഷിച്ചതിനു ശേഷം അവന് കൈ തിരികെ ലഭിക്കുകയും അവരുടെ സേവകനായി ത്തീരുകയും ചെയ്തു. കരിയാത്തൻ തെയ്യത്തോടൊപ്പം കെട്ടിയാടിക്കുന്ന കൈക്കോളൻ തെയ്യം ആ കൈപോയ കുട്ടിയുടെ സങ്കൽപ്പത്തിൽ ഉള്ളതാണ്.
വേഷം
[തിരുത്തുക]മാർച്ചമയം - നായ്ച്ചുള്ളി
മുഖത്തെഴുത്ത് - അഞ്ചുപുള്ളി
തിരുമുടി - പീലിമുടി