പാലോട്ടു തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Palot theyyam3.jpg

മഹാവിഷ്ണുവിന്റെ ഒന്നാമത്തെ അവതാരമായ മത്സ്യാവതാരമൂർത്തിയുടെ തെയ്യക്കോലമാണ് പാലോട്ടു തെയ്യം. പാലാഴിക്കോട്ടു ദൈവം എന്നതാണ് പാലോട്ട് ദൈവമായതെന്നു വിശ്വാസം. അണ്ടല്ലൂർകാവ് കഴിഞ്ഞാൽ, തീയ്യർ സമുദായത്തിന്റെ പ്രധാന വൈഷ്ണവസങ്കേതമാണ് പാലോട്ടുകാവുകൾ. സാധാരണയായി അമ്പലങ്ങളിൽ ബ്രാഹ്മണർ ചെയ്യുന്ന തിടമ്പുനൃത്തത്തിനു സമാനമായ രീതിയിൽ തിടമ്പ് നൃത്തം തീയ്യരായ എമ്പ്രാൻ നടത്തുന്ന പ്രധാന കാവാണ് പാലോട്ട്കാവുകൾ. വ്രതം എടുത്തു കൊണ്ടു മാത്രമേ,വണ്ണാൻ ജാതിയിലെ പെരുവണ്ണാൻമാർക്ക്,പാലോട്ടുദൈവത്തിൻ്റെ കോലം ധരിക്കുവാൻ പാടുള്ളൂ.[1]

ഐതിഹ്യം[തിരുത്തുക]

പാലാഴിയിൽ അനന്തശയനത്തിലുള്ള മഹാവിഷ്ണുവിന്റെ പൊൻകിരീടം പരമശിവന്റെ അറിവോടെ ഗംഗ ഇളക്കിമാറ്റി. അത് പാലാഴിയിൽ കൂടി തിരകളിൽ സൂര്യനുദിച്ചപോലെ വിളങ്ങി ഒഴുകി നീങ്ങി ഏഴിമുടിമന്നൻ നഗരി കാണാൻ നൂറ്റെട്ടാഴിയും കടന്ന് അത് അഴീക്കോട് എന്ന അഴീക്കരയിൽ വന്നടുത്തു. കരുമന ചാക്കോട്ട് തീയ്യരും ചങ്ങാതിയായ പെരുംതട്ടാനും മീൻപിടിക്കാൻ വലയുമായി അഴീക്കര ചെന്നിരുന്നു. വലവീശിയപ്പോൾ അതിലെന്തോ തടഞ്ഞതായി തോന്നി. പെരുംതട്ടാൻ ഇറങ്ങി നോക്കിയപ്പോൾ കണ്ടത് മുടിമുത്ത് കിരീടം ആയിരിന്നു. ഇരുവരും കൂടി അതുമായി തിരിച്ച് പോന്നു. കോലത്തിരി രാജാവിൻ്റെ പടനായകനായ മുരിക്കാഞ്ചേരി നായരുടെ അരികിലാണ് അതു കൊണ്ടു വച്ചത്. എല്ലാവരും അതു കണ്ട് അമ്പരന്നു. ശീതികണ്ഠൻ തീയ്യരും പെരുംതട്ടാനും നിയോഗം വന്ന് ഉറഞ്ഞ് തുള്ളാൻ തുടങ്ങി. മുരിക്കഞ്ചേരി നായർ കണിശനെ വരുത്തി രാശി വെച്ചു നോക്കി. ആ കിരീടം ദൈവക്കരുവാണെന്നും പാലാഴിക്കോട്ട് ദൈവമെന്ന പേരിൽ അതിനെ പൂജിക്കണമെന്നും ദൈവജ്ഞർ അറിയിച്ചു. അഴീക്കോട് കാവ്,തെക്കുമ്പാട് കാവ് കീച്ചേരി പാലോട്ടുകാവ്, അതിയിടത്ത്കാവ്, കുഞ്ഞിമംഗലത്ത് മല്ലിയോട്ട്കാവ് എന്നിവിടങ്ങളിൽ പാലോട്ട് ദൈവം എഴുന്നള്ളിയത്രെ. ഈ കാവുകളിലെല്ലാം വൈഷ്ണവ സങ്കൽപ്പത്തിലുള്ള പാലോട്ട് ദൈവം തന്നെയാണ് ആരാധിക്കപ്പെടുന്നത്. വടക്കെ മലബാറിൽ 5 കഴകങ്ങളിലും ദക്ഷിണ കാനറയിലെ നീലേശ്വരത്ത്,തട്ടാൻ ജാതിക്കാരുടെ; തട്ടാച്ചേരി വടയന്തൂർ കഴകത്തിലും ഈ തെയ്യക്കോലം കെട്ടിയാടുന്നു. എല്ലാ വിഷുവിനും ഈ തെയ്യങ്ങൾ 6 കഴകങ്ങളിൽ കെട്ടിയാടുന്നു. അഴീക്കോട്, തെക്കുമ്പാട്, കീച്ചേരി പാലോട്ടുകാവ് ക്ഷേത്രത്തിൽ സ്ത്രീകൾക്ക് തിരുമുറ്റത്ത് പ്രവേശിക്കാൻ പാടില്ല.[അവലംബം ആവശ്യമാണ്].മറ്റുളള പാലോട്ട് കാവുകളിൽ സ്ത്രീകൾ പ്രവേശിക്കാം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാലോട്ടു_തെയ്യം&oldid=3552596" എന്ന താളിൽനിന്ന് ശേഖരിച്ചത്