തീയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തീയ്യർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബ്രിട്ടീഷ് മലബാറിൽ 1800 കളിൽ ഗ്രാമങ്ങളുടെ നിയത്രണം വഹിക്കുന്ന റാവു ബഹദൂര് ,അംശം അധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഒരു തീയ്യർ യുവാവ് .
ഒരു മലബാർ തീയ്യർ തറവാട് ,കോഴിക്കോട് മാളിക വീട് നിർമാണരീതി
മലബാർ ബ്രിട്ടീഷ് റെവെന്യു സർവീസ്ലെ തീയ്യർ


വടക്കൻ കേരളത്തിൽ കാണുന്ന ഒരു സമുദായമാണു തീയ്യർ. വടക്ക്  ഗോകർണ്ണം മുതൽ കോലത്തുനാട്, കുടക്, നീലഗിരി തുടങ്ങിയ സ്ഥലങ്ങളുമാണ് തീയ്യരുടെ പ്രധാന സങ്കേതങ്ങൾ.ശൗണ്ഡിക ഉല്പത്തി ആണ് തീയ്യരുടെ ഉല്പത്തി ഐതീഹ്യം ആയി പറയുന്നത്.'ആദി ദിവ്യൻ' എന്ന രൂപത്തിൽ ഇന്നും കാവുകളിൽ കെട്ടിയാടുന്ന ശിവ പുത്രൻ ആണ് തീയ്യരുടെ കുല പൂർവികൻ എന്നും ദിവ്യൻ അഥവാ ദിവ്യർ എന്ന പദം സംസാര ഭാഷയിൽ തീയ്യർ ആയത് ആണ് എന്നും പറയപ്പെടുന്നു.ഉത്തരകേരളത്തിൽ തെയ്യാരാധകരിൽ മുന്നിൽ നിൽക്കുന്ന സമൂഹമാണു തീയർ. ബൈദ്യ, ബില്ലവാദി എന്നീ പേരുകളിലാണ് ഇവർ തെക്കൻ കർണാടകത്തിൽ അറിയപ്പെടുന്നത് ഇവരെ തുളുതീയർ എന്ന് വിളിക്കുന്നു. വടക്കൻ കേരളത്തിൽ തീയർക്ക്, തണ്ടാൻ/തണ്ടയാൻ, മൂപ്പൻ ,ചേകോൻ,ചേകവർ, പണിക്കർ തുടങ്ങിയ സ്ഥാന പേരുകളും പണ്ട് നിലനിന്നിരുന്നു.വടക്കൻ പാട്ടിലെ ചേകവന്മാരും ഉണ്ണിയാർച്ചയും എല്ലാം തീയ്യർ ആണ്. തെക്കൻ കേരളത്തിലെ ഈഴവരും ചോവരും തീയരിൽ നിന്നും വ്യത്യസ്തരാണ്.[1] കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി പരന്നു കിടക്കുന്ന നാലു പ്രധാന കഴകങ്ങൾക്കു കീഴിൽ സുസജ്ജമായ ഭരണവ്യവസ്ഥയോടെ കോഴിക്കോട് മലപ്പുറം വയനാട് പാലക്കാട് ത്രീശൂർ വരെയും പോകുന്ന സമുദായമാണിത്.[2][3] നിരവധി തെയ്യക്കാവുകൾ ഈ സമുദായത്തിനുണ്ട്. [4] അശോകകാലഘട്ടത്തിൽ (ബി. സി. 273 - 232) തീയസമുദായത്തെ പറ്റിയുള്ള പരാമർശവും അളകാർമല ശിലാരേഖയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തീയ്യൻചന്ദൻ എന്നാണു ലിഖിതത്തിൽ പറഞ്ഞിരിക്കുന്നത്. മികച്ച കർഷകരും, വിദേശ വ്യാപാരികളും വണിക്ക് ശ്രേഷ്ഠന്മാരും ആയിരുന്നു ഇവരെന്നു പറയുന്നു. [5][6]


തീയ്യനൊരുത്തന്റെ സാന്നിദ്ധ്യമില്ലാതെ ഒരിടത്തും തെയ്യാട്ടമുണ്ടാവുകയില്ല‘, ‘തീയൻ മൂത്താൽ തെയ്യം‘ തുടങ്ങിയ വാമൊഴികൾ പ്രാബല്യത്തിൽ വന്നത് തീയന്റെ തെയ്യവുമായുള്ള ആത്മബന്ധത്തിൽ നിന്നാണ്[7]. പഴയ പുസ്തകങ്ങളിൽ ശിവനിൽ നിന്നും ഉത്ഭവിച്ചവരാണിവർ എന്ന് ശൗണ്ഡികപുരാണം ഉദ്ധരിച്ച് വിവരിച്ചു കാണുന്നു.[1] അച്ഛന്റെയോ അമ്മയുടേയോ അച്ഛനെ തൊണ്ടച്ഛൻ എന്നും അവരുടെ അമ്മയെ തൊണ്ടിയമ്മ (തൊണ്ട്യമ്മ) എന്നും വിളിച്ചു വരുന്നു. ആ പിതാമഹന്റെ പേരു തന്നെയായ തൊണ്ടച്ഛനെന്നാണ് കുലദൈവമായ വയനാട്ടുകുലവനേയും വിളിക്കാനുപയോഗിക്കുന്നത്.

മരണമോ മറ്റോ നടന്നാൽ ആചാരപ്രകാരം തീയരുടെ അലക്കുവേലകൾ ചെയ്യുന്നത് വണ്ണാൻ സമുദായത്തിലെ സ്ത്രീകളാണ്. കുളി കഴിഞ്ഞ് വണ്ണാത്തി കൊടുക്കുന്ന തുണികൾക്ക് വണ്ണാത്തിമാറ്റ് എന്നാണു പറഞ്ഞു വരുന്നത്. ഒരു തീയസമുദായാഗം മരിച്ചാൽ മാറ്റുകൊടുക്കൽ ചടങ്ങ് നടന്നുവരുന്നു. അതോടൊപ്പം തന്നെ തീയരുടെ ക്ഷുരകക്രീയകൾ, മറ്റു മരണാന്തര കർമ്മകങ്ങൾ എന്നിവ ചെയ്യുന്നത് കാവുതിയ്യർ (ഇത് ഉപജാതി സമുദായമാണ്).[8]

വിവേകോദയം ആദ്യപ്രതി കൊല്ലവർഷം 1079 ഇൽ
എസ്. എൻ. ഡി. പി. യോഗത്തിന്റെ മാഗസിൻ ആയിരുന്ന വിവേകോദയത്തിന്റെ ആദ്യ പ്രതിയിലെ വാർത്ത.
പത്തൊമ്പതാം നൂറ്റാണ്ടിലെ തീയ്യർ പെൺകുട്ടി , 'pretty thiyya girl ' എന്ന ബ്രിട്ടീഷ് ഫോട്ടോ

17ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കെ നായർ, തീയ്യർ ഉൾപ്പെടുന്ന ചുരുക്കം ചില സമുദായങ്ങൾ മാറിന് മുകളിൽ മേൽമുണ്ട് ധരിച്ചിരുന്നു. എന്നാൽ തിയ്യർ ഒഴികെ മറ്റു പിന്നോക്ക അവർണ ജാതികൾക് അന്ന് മാറുമറയ്ക്കാൻ അവകാശം ഉണ്ടായിരുന്നില്ല.

പേരിനു പിന്നിൽ

ദിവ്യൻ എന്ന വാക്കു രൂപാന്തരം പ്രാപിച്ചാണു തീയൻ ആയി മാറിയത്.[9] നിരവധി തോറ്റം പാട്ടുകളിൽ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നു. തീയരുമായി ബന്ധപ്പെട്ട പ്രമുഖ തെയ്യമായ കതിവനൂർ വീരന്റെ തോറ്റം‌പാട്ടിൽ പറഞ്ഞിരിക്കുന്നത്,

അറുതിവരുവത്തിന് മറുതലകളൊടുപൊരുവതിനു
ചെന്നു രണ്ടാമതും പോർവ്വിളിച്ചീടിനാൻ...
അരികളുടെ പടനടുവിലൊരുവനധിധീരനായ്‌
മുന്നം മങ്ങാട്ടൊരേടത്തൊരു നഗരിയതിൽ
ദിവ്യവംശത്തിൽ ജാതനായ്...

കതിവനൂർ വീരൻ ദിവ്യവംശത്തിൽ ജാതനായി എന്നാണിവിടെ വ്യക്തമാക്കുന്നത്. ഇതേ തോറ്റം‌പാട്ടിൽ കതിവനൂർ വീരന്റെ പിതാവായ കുമരച്ചൻ ഒരു ദിവ്യവംശാധിപൻ എന്നാണ് വിശേഷിപ്പിക്കുന്നത്‌. തീയരുടെ ഉത്പത്തിയെ കുറിക്കുന്ന ശൗണ്ഡികോൽപത്തിയിലും തീയ്യരെ ദിവ്യരെന്ന് സംബോധന ചെയ്യുന്നു. വിഷ്ണുമൂർത്തി തെയ്യത്തിന്റെ തോറ്റം‌പാട്ടിലും ദിവ്യനെന്നു വിശേഷിപ്പിച്ചിരിക്കുന്നതിപ്രകാരമാണ്,

ദിവ്യനതാം പാലന്തായി കണ്ണന്റെ കരത്താൽ
പൂജ കലശം കയ്യേറ്റു വസിച്ചരുളിന പരദേവതേ കൈതൊഴുന്നേൻ...

ചീറുംബ ഭഗവതി അടക്കം മറ്റു ചില തോറ്റം പാട്ടുകളിലും കുലമഹിമയെ പറ്റിപറയുന്ന സ്ഥലങ്ങളിൽ ദിവ്യകുലജാതരാണിവരെന്നു വ്യക്തമാക്കുന്നുണ്ട്.

ചേകവർ

വടക്കൻ കേരളത്തിലെ പ്രശസ്ത തിയ്യർ തറവാട്ടുകാർ ആയിരുന്നു ചേകവർ എന്ന്‌ അറിയപ്പെട്ടിരുന്നത്. ഇവർ തിയ്യരിലെ തന്നെ ഒരു ഉപവിഭാഗം ആണ് രാജഭരണം നില നിന്നിരുന്ന കാലത്ത് കുലത്തൊഴിൽ ആയ കളരി അഭ്യസിച്ചു നാട്ടു പ്രമാണികൾക്കും ഭൂപ്രഭുക്കന്മാർക്കും വേണ്ടി അങ്കം എന്ന ദോന്ത യുദ്ധത്തിന് പോകുന്ന തിയ്യർ യുവാക്കൾ ആണ് ചേകവർ എന്ന് അറിയപ്പെട്ടിരുന്നത്. ഈ തിയ്യർ യുവാക്കൾ പേരിനൊപ്പം ചേകവർ എന്നു വെക്കുമായിരുന്നു. രാജാവിന് വേണ്ടി അങ്കം വെട്ടാനും കുടിപ്പക തീർക്കാനും മരിക്കാൻ പോലും തയ്യാറയി അങ്കം എന്ന പോരിന് പോകും, ഇതിനായി രാജാവ് നേരിട്ട് ചേകവർ തറവാട്ടിൽ വന്നു ക്ഷണിക്കൽ ആണ് ചടങ്ങ് , പ്രതിഫലം ആയി ഭൂസ്വാത്തും പൊൻപണ്ങ്ങളും എഴുതി കൊടുത്തിരുന്നു. പണ്ടത്തെ മലബാറിലെ കടത്തനാട്, ഇന്നത്തെ വടകര,തലശ്ശേരി ഭാഗങ്ങളിൽ ആണ് കൂടുതലായും ഉണ്ടായിരുന്നത്. ഇവർ നല്ല പടയാളികളും നാട്ടു ഭരണാതികരിക്ളും ഇവരിൽ ഉണ്ടായിരുന്നു. കളരി പഠിപ്പിക്കുന്ന ഗുരു- ഗുരുക്കൾ എന്നും പണിക്കർ എന്നും ആയിരുന്നു അറിയപെടുക ,വടക്കൻ വീരഗാഥയിൽ പ്രതിപാതിക്കുന്ന പുത്തൂരം വീട് ആ കാലത്തെ പ്രശസ്ത തിയ്യർ തറവാട് ആണ്. സാധാരണ ആയി പണ്ട് കാലങ്ങളിൽ തിയ്യർ സമുദായത്തിലെ യോദ്ധാക്കൾക് നാട്ടുരാജാക്കന്മാർ ചേകവർ സ്ഥാനം കൊടുത്തിരുന്നത് അങ്കം ജയിച്ചാൽ അരയില് പൂക്കച്ച കെട്ടുന്ന ചടങ്ങ് കഴിഞ്ഞാൽ മാത്രമാണ് ചേകവർ ആവുകയുള്ളൂ .ചേകവരിൽ തന്നെ രാജാക്കന്മാർക് വേണ്ടി സേവനം ചെയ്യുന്ന ചേകവന്മാരിലെ നേതാക്കൾ പടകുറുപ്പ് എന്നും ആണ് പറയപ്പെടുന്നത്. ഒരു കാലത് ശക്തൻ തമ്പുരാന്റെ പടതലവാൻ കോട്ടേകാട്ട് എന്ന പ്രശസ്ത തിയ്യർ തറവാട്ടുക്കാർ ആയിരുന്നു.തൃശൂർ ഇന്നും കളരികൾ ഉള്ള വല്ലഭട്ട തിയ്യർ തറവാട്ടുകാർ വെട്ടത്ത് രാജാവിന്റെ പടതലവന്മാർ ആയിരുന്നു.അവർ പടകുറുപ്പ്, മേനോൻ ,പണിക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചിലർ അഭിപ്രായപ്പെടുന്നു തൃശൂർ കൊച്ചി ഭാഗത്തുള്ള ഒരു സമുതായം ആയ ചൊവൻ ഇതിൽ നിന്നും ഉണ്ടായതാണ് എന്ന്. പക്ഷെ തിയ്യരും ആയിട്ട് ഇവർക് വെക്തമായാ ഒരു ബന്ധവും ഇല്ല. തെക്കൻ കേരളത്തിലും തിയ്യർ പണ്ട് കുടിഇരിക്കപ്പെട്ടിട്ടുണ്ട് രാജാവിന്റെ ക്ഷണ പ്രകാരം വന്നവർ ആണ് ഇവർ.

എട്ടില്ലക്കാർ

കുലദൈവം - തൊണ്ടച്ഛൻ തെയ്യം

എട്ട് ഇല്ലങ്ങളിലായാണ് തീയസമുദായം നിലനിൽക്കുന്നത്. ഐതിഹ്യ പ്രകാരം ശൗണ്ഡികാനദി തീരത്ത് ശിവന്റെ ഏഴ്‌ ദിവ്യപുത്രന്മാരും ശിവൻ തന്റെ തൃത്തുടമ്മേൽ തല്ലിയുണ്ടായ ദിവ്യപുത്രനോടും (ഇതാണു വയനാട്ടു കുലവൻ തെയ്യം) കൂടിയാണ് എട്ടില്ലം ഉണ്ടായതെന്ന് ഐതിഹ്യം.[10] കരുമന എട്ടില്ലം ദിവ്യർ എന്ന പേരിലും അറിയപ്പെടുന്നു[11]. അമ്മ വഴിയാണ് ഒരു തലമുറയുടെ ഇല്ലം അടുത്ത തലമുറയിലേക്ക് പകരുന്നത്. ഒരേ ഇല്ലത്തിൽ പെട്ടവർ പരസ്പരം വിവാഹബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. സഹോദരീ-സഹോദരബന്ധമാണ് ഒരേ ഇല്ലക്കാർക്കുള്ളത്. അമ്മയുടെ ഇല്ലം തന്നെയാണ് മക്കൾക്കെല്ലാവർക്കും കിട്ടുക. ഇതുവഴി കേന്ദ്രീകൃതമാവുന്ന വലിയ ഒരു ആൾക്കൂട്ടം ഒരേ തറവാട്ടിൽ പെടുന്നു. എട്ടില്ലങ്ങളുടെ പേരുകൾ താഴെ കൊടുക്കുന്നു[11].

 1. തലക്കോടൻ തീയർ
 2. നെല്ലിക്ക തീയർ
 3. പരക്ക തീയർ
 4. പാലത്തീയർ
 5. ഒളോടതീയർ
 6. പുതിയോടൻ തീയർ
 7. കാരാടൻ തീയർ
 8. വാവുത്തീയർ

എട്ടില്ലങ്ങളുടേയും കുലദൈവം ഐതിഹ്യപ്രകാരം ശിവന്റെ തൃത്തുടമേലിൽ നിന്നുണ്ടായ തൊണ്ടച്ചൻ എന്ന വയനാട്ടുകുലവൻ തെയ്യമാണ്[12]. തൊണ്ടച്ചൻ എന്നാൽ ഏറ്റവും മുതിർന്ന ആളെന്നാണർത്ഥം. [13] തീയ്യരുടെ കുടുംബപരമായ ബന്ധത്തിൽ വളരെ വേണ്ടപ്പെട്ട രണ്ടുപേരാണ് മുത്തപ്പനും തൊണ്ടച്ഛനും. മുത്തപ്പൻ എന്നു വിളിക്കുന്നത് അച്ഛന്റെയോ അമ്മയുടേയോ ജ്യേഷ്ഠനെയാണ്. തൊണ്ടച്ഛൻ എന്നു വിളിക്കുന്നത് അച്ഛന്റെയോ അമ്മയുടേയോ അച്ഛനെയാണ്. ഈ രണ്ടുപേരിലും തീയരുടെ പ്രധാനപ്പെട്ട ആരാധനാമൂർത്തികളായ മുത്തപ്പൻ തെയ്യവും തൊണ്ടച്ഛൻ തെയ്യവും ഉണ്ട്. [13] തെയ്യ കോലങ്ങൾ കെട്ടിയാടുന്ന ഇവരുടെ സങ്കേതങ്ങളാണ് താനം. തറ, പള്ളിയറ, കോട്ടം, മുണ്ട്യ, കാവുകൾ എന്നിങ്ങനെ അറിയപ്പെടുന്നത്. സമുദായത്തിന്റെ ആരാധനാലയങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണകൂടവും ആരാധനാലയങ്ങളുമാണ് കഴകങ്ങൾ. ഓരോ കഴകങ്ങൾക്കും കീഴിൽ ധാരാളം ദേവാലയങ്ങൾ കാണാൻ കഴിയും. [14]

കഴകങ്ങൾ

പ്രധാന ലേഖനം: കഴകം

പരമ്പരാഗതമായൊരു ഭരണവ്യവസ്ഥയാണു കഴകം എന്നറിയപ്പെടുന്നത്. വിവിധ സമുദായങ്ങൾക്ക് കഴകങ്ങൾ ഉണ്ട്. യാദവർ (മണിയാണി) ( നാലു കഴകങ്ങൾ), വാണിയർ (14 കഴകങ്ങൾ), ശാലിയർ (14 കഴകങ്ങൾ), ആശാരിമാർ (7 കഴകങ്ങൾ), മൂശാരിമാർ (2 കഴകങ്ങൾ), തട്ടാന്മാർ (4 കഴകങ്ങൾ), മൂവാരിമാർ (4 കഴകങ്ങൾ), കുശവന്മാർ (4 കഴകങ്ങൾ), മുക്കുവർ (4 കഴകങ്ങൾ) എന്നിങ്ങനെയാണു കഴക വ്യവസ്ഥിത് വിവിധ സമുദായങ്ങൾക്കിടയിൽ ഉള്ളത്. ശക്തമായ് രീതിയിൽ ഇന്നും കഴകങ്ങൾ നിലനിൽക്കുന്നത് തീയരിലാണ്. നാലു കഴകങ്ങൾ കൂടാതെ രണ്ട് ഉപകഴകങ്ങൾ കൂടെ തീയർക്കുണ്ട്.[15] തീയ്യസമുദായത്തിന്റെ ആരാധനാ-ഭരണകേന്ദ്രങ്ങളായ താനം, തറ, പള്ളിയറ, കാവുകൾ, മുണ്ട്യ , നാൽപാടി തുടങ്ങിയ കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ് കഴകം. വിവാഹം, മരണം, അടിയന്തരം, കുടുംബവഴക്ക്, സ്വത്ത് തർക്കം തുടങ്ങി സമുദായാംഗങ്ങൾക്കിടയിലെ എല്ലാ കാര്യങ്ങളിലും കഴകത്തിന്റെ ശക്തമായ ഇടപെടലിലൂടെ പരിഹരിച്ചു വരുന്ന സമ്പ്രദായമാണിത്. സമുദായങ്ങളുടെ ക്ഷേമത്തിനും കെട്ടുറപ്പിനും വേണ്ടിയുള്ള കൂട്ടയ്മയാണു കഴകം. ഇതൊരു പ്രശ്നപരിഹാരവേദി കൂടിയാണ്. ഏതൊരു വഴക്കും കഴകത്തിലാണു തീർപ്പുകൽപ്പിക്കുക. കഴകത്തിലും തീരാത്ത പ്രശ്നമാണെങ്കിൽ അതു തൃക്കൂട്ടത്തിലോ മഹാക്ഷേത്രങ്ങളിലോ വെച്ച് തീർപ്പുകല്പിക്കും. നാലു കഴകങ്ങൾ ചേരുന്നതാണ് ഒരു തൃക്കൂട്ടം.

' ഉണ്ണിയാർച്ച ദി ഫൈറ്റർ കേരളൈറ്റ് ' എന്ന വിൻസ് ഡിയാസ് ന്റെ പെയിന്റിംഗ്
പ്രധാന കഴകങ്ങൾ
 1. നെല്ലിക്കാത്തുരുത്തി കഴകം (ചെറുവത്തൂരിനു പടിഞ്ഞാറ്)
 2. രാമവില്യം കഴകം (തൃക്കരിപ്പൂർ)
 3. പാലക്കുന്ന് കഴകം (ഉദുമ, കോട്ടിക്കുളം ഭാഗം)
 4. കുറുവന്തട്ട കഴകം (രാമന്തളി)
  1. അണ്ടല്ലൂർക്കാവ് പെരുംകഴകം (ധർമ്മടം - തലശ്ശേരി)
ഉപകഴകങ്ങൾ
 1. കനകത്ത് കഴകം
 2. കുട്ടമംഗലം കഴകം

നീതി നിർവ്വഹണത്തിനായിട്ട് സമുദായത്തിലെ മുതിർന്നവരെ ഏർപ്പാടാക്കുന്ന ഒരു ഭരണയന്ത്രമാണു കഴകം. ഭരണസഭ, ആരാധനാകേന്ദ്രം, ആയോധനാഭ്യാസ കേന്ദ്രം, കവികളുടെ സഭ, വിദ്യാകേന്ദ്രം, പൂരക്കളി, മറത്തുകളി തുടങ്ങിയവയുടെ കേന്ദ്രസ്ഥാനങ്ങളായി കഴകങ്ങൾ ഇന്നും നിലകൊള്ളുന്നു. കഴക സഭ കൂട്ട അവായ്‌ എനാണറിയപ്പെടുന്നത്. പരിഷ്കൃതരായി വന്നപ്പോൾ ഉണ്ടായുരുന്ന സുസജ്ജമായഭരണവ്യവസ്ഥിതിയായി നമുക്കിതിനെ കാണാം.

കഴകത്തിലെ പ്രധാന സ്ഥാനീയർ‌
 1. അന്തിത്തിരിയൻ‌
 2. തണ്ടയാൻ/ തണ്ടാൻ‌
 3. കൈക്ലോൻ‌
 4. കാർ‌ന്നോൻ‌മാർ‌ - കാരണവൻ‌മാർ‌
 5. വെളിച്ചപ്പാടൻ‌മാർ‌
 6. കൂട്ടായ്‌ക്കാർ‌
 7. കൊടക്കാരൻ‌
 8. കലേയ്‌ക്കാരൻ‌

ഇവരൊക്കെ കഴകത്തിലേയും ആചാരാനുഷ്ഠാനങ്ങളായ തിറ, തെയ്യം മുതലായവയുമായി ബന്ധപ്പെട്ടുവരുന്ന മേൽ സ്ഥാനീയരാണ്.[16] [17]

തറവാട്

ചെറുകുടി മാട്ടുവയൽ തീയ്യർ തറവാട് ,കോഴിക്കോട് . കിളിച്ചുണ്ടൻ മാമ്പഴം മുതൽ മുപ്പതോളം മോഹൻലാൽ മമ്മൂട്ടി സിനിമകളിൽ കാണിക്കുന്ന തറവാട് .
കല്ലുംബ്രത്ത് തീയ്യർ തറവാട് , കോഴിക്കോട്.മോഹൻലാലിൻറെ മിഥുനം ,പൃഥ്വിരാജിന്റെ 'ഇന്ത്യൻ രൂപീ' എന്നീ സിനമകളിൽ കാണിക്കുന്ന തറവാട്.
മേലേപുരയിൽ തീയ്യർ തറവാട്,തൃശൂർ.മമ്മൂട്ടിയുടെ 'വല്യേട്ടൻ' ൽ കാണിക്കുന്ന തറവാട്.
മന്നാടത്ത് തീയ്യർ തറവാട് ,കോഴിക്കോട്. ഗോഡ്ഫാദർ സിനിമയിൽ കാണിക്കുന്ന അഞ്ഞൂറാന്റെ തറവാട്.

അത്യുത്തര മലബാർ

ഇല്ലം എന്ന പരമ്പര വരുന്നത് അമ്മ വഴിയാണ്. ഇങ്ങനെ ആൾക്കൂട്ടം കൂടിവന്ന് പല രീതിയിലും പല മേഖലയിലും എത്തിച്ചേരുന്നവർ ഒന്നിക്കുന്ന സ്ഥലമാണ് തറവാട്. തറവാടുകളുടെ എണ്ണം നിരവധിയാണ്. ഒരേ ഇല്ലക്കാർക്ക് തന്നെ നിരവധി തറവാടുകളും ഉണ്ട്. അതിലുണ്ടായ അംഗങ്ങളെല്ലാം ഒരേ ഇല്ലക്കാരായിരിക്കും. ഇല്ലക്കാർ തമ്മിലുള്ള വേർതിരിവൊന്നും തറവാടുകളിൽ ഇല്ലെങ്കിലും അനുഷ്ഠാന/ആചാര വിശേഷ പ്രകാരം സ്ഥാനീയർ ആവുന്നത് അതത് ഇല്ലത്തിലെ മുതിർന്നവർ ആയിരിക്കും. കേവലരൂപമാർന്ന ഒരു വീട്ടിൽ തന്നെ ഭാര്യയും ഭർത്താവും രണ്ടില്ലക്കാരായിരിക്കുമല്ലോ, അവർ രണ്ടു തറവാട്ടുകാരും ആവുന്നു എന്നുണ്ട്. മക്കൾക്കെല്ലാം അമ്മയുടെ ഇല്ലമായതിനാൽ അമ്മയുടെ തറവാടായിരിക്കും മക്കളുടെ തറവാടും. തറവാടുകളോട് ചേർന്ന് വയനാട്ടു കുലവൻ കുടിയിരിക്കുന്ന താനവും (പള്ളിയറ) ഉണ്ടായിരിക്കും. തറവാടുകളിൽ വർഷാവർഷം പുതിയോടുക്കൽ (കൈത് ) എന്ന ചടങ്ങു നടന്നു വരുന്നു. പുത്തരി കൊടുക്കൽ ചടങ്ങാണ് ഈ പേരിൽ അറിയപ്പെടുന്നത്. പത്തു വർഷത്തെ ഇടവേളകളിലായിരുന്നു ആദ്യമൊക്കെ വയനാട്ടു കുലവൻ തെയ്യംകെട്ട് നടന്നു വന്നിരുന്നത്. സമീപകാലത്ത് കാലഗണനയിൽ അല്പസ്വല്പ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്.[18]

മലബാർ

ഹിന്ദു വിഭാഗത്തിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം വരുന്ന വിഭാഗം ആണ്. ഇവർ ബ്രിട്ടീഷ് ഭരണ കാലത് തന്നെ ഏറെ പുരോഗമിച്ച സമുദായമായിരുന്നു. ബ്രിട്ടീഷ് ഭരണ കാലത്തു ഒരു മുന്നോക്ക സമുദായമായി രേഖപ്പെടുത്തിയിട്ടുണ്ട് ,മലബാർ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ വോട്ടവകാശം തിയ്യർക് ഉണ്ടായിരുന്നു , അന്ന് ബ്രിട്ടീഷ് സർക്കാരിൽ ഏറ്റവും കൂടുതൽ തിയ്യർ ഉദ്യോഗസ്ഥർ ആയിരുന്നു. അവർക് തിയ്യരുടെ കഴിവിൽ നല്ലവിശ്വാസം ഉണ്ടായിരുന്നു അതു കൊണ്ട് തന്നെ അന്ന് ബ്രിട്ടീഷ് ആർമിയിൽ തിയ്യർ റീജിമെന്റ് തന്നെ രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോടും മലപ്പുറത്തും തൃശൂരും പാലക്കാടും തീയ്യർ അച്ഛന്റെ പേരിൽ തറവാട് പിന്തുടരുന്ന മക്കത്തായദായകർ ആണ്.ഇവർ ഒരുകാലത്തു ഇല്ലം സംബ്രതായം പിന്തുടരുന്നവർ ആയിരുന്നവർ ആയിരുന്നു എങ്കിലും ഇന്ന് അത് കാണാൻ സാധിക്കില്ല. തറവാടിന്റെ കീഴിൽ എന്തെങ്കിലും കാവോ അല്ലെങ്കിൽ ആരാധനാ തറയോ ഉണ്ടാവും.ഇവിടെ ശാക്തേയ പൂജകൾ തറവാട് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാരണവർ നിർവഹിക്കുന്നു.കടത്തനാട് കുറുബ്രനാട് ഭാഗത്തെ മിക്ക തീയ്യർ തറവാടുകളിലും കളരി ഉണ്ടായിരിക്കും.തറവാടുകളിൽ കോൽ കളി സംഘടിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു.ഇവർക്കിടയിലെ വൈദ്യന്മാർ ആയ തിയ്യരെ വൈശ്യ തിയ്യർ (വൈദ്യ) എന്നും അറിയപ്പെടുന്നു കടത്തനാട് ഭാഗങ്ങളിൽ . കോഴിക്കോട് സാമൂതിരിയുടെയും കടത്തനാട് രാജാവിന്റെയും കൊട്ടാരം വൈദ്യർമാർ തിയ്യർ ആയിരുന്നു.[19]

തറ

സമുദായത്തിലെ ഭരണവ്യവസ്ഥ കയ്യാളുന്ന ഏറ്റവും ചെറിയ ഘടകമാണു തറ. പ്രധാനപ്പെട്ട നാലു തീയ കാരണവന്മാരാൽ നിയന്ത്രിക്കപ്പെടുന്ന വ്യ്വസ്ഥയാണിത്. തീയന്മാർ പരസ്പരവും, മറ്റുള്ളവരുമായി കൂടിക്കലർന്നു വരുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നത് തറയിൽനിന്നുമാണ്. നാലു പ്രമാണിമാരിൽ ഒരാൾ കൈക്ലോൻ എന്ന പേരിലാണറിയപ്പെടുക. നാലു തറകൾ ചേരുമ്പോൾ ഒരു നാല്പാട് ഉണ്ടാവുന്നു. നാലു നാല്പാടു ചേരുന്നതാണ് ഒരു കഴകം. നാമു കഴകങ്ങൾ ചേരുമ്പോൾ തൃക്കൂട്ടം (അഥവാ പെരും കഴകം) ഉണ്ടാവുന്നു. കൊട്ടിൽ എന്ന സ്ഥലത്തു വെച്ചാണ് തൃക്കൂട്ടത്തിന്റെ യോഗങ്ങൾ നടക്കുക. കൊട്ടിൽ ഒരു ക്ഷേത്രം തന്നെയായിരിക്കും.[20] സമുദായാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്കു തീർപ്പ് കല്പിക്കാൻ തറയ്ക്കോ കഴകത്തിനോ സാധിക്കാതെ വരുമ്പോഴും എല്ലാ കഴകങ്ങളും ചേർന്നുള്ള അവലോകനങ്ങൾ നടത്താനും പദ്ധതികൾ ആസൂത്രണം ചെയ്യാനും മതുമായാണ് പ്രധാനപ്പെട്ട നാലുകഴകങ്ങൾ ചേർന്നു തൃക്കൂട്ടം നടത്തുക.

സമുദായത്തിന്റെ പ്രധാന തെയ്യങ്ങൾ

നരസിംഹരൂപിയായി വിഷ്ണുമൂർത്തി

തീയസമുദായവുമായി ബന്ധപ്പെട്ട ഏതാനും തെയ്യങ്ങളെ പറ്റിയും അവയ്ക്കു പുറകിലുള്ള ഐതിഹ്യവും താഴെ വിശദീകരിക്കുന്നു. പ്രധാന ലേഖനത്തിലേക്ക് പോയാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.[21]

പ്രധാന ലേഖനം: തെയ്യം
വയനാട്ടു കുലവനും കണ്ടനാർ കേളനും

എട്ടില്ലക്കാരായ തീയരുടെ പ്രധാന തെയ്യം വയനാട്ടു കുലവനാണ്. കുലദൈവമായി തീയർ ആചരിക്കുന്നത് ഈ തെയ്യത്തെയാണ്.[22] കുലപൂർവ്വികൻ എന്ന അർത്ഥത്തിൽ തൊണ്ടച്ചൻ എന്ന് ബഹുമാനപുരസരം ഈ തെയ്യത്തെ വിളിക്കുന്നു. തീയ്യകുടുംബത്തിൽ അമ്മയുടേയോ അച്ഛന്റേയോ പിതാവാണു തൊണ്ടച്ഛൻ. കള്ളും റാക്കും ഇറച്ചിയും തീയ്യിൽ ചുട്ടെടുത്ത അടയും ഒക്കെയാണു തൊണ്ടച്ഛനു നൈവേദ്യം. ആദിതീയ്യനായ തൊണ്ടച്ഛൻ ശിവപുത്രനായി ജനിച്ചു എന്നു പുരാവൃത്തങ്ങൾ പറയുന്നു. ആര്യാധിനിവേശമുണ്ടായപ്പോൾ ഇങ്ങനെ തിരുത്തൽ ചെയ്യപ്പെട്ട കഥയായി തോറ്റമ്പാട്ടുകളിലൂടെ വിശദീകരണം തേടിയാൽ മനസ്സിലാവുന്നതാണ്. വയനാട്ടു കുലവനോടൊപ്പം കെട്ടിയാടപ്പെടുന്ന കണ്ടനാർ കേളനും പ്രധാനതെയ്യം തന്നെയാണ്. കാസർഗോഡ് ജില്ലയിൽ ഈ രണ്ടു തെയ്യങ്ങളേയും ഒന്നിച്ചാണു കെട്ടിയാടുക. ഗംഭീരമായൊരു നായാട്ടും ഈ തെയ്യം കെട്ടിനോടൊപ്പം ഉണ്ട്.[23] ബപ്പിടൽ ചടങ്ങ് ഇതിന്റെ ഭാഗമാണ്. സമീപകാലത്ത് നായാട്ട് നിരോധിച്ച ശേഷം തെയ്യം കെട്ടിൽ നിന്നും നായാട്ട് ഒഴിവാക്കിയാണ് മിക്ക തറവാടുകളിലും അരങ്ങേറുന്നത്. നിറ, കുലകൊത്തൽ, പുത്തരി, കൈവീത്, മറ, കൂവം അളക്കൽ, കലവറ നിറയ്ക്കൽ, ബപ്പിടൽ, ചൂട്ടൊപ്പിക്കൽ, ബോനം കൊടുക്കൽ, മറപിളർക്കൽ ഇങ്ങനെ നിരവധി അനുഷ്ഠാനവിധികളോടെ സമൃദ്ധമാണ് വയനാട്ടു കുലവൻ തെയ്യം കെട്ട്.

ഐതിഹ്യം[24]

നിത്യേന മദ്യം കഴിച്ചെത്തുന്ന ശിവനെ കണ്ട് മനഃക്ലേശം വന്ന പാർവ്വതീദേവി കാരണം തിരക്കിയപ്പോൾ കണ്ടത് കരിന്തെങ്ങിൽ നിന്നും മുരട്ട് മധു ഒഴുകുന്നതായിരുന്നു. ഇതു കണ്ടു ക്ഷിഭിതയായ ദേവി മധുവിനെ കൈകൊണ്ടു തടവി തെങ്ങിന്റെ മുകളിലേക്കു മാറ്റി. മദ്യപാനത്തിനായി എന്നുമെന്ന പോലെ എത്തിച്ചേർന്ന പരമേശ്വരൻ മധു കാണാതെ കോപം പൂണ്ട് തിരുജട പറിച്ചെടുത്ത് തൃത്തുടയിൽ അടിച്ചപ്പോൾ ഒരു ദിവ്യൻ പിറന്നു വീണു. തെങ്ങിൽ കയറി മധു ശേഖരിച്ചു വരാൻ ഭഗവാൻ അവനോട് ആവശ്യപ്പെട്ടു. അങ്ങനെ നിത്യേന ദിവ്യൻ കുടം നിറയെ മധുവുമായി ഭഗവാന്റെ അടുത്തുവരാൻ തുടങ്ങി. ആ ദിവ്യനാണത്രേ ആദിതീയൻ. സ്വപിതാവായ പരമേശ്വരന്റെ വിലക്കു മറന്ന് കദളീവനത്തിൽ കയറി കള്ളെടുത്തു കുടിച്ചപ്പോൾ തീയന്റെ റ്റണ്ടു കണ്ണുകളും പൊട്ടിപ്പോയി. കണ്ണു നഷ്ടപ്പെട്ട തീയന്റെ വിലാപം കേട്ട് മനസ്സലിഞ്ഞ പിതാവ് പൊയ്ക്കണ്ണും മുളവില്ലും മുള്ളനമ്പും മുളഞ്ചൂട്ടും നൽകി ഭീമിയിലേക്ക് അയച്ചു. വയനാട്ടിൽ എത്തിയ ദൈവത്തിരുമകൻ അവിടെ വയനാട്ടു കുലവൻ എന്നറിയപ്പെട്ടു.

പുനംകൃഷിക്കിടയിൽ കാട്ടുതീയിൽ പെട്ട് വെന്തു വെള്ളീരായിപ്പോയ കേളനെ വില്ലുതൊട്ടു വിളിച്ച് ഉയിർത്തെഴുന്നേൽപ്പിച്ച് വയനാട്ടുകുലവൻ കൂടെ കൂട്ടി. ദൈവക്കരുവായ കണ്ടനാർ കേളൻ തെയ്യം മൃതിയടഞ്ഞ കേളൻ തന്നെയാണ്. കാസർഗോഡ് ജില്ലയിൽ രണ്ടു തെയ്യങ്ങളും ഒരുമിച്ചാണ് കെട്ടിയാടുക; നായാട്ട് കണ്ടനാർ കേളന്റെ പ്രധാന ഭാഗമായി നടക്കുന്നു.

പ്രധാന ലേഖനം: വയനാട്ടു കുലവൻ
പ്രധാന ലേഖനം: കണ്ടനാർകേളൻ
പൂമാല

കെട്ടിക്കോലമില്ലെങ്കിലും പൂമാല ഭഗവതി തീയർക്ക് പരദേവതയാവുന്നു. പാട്ടുത്സവവും പൂരക്കളിയും ദേവിയുടെ സം‌പ്രീതിക്കായി പൂമാലകാവുകളിൽ ആചരിച്ചു വരുന്നു. ആര്യരാജാവിന്റെ മകളായ പൂമാല മരക്കലമേറി (കപ്പൽ) നൂറ്റേഴ് ആഴി കടന്ന് മലനാട്ടിൽ എത്തിയതെന്ന് ഐതിഹ്യം. ചങ്ങാതിയായി ആരിയ പൂമാരുതനും ഒന്നിച്ചു വന്നുവെന്നു പറയുന്നു. നല്ലൊരു ഭൂമാതാവായി പൂമാലഭഗവതിയെ കരുതിവരുന്നു.[22]

പ്രധാന ലേഖനം: പൂമാല തെയ്യം
പുതിയഭഗവതിയും ഐവർ പുലിദൈവങ്ങളും കരിന്തിരി നായരും

അച്ഛനായ ശിവനും മകളായ ചീർമ്പയ്ക്കും ദേവലോകത്തുള്ള പത്തില്ലം പട്ടേരിമാർക്കും വസൂരി രോഗം പിടിപെട്ടപ്പോൾ അതിന്റെ പരിഹാരത്തിനായി അഗ്നികുണ്ഡത്തിൽ നിന്നും ഉയർന്നു വന്ന ദേവതയാണു പുതിയ ഭഗവതി. പിന്നീട് രോഗനിവാശണത്തിനായി പരമേശ്വരൻ തന്നെയാണത്രേ പുതിയഭഗവതിയെ ഭൂമിയിലേക്ക് കൊണ്ടുവന്നത്. ശിവപാർവ്വതിമാർ പുലിവേഷം ധരിച്ച് കാട്ടിലൂടെ നടന്നപ്പോൾ ഐവർ പുലിദൈവങ്ങൾ. പുലികണ്ടൻ എന്നായിരുന്നു അന്നേരം പിതാവായ പരമശിവന്റെ പേര്. പാർവ്വതിയുടെ പേര് പുള്ളിക്കരിങ്കാളി എന്നുമായിരുന്നു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിയൂർ കണ്ണൻ, പുലിമാരുതൻ എന്നിവരായിരുന്നു അവർക്കുണ്ടായ ഐവർ പുലിദൈവങ്ങൾ.[അവലംബം ആവശ്യമാണ്]

ഒരിക്കൽ പുലിദൈവങ്ങൾക്ക് വിശപ്പ് സഹിക്കാൻ വയ്യാതെ വന്നപ്പോൾ കുറുമ്പ്രാതിരിവാണോരുടെ കരക്ക (തൊഴുത്ത്) തകർത്ത് പൈക്കളെ കൊന്നു തിന്നുവെന്നും, തുടർന്ന് വാഴുന്നോരുടെ നായാട്ടുവീരനായ കരിന്തിരി നായർ പുലികളെ തിരഞ്ഞ് കാട്ടിലെത്തിയെന്നും ഐതിഹ്യം. ഇതിൽ ദേഷ്യരൂപിയായ പരമശിവനായ പുലികണ്ടൻ നായരെ കൊന്നുതള്ളി, അതോടെ കരിന്തിരി നായരും തെയ്യക്കരുവായി ഐവർക്കൊപ്പം ചേർക്കപ്പെട്ടു.[22]

പ്രധാന ലേഖനം: പുതിയ ഭഗവതി
പ്രധാന ലേഖനം: പുലികണ്ടൻ
പ്രധാന ലേഖനം: പുള്ളിക്കരിങ്കാളി
വിഷ്ണുമൂർത്തി
വിഷ്ണുമൂർത്തി / പരിദേവത

നൂറ്റാണ്ടുകൾക്കുമുമ്പ് നിലേശ്വരത്തിനടുത്തുള്ള കൊയമ്പുറം ഗ്രാമത്തിലെ കാലിച്ചെറുക്കനായ തീയന്റെ കഥയാണു വിഷ്ണുമൂർത്തി തെയ്യത്തിന്റേത്. പരദേവത എന്നാണീ തെയ്യം അറിയപ്പെടുന്നത്. കുറുവാട്ട് കുറുപ്പെന്ന ജന്മിപ്രഭുവിന്റെ കാലികളെ മേയ്ക്കുന്ന പണിയായിരുന്നു കണ്ണൻ എന്ന തീയച്ചേരുക്കന്. കണ്ണനിൽ കുറുപ്പിന്റെ അനന്തരവൾ പ്രണയാസക്തയായത് അറിഞ്ഞപ്പോൾ കണ്ണനെ വധിക്കാൻ പാഞ്ഞെത്തിയ കയ്യന്മാരിൽ നിന്നും കണ്ണൻ ഓടിരക്ഷപ്പെടുന്നു. തുടർന്ന് വടക്ക് മംഗലാപുരത്ത് കോയിൽപ്പാടി എന്ന തീയ്യത്തറവാടിൽ അഭയം പ്രാപിച്ച കണ്ണനെ മുത്തശ്ശി സ്വന്തം മകനെ പോലെ സംരക്ഷിച്ചു. തുടർന്ന് തറവാട്ടിലെ നരസിംഹമൂർത്തിയുടെ ആരാധകനായി അഞ്ചോളം വർഷം മംഗലാപുരത്ത് കഴിച്ചുകൂട്ടി. നാടുവിട്ടവൻ നിലേശ്വരത്ത് തിരിച്ചെത്തിയെന്നും മറ്റുമുള്ള വാർത്ത കുറുവാട്ടുകുറുപ്പറിഞ്ഞു. കുറുപ്പു വന്നപ്പോൾ കദളിക്കുളത്തിൽ കണ്ണൻ കുളിക്കുകയായിരുന്നു. കണ്ണനെ അവിടെവെച്ച് കുറുപ്പ് കഴുത്തറുത്ത് കൊല്ലുന്നു.[25] [26] [27] തുടർന്ന് നാടാകെ ദുർനിമിത്തങ്ങൾ കണ്ടുതുടങ്ങി. പതിയെ കുറുപ്പു കീഴടങ്ങി, കോട്ടപ്പുറത്ത് നരംസിഹമൂർത്തിക്ക് (വിഷ്ണുമൂർത്തി) കുറുപ്പ് കാവൊരുക്കി. ഈ കാവിൽ പാലന്തായി കണ്ണന്റെ തെയ്യകോലം കെട്ടിയാടിച്ചു. ഇതാണു പരദേവത അല്ലെങ്കിൽ വിഷ്ണുമൂർത്തി എന്നറിയപ്പെടുന്ന തെയ്യം. തീയർ മാത്രമല്ല എല്ലാ സമുദായങ്ങൾക്കും പ്രധാനിയാണിന്നു പരദേവത.[22]

പ്രധാന ലേഖനം: പരദേവത
കതിവനൂർ വീരൻ

നല്ലൊരു ഉത്സവാന്തരീക്ഷത്തിൽ തീയസമൂദായം കൊണ്ടാടുന്ന തെയ്യമാണ് കതിവനൂർ വീരൻ. മാങ്ങാടു നിന്നും കതിവനൂരെത്തെ വീരചരമം പ്രാപിച്ച മന്ദപ്പൻ എന്ന പടയാളിവിരനാണു കതിവനൂർ വീരൻ. അച്ഛന്റെ ശകാരത്തിൽ പിണങ്ങി കുടകിലേക്ക് പിണങ്ങിപ്പോയ ചെറുപ്പകാരനാണു മന്ദപ്പൻ. പണ്ടെന്നോ അവിടേക്ക് എത്തിയ അമ്മാവന്റെ വീട്ടിൽ നിന്ന് പണിയെടുത്ത് മന്ദപ്പൻ ജീവിതം തുടർന്നു. അവിടെനിന്നും കണ്ടെത്തിയ ചെമ്മരത്തിയെ വിവാഹവും കഴിച്ചു. കുടകുപടയോട് മല്ലിട്ട് ജയിച്ച മന്ദപ്പന്റെ കഥയാണു കതിവനൂർ വീരൻ പറയുന്നത്.[22]

പ്രധാന ലേഖനം: കതിവനൂർ വീരൻ
കുരിക്കൾ തെയ്യം

കതിവനൂർ വീരനോടൊപ്പം കെട്ടിയാടുന്ന തെയ്യമാണ് കുരിക്കൾ തെയ്യം. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണ് കുരിക്കൾ തെയ്യമായി മാറിയത്. നാറ്റേഴും നടന്ന് മന്ത്രവാദവും വൈദ്യവും എഴുത്തും യോഗവും പഠിച്ച് കേളികേട്ട കുരിക്കളുടെ (ഗുരുക്കൾ) സഹായം നാടുവാഴിത്തമ്പ്രാനു ലഭിക്കാനിടയായി. കൈനിറയെ സമ്മാനങ്ങളും സ്ഥാനമാനങ്ങളും ലഭിച്ച് കുരിക്കളെ അസൂയാലുക്കൾ മറഞ്ഞിരിന്ന് ജീവനപഹരിച്ചു. ആ സമയത്തെ വിലാപം കേട്ട കതിവനൂർ വീരൻ കുരിക്കളെ തെയ്യമാക്കി മാറ്റി കൂടെ കൂട്ടുകയായിരുന്നു.[22]

പ്രധാന ലേഖനം: കുരിക്കൾ തെയ്യം
മുത്തപ്പൻ
മടപ്പുരയ്ക്ക് വലംവെയ്ക്കുന്ന മുത്തപ്പൻ വെള്ളാട്ടം

പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ നടക്കുന്ന തെയ്യാട്ടം തീയ സമുദായവുമായി ബന്ധപ്പെട്ടുകിടക്കുന്നു [13]. മുത്തപ്പൻ മടപ്പുരകളിലെയൊക്കെ മടയൻ എന്ന സ്ഥാനീയൻ തീയസമുദായക്കാരനായിരിക്കും. തെയ്യം കെട്ടുന്നത് വണ്ണാൻ സമുദായക്കാരാണ്. കുടുംബത്തിലെ അമ്മയുടേയോ അച്ഛന്റെയോ ജ്യേഷ്ഠനെ വിളിക്കുന്ന പേരാണു മുത്തപ്പൻ. തെയ്യവും ആ പേരിൽ തന്നെയാണറിയപ്പെടുന്നത്. കാരണവർ സ്ഥാനത്തിരിക്കുന്ന മുത്തപ്പുനുള്ള പ്രധാന നൈവേദ്യം കള്ളും, റാക്കും, മത്സ്യവും ചെറുപയറും ഒക്കെയാണ്. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ളതാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങളിൽ പുകയുന്നവരുടേയും സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ആശ്രിതവത്സലനായാണ് മുത്തപ്പന്റെ വിളയാട്ടം. പ്രാട്ടറസ്വരൂപത്തിലും കോലത്തു നാട്ടിലും കുടകിലും നിറഞ്ഞുനിൽക്കുന്ന ജനകീയദൈവമായ മുത്തപ്പൻ അന്യദേശക്കാർക്ക് അത്ര സുപരിചിതനല്ല. മദ്യവും മത്സ്യവും നിവേദ്യമായി നേദിക്കുന്ന ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ പൂജകളും നടത്താറുണ്ട്.

പ്രധാന ലേഖനം: മുത്തപ്പൻ
മറ്റു തെയ്യങ്ങൾ

തീയരുമായി ബന്ധപ്പെട്ടു കിടക്കുന്ന തെയ്യങ്ങളുടെ ലിസ്റ്റാണിത്. ചിലതൊക്കെ വിട്ടുപോയിട്ടുണ്ട്. മിക്കതെയ്യങ്ങൾക്കും ലേഖങ്ങളും ഉണ്ട്.

തീയരുടെ മറ്റു പ്രധാന തെയ്യങ്ങൾ
രക്തചാമുണ്ഡി ധൂമാഭഗവതി ഗുളികൻ ദൈവച്ചേകവൻ
കണ്ടനാർകേളൻ അണീക്കര ഭഗവതി കുണ്ടോർചാമുണ്ഡി ഉച്ചിട്ട
പൊട്ടൻ തെയ്യം ദണ്ഡ്യങ്ങാനത്ത്‌ ഭഗവതി പ്രമാഞ്ചേരി ഭഗവതി പിതൃവാടിച്ചേകവർ
ആര്യപൂമാല ഭഗവതി ഉച്ചൂളിക്കടവത്ത്‌ ഭഗവതി വേട്ടക്കൊരുമകൻ തണ്ടാർശ്ശൻ
ആര്യപൂമാരുതൻ ദൈവം പയ്യമ്പള്ളി ചന്തു തായ്‌പരദേവത കോരച്ചൻ
പടക്കത്തി ഭഗവതി പാടിക്കുറ്റിയമ്മ പോർക്കലി ഭഗവതി വെട്ടുചേകവൻ
നിലമംഗലത്ത്‌ ഭഗവതി ചുഴലിഭഗവതി കാരൻ ദൈവം തുളുവീരൻ
പറമ്പത്ത്‌‌ ഭഗവതി കളരിവാതുക്കൽ ഭഗവതി ആര്യപ്പൂങ്കന്നി കുടിവീരൻ
കാലിച്ചേകവൻ നാഗകന്നി ആര്യക്കര ഭഗവതി പുതുച്ചേകവൻ
പാലോട്ട്‌ ദൈവത്താർ കൂടൻ ഗുരുക്കന്മാർ ആലി തെയ്യം ശൂലകുഠാരിയമ്മ (മരക്കലത്തമ്മ)
അണ്ടലൂർ ദൈവത്താർ കാലിച്ചാൻ തെയ്യം കരക്കക്കാവ്‌ ഭഗവതി ആയിറ്റി ഭഗവതി
ചീറുംബ നാൽവർ തൂവക്കാളി കുട്ടിച്ചാത്തൻ പുലിച്ചേകവൻ
ഇളംകരുമകൻ അതിരാളം വിഷകണ്ഠൻ വീരഭദ്രൻ
പാടാർകുളങ്ങര ഐവർ ബപ്പൂരൻ തെക്കൻ കരിയാത്തൻ ആദിമൂലിയാടൻ ദൈവം
പടിഞ്ഞാറെ ചാമുണ്ഡി അങ്കക്കാരൻ തോട്ടുംകര ഭഗവതി അകത്തൂട്ടിച്ചേകവൻ
മടയിൽ ചാമുണ്ഡി പാടാർക്കുളങ്ങര വീരൻ പാലന്തായി കണ്ണൻ പാടി പടിഞ്ഞാർപ്പുറത്തമ്മ
കുറത്തിയമ്മ പൂക്കുട്ടിച്ചാത്തൻ എടലാപുരത്ത്‌ ചാമുണ്ഡി നാർക്കുളം ചാമുണ്ഡി
പൂതാടി പുല്ലോളിത്തണ്ടയാൻ

ചിത്രശാല

അവലംബം

 1. 1.0 1.1 ഡോ: ആർ. സി. കരിപ്പത്തിന്റെ തെയ്യപ്രപഞ്ചം, പേജ് നമ്പർ 181 മുതൽ
 2. Book: CODES of REALITY!: WHAT is LANGUAGE?
 3. quora.com
 4. ദ് ഹിന്ദു
 5. കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത്ര പഠനം (പ്രസിദ്ധീകരണം: 1986), പേജ് നമ്പർ 4, 5
 6. കാസർഗോഡ് ചരിത്രവും സമൂഹവും - (പേജ് 299 മുതൽ 312 വരെ) കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം - ഡോ: സി ബാലൻ
 7. തെയ്യപ്രപഞ്ചം - ഡോ. ആർ. സി. കരിപ്പത്ത് - പേജ് നമ്പർ 242, 11-ആം തലക്കെട്ട്
 8. കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത പഠനം, “നാമധേയത്തിന്റെ ഉത്ഭവം“ പേജ് നമ്പർ 22, 23
 9. മലബാർ തീയമഹാസഭ - സ്മരണിക ഡോ. രാഘവൻ പയ്യനാട്
 10. വയനാട്ടുകുലവൻ തൊണ്ടച്ഛൻ - ഡോ. ആർ. സി. കരിപ്പത്ത്
 11. 11.0 11.1 കെ. ജി. നാരായണൻ - ഈഴവ തീയ്യ ചരിത പഠനം, “ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ“ പേജ് നമ്പർ 40, 41
 12. വയനാട്ടു കുലവൻ
 13. 13.0 13.1 13.2 വയനാട്ടുകുലവൻ - പരിസ്ഥിതി - നാടോടി വിജ്ഞാനീയ പുസ്തകം പേജു നമ്പർ 36 - അംബികാസുതൻ മാങ്ങാട്
 14. കാസർഗോഡ് ചരിത്രവും സമൂഹവും - പേജ് 299, 300 - കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം
 15. തെയ്യപ്രപഞ്ചം - പത്താം പടലം - ചരിതം; ഡോ: ആർ. സി. കരിപ്പത്ത് പേജ് നമ്പർ 205
 16. ഒരു വംശീയ സ്വത്വബോധത്തിന്റെ പ്രതീകം - ഡോ. എം. വി. വിഷ്ണു നമ്പൂതിരി - പേജ് 39
 17. അനുഷ്ഠാനവും മാറുന്ന കാലവും - ഡോ. എ. കെ. നമ്പ്യാർ
 18. നമ്മുടെ തൊണ്ടച്ഛൻ - ഡോ. വൈ. വി. കണ്ണൻ
 19. http://www.gutenberg.org/ebooks/42991
 20. തീയരുടെ തൊണ്ടച്ഛൻ - പീലിക്കോട് മാധവപ്പണിക്കർ
 21. ഹിന്ദു പത്രം
 22. 22.0 22.1 22.2 22.3 22.4 22.5 ഡോ. ആർ. സി. കരിപ്പത്തിന്റെ തെയ്യപ്രപഞ്ചം
 23. നായാട്ട്
 24. തെയ്യപ്രപഞ്ചം, പേജ് നമ്പർ 181, 182 - ഡോ. ആർ. സി. കരിപ്പത്ത്
 25. പാലന്തായി കണ്ണൻ
 26. പാലന്തായി കണ്ണൻ തെയ്യം
 27. വൈകുണ്ഠക്ഷേത്രം കോട്ടപ്പുറം
 1. കാസർഗോഡ്‌ ചരിത്രവും‌ സമൂഹവും‌ - കാസർഗോഡ്‌ ജില്ലാ പഞ്ചായത്ത്‌
"https://ml.wikipedia.org/w/index.php?title=തീയർ&oldid=3461479" എന്ന താളിൽനിന്ന് ശേഖരിച്ചത്