Jump to content

പോലീസ് തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പടവീരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാടു വർഷാവർഷം നടത്തിവരുന്ന ഒരു തെയ്യക്കോലമാണ് പോലീസ് തെയ്യം. പടവീരൻ എന്നും ഈ തെയ്യത്തിനു പേരുണ്ട്. പഴയകാലത്തെ ഒരു പടയാളിയുടെ ഓർമ്മപ്പെടുത്തലാണ് പൊലീസ് തെയ്യത്തിന്റെ പുരാവൃത്തത്തിൽ ഉള്ളത്. എങ്കിലും ഇന്നുകാണുന്ന പോലീസ് വേഷത്തിലാണ് ഈ തെയ്യം അരങ്ങിലെത്തുന്നത്. ഇന്നു പോലീസ് ചെയ്തുവരുന്ന പ്രവർത്തനങ്ങൾ തന്നെയാണു പൊലീസ് തെയ്യം അവതരിപ്പിക്കുന്നതും. ഉത്സവം കാണാനെത്തിയവരിൽ ആരെങ്കിലും പുകവലിക്കുന്നുണ്ടെങ്കിൽ അവരെ പിടികൂടുക, ആളുകൾ നിരനിരയായി നിർത്തുക, തിരക്കു കൂട്ടുന്നവരെ പേടിപ്പിച്ച് മാറ്റി നിർത്തുക, ക്രമസമാധാനം പരിപാലിക്കാനായി വേണ്ടുന്ന കാര്യങ്ങൾ ചെയ്യുക എന്നിവയൊക്കെ പൊലീസ് തെയ്യത്തിന്റെ പ്രവർത്തനങ്ങളാണ്. പടന്നക്കാടുള്ള പാനൂക്ക് തായത്തു തറവാട്ടിലാണ് പോലീസ് തെയ്യം കെട്ടിയാടുന്നത്. തറവാട്ടിൽ കെട്ടിയാടുന്ന പ്രധാന തെയ്യമായ കരിഞ്ചാമുണ്ഡിയുടെ കൂടെയാണ് പോലീസ് തെയ്യം കെട്ടുന്നത്. എല്ലാവർഷവും മേടം 24 -നാണ് പോലീസ് തെയ്യം കെട്ടിയാടുന്നത്.

ഐതിഹ്യം

[തിരുത്തുക]

പഴയ കാലത്ത് ഒരിക്കൽ പാനൂക്ക് തായത്തു തറവാട്ടിലെ കാരണവർ എടച്ചേരി ആലിൽ നടക്കുന്ന കരിഞ്ചാമുണ്ഡി കളിയാട്ടം കാണാൻ എത്തിയിരുന്നു. തന്റെ തറവാട്ടിലും കരിഞ്ചാമുണ്ഡി തെയ്യം കെട്ടിയാടാൻ ആഗ്രഹമുള്ള വിവരം കാരണവർ തെയ്യത്തോട് പറഞ്ഞു. കരിഞ്ചാമുണ്ഡിയുടെ സമ്മതപ്രകാരം ദൈവശക്തിയെ ഒരു ചെമ്പുകുടത്തിലേക്ക് ആവാഹിച്ച് പാനൂക്ക് തായത്തുതറവാട്ടിലേക്ക് പോകാമെന്ന നിലയിലേക്ക് കാര്യങ്ങൾ വന്നു. സാമൂതിരി രാജാവിന്റെ ആ കാലഘട്ടത്തിൽ കോലസ്വരൂപത്തെ നായന്മാരും അള്ളട സ്വരൂപത്തെ നായന്മാരും തമ്മിൽ യുദ്ധം നടന്നു വരികയായിരുന്നു. കാരണവർ വഴിമദ്ധ്യേ വെച്ച് യുദ്ധം നടക്കുന്നതു കാണുന്നു. യുദ്ധസമയത്ത് വെട്ടേറ്റ ഒരു പടയാളി വീണുപിടയുന്നത് കാരണവർ കാണാനിടവന്നു. കരിഞ്ചാമുണ്ഡിയെ ഉൾക്കൊള്ളുന്ന ചെമ്പുകുടം താഴെവെച്ച് കാരണവർ ആ പടവീരനെ മടിയിൽ കിടത്തി വെള്ളം നൽകി. വെള്ളം കഴിച്ച പടയാളി മരിച്ചു പോവുന്നു.

തറവാട്ടിലെത്തിയ കാരണവർ കരിഞ്ചാമുണ്ഡിയെ വീട്ടിൽ പ്രതിഷ്ഠിച്ചു. അപ്പോൾ മറ്റൊരു സാന്നിദ്ധ്യം കൂടെ തറവാട്ടിൽ ഉള്ളതായി കാരണവർക്കു ബോധ്യം വന്നു. പ്രശ്നവിധിയാൽ അത് വഴിയിൽ കിടന്നു മരിച്ച പടയാളിയുടേതാണെന്നു മനസ്സിലാവുന്നു. തന്റെ കൂടെ കരിഞ്ചാമുണ്ഡി ഉണ്ടായിരുന്നതിനാൽ പടയാളിയെ കൂടി കരിഞ്ചാമുണ്ഡി കൂടെ കൂട്ടിയതാണത്രേ. അതിനുശേഷമാണ് തറവാട്ടിൽ പടവീരൻ എന്ന പൊലീസ് തെയ്യത്തെ കൂടി കെട്ടാനാരംഭിച്ചത്. അന്നത്തെ സൈനികനാണു കോലസ്വരൂപത്തിനധികാരിയെങ്കിലും വേഷവിധാനങ്ങളിൽ പൊലീസിന്റെ യൂണിഫോമിലാണിന്ന് തെയ്യത്തെ കാണാൻ സാധിക്കുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പോലീസ്_തെയ്യം&oldid=4107653" എന്ന താളിൽനിന്ന് ശേഖരിച്ചത്