വസൂരിമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊടുങ്ങല്ലുർ ക്ഷേത്രത്തിൽ കൊടുങ്ങല്ലൂർ ഭഗവതിക്കൊപ്പം കുടികൊള്ളുന്ന ദേവിയാണ് വസൂരിമാല. ദാരികന്റെ പത്നിയായ മനോദരിയാണ് വസൂരിമാല എന്നാണ് വിശ്വാസം.

വസൂരിമാലത്തോറ്റം[തിരുത്തുക]

പൊലിക പൊലിക പൊലിക ഭഗവതിയെ പൊലിക

പൊലിക തായെ തിരുനാൾ പൊലിക

ഏറപ്പൊലിക ഭഗവതിയോ വള്ളുവൈനാട്

ഏറപ്പൊലിക ഭഗവതിയോ ഏറ്വൈനാടോ

(പൊലിച്ചു പാട്ട് വസൂരിമാലതോറ്റം)

ഐതിഹ്യം[തിരുത്തുക]

ആദിപരാശക്തിയുടെ ഉഗ്ര അവതാരമായ ശ്രീ ഭദ്രകാളി ദാരികനെ യുദ്ധത്തിൽ വധിക്കുമെന്ന് ഉറപ്പായപ്പോൾ അതീവ ദുഖിതയായ ദാരിക പത്നി മനോദരി പരമശിവനെ തപസ്സുചെയ്യുകയും, ശ്രീ പാർവ്വതിയുടെ നിർബന്ധപ്രകാരം ശിവൻ മനോദരിക്കു മുമ്പിൽ പ്രത്യക്ഷരാവുകയും ചെയ്തു. തുടർന്ന് തന്റെ വിയർപ്പു തുള്ളികൾ മനോദരിക്ക് നൽകി " ഇത് കൊണ്ടുപോയി മനുഷ്യരുടെ മേൽ തളിക്കുക, നിനക്ക് വേണ്ടതെല്ലാം മനുഷ്യർ നൽകുമെന്ന്" അരുളിച്ചെയ്തു ശിവൻ ഉടനടി അപ്രത്ക്ഷമാവുകയും ചെയ്തു. ഭദ്രകാളി തന്റെ പതിയുടെ ചേതിച്ചശ്ശിരസ്സ് കയ്യിലേന്തി വേതാളപ്പുറത്തേറി ശിവഗണങ്ങളോടൊപ്പം വിജയഭേരി മുഴക്കി വരുന്നതു കണ്ട മനോദരിക്ക് കോപം ഇരട്ടിക്കുകയും കയ്യിലുണ്ടായിരുന്ന വിയർപ്പു തുള്ളികൾ ഭഗവതിയുടെ മേൽ തളിക്കുകയും ചെയ്തു. ഭദ്രകാളിയുടെ ശരീരത്തിൽ വിയർപ്പു തുള്ളികൾ പതിഞ്ഞ ഭാഗങ്ങളിലെല്ലാം വസൂരി പൊങ്ങുകയും ക്ഷീണിച്ചവശയാവുകയും ചെയ്തു. ഇതറിഞ്ഞ് കോപിതനായ ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർത്തിലൂടെ പുറത്തു വന്ന കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരി മാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരികുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. എന്നാൽ മുഖത്തെ വസൂരിക്കലകൾ ഇല്ലാതാക്കാൻ ശ്രമിച്ച കണ്ഠാകർണ്ണനെ സഹോദരസ്ഥാനീയൻ ആയതിനാൽ മുഖത്തോട് മുഖം ചേർക്കുന്നത് ശെരിയല്ല എന്ന് പറഞ്ഞു ഭദ്രകാളി തടഞ്ഞു. തുടർന്ന് കണ്ഠാകർണ്ണൻ ഭദ്രകാളിയുടെ നിർദ്ദേശപ്രകാരം മനോദരിയെ അവരുടെ മുന്നിൽ എത്തിക്കുകയും കോപാകുലയായ ഭദ്രകാളി അവരുടെ കണ്ണും, ചെവിയും, കാലുകളും വെട്ടിമാറ്റി, ഇനി നീ ഒരിക്കലും കണ്ടും കേട്ടും ഓടിയും ചെന്ന് മനുഷ്യരെ ഉപദ്രവിക്കരുതെന്ന് ശാസിച്ചു. പിന്നീട് തന്റെ തെറ്റുകളേറ്റു പറഞ്ഞ മനോദരിയോട് അലിവു തോന്നിയ പരാശക്തി അവർക്ക് വസൂരിമായ എന്ന പേരുനൽകി സന്തത സഹചാരിയായി കൂടെ വാഴിക്കുകയും ചെയ്തു. വസൂരിമാല ബാധിക്കുന്നതു കൊണ്ടാണ് വസൂരിരോഗം ഉണ്ടാകുന്നത് എന്നായിരുന്നു പണ്ടുകാലത്തെ ചില ആളുകളുടെ സങ്കല്പം. പകർച്ചവ്യാധി ബാധിച്ച രോഗികളെ സുഖപ്പെടുത്താൻ കണ്ഠാകർണ്ണനെയും വസൂരിമാലയെയും രോഗിയുടെ സമീപത്തേക്ക് ഭഗവതി അയക്കുമെന്നാണ് വിശ്വാസം.

"https://ml.wikipedia.org/w/index.php?title=വസൂരിമാല&oldid=3985660" എന്ന താളിൽനിന്ന് ശേഖരിച്ചത്