കാളി-ദാരിക യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുമത ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന ഒരു യുദ്ധമാണ് കാളി-ദാരിക യുദ്ധം. ഹൈന്ദവ ഗ്രന്ഥമായ ലിംഗപുരാണത്തിലാണ് കാളി ദാരിക യുദ്ധം പ്രതിപാദിച്ചിട്ടുള്ളത്. ദാരികനിഗ്രഹവുമായി ബന്ധപ്പെട്ട പല ചടങ്ങുകൾ ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഉണ്ട്. അതു പോലെ ദാരികനിഗ്രഹകഥ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന നിരവധി അനുഷ്ഠാന കലകളും പ്രചാരത്തിലുണ്ട്.

യുദ്ധം[തിരുത്തുക]

ഹൈന്ദവ ഗ്രന്ഥമായ ലിംഗപുരാണത്തിലെ ദാരികാസുരനിഗ്രഹകഥ പ്രതിപാദിക്കുന്നത്.

ദാരികൻ എന്ന അസുരൻ ബ്രഹ്മാവിന്റെ കടുത്ത ഭക്തനായിരുന്നുവെന്ന് പറയപ്പെടുന്നു. ബ്രഹ്മാവിനെ തപസ് ചെയ്ത് ദാരികൻ, ഒരു സ്ത്രീക്ക് മാത്രമേ തന്നെകൊല്ലാൻ കഴിയൂ എന്ന വരം നേടുന്നു, അതും ഒരു തുള്ളി രക്തം പോലും വീഴാതെ.[1] ഒരു തുള്ളി രക്തം താഴെവീണാൽ അതിൽ നിന്ന് ആയിരം ദാരികന്മാർ ജനിക്കും എന്നതായിരുന്നു വരം.[1] ഈ അനുഗ്രഹത്താൽ, തന്നെ ആർക്കും കൊല്ലാൻ കഴിയില്ലെന്ന് ചിന്തിച്ച് ദാരികൻ ഭൂമിയിലും ആകാശത്തിലും നാശം വിതയ്ക്കുന്നു.

തുടർന്ന് ദേവന്മാർ ത്രിമൂർത്തികളുടെ മൂന്ന് അംശങ്ങളും വരുണൻ, സുബ്രഹ്മണ്യൻ, യമൻ, ഇന്ദ്രൻ ഇവരുടെ നാല് അംശങ്ങളും കൊണ്ട്, ആറു സ്ത്രീകളെ (ഷഡ് മാതാക്കൾ) സൃഷ്ടിച്ച്‌ ദാരിക നിഗ്രഹത്തിനയച്ചു. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി എന്നിവരായിരുന്നു ആറു ദേവിമാർ.[2] എന്നാൽ ദാരികനും ആറു മാതാക്കളും തമ്മിൽ നടന്ന യുദ്ധത്തിൽ ദാരികൻ ആണ് വിജയിച്ചത്. ദാരികന് നേർമാർഗം ഉപദേശിക്കാൻ മഹാദേവൻ നാരദരെ അയക്കുന്നു. എന്നാൽ ദൂതനായ നാരദനെ വധിക്കാൻ ദാരികൻ ശ്രമിക്കുന്നു. നാരദൻ ശിവനെ അഭയം പ്രാപിക്കുന്നു.[2]

തുടർന്ന് കോപിഷ്ടനായ, ശിവൻ തന്റെ മൂന്നാം കണ്ണ് തുറക്കുകയും ഉഗ്രരൂപിണിയായ ശ്രീ ഭദ്രകാളി അവതരിക്കുകയും ചെയ്തു. വേതാളത്തെ വാഹനമാക്കിയ ശക്തി സ്വരൂപിണിയായ ഭദ്രകാളി ദാരികാപുരിയിലെത്തി ദാരികനെ പോരിന് വിളിക്കുന്നു. ആകാശ യുദ്ധം നടത്തിയിട്ടു പോലും ദാരികനെ വധിക്കുവാൻ ആദ്യം ദേവിക്ക് കഴിയുന്നില്ല. തുടർന്ന് ശ്രീ പാർവ്വതി ദാരികനെ വധിക്കാനുള്ള രഹസ്യം അയാളുടെ ഭാര്യയിൽ നിന്നും മനസ്സിലാക്കി അത് ഭദ്രകാളിക്ക് പറഞ്ഞു കൊടുത്ത് വിജയാശംസ നേരുന്നു.[3] ഭദ്രകാളി വേതാളത്തിൻ്റെ ചുമലിൽ സഞ്ചരിച്ച് ദാരികനെ ശിരസ്സറുത്ത് കൊല്ലുന്നു.[1] രക്തം മുഴുവൻ നിലത്തു വീഴാൻ അനുവദിക്കാതെ വേതാളം രക്തം കുടിക്കുന്നു.[1]

അനുഷ്ഠാനകലകളും ആചാരങ്ങളും[തിരുത്തുക]

ദാരികാസുരനിഗ്രഹകഥ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന നിരവധി അനുഷ്ഠാന കലകൾ കേരളത്തിൽ പ്രചാരത്തിലുണ്ട്.

മുടിയേറ്റ്[തിരുത്തുക]

മുടിയേറ്റ് അവതരണത്തിൽ‍ നിന്ന്

യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്.[4] കുറുപ്പ്, മാരാർ സമുദായത്തിൽ പെട്ടവരാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്.[5]

കൊടുങ്ങല്ലൂർ ഭരണി[തിരുത്തുക]

കാളീ-ദാരികയുദ്ധം തുടങ്ങുന്നു എന്ന സങ്കൽപ്പത്തിൽ ആണ് കൊടുങ്ങല്ലൂർ ഭരണിയിലെ പ്രധാന ചടങ്ങ് ആയ "കോഴിക്കല്ലു മൂടൽ" നടത്തപ്പെടുന്നത്. ഭദ്രകാളി ദാരികനുമായുള്ള യുദ്ധത്തിൽ വിജയം വരിച്ചതായി വിശ്വസിക്കുന്ന രേവതിനാളിലാണ് പ്രസിദ്ധമായ "രേവതി വിളക്ക്" നടത്തപ്പെടുന്നത്.[6] മീനമാസത്തിലെ തിരുവോണം നാളിൽ കോഴിക്കല്ല് മൂടി കാളിയും ദാരികനും യുദ്ധത്തിന് സമയം കുറിച്ച്, തുടർന്നുള്ള ഉത്രട്ടാതി നാളിൽ പരസ്പരം യുദ്ധം ചെയ്ത്, ഒടുവിൽ രേവതിനാളിൽ ത്രിസന്ധ്യയോടെ പ്രതീകാത്മകമായി ദാരികന്റെ തലയറുത്ത് ലോകത്തിന് പ്രകാശം പരത്തുന്നതാണ് രേവതിവിളക്കിൻ്റെ ഐതീഹ്യം.[7]

നിണബലി[തിരുത്തുക]

വടക്കൻ കേരളത്തിലെ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ പ്രചാരത്തിലുള്ള ദാരികാസുരനിഗ്രഹകഥ പശ്ചാത്തലമാക്കിയുള്ള ഒരു അനുഷ്ഠാനകലാരൂപമാണ്‌ നിണബലി.[8] മലയ ജനവിഭാഗം, ബാധ ഒഴിപ്പിക്കൽ ചടങ്ങുകളുടെ ഭാഗമായി വീടുകളിൽ അവതരിപ്പിക്കുന്നതാണ് ഈ കലാരൂപം.[8]

കാളിദാരികൻ[തിരുത്തുക]

ദാരികാസുരനിഗ്രഹകഥ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന അനുഷ്ഠാന നാടകമാണ് കാളിദാരികൻ. കാളിയും ദാരികാസുരനുമായുള്ള പോർവിളിയും ഒടുവിൽ കാളി ദാരികനെ കൊല്ലുന്നതുമാണ് അരങ്ങിൽ അവതരിപ്പിക്കുന്നത്. മദ്ധ്യകേരളത്തിൽ, തൃശൂർ, പാലക്കാട് ജില്ലകളിൽ വേലയോടും പൂരത്തോടുമനുബന്ധിച്ച് ക്ഷേത്രങ്ങളിൽ ഈ അനുഷ്ഠാന നാടകം അവതരിപ്പിച്ചു വരുന്നു.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത‌് കാട്ടകാമ്പാൽ ക്ഷേത്രത്തിലെ പൂരം തൃശ്ശൂർ ചേലക്കര അന്തിമഹാകാളൻ കാവിലെ വേല എന്നിവ കാളിദാരികന് പ്രസിദ്ധമാണ്.[9] കാളിദാരികൻ നാടകത്തിലെ പ്രധാന ഭാഗമായ കാളിയും ദാരികനും ആയുള്ള സംവാദം കാട്ടകാമ്പാലിൽ വായ്പ്പോര് എന്നും അന്തിമഹാകാളൻ കാവിൽ പെശക്കം എന്നുമാണ് അറിയപ്പെടുന്നത്.[9]

പടയണി[തിരുത്തുക]

ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന മറ്റൊരു അനുഷ്ഠാന കലയാണ് പടയണി. ദാരികാസുരനെ വധിച്ചിട്ടും ദേവിയുടെ കോപം ശമിച്ചില്ല, തുടർന്ന് ശിവൻ കോപാകുലയായ കാളിയുടെ മുന്നിൽ കുട്ടികളുടെ രൂപത്തിൽ ഗണപതിയെയും നന്ദിയെയും അയച്ചു. കുട്ടികളെ കണ്ടപ്പോൾ കാളിയുടെ മനസ്സ് മാതൃസ്നേഹത്താൽ നിറഞ്ഞു, ഇതാണ് പടയണിയിൽ അവതരിപ്പിക്കുന്നത്.[1]

വട്ടമുടി[തിരുത്തുക]

കേരളത്തിൽ പഴയ വള്ളുവനാട് പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള കാളി-ദാരിക യുദ്ധം അടിസ്ഥാനമാക്കിയുള്ള ഒരു അനുഷ്ഠാന കലയാണ് വട്ടമുടി. പ്രധാനമായും കേരളത്തിലെ പറയ സമുദായക്കാർ ആചരിക്കുന്ന അനുഷ്ഠാനകലയാണ്‌ വട്ടമുടി.[10] വട്ടമുടി അണിയുന്ന ആളിനെ ദേവിയുടെ പ്രതിരൂപമായാണ് കാണുന്നത്.[11]

കളമെഴുത്തും പാട്ടും[തിരുത്തുക]

ദാരികവധം അടിസ്ഥാനമാക്കി ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു അനുഷ്ഠാനമാണ് കളമെഴുത്തും പാട്ടും.[2]

കാളിയൂട്ട്[തിരുത്തുക]

കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇതിവൃത്തമാക്കി കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴിച്ച നാളിൽ ദേവീക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു അനുഷ്ഠാനകലയാണ് കാളിയൂട്ട്.[12] തിരുവിതാംകൂർ ഭരണാധികാരി ആയിരുന്ന മാർത്താണ്ഡ വർമ്മ മഹാരാജാവ്, കായംകുളം രാജാവും ആയി യുദ്ധത്തിനു പുറപ്പെടും മുൻപ് ശാർക്കര ക്ഷേത്രത്തിൽ വെച്ച് നേർച്ച ആയി നടത്താമെന്ന് ഏറ്റു പറഞ്ഞു തുടങ്ങിയതാണ് കാളിയൂട്ട് എന്നാണ് വിശ്വാസം.[12]

കാളി തീയാട്ട്[തിരുത്തുക]

കാളിദാരിക യുദ്ധം അടിസ്ഥാനമാക്കി കളത്തിനു മുന്നിൽ അരങ്ങേറുന്ന ഒരു അനുഷ്ടാന നൃത്തമാണ് കാളി തീയാട്ട്.[13] വിവിധ കഥാപാത്രങ്ങളായി ഒരു വേഷം തന്നെ അഭിനയിക്കുന്ന പകർന്നാട്ടം ഈ അനുഷ്ഠാനത്തിൻ്റെ ഒരു പ്രത്യേകതയാണ്.[13]

നങ്ങ്യാർ കൂത്ത്[തിരുത്തുക]

മാർഗ്ഗി ഉഷ തൊഴുവൻകോട് ദേവീക്ഷേത്രത്തിൽ ദാരികവധം കഥ നങ്ങ്യാർ കൂത്ത് രൂപത്തിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്.[14]

തെയ്യം[തിരുത്തുക]

ദാരികാസുരനെ വധിച്ച കാളിയുടെ ഭാവത്തിൽ ആരാധിക്കുന്ന ഒരു തെയ്യമാണ് കുണ്ടോറ ചാമുണ്ഡി.[15] വേലന്മാർ ആണ് ഈ തെയ്യം കെട്ടുന്നത്. ഈ സമുദായക്കാർ കെട്ടിയാടിവരുന്ന കുറത്തി, പരവച്ചാമുണ്ഡി, തൊരക്കാർ, മോന്തിക്കോലം തുടങ്ങിയ തെയ്യങ്ങളിലെ ആരാധനാമൂർത്തിയും ഇതുതന്നെയാണ്.[15]

നാടകങ്ങൾ[തിരുത്തുക]

കാളി നാടകം[തിരുത്തുക]

അതിന്റെ 25-ാം വർഷത്തിൽ, കൊച്ചി ആസ്ഥാനമായുള്ള ലോകധർമ്മി തിയേറ്റർ ഗ്രൂപ്പ് കാളിദാരിക യുദ്ധം അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന നാടകമാണ് 'കാളി നാടകം'.[16][17] സജിത മഠത്തിൽ തിരക്കഥയെഴുതി മുഖ്യ വേഷം ചെയ്യുന്ന നാടകം സംവിധാനം ചെയ്യുന്നത് ചന്ദ്രദാസൻ ആണ്.[16] സ്ത്രീയുടെ ശക്തി അടിച്ചമർത്തപ്പെടുന്ന ആധുനിക സമൂഹത്തിന്റെ പശ്ചാത്തലത്തിൽ കാളിയുടെയും ദാരികൻ്റെയും പുരാണത്തെ ചിത്രീകരിക്കുന്നതാണ് നാടകമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.[16]

ചലച്ചിത്രങ്ങൾ[തിരുത്തുക]

ദൃഷ്ടാന്തം[തിരുത്തുക]

മുരളി നായകനായ ദൃഷ്ടാന്തം എന്ന മലയാള ചലച്ചിത്രവും കാളി-ദാരികയുദ്ധം പശ്ചാത്തലമാക്കിയ കലയെ അടിസ്ഥാനമാക്കിയുള്ളതാണ്.[18] ഇതിൽ മുരളി അനുഷ്ഠാന കലാരൂപമായ തീയ്യാട്ട് കലാകാരനായി വേഷമിടുന്നു.[18]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 "Myth behind the art form of Padayani | Kerala Tourism" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2023-04-14.
 2. 2.0 2.1 2.2 "ഭദ്രകാളിക്ക് വസൂരി വന്നത് എങ്ങനെ എന്നറിയാമോ? കളമെഴുത്തും പാട്ടിനും പിന്നിലെ ഐതിഹ്യം ഇങ്ങനെ!". ശേഖരിച്ചത് 2023-04-14.
 3. "ശാർക്കര മഹാകാളിക്ക് കാളിയൂട്ട്". ശേഖരിച്ചത് 2023-04-14.
 4. "UNESCO - Mudiyettu, ritual theatre and dance drama of Kerala". ich.unesco.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2023-04-14.
 5. "മുടിയേറ്റ് - മധ്യകേരളത്തിലെ കാളി ക്ഷേത്രങ്ങളിൽ പ്രചാരത്തിലുളള അനുഷ്ഠാനകല, കേരള ടൂറിസം". Kerala Tourism. ശേഖരിച്ചത് 2023-04-14.
 6. "രേവതി വിളക്ക് വ്യാഴാഴ്ച്ച; തൊഴുതാൽ അക്ഷയ പുണ്യം". 2023-03-22. ശേഖരിച്ചത് 2023-04-14.
 7. "കൊടുങ്ങല്ലൂർ ഭരണി ഇന്ന‌് അശ്വതി കാവ‌ുതീണ്ടൽ". ശേഖരിച്ചത് 2023-04-16.
 8. 8.0 8.1 "നിണബലി". Deshabhimani. 20 May 2018. ശേഖരിച്ചത് 2023-03-04.
 9. 9.0 9.1 "കാളിദാരിക വധം". ശേഖരിച്ചത് 2023-04-14.
 10. "നിറഞ്ഞാടും വട്ടമുടിയും തിറയും". Deshabhimani.
 11. "TCV News". tcvlive.in. മൂലതാളിൽ നിന്നും 2023-03-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-04-14.
 12. 12.0 12.1 "Spirituality enlightenes human beings and life". ശേഖരിച്ചത് 2023-04-14.
 13. 13.0 13.1 "ഭദ്രകാളിത്തീയാട്ട്". ശേഖരിച്ചത് 2023-04-16.
 14. Cheerath, Bhavani. "Darika’s tale". www.thehindu.com. The Hindu.
 15. 15.0 15.1 Haridas, Harikrishnan (2022-03-24). "കുണ്ടോറച്ചാമുണ്ഡി". ശേഖരിച്ചത് 2023-04-16.
 16. 16.0 16.1 16.2 "The tale of Kaali who is oppressed". മൂലതാളിൽ നിന്നും 2023-04-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-04-16.
 17. "Kaali Naadakam Review - Mahindra Excellence in Theatre Awards" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2023-04-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-04-16.
 18. 18.0 18.1 "Indian panorama 2006 catalogue". Directorate of Film Festivals, Ministry of Information and Broadcasting, Government of India. ശേഖരിച്ചത് 2023-04-16.
"https://ml.wikipedia.org/w/index.php?title=കാളി-ദാരിക_യുദ്ധം&oldid=3974868" എന്ന താളിൽനിന്ന് ശേഖരിച്ചത്