മാക്കപ്പോതി
കോലസ്വരൂപത്തിലെ ഒരു പ്രധാന തെയ്യമാണു് മാക്ക ഭഗവതി എന്നും കാടാങ്കോട്ട് മാക്കം എന്നും അറിയപ്പെടുന്ന മാക്കപ്പോതി. നായർ/നമ്പ്യാർ സ്ത്രീയായ മാക്കം.ആങ്ങളമാരുടെ ഭാര്യമാർ അപവാദ പ്രചരണം കൊണ്ട് സ്വന്തം സഹോദരന്മാരാൽ ജീവിതം നഷ്ടമായ ഒരു തറവാടി നായർ/നമ്പ്യാർ സ്ത്രീ അമ്മദൈവമായി തെയ്യക്കോലമായി മാറിയ പുരാവൃത്തമാണ് മാക്കവും മക്കളും തെയ്യത്തിന്റേത്.വടക്കേ മലബാറിൻ്റെ തിരാനൊമ്പരവും,കണ്ണിരുമാണ് മാക്കം .മാക്കത്തിൻ്റെ തോറ്റം പാട്ട് കേട്ട് കണ്ണീര് വീഴാത്ത അമ്മമാരില്ല .മാക്കം തെയ്യം കോലംധരിക്കാൻ അവകാശം വണ്ണാൻ സമുദായക്കാർക്കാണ്.തെയ്യപ്രപഞ്ചത്തിലെ വളരെ ദൈർഘല്ല്യം ഏറിയ തോറ്റം മാക്കപോതിയുടെയാണെന്നത് ഒരു സവിശേഷതയാണ്.കുഞ്ഞിമംഗലം കാടാങ്കോട്ട് തറവാടാണ് ആരുഡം കൂടാതെ ചാല പുതിയ വീട്ടിലും എല്ലാ വർഷവും മാക്ക പോതിയെ കെട്ടിയാടുന്നു.വയൽ തിറയായും ,(സന്താന സൗഭാഗ്യത്തിനായി' നേർച്ചയായും മാക്ക പോതിയെ കെട്ടിയാടിക്കുന്നു.
പുരാവൃത്തം
[തിരുത്തുക]കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തെ കുഞ്ഞിമംഗലത്തെ കാടാങ്കോട്ട് തറവാട്ടിലെ ഉണിച്ചെറിയയുടെ മകളാണ് മാക്കം. പന്ത്രണ്ട് ആങ്ങളമാർക്കുള്ള ഏക പെങ്ങൾ. വിദ്യാഭ്യാസം കഴിഞ്ഞ കുഞ്ഞിമാക്കത്തിനെ വിവാഹം കഴിച്ചത് മച്ചുനനായ കുട്ടിനമ്പറാണ്. നേരിയോട്ട് സ്വരൂപവും കോലത്തിരിയും തമ്മിൽ പടകുറിച്ച സമയമായതിനാൽ ആങ്ങളമാർ പടക്ക് പോകേണ്ടി വന്നു. മക്കളായ ചന്തുവിനും ചീരുവിനും ഒപ്പം മാക്കം സഹോദര ഭാര്യമാർക്കൊപ്പമായിരുന്നു താമസിച്ചത്. നാത്തൂന്മാർക്ക് മാക്കത്തിനെ ഇഷ്ടമായിരുന്നില്ല. അവളെ ചതിവിൽ കുടുക്കി പേരുദോഷം വരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു അവർ. എണ്ണയുമായി വാണിയൻ വരുന്ന സമയമായപ്പോൾ എല്ലാവരും മാറിനിന്നു. ഋതുമതിയായിരുന്നതിനാൽ മാക്കം എണ്ണക്കുടം തൊട്ടശുദ്ധമാകുന്നതിനാൽ വാണിയനോട് ഒരുകാൽ എടുത്ത് വച്ച് എണ്ണതുത്തിക അകത്തുവെച്ചോളാൻ മാക്കം പറഞ്ഞു. എണ്ണ അകത്ത് വച്ച് വാണിയൻ തിരിയുമ്പോൾ നാത്തൂന്മാർ വെളിയിൽ വന്നു. അവർ മാക്കത്തിനുമേൽ അപരാധം ചൊരിഞ്ഞു. പടക്ക് പോയ ആങ്ങളമാർ തിരിച്ചുവന്നപ്പോൾ വാണിയനുമായി മാക്കം അപരാധം ചെയ്തതു തങ്ങൾ കണ്ടതായി അവർ പറഞ്ഞു. ആങ്ങളമാർ അതു വിശ്വസിച്ചു. കുടുംബത്തിനു അപമാനം വരുത്തിയ മാക്കത്തെ ചതിച്ച് കൊല്ലാൻ അവർ നാത്തൂന്മാരുടെ നിർബന്ധത്താൽ തീരുമാനിച്ചു. കോട്ടയത്തു വിളക്ക്മാടം കാണാനെന്നും പറഞ്ഞ് മാക്കവുമായി പുറപ്പെട്ടു. നടന്നുപോകുമ്പോൾ കുട്ടികൾക്ക് ദാഹിച്ചപ്പോൾ സഹോദരന്മാരുടെ അനുവാദത്തോടെ അവൾ ചാല പുതിയവീട്ടിൽ കയറി. മാക്കത്തിനും മക്കൾക്കും ആറിത്തണുപ്പിച്ച പാലുകുടിക്കാൻ വീട്ടമ്മകൊടുത്തു. മാക്കം അവർക്ക് കഴുത്തിൽ കെട്ടിയ കോയപ്പൊന്ന് അഴിച്ച് കൊടുത്തു. യാത്രതുടർന്ന് അയ്യങ്കരപ്പള്ളിയരികെ എത്തിയപ്പോൾ ദാഹം തീർക്കാൻ കിണറ്റരികെ സഹോദരന്മാർ കൊണ്ടുപോയി. വെള്ളമെടുത്ത് കുട്ടികൾക്ക് കൊടുത്തു. നട്ടുച്ചക്ക് നക്ഷത്രമുദിച്ചത് കണ്ടൊ? എന്നു സഹോദരന്മാർ ചോദിക്കുന്നത് കേട്ട് തലയുയർത്തീയ തക്കത്തിന് സഹോദരന്മാർ ചുരികകൊണ്ട് മാക്കത്തിന്റെ തല അറത്തു. കുട്ടികളേയും അവർ കൊന്നു. ആ സന്ദർഭത്തിൽ അതുവഴി വന്ന കാഴ്ചകണ്ട ഒരു മാവിലനേയും അവർ വാളിന്നിരയാക്കി.കുറച്ച് കഴിയും മുമ്പ് അവർ തമ്മിൽ പലതും പറഞ്ഞ് തെറ്റി പരസ്പരം വെട്ടി ചത്തുവീണു. മാക്കം വീട്ടിൽ നിന്നും പുറപ്പെടും മുമ്പ് പറഞ്ഞപോലെ കുഞ്ഞിമംഗലത്തെ കാടാങ്കോട്ട് തറവാട്ടിന് തീ പിടിച്ചു. വീരചാമുണ്ടിയുടെ സ്ഥാനമായ കൊട്ടിലകം മാത്രം കത്തിനശിക്കാതെ ബാക്കിയായി.നാത്തൂന്മാർ ഭ്രാന്തിളകി ചത്തു. പിന്നീട് മാക്കത്തെ ഭഗവതിയായി മക്കളോടൊപ്പം കെട്ടിയാടിക്കാൻ തുടങ്ങി.
ചിത്രശാല
[തിരുത്തുക]-
കണ്ണൂർ ചാലയിൽ കെട്ടിയാടുന്ന മാക്കപ്പോതി
-
കണ്ണൂർ ചാലയിൽ കെട്ടിയാടുന്ന മാക്കപ്പോതി
-
മാക്കപ്പോതിയുടെ തോറ്റം
-
മാക്കപ്പോതിയുടെ തോറ്റം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തെയ്യത്തിന്റെ വീഡിയോ Archived 2013-04-07 at the Wayback Machine.
- സചിത്ര ലേഖനം