പനിയൻ
തെയ്യങ്ങളിലെ കോമാളിയാണു പനിയൻ തെയ്യം. ഒറ്റക്കോലങ്ങളിൽ രാത്രിയിലാണു പനിയൻ തെയ്യത്തെ കെട്ടിവരുന്നത്. മലയസമുദായക്കാരാണു പനിയൻ തെയ്യത്തെ കെട്ടുന്നത്. രാത്രി നടക്കുന്ന രണ്ട് തെയ്യങ്ങൾക്കിടയിലുള്ള പുറപ്പാട് സമയത്തിൽ ദൈർഘ്യം കൂടുതൽ ഉണ്ടെങ്കിൽ അതിനിടയ്‌ക്ക് ആൾക്കാരെ രസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കെട്ടുന്ന തെയ്യമാണിത്. നിർബന്ധമായും കെട്ടിയാടേണ്ട ഒരു തെയ്യമല്ല പനിയൻ തെയ്യം. അതുകൊണ്ടുതന്നെ നേർച്ചകളും വഴിപാടുകളും ഒന്നും ഈ തെയ്യത്തിനില്ല.
ചടങ്ങ്
[തിരുത്തുക]ശിവാംശത്തിൽ നിന്നും ഉടലെടുത്ത തെയ്യക്കോലമാണു താനെന്നു പനിയൻ സ്വയം പരിചയപ്പെടുത്താറുണ്ട്. പനിയൻ വരുമ്പോൾ ചെണ്ടയുമായി സാധാരണഗതിയിൽ ഒരാൾ മാത്രമേ ഉണ്ടാവാറുള്ളൂ. ഗുരുക്കൾ എന്നാണിയാളെ പനിയൻ വിളിക്കുക. ഗുരുക്കളും പനിയനും തമ്മിലുള്ള സംഭാഷണങ്ങൾ ആണ് ഈ തെയ്യത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്ന്. ഗുരുക്കളും പനിയനും പലതും പറഞ്ഞ് ആശയവിനിമയം നടത്തുന്നു. പനിയനു വിദ്യ പറഞ്ഞുകൊടുക്കുന്ന ആളെന്ന നിലയിലാണ് ഗുരുക്കൾ വരുന്നത്. പനിയനെ നല്ല ശീലങ്ങൾ പഠിപ്പിക്കുക, അക്ഷരാഭ്യാസം ചെയ്യിക്കുക എന്നതൊക്കെയാണു ഗുരുക്കളുടെ ചുമതല. എന്നാൽ ഗുരുക്കളുടെ ചോദ്യങ്ങൾ തെറ്റായി കേട്ടും തെറ്റായി വ്യാഖ്യാനിച്ചും പനിയൻ ആളുകളെ ചിരിപ്പിക്കും. വാദ്യക്കാരനും പനിയനെ കെട്ടിയ കോല്ലക്കാരനും നല്ല നർമ്മബോധമുള്ളവരാണെങ്കിൽ നല്ലൊരു സമയം പോക്കാണ് ഈ തെയ്യം.
പള്ളിയറയുടെ മുന്നിൽ വന്ന് നിലത്തിരുന്നുകൊണ്ടാണ് പനിയൻ അധികസമയവും സംഭാഷണം നടത്തുക. സകലവിധ കോമാളിത്തരങ്ങളും അവിടെ അരങ്ങേറും. കത്തിയമരാത്ത നെരിപ്പോട് ലക്ഷ്യമാക്കി ഞാൻ പോയി കനലിൽ കുളിച്ചിട്ട് വരാം എന്നും പറഞ്ഞ് നെരിപ്പോടിനടുത്തെത്തി തിരിച്ചു വരും. തണുത്തിട്ട് വയ്യ എന്ന ന്യായം പറഞ്ഞ് ഗുരുക്കളെ ബോധിപ്പിക്കുന്നതും, പിന്നെ കുളിയുടെ മാഹാത്മ്യത്തെ പറ്റി പനിയൻ വിശദീകരിക്കുന്നതും ഒക്കെ ഇതിൽ പെടും. കുളിയുടെ മാഹാത്മ്യത്തെ പറ്റി പുരാണങ്ങളെയും മറ്റും അധികരിച്ച് വളരെ ആധികാരികമായി സംസാരിക്കുമെങ്കിലും താൻ കുളിച്ചിട്ട് ഇന്നേക്കു മൂന്നുമാസമായി എന്നായിരിക്കും അവസാനം പനിയൻ പറയുക. അറിവും നർമ്മവും ഒക്കെ കോർത്തിണക്കിക്കൊണ്ടാണു പനിയന്റെ സംസാരം.സമകാലികകാര്യങ്ങളിൽ കടുത്ത വിമർശനങ്ങൾ പനിയൻ പറയാറുണ്ട്. രാഷ്ട്രീയം, സിനിമ തുടങ്ങി സൂര്യനു താഴെ ഉള്ള എന്തും പനിയൻ പറയും; ആരേയും വിമർശിക്കും, കളിയാക്കും. ഗുരുക്കളുടെ കുടവയറും, ഭക്തന്റെ കഷണ്ടിത്തലയും എന്നുവേണ്ട ഏതിലും പനിയൻ തമാശ കണ്ടെത്തുന്നു.
വേഷവിധാനം
[തിരുത്തുക]പറയത്തക്ക വേഷവിധാനങ്ങൾ ഒന്നും ഈ തെയ്യത്തിനില്ല. എങ്കിലും ഒരു മുഖാവരണം അത്യാവശ്യമാണ്. കവുങ്ങിൻ പാള കൊണ്ടുണ്ടാക്കിയ ഒരു മുഖാവരണമാണിതിനായി ഉപയോഗിക്കുന്നത്. മറ്റു തെയ്യങ്ങളെ പോലെ തന്നെ ചുവന്ന തുണി ഉടുത്തു കെട്ടിയിരിക്കും.
മാരിപ്പനിയന്മാർ കോതാമൂരിക്കൊപ്പം
[തിരുത്തുക]കോതാമൂരിയാട്ടത്തിനൊപ്പം പനിയന്മാരും ഉണ്ടാകും. മലയസമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. ഒരു സംഘത്തിൽ ഒരു കോതാമൂരി തെയ്യവും (ആൺകുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട് മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളിൽ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമൂരി തെയ്യത്തിനു അരയിൽ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങൾക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാൻക്ക് മുഖപ്പാളയും, അരയിൽ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. മുഖപ്പാളകെട്ടിക്കഴിഞ്ഞാൽ പനിയന്മാർക്കെന്തും പറയാം. വേദാന്തം മുതൽ അശ്ലീലം വരെ അവർ പറയുകയും ചെയ്യും; പക്ഷേ, ഒക്കെയും സാമൂഹ്യ വിമർശനത്തിനു വേണ്ടിയാണെന്നു മാത്രം. പാട്ടുപാടിക്കഴിഞ്ഞാൽ നെല്ലും പണവും തുണിയും ഇവർക്ക് വീട്ടുകാർ നൽകും. കൃഷിയുമായും കന്നുകാലി വളർത്തുമായും ബന്ധപ്പെട്ട ഒരു പ്രധാന ആചാരമാണ് കോതാമൂരിയാട്ടം. ചെറുകുന്ന് അന്നപൂർണ്ണേശ്വരിയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള പാട്ടാണു കോതാമൂരി സംഘം പാടുന്നതെങ്കിലും പാട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് പനിയൻമാർ ചോദിക്കുന്ന അശ്ലീല ദുസ്സൂചനകൾ അടങ്ങുന്ന ചോദ്യങ്ങളും ഗുരുക്കളുടെ ഉത്തരവും ചിലപ്പോൾ ഭക്തിയുടെ അതിർവരമ്പ് ലംഘിക്കുന്നതായിരിക്കും. തളിപ്പറമ്പപ്പനെ, പരമശിവനെ അന്നപൂർണ്ണേശ്വരിയുടെ ആകർഷണ വലയത്തിൽ വീണുപോയ വിടപ്രഭു ആയിപ്പോലും കോതാമൂരി സംഘം അവതരിപ്പിക്കും. പ്രത്യുൽപ്പന്നമതിത്വവും, നർമ്മ ഭാവനയും ഉള്ളവർക്ക് മാത്രമേ ഈ കലയിൽ ശോഭിക്കാൻ കഴിയൂ.