വിഷ്ണുമൂർത്തി
വടക്കേ മലബാറിലെ മണിയാണി, തീയ്യർ, നായർ സമുദായത്തിന്റെ കാവുകളിലും ദേവസ്ഥാനങ്ങളിലും കെട്ടിയാടുന്ന ഒരു തെയ്യമാണ് പരദേവത എന്നുകൂടി അറിയപ്പെടുന്ന വിഷ്ണുമൂർത്തി.

വൈഷ്ണവ സങ്കൽപം പിൽക്കാലത്ത്ചാർത്തിക്കൊടുക്കപ്പെട്ട നായാട്ടുദേവനാണ് വിഷ്ണുമൂർത്തി ആദ്യമായി വിഷ്ണുമൂർത്തി തെയ്യം കെട്ടിയത് പാലായി പെരെപ്പേൻ എന്ന മലയനാണ് എന്നാണ് വിശ്വാസം.[1] [2]ഒറ്റക്കോലം എന്ന പേരിൽ വയൽ തെയ്യമായും വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടാറുണ്ട്. [3]തീപ്രവേശമാണ് അവിടെ മുഖ്യം. വീടുകളിൽ കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യത്തിന് തീപ്രവേശത്തേക്കാൾ ഉഗ്രമൂർത്തിയായ നരസിംഹരൂപിക്കാണു മുഖ്യം. വീടുകളിൽ ഹിരണ്യകശ്യപുവിന്റെ രക്തപാനവും നരസിഹമൂർത്തിയുടെ പൊയ്മുഖവും പിന്നെ പേരിനു മാത്രം ചെറിയതോതിൽ തീപ്രവേശവുമായി തെയ്യം അവസാനിക്കും. മലയരാണ് വിഷ്ണുമൂർത്തിയെ കെട്ടിയാടുന്നത്. ഈ തെയ്യത്തിന് വെളിച്ചപ്പാടുകൾ നിർബന്ധമാണ്. തെയ്യം കെട്ടുന്നയാൾ അധികം മുഖത്തെഴുത്തോ അത്യധികമായ വേഷഭൂഷകളോ ഇല്ലാതെ തോറ്റം ചൊല്ലി ഉറഞ്ഞാടുന്ന കുളിച്ചാറ്റം എന്ന ചടങ്ങും തെയ്യത്തിന്റെ പുറപ്പാടിനു വളരെ മുമ്പേ ആയിട്ടുണ്ടാവും. ഇത് തോറ്റം എന്നും അറിയപ്പെടുന്നു.[4]
ഐതിഹ്യം
[തിരുത്തുക]വിഷ്ണുമൂർത്തിയുടെ ചരിത്രം നീലേശ്വരം ഗ്രാമത്തിൽ കാലികളെ മേച്ചു ജീവിച്ചിരുന്ന പലന്തായി കണ്ണൻ എന്ന തീയർ സമുദായത്തിൽ പെട്ട അനാഥൻ ആയ ഒരു ഇടയ ബാലനുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗ്രാമസംരക്ഷകനും നാടുവാഴിയുമായ കുറുവാടന്കുറുപ്പിന്റെ ദേശമാണവിടം. കരുത്തനും പ്രതാപിയും സമ്പന്നനുമാണ് കുറുവാടൻ കുറുപ്പ്. കുന്നും വയലുമായി ധാരാളം ഭൂമി സ്വന്തമായിട്ടുണ്ട്. സൂത്രശാലിയായിരുന്നു കുറുപ്പ്. നാട്ടുകാര്ക്ക് അയാളെ ഭയമായിരുന്നു. എങ്കിലും നാട്ടിലെന്തെങ്കിലും തര്ക്കങ്ങളോ മറ്റോ ഉണ്ടായാല് അത് ഒത്തുതീര്പ്പാക്കാന് നാട്ടുകാര് സമീപിക്കുന്നത് കുറുപ്പിനെയായിരുന്നു. അതിനുകാരണമുണ്ട്, അയാളോടേറ്റുമുട്ടാന് ആര്ക്കും ധൈര്യമില്ലായിരുന്നു. തന്ത്രങ്ങളുപയോഗിച്ച് എല്ലാവരേയും അയാള് തന്റെ കാല്ക്കീഴിലാക്കി.
ഒരു മാമ്പഴങ്ങള് പൊഴിയുന്ന ഒരു മേടമാസക്കാലത്ത് ഒരു സായന്തനത്തിൽ കുറുപ്പിന്റെ വീടിന് അടുത്തു കൂടി കന്നാലിക്കൂട്ടത്തെ മേയ്ച്ചുവന്ന കണ്ണൻ കുറുപ്പിന്റെ വീട്ടുമുറ്റത്തു നിറയെ മാമ്പഴങ്ങൾ ഉള്ള ഒരു മാവ് കണ്ടു . കുറുപ്പ് അവിടെ ഇല്ലെന്നു മനസിലാക്കിയ കണ്ണൻ തെന്മാവില് കയറി മാങ്ങകള് പറിച്ചു തിന്നാൻ തുടങ്ങി. അതിനിടയില് ഒരു മാമ്പഴം കണ്ണന്റെ കയ്യില്നിന്നും അബദ്ധത്തില് താഴെ കുളി കഴിഞ്ഞ് പോകുകയായിരുന്ന കുറുപ്പിന്റെ അനന്തരവളുടെ മാറിടത്തിലേക്ക് വീണു. കുളി കഴിഞ്ഞു വന്ന തന്റെ ശരീരത്തില് കണ്ണന് കടിച്ചുതുപ്പിയ പഴച്ചാറുപതിച്ചതില് അവള് കണ്ണനെ കുറ്റപ്പെടുത്തി. കണ്ണൻ അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണെന്നവള് ആരോപിച്ചു. കണ്ണൻ തന്നെ അപമാനിച്ച വിവരം ഒന്നിനെട്ടുകൂട്ടി അവള് അമ്മാവൻ കുറുപ്പിനോടു പറഞ്ഞുകൊടുത്തു. കണ്ണൻ തന്നോട് അപമര്യാദ ആയി പെരുമാറി എന്നും, തന്നോടുള്ള കണ്ണന്റെ പെരുമാറ്റം പലപ്പോഴും അതിരുവിടുന്നുണ്ടെന്നും അവള് കൂട്ടിച്ചേര്ത്തു. ഒരു പരാതിയെന്ന നിലയ്ക്കു പറയുമ്പോള് അങ്ങനെയൊക്കെ പറഞ്ഞുപോയതാണവള്. അമ്മാവന് രോഷാകുലനായാലുണ്ടാവുന്ന ഭവിഷ്യത്തുകളേപ്പറ്റിയവള് ഓര്ത്തതേയില്ലായിരുന്നു. സംഭവമറിഞ്ഞ കുറുവാടൻ കുറുപ്പ് കലികൊണ്ട് തുള്ളി, എത്രയും വേഗം കണ്ണന്റെ തല വാള്ത്തലക്ക് ഇരയാകുമെന്ന് കുറുപ്പ് അന്ത്യശാസനം പുറപ്പെടുവിച്ചു. നായർ ഭടന്മാരുടെ പാട്ടവിളംബരം കേട്ട് ഞെട്ടിയ പാലന്തായി കണ്ണൻ, നീലേശ്വരം നാട്ടില് നിന്നും പലായനം ചെയ്തു.[5]
പിന്നീട് കുറുവാടൻ തടവാട്ടിലെ അനന്തിരവള് കണ്ണന് താന് മൂലം സംഭവിച്ചു ദയനീയ അവസ്ഥയില് അതിയായ അസ്വസ്ഥത തോന്നി. പശ്ചാത്താപം അവളുടെ മനസ്സിനെ വല്ലാതെ മഥിച്ചു.
അനവധി നിരവധി ദിവസത്തെ അലച്ചിലിനോടുവില് മംഗലാപുരതെത്തിയ കണ്ണൻ അവിടെയുള്ള ഒരു തീയർ തറവാട്ടിൽ എത്തി അവിടത്തെ വൃദ്ധയായ അമ്മ അവന് അഭയം നല്കി. കറകളഞ്ഞ വിഷ്ണുഭക്തയായിരുന്ന ആ സ്ത്രീ നിത്യവും തറവാട്ടിലെ പള്ളിയറയില് മഹാവിഷ്ണുവിന് വിളക്ക് വെക്കാറുണ്ടായിരുന്നു. വിളക്ക് വെക്കുന്ന ജോലി പിന്നെ കണ്ണന് ഏറ്റെടുത്തു. ചുരുങ്ങിയ കാലം കൊണ്ട് അചഞ്ചലമായ ഭക്തിയാല് ഭാഗവതോത്തമനായിമാറി കണ്ണന്. കാലം ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോള് കണ്ണന് ഒരുനാള് ഒരുള്വിളിയുണ്ടായി നീലേശ്വരം നാട്ടിലേക്ക് പോകണം. നീലേശ്വരത്തേക്ക് പോകാനുള്ള ആഗ്രഹം തറവാട്ടമ്മയായ ആ വൃദ്ധസ്ത്രീയെ അറിയിച്ചപ്പോള്, പള്ളിയറയില് വച്ച ഒരു പള്ളിവാളും പരിചയും കൊടുത്ത് കണ്ണനെ സന്തോഷത്തോടെ യാത്രയാക്കിയവര്. അങ്ങനെ നീലേശ്വരം നാട്ടിലേക്ക് പുറപ്പെട്ട കണ്ണൻ തന്നോട് കുറുപ്പിനുള്ള പഴയ കുടിപകയെല്ലാം മഞ്ഞുരുകിക്കാണുമെന്ന് വിശ്വസിച്ചു.
.........
"കാസര്ഗോഡും കോട്ടച്ചേരിയും കഴിഞ്ഞ് അവന് നീലേശ്വരത്തെത്തി. അവന്റെ മുഖത്ത് ആനന്ദത്തിന്റെ തിരയിളക്കം.
താന് പണ്ടു കുളിച്ചിരുന്ന താമരക്കുളം! കണ്ണന് കുളക്കരയിലിരുന്നു... നാട്ടുകാരില് പലരും അവനെ തിരിച്ചറിഞ്ഞു. പലരും കുശലം ചോദിച്ചു.
അപ്പോഴേക്കും കാതോടുകാതറിഞ്ഞ് നാടുവാഴി കൂറുവാടൻ കുറുപ്പ് കണ്ണൻ വന്ന വിവരം അറിഞ്ഞു. കേട്ടപാടെ, ഉറുമി (പയറ്റിനുപയോഗിക്കുന്ന ഒരു ആയുധം, രണ്ടുഭാഗത്തും മൂര്ച്ചയുള്ളതും നീളമേറിയതുമാണിത്.)യുമെടുത്ത് അയാള് ചാടിയിറങ്ങി.
ഇതൊന്നുമറിയാതെ കണ്ണന് തന്റെ ബാല്യകാല സഖാവായ കനത്താടന്മണിയാണിയുടെ വീട്ടിലെത്തി. അവിടെ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി താമരകുളത്തിലെക്കിറങ്ങിയ കണ്ണനെ കുളക്കരയിൽ ഒളിച്ചു നിന്നിരുന്ന കുറുപ്പ് ഉടനെ ഉറുമി വീശി കൊണ്ട് തലയറുത്തു. താമരക്കുളം ചോരക്കുളമായി മാറി.
ജനഹൃദയത്തില് നിന്നു ദയനീയമായൊരാരവമുയര്ന്നു, അവര് കണ്ണടച്ചു പിടിച്ചു. കുറുപ്പതു നോക്കി പൊട്ടിച്ചുരിച്ചു. ഉറുമി കുളത്തില് നിന്നും കഴുകി.
കുള കരയില് വെച്ചിരുന്ന കണ്ണന്റെ ചുരിക അയാള് തട്ടിത്തെറിപ്പിച്ചു.. ആ ചുരിക അവിടെകിടന്നൊന്നു തിളങ്ങിയോ..! പലരും അതു ശ്രദ്ധിച്ചു.
അയാള് തിരിച്ചു നടന്നു... ഒരദ്ധ്യായം അവസാനിപ്പിച്ച ഗമയോടെത്തന്നെ. കുറുപ്പ് തറവാട്ടില് തിരിച്ചെത്തി. കുറുപ്പിന്റെ തറവാട്ടില് ദുര്ന്നിമിത്തങ്ങള് കണ്ടു തുടങ്ങി. നാടു നീളെ പകര്ച്ചവ്യാധി പടര്ന്നു,കുറുപ്പിന്റെ കന്നുകാലികള് ഒന്നൊഴിയാതെ ചത്തൊടുങ്ങി. കുറുപ്പിന്റേയും ബന്ധുജനങ്ങളുടേയും ഊരക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. കരിനാഗങ്ങള് ഇഴഞ്ഞുപോകുന്നു. കണ്ണടച്ചാല് ഒരു ചുരികയും ഓലക്കുടയും ഉറഞ്ഞുതുള്ളുന്നു. പടിപ്പുരവാതില് തകര്ന്നുവീണു...
നായര് ഞെട്ടിവിറച്ചു... മനസ്സില് ഭയം പത്തിവിടര്ത്തിയാടുന്നു. യുദ്ധക്കളത്തില് മുറിവേറ്റവരുടെ ജീവന് പിടയുമ്പോഴും ധൈര്യപൂര്വം മുമ്പോട്ടുപോയിരുന്ന പടനായകന് ഇതാ തളര്ന്നിരിക്കുന്നു. ദുര്നിമിത്തങ്ങള്ക്കു കാരണമതുതന്നെ...! കുറുപ്പ് നിരൂപിച്ചു. അയാള് ജ്യോത്സ്യരെ വിളിച്ചു. പ്രശ്നം വെച്ചു.
കണ്ണന് നിഷ്കളങ്കനാണ്, നിരപരാധിയാണ്. അവനെ തിരിച്ചറിയാതെ പോയതാണ് ആപത്തുകള്ക്കാധാരം. കണ്ണന് മനസ്സറിഞ്ഞൊന്നു ശപിച്ചിരുന്നുവെങ്കില് ഉടന്തlന്നെ വംശം മുടിയുമായിരുന്നു. വിഷ്ണുഭക്തനായ കണ്ണനെ വധിച്ചതില് ദൈവകോപമുണ്ടെന്നും, ഉടന് പരിഹരിച്ചില്ലെങ്കില് മുച്ചൂടും മുടിയുമെന്നും വെളിപ്പെട്ടു. തുടര്ന്ന് ചെയ്തുപോയ അപരാധത്തിന് മാപ്പായി കണ്ണന് ഒരു ദൈവകോലം കല്പ്പിച്ച് കെട്ടി സമര്പ്പിക്കാമെന്ന് പ്രാര്ത്ഥിക്കുകയും ക്ഷമയാചിച്ച് അവനെ അവനെ പ്രീതിപ്പെടുത്തുകയുംചെയ്യണമെന്നായി. വീണ്ടും പ്രശ്നം വച്ചപ്പോള് ദൈവം സംപ്രീതനായതായും തെളിയുകയും ചെയ്തു.
കുറുപ്പിന്റെ കണ്ണുകള് നിറഞ്ഞൊഴുകി. ഉടനെ തെയ്യക്കോലം കെട്ടിയാടാനുള്ള ഏര്പ്പാടുണ്ടാക്കി. ബഹുമാനപുരസരം വണങ്ങി മാപ്പപേക്ഷിക്കുകയും ചെയ്തു. അങ്ങനെയാണ് വിഷ്ണുമൂര്ത്തി തെയ്യം ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്. ഈ കഥയിലെ കുറുപ്പിനെ ഹിരണ്യകശിപുവായും, കണ്ണനെ പ്രഹ്ലാദനായും ചിലര് സങ്കല്പ്പിച്ചു വരുന്നുണ്ട്. കാരണം തെയ്യാട്ടത്തിനിടയില് നരസിഹമൂര്ത്തിയായി വന്ന് ഹിരണ്യാസുരനെ വധിക്കുന്ന രംഗം അവതരിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ മരം കൊണ്ടുണ്ടാക്കിയ ഒരു മുഖാവരണമണിഞ്ഞ് നരസിംഹമൂര്ത്തിയെ അനുസ്മരിപ്പിക്കുന്നുമുണ്ട്.
ചിത്രശാല
[തിരുത്തുക]-
വിഷ്ണുമൂർത്തദുഷ്ട്ടനും മുഖത്തെഴുത്ത്
അവലംപ്പിനെ
[തിരുത്തുക]- ↑ ശ്രഷ് കോമത്ത് -.ലയാളം വാരിക, പേജ് 234, 2011 ജൂലൈ17
- ↑ "Cheemeni Sree Vishnumoorthy Temple at Kasaragod". www.keralatourism.org (in ഇംഗ്ലീഷ്). Retrieved 2023-08-10.
- ↑ "Vishnumoorthy Theyyam | Theyyam Dance of the Divine". www.keralatourism.org (in ഇംഗ്ലീഷ്). Retrieved 2023-03-20.
- ↑ "വിഷ്ണുമൂർത്തി", വിക്കിപീഡിയ, 2023-01-08, retrieved 2023-03-20
- ↑ Śr̲īdharan, Kuṭṭamatt E. (2015). Peruṅkaḷiyāṭṭaṃ. Pustakabhavan. ISBN 978-93-84110-08-6.