ബലിക്കള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ[1] നടത്തിവരുന്ന ഒരു ചടങ്ങാണ് ബലിക്കള. തെയ്യാട്ടിനോട് സാമ്യമുള്ള ഈ ചടങ്ങ് സ്ത്രീകളുടെ ഗർഭസംരക്ഷണത്തിനായി നടത്തിവരുന്നു[2].

ചടങ്ങ്[തിരുത്തുക]

സ്ത്രീകൾ ഗർഭംധരിക്കുന്നതു മുതൽ, അതിനെ സംരക്ഷിക്കുകയാണ് ഈ ചടങ്ങ് നടത്തുന്നതിന്റെ വിശ്വാസം. ഭർത്താവിന്റെ വീട്ടിലാന് സാധാരണ ബലിക്കള നടത്തുക. പുളികുടി കഴിഞ്ഞ് ഏഴാം നാൾ ഭാര്യയെ ഭർത്താവും കൂട്ടരും തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുവരും. ഉച്ചനേരത്ത് തുടങ്ങുന്ന ചടങ്ങുകൾ അടുത്ത ദിവസം പുലർച്ച വരെ നീളും.ഗന്ധർവ്വൻ,ഭൈരവൻ,ഭദ്രകാളി,കുട്ടിച്ചാത്തൻ,ചാമുണ്ഡി എന്നീ ദേവതകളുടെ കളം വരയ്ക്കുന്നു.തുടർന്ന് ,ബലിയർപ്പിക്കാനുള്ള പൂവൻകോഴി ,കോത്തിരി (തെങ്ങോലയുടെ മടലിൽ തുണി ചുറ്റിയ ചെറിയ പന്തം.)എന്നിവ കയ്യിലെടുത്ത ഒരു പുരുഷനും (കളത്തിൽ കമ്മൾ എന്ന് സ്ഥാനപ്പേര് )പിണിയാളും, കുടുംബാംഗങ്ങളോ മറ്റോ ആയ ഏതാനും കന്യകമാരും കളത്തിന് പ്രദക്ഷിണം വയ്ക്കുന്നു. തത്സമയം

വലമിടേ ,വലമിടെന്റെ...ആകാശഗന്ധർവ്വാ...


വലമിടേ ,വലമിടെന്റെ ബലിക്കളം തന്നിലോ, ആ ആ ...

വലമിടേ ,വലമിടെന്റെ പൂമാലഗന്ധർവ്വാ ...

വലമിടേ ,വലമിടെന്റെ ബലിക്കളം തന്നിലോ, ആ ആ ...

എന്നാരംഭിക്കുന്ന തോറ്റംപാട്ട് മുഖ്യ കാർമ്മികൻ പാടിക്കൊടുക്കുകയും,കൂടെയുള്ളവർ ഏറ്റുചൊല്ലുകയും ചെയ്യും.


തുടർന്ന് കളംപൂജ തുടങ്ങിയ ചടങ്ങുകളാണ്.ഓരോന്നിനും പ്രത്യേകം തോറ്റങ്ങൾ ഉണ്ടാകും.ഒടുക്കം പൂവൻകോഴിയെ ബലിയർപ്പിക്കുന്നു.തുടർന്ന് ആവശ്യത്തിനും,സാമ്പത്തിക ശേഷിക്കും അനുസരിച്ച് ദേവതകളുടെ കെട്ടിയാട്ടങ്ങളുണ്ടാവും.പാണ സമുദായക്കാരുടെ ബലിക്കള അവസാനിക്കുന്നത് ഗുളികനെ കെട്ടിയാടുന്നതോടു കൂടിയാണ്.

ഐതിഹ്യം[തിരുത്തുക]

ഇന്ദ്രപുത്രിയായ ദേവകന്യയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് ഈ ആചാരത്തിന് പിന്നിൽ പ്രചരിക്കുന്നത്.

ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന ദേവകന്യ, ദേഹശുദ്ധിവരുത്താനായി അടുത്തുള്ള മണിപൊയ്കയിലേയ്ക്ക് പോയി.മധുരിതമായ ശബ്ദത്തിൽ ആ പൊയ്കയിലെ ഗംഗയെ വിളിച്ചുണർത്തുന്ന സമയത്ത്, അവളുടെ അലൗകികമായ സൗന്ദര്യം ആ വഴി പോയ പഞ്ചമൂർത്തികളെ ആകർഷിച്ചു. തങ്ങൾക്ക് വസിക്കാൻ ഇതിലും യോജിച്ച മറ്റൊരിടമില്ല എന്നവർ മനസ്സിലാക്കി.

അടുത്ത നിമിഷം പഞ്ചമൂർത്തികൾ ഒരേസമയം അവളെ ആവേശിച്ചു. കുട്ടിച്ചാത്തൻ മുഖത്ത് കുടിയേറിയപ്പോൾ മാറിടമാണ് വിഷ്ണുമൂർത്തി തിരെഞ്ഞെടുത്തത്. ഉദരത്തിൽ ഭൈരവനും മുലയിലും മടിയിലും ചാമുണ്ഡിയും പ്രവേശിച്ചു.അവളുടെ ശരീരത്തിൽ പിന്നെ ഒരിടവും അവശേഷിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഭദ്രകാളി അടിതൊട്ട് മുടിയോളം നിറഞ്ഞ് കയറി. അതിശക്തരായ പഞ്ചമൂർത്തികളുടെ സാനിധ്യം ദേവകന്യയുടെ പിഞ്ചുശരീരത്തിന് താങ്ങാനാതെ അവളുടെ ഊണും ഉറക്കവും നഷ്ടപ്പെട്ടു. ബാധയുടെ സാന്നിധ്യം മൂലം അവൾ അനുദിനം മെലിഞ്ഞു.

മകളുടെ ദയനീയാവസ്ഥ ദേവേന്ദ്രന്റെ സ്വസ്ഥത കെടുത്തി. ജ്ഞാനദൃഷ്ടികൊണ്ട് ദുരവസ്ഥയുടെ കാരണം കണ്ടെത്തിയ ദേവേന്ദ്രൻ ബാധയെ ഒഴിപ്പിക്കാനുള്ള വഴികൾ സ്വീകരിച്ചു. പേരെടുത്ത മന്ത്രവാദികളെ വരുത്തി പലകുറി പ്രശ്നവിചാരണ നടത്തി.തന്ത്രിയോഗിമാരെയും പഴംപാണൻന്മാരെയും ഉത്തമ മധ്യമ അധമസ്ഥാനങ്ങളിൽ നിര്ത്തി പ്രശ്നവിചാരണ ചെയ്തിട്ടും ബാധകൾ തെല്ലനങ്ങുകപോലുമുണ്ടായില്ല. വിയർത്തൊലിച്ച പ്രശ്നകൻ ഒടുവിൽ മുന്നൂറ്റാൻ എന്ന സമുദായത്തിന്റെ സാധ്യത കണ്ടത്തി. മുന്നൂറ്റാനെ വരുത്തി, കോടിമുണ്ടും പൂവൻകോഴിയും കൊടുത്ത്, വരെച്ചെടുത്ത കളത്തിനു നടുക്കിരുത്തി ഉറയിച്ചു. ആ ഉറഞ്ഞുതുള്ളലിന്റെ ശക്തിയെ പ്രഷിരോധിക്കാനാവതെ, ദേവകന്യയുടെ ദേഹത്ത് നിന്ന് പുറത്തെത്തി മാപ്പിരന്ന പഞ്ചമൂർത്തികളെ അടുത്തുള്ള പാലമരത്തിൽ മുന്നൂറ്റാൻ തളച്ചു.

ഐതിഹ്യമനുസരിച്ച് ഗർഭിണികളുടെ ദേഹത്തുള്ള സർവ്വബാധകളെയും ബലിക്കളയനുഷ്ടിച്ച് പുറത്ത് ചാടിക്കാനാവുമെന്നാണ് വിശ്വാസം. കളംകെട്ടൽ, കളംപാടൽ, പിണിയാളുകളുടെ കളംവാഴൽ, വിവിധ തോറ്റങ്ങൾ, തിറകൾ എന്നിവ ബലിക്കളയുടെ ഭാഗമാണ്.

അവലംബം[തിരുത്തുക]

  1. കോഴിക്കോട്ടെ പയ്യോളി പഞ്ചായത്തിന്റെ വെബ്സൈറ്റ് http://lsgkerala.in/payyolipanchayat/history
  2. നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും(ഡി.സി.ബുക്സ്)-ഡോ.കെ.ശ്രീകുമാർ (വാല്യം 3,പേജ് നമ്പർ 740)
"https://ml.wikipedia.org/w/index.php?title=ബലിക്കള&oldid=2690894" എന്ന താളിൽനിന്ന് ശേഖരിച്ചത്