ഉള്ളടക്കത്തിലേക്ക് പോവുക

ചാമുണ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാമുണ്ഡ
ദേവനാഗിരിचामुण्डा
സംസ്കൃതംCāmuṇḍā
അറിയപ്പെടുന്നത്ആദിപരാശക്തി, ചണ്ഡിക, ദുർഗ്ഗ, സപ്തമാതാക്കൾ, ചാമുണ്ഡേശ്വരി, ഭദ്രകാളി.
നിവാസംഅത്തിമരം, മണിദ്വീപം
ഗ്രഹംകേതു, ചൊവ്വ
മന്ത്രംOm aim hrim klim Chamundayai vichche
ആയുധങ്ങൾഖഡ്ഗം, ത്രിശൂലം
വാഹനംപ്രേതം

ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ ആദിപരാശക്തിയുടെ രൗദ്ര ഭാവമാണ് ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡാദേവി. ചുരുക്കത്തിൽ ചാമുണ്ഡി എന്നറിയപ്പെടുന്നു. പരാശക്തിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനിയാണ് ചാമുണ്ഡേശ്വരി. ഭദ്രകാളി തന്നെയാണ് ചാമുണ്ഡ എന്ന പേരിലും അറിയപ്പെടുന്നതെന്ന് ദേവി പുരാണങ്ങൾ പറയുന്നു.

ദേവിഭാഗവതം, ദേവീമാഹാത്മ്യം എന്നീ പൗരാണിക ഗ്രന്ഥങ്ങൾ പ്രകാരം ചണ്ഡൻ, മുണ്ഡൻ എന്നീ അസുരന്മാരെ നിഗ്രഹിക്കാൻ ചണ്ഡിക പരമേശ്വരിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളിയാണ് ചാമുണ്ഡേശ്വരി. നവരാത്രിയുടെ ഏഴാം ദിവസം കാലരാത്രി എന്ന പേരിലും ഈ ഭഗവതി ആരാധിക്കപ്പെടുന്നു. ശുംഭ നിശുംഭന്മാരുമായുള്ള യുദ്ധവേളയിൽ ചണ്ഡികാ പരമേശ്വരിക്ക് തുണയേകുവാനാണ് ഭദ്രകാളി ഇപ്രകാരം അവതരിച്ചതെന്ന് ദേവി മാഹാത്മ്യത്തിൽ പറയുന്നു.

പുരാണ കഥ

[തിരുത്തുക]

അസുര സഹോദരന്മാരായ ശുംഭനും നിശുംഭനും അമരത്വം കൊതിച്ച് ബ്രഹ്മാവിനെ തപസ്സ് ചെയ്തു. വർഷങ്ങൾ നീണ്ട കഠിന തപസ്സിനൊടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. എന്ത് വരമാണ് വേണ്ടത് എന്ന ബ്രഹ്മാവിന്റെ ചോദ്യത്തിന് അവർ ഒന്നേ അവശ്യപ്പെട്ടുള്ളൂ. 'മൃത്യു ഞങ്ങളെ തീണ്ടരുത്.'

അങ്ങനെ ഒരു വരം നൽകാനുള്ള തന്റെ പരിമിതികൾ ബ്രഹ്മാവ് അവരെ അറിയിച്ചു. തങ്ങളുടെ പൗരുഷത്തിലും ശക്തിയിലും അതിരറ്റ് അഹങ്കരിച്ചിരുന്ന ഇരുവരും സ്ത്രീകളോടുള്ള പുച്ഛവും അവളുടെ ശക്തിയെക്കുറിച്ചുള്ള അജ്ഞാനവും കാരണം ഇങ്ങനെ പറഞ്ഞു.

"എങ്കിൽ, ഞങ്ങളുടെ മരണം ഒരു പെണ്ണിന്റെ കൈകൊണ്ടാവട്ടെ" ഇതുകേട്ട ബ്രഹ്മാവ് ഉള്ളിൽ ചിരിച്ചുകൊണ്ട് അവരെ അനുഗ്രഹിച്ചു.

വരപ്രാപ്തിക്ക് ശേഷം, ഗുരുവായ ശുക്രൻ ശുംഭനെ അസുരന്മാരുടെ രാജാവായി അവരോധിച്ചു. ശക്തരായ ശുംഭ-നിശുംഭന്മാർക്ക് സഹായികളായി ചണ്ഡനും മുണ്ഡനും ധൂമ്രലോചനനും രക്തബീജനും ഉണ്ടായിരുന്നു.

വരബലത്താൽ അഹങ്കാരികളായി തീർന്ന ശുംഭനും നിശുംഭനും ത്രിലോകങ്ങളും കീഴടക്കി. സ്വർഗ്ഗം ആക്രമിക്കുകയും ഇന്ദ്രന്റെ സിംഹാസനം പിടിച്ചടക്കുകയും ചെയ്തു.

പ്രാണനും കൊണ്ടോടിയ ദേവന്മാർ ദേവഗുരുവിനെ കണ്ട് സങ്കടം പറഞ്ഞു.

'ആപത്തു വരുമ്പോൾ ജഗദീശ്വരിയെ സ്മരിക്കണം.' ബൃഹസ്പതി അവരെ ഉപദേശിച്ചു.

അവർ ഹിമാലയത്തിലെത്തി ആദിശക്തിയെ സ്തുതിച്ചു. ദേവന്മാരുടെ പ്രാർത്ഥന കേട്ട് ഗംഗാസ്നാനത്തിന് പോവുകയായിരുന്ന ശ്രീ പാർവ്വതിയുടെ ശരീരത്തിൽ നിന്നും ചണ്ഡികാദേവി പുറത്തുവന്നു. ദുഷ്ടന്മാരെ നേരിടാൻ നിശ്ചയിച്ച ചണ്ഡിക ശത്രുപുരിക്ക് സമീപമെത്തി, അതിസുന്ദരിയായ ഒരു യുവതിയുടെ രൂപത്തിൽ പൊന്നൂഞ്ഞാലിൽ ആടിയും പാടിയും കുറെക്കാലം കഴിച്ചു.

ഒരിക്കൽ ശുംഭന്റെ ഭൃത്യരായ ചണ്ഡനും മുണ്ഡനും ദേവിയെ കാണാൻ ഇടയായി. അവർ ശുംഭനെ സമീപിച്ച് അവർ കണ്ട സ്ത്രീയുടെ സൗന്ദര്യം വർണ്ണിച്ചു കേൾപ്പിച്ചു.

ശുംഭൻ സുഗ്രീവൻ എന്ന തന്റെ ഭൃത്യനെ ദൂതനായി ദേവിയുടെ അടുക്കലേയ്‌ക്കയച്ചു. സുഗ്രീവൻ ദേവിയുടെ അടുക്കലെത്തി ശുംഭ നിശുംഭന്മാരുടെ വീര്യപരാക്രമങ്ങൾ വിവരിച്ചു കേൾപ്പിച്ചു. അവരിൽ ഒരാളെ ഭർത്താവായി സ്വീകരിക്കണമെന്ന ശുംഭന്റെ നിർദ്ദേശം ദേവിയെ അറിയിച്ചു.

യുദ്ധത്തിൽ തന്നെ തോൽപ്പിക്കുന്ന വീരനെ മാത്രമേ വിവാഹം കഴിക്കൂ എന്നൊരു പ്രതിജ്ഞ അവിവേകം കൊണ്ടു താൻ ചെയ്തു പോയി എന്നും തന്നെ തോൽപ്പിച്ച് ശുംഭനോ നിശുംഭനോ തന്നെ ഭാര്യയായി സ്വീകരിക്കാമെന്നും ദേവി മറുപടി പറഞ്ഞു. സുഗ്രീവൻ ഈ വിവരം ശുംഭനെ അറിയിച്ചു.

ഇതുകേട്ടു കോപിച്ച ശുംഭൻ സർവ്വ സൈന്യാധിപനായ ധൂമ്രലോചനനോട് സൈന്യസമേതനായി ചെന്ന് മുടിയ്ക്ക് ചുറ്റിപ്പിടിച്ച് അവളെ ഉടൻ ഇവിടെ കൊണ്ടുവരണം എന്ന് ആജ്ഞാപിച്ചു.

അങ്ങനെ, ധൂമ്രലോചനൻ ഹിമാലയത്തിൽ പോയി ഭഗവതിയോട് സംസാരിച്ചു. “അല്ലയോ സുന്ദരി, എന്റെ യജമാനനെ വിവാഹം കഴിക്കുക. ഇല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും. അറുപതിനായിരം അസുരന്മാരും എൻ്റെ കൂടെയുണ്ട്”.

ഭഗവതി അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ധൂമ്രലോചനൻ അതിയായ കോപത്തോടെ അവളുടെ നേരെ പാഞ്ഞടുത്തു, പക്ഷേ ദുർഗ്ഗയുടെ അലർച്ചയിൽ (ഹുങ്കാരത്തിൽ) തന്നെ അവൻ ദഹിച്ചുപോയി.

പിന്നീട് ചണ്ഡനേയും മുണ്ഡനേയുമാണ് അയച്ചത്. ഹിമശൃംഗത്തിൽ സിംഹാരൂഢ യായിരിക്കുന്ന ദേവിയോട് അവർ ഇങ്ങനെ ആജ്ഞാപിച്ചു

"ഹേ സ്ത്രീയേ, ശുംഭനെയും നിശുംഭനെയും വേഗം സമീപിക്കൂ. അല്ലാത്തപക്ഷം, നിങ്ങളുടെ ഗണങ്ങളോടും സിംഹത്തോടും കൂടി ഞങ്ങൾ നിങ്ങളെ കൊല്ലും."

ഇതു കേട്ട ഭഗവതി അവരെ പ്രകോപിപ്പിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: "പ്രപഞ്ചത്തെ സൃഷ്ടിച്ചു, പരിപാലിച്ചു, സംഹരിക്കുന്ന ആദിശക്തിയാണ് ഞാൻ. പരംപൊരുളായ പരമേശ്വരന്റെ പ്രകൃതിയാണ് ഞാൻ. സ്‌നേഹത്താൽ മതിമറന്നാലും ഒരു സിംഹി തൻ്റെ ഇണയായി കുറുനരിയെ തിരഞ്ഞെടുക്കുമോ? നിങ്ങൾക്ക് ധൈര്യം ഉണ്ടെങ്കിൽ പോർക്കളത്തിലിറങ്ങി എന്നോട് യുദ്ധം ചെയ്യുക, സാധിക്കുമെങ്കിൽ പോരാടി വിജയിക്കുക."

ഒരു മഹായുദ്ധത്തിൻ്റെ ആരംഭമായിരുന്നു അത്. തനിക്ക് നേരെ പാഞ്ഞടുത്ത അസുരപ്പടയെ കണ്ട് കോപം കൊണ്ട ചണ്ഡികയുടെ പുരികങ്ങൾ വില്ലുപോലെ വളഞ്ഞുയർന്നു. അതിൽ നിന്നും കരാള രൂപിണിയായ കാളരാത്രി പ്രത്യക്ഷപ്പെട്ടു.

ദിഗന്തങ്ങൾ  ഭേദിക്കുമാറ് അലറിക്കൊണ്ട് കാളി അസുരപ്പടയുടെ നേർക്ക് തിരിഞ്ഞു. പിന്നീടങ്ങോട്ട് ഭദ്രയുടെ സംഹാരതാണ്ഡവ മായിരുന്നു.  ചില രാക്ഷസന്മാരെ അവൾ തലമുടിയിൽ ചുറ്റിപ്പിടിച്ച് ചുഴറ്റിയെറിഞ്ഞ് കൊന്നു. മറ്റുചിലരെ കഴുത്ത് ഞെക്കി കൊന്നു. തന്നോട് എതിരിടാൻ വന്നവരെ വാൾ കൊണ്ട് വെട്ടിയരിഞ്ഞും മറ്റുചിലരെ ഖട്വാംഗത്താൽ മർദ്ദിച്ചും നിമിഷനേരം കൊണ്ട് സൈന്യത്തെ മുഴുവനും നശിപ്പിച്ചു.

ചണ്ഡമുണ്ഡന്മാർ അതീവ കോപത്തോടെ കാളിയ്ക്ക്  നേരെ പാഞ്ഞടുത്തു. ഞൊടിയിൽ ചണ്ഡൻ്റേയും മുണ്ഡൻ്റേയും ശിരസ്സറുത്ത് ചണ്ഡികയ്ക്ക് കാഴ്ചവച്ചിട്ട് ഭദ്രകാളി പറഞ്ഞു.

"ദേവി, ഈ യുദ്ധം ഒരു മഹായജ്ഞമാണ്. ആ യജ്ഞത്തിന് ബലിയർപ്പിക്കാൻ ഞാൻ കൊണ്ടുവന്ന യജ്ഞപ്പശുക്കളാണ് ചണ്ഡനും മുണ്ഡനും. മഹാപ്പശുക്കളായ ശുംഭനേയും നിശുംഭനേയും അവിടുന്ന് തന്നെ വധിക്കുക."

കാളിയുടെ പ്രവൃത്തിയിൽ സംപ്രീതയായ ചണ്ഡിക ഭദ്രയെ അനുഗ്രഹിച്ചു. "ധീരവും സാഹസികവുമായ ഒരു കൃത്യമാണ് ഭവതി ചെയ്തത്. ഈ ഘോര അസുരന്മാരെ വധിച്ചതിനാൽ ഇനി മുതൽ നീ ചാമുണ്ഡി എന്ന് അറിയപ്പെടും."

ബ്രഹ്മാദികൾ വാനിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി ദുർഗ്ഗയേയും ഭദ്രകാളിയെയും സ്തുതിച്ചു.

ഒരു ഭീകരരൂപിണിയും അവളുടെ കൂട്ടാളിയും കൂടി തങ്ങളുടെ പ്രിയപ്പെട്ടവരെ വധിച്ചത് അറിഞ്ഞ് ശുംഭനിശുംഭന്മാർ കോപം കൊണ്ട് വിറച്ചു. തുടർന്ന് അവർ ഭയങ്കരനായ രക്തബീജനെ യുദ്ധഭൂമിയിലേക്ക് അയച്ചു.

രക്തബീജന് സവിശേഷവും ശക്തവുമായ ഒരു അനുഗ്രഹം ഉണ്ടായിരുന്നു. അവൻ്റെ ഒരു തുള്ളി രക്തം ഭൂമിയിൽ തൊടുമ്പോഴും അതിൽ നിന്നു ഒരു പുതിയ രക്തബീജൻ ഉയർന്നുവരും.

ദേവിയുടെ സഹായികളായ സപ്തമാതൃക്കൾ രക്തബീജനെ വളഞ്ഞിട്ട് ആക്രമിച്ചു. അവൻ്റെ ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം രക്തബീജന്മാർ ഉയർന്നുവന്നു.

ചണ്ഡിക തന്നോടൊപ്പമുള്ള കാളിയോട് ഇപ്രകാരം പറഞ്ഞു: "ഇപ്പോൾ ഉയിർത്ത സകലരേയും നീ ഭക്ഷിക്കുക. ഇനി അവന്റെ ചോര താഴെ വീഴാതെ, മുഴുവനായും പാനം ചെയ്യുക."

കാളി തൻ്റെ രൂപം വലുതാക്കി, കൊടും വായ തുറന്നു. അതിൽ നിന്നും പെരുംനാവ് നീണ്ടുവന്ന് ഭൂമിയാകെ പരന്നു. പരത്തി വിരിച്ച ആ നാവിലേക്ക് രക്തബീജന്റെ ശിരസ്സ് അറുത്തിട്ടു ചണ്ഡിക. മലപോലുള്ള അസുര കബന്ധവും ആ നാക്കിലേക്കു തന്നെ വീണു. ഒഴുകിക്കൊണ്ടിരുന്ന ചോരത്തുള്ളികൾ ഒരിറ്റു പോലും മണ്ണിൽ വീഴാതെ മോന്തിക്കുടിച്ചു ചാമുണ്ഡി.

ഒടുവിൽ ആകെ രക്തത്തിൽ കുളിച്ച് മുന്നിൽ നമസ്‌ക്കരിച്ച ചാമുണ്ഡിയെ ചണ്ഡികാദേവി 'രക്തചാമുണ്ഡി' എന്ന് വിളിച്ചു.

രക്തബീജൻ്റെ രക്തത്തിൻ്റെ ശക്തിയാൽ കാളിയുടെ യുക്തി പ്രവർത്തനരഹിതമായി. സ്വന്തം സൈന്യത്തെ പോലും വധിക്കാൻ തുടങ്ങവേ പരിഭ്രാന്തരായ ദേവഗണം ശ്രീ പരമേശ്വരനെ ശരണം പ്രാപിച്ചു.

മഹാദേവൻ ധരണിയിൽ മലർന്ന് കിടന്നു. ശിവൻ്റെ മാറിടത്തിൽ ആഞ്ഞ് ചവിട്ടുന്ന കാളിയിൽ പത്നീധർമ്മം ഉണരുകയും പാർവ്വതിയിലേക്ക് രൂപമാറ്റം സംഭവിക്കുകയും ചെയ്തു.

മറ്റൊരു സാഹചര്യത്തിലും ശ്രീ പാർവതി ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ വേണ്ടി ആയിരുന്നു. ശ്രീ പാർവതിയെ ഭാര്യയാക്കാൻ ആഗ്രഹിച്ച രുരു ഹിമാലയത്തിൽ ചെന്ന് ബ്രഹ്മാവിനെ തപസ്സ് ചെയ്തു.

വർഷങ്ങളോളം തപം ചെയ്തിട്ടും ബ്രഹ്മാവ് വരം നൽകാൻ തയ്യാറായില്ല. എന്നാൽ രുരു പിന്മാറിയില്ല. രുരുവിന്റെ തപോബലം നിരന്തരം വർദ്ധിച്ചു വന്നു.

തപസ്സിൻ്റെ അഗ്നി ത്രിലോകങ്ങളിലും വ്യാപിച്ചു. അതുകണ്ട് കോപം കൊണ്ട ശ്രീപാർവ്വതി കാളീരൂപം പൂണ്ടു. ഭഗവതിയുടെ കാളീരൂപം കണ്ട് രുരു ഭയന്ന് പോയി. രുരുവിന്റെ ചർമ്മവും (തൊലി), മുണ്ഡവും (തല) തൻ്റെ ത്രിശൂലം കൊണ്ട് വേർപ്പെടുത്തി ഭഗവതി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത പാർവതി ചാമുണ്ഡി എന്നറിയപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചാമുണ്ഡി ക്ഷേത്രം കർണാടകയിലെ മൈസൂരിലാണ്. നവരാത്രി സമയത്ത് ഇവിടെ നടക്കുന്ന മൈസൂർ ദസറ ഉത്സവം വളരെ പ്രസിദ്ധമാണ്.

കേരളത്തിലെ ആദ്യത്തെ ഭദ്രകാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ ശ്രീകോവിലിന്റെ തുടർച്ചയായി സപ്ത മാതാക്കളുടെ പ്രതിഷ്ഠ കാണാം. ഇക്കൂട്ടത്തിൽ ചാമുണ്ഡിദേവിയുമുണ്ട്. കൂടാതെ അവിടുത്തെ തവിടാട്ടുമുത്തി പ്രതിഷ്ഠയും ചാമുണ്ഡി തന്നെയാണ്.

കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ സപ്തമാതൃക്കൾ പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങൾ കാണാം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് അടുത്തുള്ള അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ പരുമല പനയന്നാർക്കാവ് ദേവി ക്ഷേത്രം, കണ്ണൂർ മാടായിക്കാവ് ഭഗവതി ക്ഷേത്രം, ചൊവ്വലൂർ ശിവ ക്ഷേത്രം തുടങ്ങിയവ അവയിൽ ചിലതാണ്.

തിരുവനന്തപുരം നഗരത്തിലെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം തെക്കൻ കേരളത്തിൽ അറിയപ്പെടുന്ന ചാമുണ്ഡി ക്ഷേത്രമാണ്. തൊഴുവൻകോട് ക്ഷേത്രമാണ് മറ്റൊന്ന്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ചെറുതും വലുതുമായ ഇത്തരം ഭഗവതി ക്ഷേത്രങ്ങൾ കാണാം.

ചാമുണ്ഡിദേവി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളാണെന്നും എല്ലാം അറിയുന്നവളാണെന്നും ദേവീ ഭാഗവതത്തിൽ കാണാം.[1].[2]

ശ്ലോകങ്ങൾ

[തിരുത്തുക]

ദേവി മാഹാത്മ്യം പതിനൊന്നാം അദ്ധ്യായവും ഭദ്രകാളി മാഹാത്മ്യവും ചാമുണ്ഡയെ സ്തുതിക്കുന്നത് കാണാം.

1. ‘ദ്രംഷ്ട്രാകരാളവദനേ

ശിരോമാലാവിഭൂഷണേ

ചാമുണ്ഡേ മുണ്ഡമഥനേ

നാരായണി നമോസ്തുതേ'

2. ഓം ഐം ഹ്രീം ക്ലീം

ചാമുണ്ഡായൈ വിച്ചെ നമ:

ഇതാണ് ദേവിയുടെ നവാക്ഷരീ മന്ത്രം. ഇതിൽ ചാമുണ്ഡിയുടെ നാമം കാണാം.

3. ചരാചരജഗന്നാഥേ ! ചന്ദ്രസൂര്യാഗ്നിലോചനേ! ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! (ഭദ്രകാളിപ്പത്തു സ്തോത്രം)

4. ലളിത സഹസ്രനാമം...

മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാസനാ അപർണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ (145)

പ്രധാന ക്ഷേത്രങ്ങൾ

[തിരുത്തുക]

1. മൈസൂർ ചാമുണ്ഡേശ്വരീ ക്ഷേത്രം, ചാമുണ്ഡി ഹിൽസ്, കർണാടക- ഇന്ത്യയിലെ പ്രധാനപ്പെട്ട ചാമുണ്ഡി ക്ഷേത്രം. നവരാത്രി ദിവസങ്ങളിൽ നടക്കുന്ന മൈസൂർ ദസറയുമായി ബന്ധപെട്ടു ക്ഷേത്രം പ്രസിദ്ധമാണ്.

2. കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പ ഭഗവതി ക്ഷേത്രം, തൃശൂർ - ഭഗവതിയോടൊപ്പം സപ്തമാതാക്കളുടെ ശ്രീകോവിലിൽ ചാമുണ്ഡിക്ക് പ്രതിഷ്ഠ ഉണ്ട്. ഇവിടുത്തെ തവിട്ടുമുത്തി പ്രതിഷ്ഠയും ചാമുണ്ഡിയാണ്.

3. കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, തിരുവനന്തപുരം - ഇവിടെ രക്തചാമുണ്ഡി, ബാലചാമുണ്ഡി, ചാമുണ്ഡാദേവി എന്നീ മൂന്ന് ഭാവങ്ങളിൽ ഭഗവതി ആരാധിക്കപ്പെടുന്നു.

4. ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രം, തൃശൂർ (നവരാത്രി ഉത്സവം പ്രസിദ്ധം)

5. ശ്രീ ശക്തൻകുളങ്ങര ചാമുണ്ഡേശ്വരി ക്ഷേത്രം വിയ്യൂർ, കൊയിലാണ്ടി, കോഴിക്കോട്

6. തൊഴുവൻകോട് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം, വട്ടിയൂർക്കാവ്, തിരുവനന്തപുരം.

7. രാമത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം, കോഴിക്കോട്.

8. ആലൂർ ശ്രീ ചാമുണ്ഡി ക്ഷേത്രം, പട്ടാമ്പി, പാലക്കാട്‌

9. വടവൂർ ചാമുണ്ഡി ദേവി ക്ഷേത്രം, വടവൂർ ലൈൻ, ആനയറ, തിരുവനന്തപുരം

10. ആമേട ക്ഷേത്രം, നടക്കാവ്,

എറണാകുളം

11. കാഞ്ഞങ്ങാട് പുതിയകണ്ടം അടിയാർകാവ് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം


ചാമുണ്ഡി തെയ്യം

[തിരുത്തുക]

കണ്ണൂരിലെ "കൈതചാമുണ്ഡിതെയ്യം" ഭഗവതിക്ക് കെട്ടിയാടുന്നതാണ്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിൽ നിന്നിറങ്ങിയ തെയ്യം കൈതക്കാടുകൾ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ടിയെന്ന് വിളിക്കുന്നത്. [3] ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാൽ ഈയങ്കോട് വയൽത്തിറ മഹോത്സവത്തിന് കൈതച്ചാമുണ്ടി തെയ്യം കെട്ടിയാടുന്നുണ്ട്. കാളിയുടെ പ്രതിപുരുഷനായ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാൻ പോകും. തുടർന്ന് പള്ളിവാളേന്തി ദുഷ്ടനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് ഗ്രാമവാസികൾ വണങ്ങും. ഓട്ടം ചെന്നുനിൽക്കുന്നത് കാവിലാണ്. അവിടെവച്ച് പൂവൻകോഴിയെ മലർ കൂട്ടി കള്ളിന്റെ അകമ്പടിയോടെ സേവിക്കുന്നത്തോടെ തെയ്യം അബോധാവസ്ഥയിൽ മറിഞ്ഞ് വീഴും. കള്ളും മത്സ്യമാംസാദികളും കഴിക്കാതെ കെട്ടുന്ന തെയ്യവുമുണ്ട്. കൈതചാമുണ്ടി ശിവന്റെയും ശക്തിയുടെയും ചൈതന്യം കൂടി ചേർന്നതാണ്. അത് കൗള മാർഗ്ഗത്തിലെ പഞ്ചമകാരങ്ങളിൽ പെടുന്ന മദ്യമത്സ്യമാംസാദി ആസ്വദിക്കുന്ന ശാക്തേയ ഭഗവതിയാണ്. [4]

വിശേഷ ദിവസങ്ങൾ

[തിരുത്തുക]

നവരാത്രി, വെള്ളി, ചൊവ്വ, പൗർണമി, അമാവാസി, വൃശ്ചിക തൃക്കാർത്തിക.

അവലംബങ്ങൾ

[തിരുത്തുക]
  1. "en.wikipedia.org".
  2. ["Sapta Matrika | 7 Matara - Seven Forms of Goddess Shakti" "Seven Forms of Goddess Shakti"]. {{cite web}}: Check |url= value (help)
  3. http://www.mangalam.com/news/detail/212952-latest-news.html
  4. https://www.manoramanews.com/news/spotlight/2018/04/29/kaithachamundi-attacked-two-people-byju-s-version.html

2. http://www.janmabhumidaily.com/news45878 Archived 2016-08-27 at the Wayback Machine

[https://kodungallursreekurumbabhagavathytemple.org/

"https://ml.wikipedia.org/w/index.php?title=ചാമുണ്ഡി&oldid=4599195" എന്ന താളിൽനിന്ന് ശേഖരിച്ചത്