കണ്ടനാർകേളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പയ്യന്നൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ പ്രധാനമായും കെട്ടിയാടുന്ന തെയ്യമാണ്‌ കണ്ടനാർ കേളൻ തെയ്യം

കണ്ടനാർ കേളൻ തെയ്യം

ഐതിഹ്യം[തിരുത്തുക]

പയ്യന്നൂരിനടുത്തു രാമന്തളിയിലെ കുന്നുരു എന്ന പ്രദേശത്തു ഭൂപ്രഭുവായിരുന്ന തീയ്യ സമുദായത്തിൽപെട്ട മേലടത്തു ചക്കി എന്ന സ്ത്രീക്ക് തൻറെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം എന്നാ കാട്ടിൽൽ വെച്ച് ഒരു ആൺകുഞ്ഞിനെ കളഞ്ഞു കിട്ടി. അവർ അവനു കേളൻ എന്ന് നാമകരണം ചെയ്തു സ്വന്തം പുത്രനെപ്പോലെ വളർത്തി. ആരോഗ്യവാനായി വളർന്ന കേളൻറെ ബുദ്ധിയും വീര്യവും ആ അമ്മയിൽ സന്തോഷം വളർത്തി. അവൻറെ അധ്വാനശേഷി അവരുടെ കൃഷിയിടങ്ങളിൽ നല്ല വിളവു കിട്ടാൻ അവരെ സഹായിച്ചു. ചക്കിയമ്മയുടെ അധീനതിയിലായിരുന്ന കുന്നുരു പ്രദേശം കേളൻറെ മിടുക്ക് കൊണ്ട് സമ്പൽസമൃദ്ധിയിലായി. ഇതുപോലെ തൻറെ വയനാട്ടിലുള്ള സ്ഥലവും കൃഷിയോഗ്യമാക്കണം എന്ന് തോന്നിയ അവർ കേളനെ വിളിച്ചു കാര്യം പറഞ്ഞു. അമ്മയുടെ വാക്കുകൾ അനുസരിച്ച് നാല് കാടുകൾ (കേളൻ മുക്കുറ്റികാട്, മുവരുക്കുന്ന്, നല്ല തേങ്ങ , കരിമ്പനകാട്) ചേർന്ന പൂമ്പുനം വെട്ടിത്തെളിക്കാൻ പണിയായുധങ്ങളും തൻറെ വില്ലും ശരങ്ങളും എടുത്തു കേളൻ പുറപ്പെട്ടു. പോകുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന കളള് ആവോളം എടുത്തു കുടിച്ചു, വഴിയിൽ വെച്ച് കുടിക്കാനായി ഒരു കുറ്റി കളള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി അവൻ യാത്ര തുടർന്നു. പൂമ്പുനത്തിൽ എത്തിയ കേളൻ നാലു കാടും വെട്ടി തെളിച്ചു. നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു. കേളൻ അത് മാത്രം വെട്ടിയിരുന്നില്ല. തുടർന്നു കേളൻ പൂമ്പുനം നാലും തീയിടാൻ ആരംഭിച്ചു. കാടിൻറെ നാലു മൂലയിലും നാലു കോണിലും തീയിട്ടു അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തു ചാടിയ അവനു പിന്നീട് അവനു അതൊരു രസമായി തോന്നി. മൂന്നാം പൂമ്പുനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന നാലാമത്തേതിൽ അവൻ എത്തി; നാലാമത്തേതും തീയിട്ടു. അഗ്നിയും വായുവും കോപിച്ചു, എട്ടു ദിക്കിൽ നിന്നും തീ ആളിപടർന്നു, കേളനു ചാടാവുന്നതിലും ഉയരത്തിൽ. ഇനി നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്നു കണ്ട കേളൻ അതിനു മുകളിലേക്ക് ചാടിക്കയറി. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയും കരാളിയുമെന്നു പേരായ രണ്ടു നാഗങ്ങൾ വസിച്ചിരുന്നത്. കേളനെകണ്ട് രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളൻറെ ദേഹത്തേക്ക് പാഞ്ഞുകയറി. കേളൻ അമ്മയെ വിളിച്ചു കരഞ്ഞു. നാഗങ്ങൾ കേളൻറെ ഇടതു മാറിലും വലതു മാറിലും ആഞ്ഞു കൊത്തി. കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു, അവരെ അഗ്നി വിഴുങ്ങി, അവർ ചാരമായി തീർന്നു.

അഗ്ന് പ്രവേശം

തൻറെ പതിവ് നായാട്ടുകഴിഞ്ഞു അതുവഴി വന്ന വയനാട്ടുകുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീരായി കിടക്കുന്ന കേളനെ കണ്ടു. ദേവൻ തൻറെ പിൻകാലുകൊണ്ട്‌ വെണ്ണീരിൽ അടിച്ചു. ദേവൻറെ പിൻകാലു പിടിച്ചു കേളൻ എഴുന്നേറ്റു. മാറിൽ രണ്ടു നാഗങ്ങളുമായി പുനർജ്ജനിച്ച കേളൻ ദൈവകരുവായി മാറി. വയനാട്ടുകുലവൻ കേളനെ അനുഗ്രഹിച്ചു. "ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാർ കേളൻ എന്ന് പ്രശസ്തനാകും" എന്നും തൻറെ ഇടതുഭാഗത്ത്‌ ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും കൽപ്പിച്ചു കൊടുത്തു.[1]

മുഖത്തെഴുത്ത്

പ്രത്യേകതകൾ[തിരുത്തുക]

ആദ്യം വെള്ളാട്ടം കെട്ടിയാടിയത്തിനു ശേഷം തെയ്യം പൂർണ്ണ രൂപം കെട്ടിയാടുകയും ചെയുന്നു.ചൂട്ട കൂട്ടിയിട്ട് കത്തിച്ച് കൊണ്ടുള്ള അഗ്നി പ്രവേശനമാണ് പ്രധാനപ്പെട്ട ചടങ്ങ്

യുട്യൂബ് ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. തെയ്യപ്രപഞ്ചം,ആർ.സി.കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=കണ്ടനാർകേളൻ&oldid=3306800" എന്ന താളിൽനിന്ന് ശേഖരിച്ചത്